Monday , November   12, 2018
Monday , November   12, 2018

വിപണിയിൽ ആവേശം; നിഫ്റ്റിയും സെൻസെക്‌സും ഉയർന്നു

ദീപാവലിക്ക് മുന്നോടിയായി ഓഹരി വിപണിയിൽ വെടിക്കെട്ടിന് തുടക്കം കുറിച്ചത് നിക്ഷേപകരെ ആവേശം കൊള്ളിച്ചു. നിഫ്റ്റി സൂചിക അഞ്ച് ശതമാനം പ്രതിവാര നേട്ടം വാരിക്കൂട്ടിയത് വരും ദിനങ്ങളിൽ നിക്ഷേപ താൽപര്യം ഉയർത്താം. നിഫ്റ്റി 523 പോയൻറും ബോംബെ സെൻസെക്‌സ് 1662 പോയിൻറും പോയവാരം ഉയർന്നു. 
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതും വിനിമയ വിപണിയിലെ ചലനങ്ങളും ഓഹരി സൂചികയുടെ തിരിച്ചു വരവിന് കാരണമായി. ഇതിനിടയിൽ യു.എസ് -ചെന വ്യാപാര യുദ്ധം അവസാനിക്കുമെന്ന സൂചനകൾ ഏഷ്യൻ യൂറോപ്യൻ മാർക്കറ്റുകളെ സജീവമാക്കി.  
ബോംബെ സെൻസെക്‌സ് 33,458 പോയൻറ് വരെ കഴിഞ്ഞ വാരം സാങ്കേതിക തിരുത്തൽ കാഴ്ച വെച്ച ശേഷം ആദ്യം 34,000 പോയൻറിലേക്കും തുടർന്ന് 35,000 ത്തിലേക്കും തിരിച്ചു കയറി. സെൻസെക്‌സ് ഒരവസരത്തിൽ 35,190 വരെ ഉയർന്ന ശേഷം വാരാന്ത്യം 35,011 പോയൻറിലാണ്. ഈ വാരം ആദ്യ പ്രതിരോധം 35,648 ലാണ്. ഇത് മറികടന്നാൽ 36,285 നെ ലക്ഷ്യമാക്കി സൂചിക നീങ്ങാം. സൂചികയുടെ താങ്ങ് 33,91,632,821 പോയൻറാണ്. 
10,000 പോയൻറിലെ നിർണായകമായ താങ്ങ് നിഫ്റ്റി നിലനിർത്തിയത് നിക്ഷേപകർക്ക് ആശ്വാസമായി. 10,056 പോയൻറിൽ നിന്ന് കുതിച്ച നിഫ്റ്റി വൻമതിലുകൾ തകർത്ത് 10,600 മുകളിലെത്തിയ ശേഷം വ്യാപാരാന്ത്യം 10,553 പോയൻറിലാണ്. ഈ വാരം ആദ്യ സപ്പോർട്ട് 10,224 പോയൻറിലാണ്. ഇത് നിലനിർത്തിക്കൊണ്ട് 10,754 ലേക്ക് ചുവുടുവെക്കാം. ആദ്യ പ്രതിരോധം മറികടന്നാൽ വിപണിയുടെ ലക്ഷ്യം 10,955 പോയൻറാണ്. ഡെയ്‌ലി ചാർട്ടിൽ സൂപ്പർ ട്രെൻറ് 10,578 ൽ പ്രതിരോധ വലയും സൃഷ്ടിച്ചിട്ടുണ്ട്. 
വിദേശ ഫണ്ടുകൾ പോയ വാരം 5706  കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേ സമയം ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 6377 കോടി രൂപയുടെ ഓഹരികൾ വാരിക്കൂട്ടി. 
ഓട്ടോമൈാബെൽ, ഹെൽത്ത് കെയർ വിഭാഗങ്ങളിൽ ശക്തമായ നിക്ഷേപ താൽപര്യം ദൃശ്യമായി. ബാങ്കിങ് മേഖലയിൽ യെസ് ബാങ്ക്  ഓഹരി വില 15.98 ശതമാനം ഉയർന്ന് 209  രൂപയായി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരി വില 15 ശതമാനം വർധനയോടെ 285 രൂപയായി. ആക്‌സിസ് ബാങ്ക് 13.51 ശതമാനം ഓഹരികൾ 609 രൂപയായി ഉയർന്നു. അതേ സമയം കോൾ ഇന്ത്യ 6.93 ശതമാനം കുറഞ്ഞ് 261 രൂപയായും കോടക് മഹീന്ദ്ര ബാങ്ക് 2.22 ശതമാനവും ഇടിഞ്ഞു. എൻ.ടി.പി.സി 0.88 ശതമാനം ഇടിഞ്ഞ് 157 രൂപയായി. എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി വില 1946 രൂപയായി താഴ്ന്നു. 
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുന്നത് ഇന്ത്യക്ക് നേട്ടമായി. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ചില ഇളവുകൾ വരുത്തുമെന്ന അമേരിക്കയുടെ വെളിപ്പെടുത്തൽ ഏഷ്യൻ രാജ്യങ്ങൾക്ക് കുറഞ്ഞ വിലക്ക് ക്രൂഡ് ഓയിൽ ഉറപ്പ് വരുത്താൻ അവസരം ഒരുക്കും. ഇന്ന് മുതലാണ് ഇറാന് മേൽ യു.എസ് ഉപരോധം. ക്രൂഡ് ഓയിൽ വില ബാരലിന് 73 ഡോളറാണ്. 
ഫോറെക്‌സ് മാർക്കറ്റിൽ രൂപ കൈവരിച്ച മികവ് നിക്ഷേപകരെ ആകർഷിച്ചു. ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 73.46 ൽ നിന്ന് ഒരു വേള 74.09 ലേയ്ക്ക് ഇടിഞ്ഞ ശേഷം തിരിച്ചു വരവിൽ 72.42 ലേയ്ക്ക് കരുത്ത് കാണിച്ചു.  വെള്ളിയാഴ്ച ഒറ്റ ദിവസം 100 പൈസയുടെ തിരിച്ചുവരവ്. അഞ്ച് വർഷത്തിനിടയിൽ ഒറ്റ ദിവസം ഇത്ര ശക്തമായ തോതിൽ രൂപ കരുത്ത് നേടുന്നത് ആദ്യം. രൂപയുടെ നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ 72.01 ലേക്കും തുടർന്ന് 71.61 ലേക്കും മെച്ചപ്പെടുമെങ്കിലും ഈ വർഷം 70.54 ൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയില്ല.  
  

Latest News