Monday , November   12, 2018
Monday , November   12, 2018

മലബാർ ഗ്രൂപ്പ് ആസ്ഥാന മന്ദിരം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്തു 

മലബാർ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മൊന്റാന എസ്റ്റേറ്റിൽ മന്ത്രി ഇ.പി. ജയരാജൻ  ഉദ്ഘാടനം ചെയ്യുന്നു.

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ്, റിയൽ എസ്‌റ്റേറ്റ് മേഖലയിലെ പ്രമുഖ കമ്പനിയായ മലബാർ ഡെവലപേഴ്‌സ് എന്നിവയടക്കം വിവിധ ബിസിനസ് സംരംഭങ്ങൾ ഉൾക്കൊളളുന്ന മലബാർ ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആസ്ഥാന മന്ദിരം കോഴിക്കോട് കുറ്റിക്കാട്ടൂരിലെ മൊന്റാന എസ്റ്റേറ്റിൽ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. 
പരസ്പര വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും കെട്ടുറപ്പിലാണ് മലബാർ ഗ്രൂപ്പ് ലോകമാകെ വളർന്നതെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. വ്യവസായ കേരളത്തിൽ ഒരു പുതിയ അധ്യായമാണ് മലബാർ ഗ്രൂപ്പ് രചിച്ചത്. മലയാളിക്ക് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് മലബാർ ഗ്രപ്പിന്റേതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ - സ്വകാര്യ മൂലധനം ശക്തിപ്പെടുത്തിയുള്ള വ്യവസായ - വാണിജ്യ വികസനം സംസ്ഥാനത്ത് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കേരളത്തിലെ ഉൽപന്നങ്ങൾ വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതിന് ഒരു വാണിജ്യ വിഭാഗത്തിന് സർക്കാർ രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് മലബാർ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.പി. വീരാൻ കുട്ടി മെമന്റോ സമ്മാനിച്ചു. 
മലബാർ ഗ്രൂപ്പ് കോർപറേറ്റ് വീഡിയോയുടെ പ്രകാശനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവ്വഹിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി വളരെ സജീവമായ പങ്കാണ് മലബാർ ഗ്രൂപ്പ് നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്. വിശ്വാസവും അർപ്പണ മനോഭാവവുമാണ് ഗ്രൂപ്പിന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. 
പുതു തലമുറയിലെ പെൺകുട്ടികളെ ദിശാബോധത്തോടെ മുന്നോട്ടു നയിക്കുന്നതിനും അവരുടെ അഭിരുചികൾ കണ്ടെത്തുന്നതിനുമായി ആവിഷ്‌കരിച്ച ഗോൾഡൻ ഗേൾ സംരംഭത്തിന്റെ പ്രഖ്യാപനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. 
മലബാർ ഗ്രൂപ്പിന്റെ എം. കണക്ട് ആപ്ലിക്കേഷൻ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഒമാൻ സർക്കാറിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്റ് ചീഫ് ഖാമിസ് അൽ മന്ദ്രിയും ചേർന്ന് നിർവ്വഹിച്ചു. 
ബാങ്കിംഗ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ യു.വി. ജോസ് നിർവ്വഹിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് നാഷനൽ ബിസിനസ് ഹെഡ് സുമന്ത് രാംപാൽ, എസ്.ബി.ഐ ജനറൽ മാനേജർ റുമാ ദേ, ഫുജൈറ നാഷനൽ ബാങ്ക് കോർപറേറ്റ് ആന്റ് ഇൻസ്റ്റിറ്റിയൂഷൻ മേധാവി വിക്രം പ്രധാൻ എന്നിവരും ബാങ്കിംഗ് ആപ്ലിക്കേഷൻ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. 
പി.ടി.എ. റഹീം എം.എൽ.എ, പുരുഷൻ കടലുണ്ടി എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള, പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് വൈ. വി. ശാന്ത, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിൽ, മുൻ ഡി.സി.സി പ്രസിഡന്റ് കെ. സി. അബു, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ, മാതൃഭൂമി മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ, ഇൻകം ടാക്‌സ് അസി. കമ്മീഷണർ വി.എം. ജയദേവൻ എന്നിവർ ആശംസകൾ നേർന്നു.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദിനെ മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ചടങ്ങിൽ ആദരിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ, ഇൻകം ടാക്‌സ് ജോയന്റ് കമ്മീഷണർ കെ.എം. അശോക് കുമാർ, ചേംബർ പ്രസിഡന്റ് ശ്യാം സുന്ദർ എന്നിവർ ചേർന്ന് എം.പി. അഹമ്മദിന് മെമന്റോ സമ്മാനിച്ചു. 
മലബാർ ഗ്രൂപ്പിന്റെ 25 ാം വാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ സോഷ്യൽ മീഡിയ പ്രൊഫൈൽ ഫ്രെയിമിന്റെ പ്രകാശനം മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടർ കെ.പി. അബ്ദുൽ സലാമും ചേർന്ന് നിർവ്വഹിച്ചു. മലബാർ ഗ്രൂപ്പ് കോ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി സ്വാഗതവും ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ അഷർ നന്ദിയും പറഞ്ഞു. മലബാർ ഗ്രൂപ്പിന്റെ നിക്ഷേപകർ, വിവിധ വിഭാഗം മേധാവികൾ, ആർകിടെക്ട് ടോണി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു. 
കുറ്റിക്കാട്ടൂരിൽ സമുദ്ര നിരപ്പിൽ നിന്ന് 800 അടി ഉയരത്തിൽ 150 ഓളം ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇന്റഗ്രേറ്റഡ് ടൗൺഷിപ്പായ മൊന്റാന എസ്റ്റേറ്റിലാണ് മലബാർ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. മാനവ വിഭവ ശേഷിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിന്, ശാന്തവും ആരോഗ്യ പൂർണവും ആയ തൊഴിൽ അന്തരീക്ഷമാണ് മലബാർ ഗ്രൂപ്പിന്റെ ആസ്ഥാന മന്ദിരത്തിൽ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച കോർപറേറ്റ് ആസ്ഥാനങ്ങളോട് കിടപിടിക്കുന്ന ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.
മലബാർ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളുടെ ഓഫീസ് ഇവിടെയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഗ്രൂപ്പിന് കീഴിൽ നടത്തിവരുന്ന നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഏകോപനവും ഇവിടെ നിന്നാവും. ബ്രാൻഡിംഗ്, വിപണന രംഗത്തെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും ലോക വ്യാപാര വ്യവസായ രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങൾ വിശകലനം ചെയ്തു ഭാവി പരിപാടികൾ രൂപകൽപന ചെയ്യാൻ ഉതകുന്ന റിസർച്ച് സെന്ററുകൾ, വ്യക്തി വികാസത്തിന് ഊന്നൽ നൽകി ടീമംഗങ്ങളെ ഭാവിയിലേക്ക് വാർത്തെടുക്കുന്ന പഠന, പരിശീലന ശാലകൾ എന്നിവയും ഇവിടെ സ്ഥാപിക്കും.
സിഗ്‌നേച്ചർ ബംഗ്ലാവുകൾ, ലക്ഷുറി വില്ലമെന്റ്‌സ്, റോയൽ, ഗ്രാൻഡ് അപ്പാർട്ട്‌മെന്റുകൾ, സാധാരണക്കാർക്ക് പ്രാപ്യമായ സ്മാർട്ടർ ഹോംസ് എന്നിവയടങ്ങുന്നതാണ് മൊന്റാന ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പദ്ധതി. 
ലോക നിലവാരത്തിലുള്ള സ്‌കൂൾ, സ്‌പോർട്‌സ് അക്കാദമി, സ്പാ റിസോർട്ട്, വെൽനെസ് സെന്റർ, ക്ലബ് ഹൗസ്, ഹെലിപാഡ് എന്നീ സൗകര്യങ്ങൾ ഇവിടെയുണ്ടാവും. തുറന്ന കളിസ്ഥലങ്ങൾ, സാഹസിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ, ജൈവ കൃഷിക്കായുള്ള ഇടങ്ങൾ, താമരക്കുളങ്ങൾ, ഉദ്യാനങ്ങൾ,  ബിസിനസ് സെന്റർ, ഫുഡ് കോർട്ടുകൾ, ഓഫീസ്, ഷോപ്പിങ്, ബാങ്കിംഗ് സൗകര്യങ്ങൾ, കൺവെൻഷൻ സെന്റർ,  മിനി തിയേറ്ററുകൾ, സോളാർ വൈദ്യുതി, ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക സുരക്ഷാ ക്രമീകരണങ്ങൾ എന്നിങ്ങനെ നൂറിലധികം മറ്റു സവിശേഷതകളും. മുഴുവൻ താമസക്കാർക്കും ഉപയോഗപ്രദമായ രീതിയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് ഇവയെല്ലാം രൂപകൽപന ചെയ്തിട്ടുള്ളത്. വിശാലമായ റോഡുകൾ, ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, മുഴുവൻ സമയ വൈദ്യുതി, ജലശുദ്ധീകരണ ശാലകൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ട്. 

Latest News