Monday , March   18, 2019
Monday , March   18, 2019

കാലത്തോട് സംവദിക്കുന്ന കഥകൾ

മലയാളത്തിലെ കൃതഹസ്തനായ  കഥാകാരൻ അബു ഇരിങ്ങാട്ടിരിയുടെ പുതിയ കഥാ സമാഹാരമായ  'പങ്കുവെയ്ക്കാൻ പറ്റാത്ത  ചില ദൃശ്യങ്ങൾ ' മനുഷ്യന്റെ ജീവിതാസക്തികളും  നിസ്സഹായതയും നിസ്സാരതയുമെല്ലാം  വിഷയീഭവിക്കുന്ന മികച്ച കഥകളാണ്.  തന്റെ ജന്മദേശമാായ ചേറൂമ്പിൽ നിന്നു വെള്ളവും വളവും വലിച്ചെടുത്ത് ഏറനാടൻ ഭാഷയുടെ ശക്തിസൗന്ദര്യം മലയാളിക്ക് നൽകിയ അബുവിന്റെ പുതിയ കഥകൾ കാലത്തോട് മറ്റൊരു വിധത്തിലാണ് സംവദിക്കുന്നത്.  2010 നു ശേഷം ഇറങ്ങിയ ഈ കഥകളും കഥാപാത്രങ്ങളും  കിഴക്കൻ  ഏറനാടൻ ഭാഷാ ശൈലി വിട്ട്  വായനക്കാരനു മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. വിസ്മയിപ്പിക്കുന്ന നാടകീയ മുഹൂർത്തങ്ങളല്ല മറിച്ച്, സാധാരണ മനുഷ്യരുടെ മനോവ്യാപാരങ്ങളും ജീവിത മുഹൂർത്തങ്ങളും അസാധാരണ ശക്തി വിശേഷങ്ങളോടെ അനുഭവിപ്പിക്കുകയാണ് അബു ഈ കഥകളിൽ.  പതിനൊന്ന്  കഥകളുടെ ഈ സമാഹാരത്തിനു പി.സുരേന്ദ്രൻ മാഷ് എഴുതിയ അവതാരിക മാറ്റു കൂട്ടുന്നു. 
പേരു പോലെ കൗതുകമുണർത്തുന്ന കഥയാണ് 'അതിശയ നക്ഷത്രമായ ലോപ്പസ്'  എന്ന കഥ. പാപങ്ങൾ നിറഞ്ഞ ജീവിതത്തിന്റെ അവസാനമടുക്കുമ്പോൾ കഷ്ടപ്പാടില്ലാത്ത മരണമാഗ്രഹിക്കുന്ന ലോപ്പസിന്റെ സ്വപ്‌നങ്ങളിലൂടെ ഇതൾ വിരിയുന്ന കഥയിൽ കണ്ണീർ കരുത്താക്കുന്ന ചിന്നമ്മയെയും പ്രായോഗികതയുടെ പ്രതീകമായ സുനിലയെയും കാണാം. 
ക്രിസ്തീയ കുടിയേറ്റ ജീവിത പരിസരത്തിൽ നിന്നടർത്തിയെടുത്ത ഈ കഥയിൽ ബൈബിൾ വചനങ്ങളുടെ തിളക്കവും  ദർശിക്കാം. അർധരാത്രിയിൽ ബൈബിൾ വചനങ്ങളുടെ മുഴക്കവുമായി  സുനിലയുടെ മൊബൈൽ ശബ്ദിക്കുമ്പോൾ മരണത്തിന്റെ  ചിറകടിയൊച്ച കേട്ട് വായനക്കാരനും അസ്വസ്ഥനാകും.
ദുരഭിമാനവും സ്വാർത്ഥതയുമൊക്കെ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നതും അതിനിടയിൽ മൗനങ്ങൾ മനസ്സുകളിൽ മതിൽ പണിയുന്നതും 'ഇടമൗനങ്ങൾ മുറിയുന്നത്' എന്ന കഥയിൽ കാണാം.. ക്ഷണിക്കാതെ തന്നെ കല്യാണ വീട്ടിലെത്തി ഇളയ സഹോദരൻ  എന്നോ തകർന്ന ഊഷ്മള ബന്ധം വീണ്ടെടുക്കുന്നതെന്തിനു എന്ന് ആരും സംശയിച്ചു പോകും. എന്നാൽ  ദേ നൈല നിൽക്കുന്നത് കണ്ടില്ലേ? അടുത്തയാഴ്ചയാ അവളുടെ വിവാഹ  നിശ്ചയം   എന്ന അവസാന വാചകത്തിൽ ഇടമൗനങ്ങളുടെ കാർമേഘം വീണ്ടും ഉരുണ്ടുകൂടുന്നത് കാണാം. 
പ്രവാസ ജീവിതങ്ങളിൽ മധ്യവർഗ ജീവിതങ്ങളുടെ നേർകാഴചയാണ്  'ദേശായനം' നൽകുന്നത്. നഗര ജീവിതത്തിന്റെ വീർപ്പുമുട്ടലുകളെ മറികടന്ന് ജീവിതത്തെ വരുതിയിലാക്കാനുള്ള കൂട്ടുകാരുടെ തത്രപ്പാടും കൗശലുവമാണ് അവരുടെ അവധി ദിന യാത്രകൾ. കൊച്ചു കൊച്ചു കാര്യങ്ങളും സാധാരണ സംഭവങ്ങളും ദാർശനിക വിഷയങ്ങളും കൈകാര്യം ചെയ്ത് അഞ്ചു സുഹൃത്തുക്കൾ നടത്തുന്ന യാത്രകളിലൊന്നിൽ ലഹരിയും അമിത വേഗതയും ദാരുണാന്ത്യത്തിലെത്തിക്കുന്നു. പ്രവാസ ജീവിതത്തിന്റെ മറ്റൊരു മുഖം വരച്ചുകാണിക്കുന്ന ഈ കഥക്ക്  ഒരു പാട് മാനങ്ങളുണ്ട്.
സാധാരണക്കാരനായ ഒരു പ്രവാസിയുടെ പൊള്ളുന്ന ജീവിത ദുരന്തങ്ങളുടെ നേർചിത്രമാണ് പൊള്ളലുകൾ എന്ന കഥ നൽകുന്നത്. നീണ്ട പ്രവാസത്തിനിടക്ക് നാടിന്റെ മാറ്റമറിയാതെ നാടിനെക്കുറിച്ചുള്ള ഗൃഹാതുരമായ ഓർമ്മകളിൽ ജീവിക്കുന്ന സുഭദ്രൻ ഒരു ശരാശരി പ്രവാസിയുടെ പ്രതിനിധിയാണ്. അവധിക്ക് നാട്ടിലെത്തുന്ന സുഭദ്രൻ പുതിയ ലോകത്തിന്റെ ജീവിത വീക്ഷണമറിയാതെ അജ്ഞനാകുന്നതും സ്വന്തം മകൾക്ക് പോലും അന്യനാകുന്നതും കാണാം. അവധി കഴിഞ്ഞ് വീണ്ടും പ്രവാസത്തിന്റെ മരവിപ്പിലേക്ക് എടുത്തെറിയപ്പെടുന്ന സുഭദ്രൻ നേരിടുന്ന ദുരന്തം പ്രവാസമറിഞ്ഞ ഏതൊരു വായനക്കാരന്റെ മനസ്സിനും പൊള്ളലേൽപിക്കും.
സന്നദ്ധ സംഘടനകളുടെ കാരുണ്യം കൊണ്ട് നാട്ടിലെത്തിയ ഒരു 'മുൻ പ്രവാസിയുടെ മനോവിചാരങ്ങളുടെ കഥയാണ് 'ഒരു ഇര രക്ഷപ്പെടുകയാണ് എന്നത്. സാഹിത്യത്തിലെ നൈതികത ചോദ്യം ചെയ്യുന്ന ഈ കഥയിൽ കഥാകൃത്തിന്റെ ധർമരോഷവും കാണാം.
ജീവിതവും മരണവും പീലിവിടർത്തിയാടുന്ന മനോഹരമായ കഥയാണ്  'പങ്കുവെയ്ക്കാൻ പറ്റാത്ത ചില ദൃശ്യങ്ങൾ. മനുഷ്യ സൗഹൃദത്തിന്റെ ആഴവും തലമുറകളുടെ വിടവുമെല്ലാം ഇതിൽ തെളിഞ്ഞുകാണാം. അധിനിവേശം, എക്‌സ്‌ക്ലൂസീവ്, അച്ഛൻ,  പുലരിമഞ്ഞ് എന്നീ കഥകളും ശ്രദ്ധേയങ്ങളാണ്.അബുവിന്റെ ലോ വോൾട്ടേജിൽ ഒരു ബൾബ് എന്ന ഓർമ്മക്കുറിപ്പിൽ വന്ന ഒഴിവുകാലം എന്ന  ലേഖനം കഥയായി ഇതിൽ ഇടം പിടിച്ചിരിക്കുന്നു. അതിനു പകരം മറ്റൊരു കഥ നൽകാമായിരുന്നു. 
അതുപോലെ കവർ ചിത്രം പുസ്തകത്തോട് നീതി പുലർത്തുന്ന വിധം നന്നായില്ല എന്നതും ഒരു പോരായ്മയാണ്. ചേറുമ്പും ഏറനാടൻ നാട്ടുഭാഷയും മാറ്റിവെച്ച് പുതിയ കാലത്തോട് സംവദിക്കുന്ന ഈ കഥകളിലും അബുവിനു അടുത്തറിയുന്ന ഭവനം പറമ്പും കൊയത്തക്കൂണ്ടുമെക്കെ ഇടം പിടിച്ചത് ശ്രദ്ധേയമാണ്. 
കഥ നിർമിക്കുകയല്ല, കഥ എന്നിലൂടെ ഒഴുകുകയാണ് എന്ന് അബു പറയുന്നതിന്റെ സാംഗത്യം ഇതിലൂടെ വെളിപ്പെടുന്നു. 
സമകാലിക ലോകത്തോടുള്ള  പ്രതിഷേധവും രോഷവും ചില കഥകളിൽ കാണാം.
എന്തിനെഴുതുന്നു എന്ന ചോദ്യത്തിനു എനിക്കും നിനക്കും എല്ലാവർക്കും കഥയുണ്ടായിട്ട് എന്നെഴുതിയ അബു, ഈ പുസ്തകത്തിൽ എന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന ചോദ്യത്തിനു  'കഥയിൽ ചോദ്യമില്ലാത്തതു പോലെ ഉത്തരവുമില്ല.. എന്ന് പറയുന്നു. ഉത്തരങ്ങൾ വായനക്കാരനു വിട്ടുകൊടുക്കുന്ന കഥകളുടെ സമാഹാരമാണ് 'പങ്കുവെയ്ക്കാൻ പറ്റാത്ത ചില ദൃശ്യങ്ങൾ' എന്ന കഥാസമാഹാരം.
കിളിയമണ്ണിൽ അബുവുമായി നടത്തിയ അഭിമുഖം പുസ്തകത്തിന്റെ അവസാനത്തിൽ കൊടുത്തിരിക്കുന്നു. അബു എന്ന കഥാകരനെയും  അബുവിന്റെ നിലപാടുകളെയും  ജീവിത വീക്ഷണത്തെയുമറിയാൻ ഇതുപകരിക്കും.
പങ്കുവെയ്ക്കാൻ പറ്റാത്ത  
ചില ദൃശ്യങ്ങൾ
അബു ഇരിങ്ങാട്ടിരി
പ്രസാ: ചിന്ത പബ്ലിഷേഴ്‌സ്
വില 85 രൂപ 
 

Latest News