Wednesday , March   20, 2019
Wednesday , March   20, 2019

ഐ.എസ്.എൽ മൈതാനങ്ങളിൽ സ്വപ്‌ന വേഗവുമായി സഹൽ

രണ്ടാം ഡിവിഷൻ ഐ-ലീഗിൽ ഏഴ് ഗോളടിച്ചാണ് സഹൽ കോച്ചുമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.  കഴിഞ്ഞ സീസണിൽ ജെയിംസ് കോച്ചായി വന്ന ശേഷം എ.ടി.കെക്കെതിരെ സഹൽ ഐ.എസ്.എല്ലിൽ അരങ്ങേറി. 

ഐ.എസ്.എല്ലിന്റെ അഞ്ചാം സീസണിൽ ആദ്യ രണ്ടു മത്സരം കഴിയുമ്പോഴേക്കും സഹൽ അബ്ദുൽ സമദ് കഴിഞ്ഞ സീസണിൽ കളിച്ചതിനേക്കാളേറെ സമയം ഗ്രൗണ്ടിൽ ചെലവിട്ടു കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഈ കണ്ണൂർക്കാരന് ആകെ കളിക്കാൻ കിട്ടിയത് 22 മിനിറ്റാണ്. ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ സഹൽ സ്ഥിരം സാന്നിധ്യമാണ്. ഡേവിഡ് ജെയിംസ് കോച്ചായി തിരിച്ചെത്തിയ ശേഷം യുവ താരങ്ങൾക്ക് പ്രാമുഖ്യം നൽകുന്നത് ഇരുപത്തൊന്നുകാരൻ മിഡ്ഫീൽഡർക്ക് വലിയ അനുഗ്രഹമായി. 
ബ്ലാസ്റ്റേഴ്‌സ് ചെറിയ ലക്ഷ്യങ്ങൾ മാത്രം മുന്നിൽ കാണരുതെന്നും ദീർഘഷ്ടിയോടെ ടീമിനെ ഒരുക്കണമെന്നും വാദിക്കുന്ന കോച്ചാണ് ഡേവിഡ് ജെയിംസ്. അതിനാലാണ് മൂന്നു വർഷത്തെ കരാറിനായി മുൻ ഇംഗ്ലണ്ട് ഗോൾകീപ്പർ വാദിച്ചത്. കോച്ചിന് മൂന്നു വർഷത്തെ കരാർ നൽകുന്നത് ഐ.എസ്.എല്ലിൽ കേട്ടുകേൾവി ഇല്ലാത്തതാണ്. താൽക്കാലിക നേട്ടമല്ല മുന്നിൽ കാണേണ്ടതെന്ന വാദം ടീം മാനേജർമാരെ സാധാരണ ഗതിയിൽ ചൊടിപ്പിക്കേണ്ടതാണ്. ജെയിംസിന്റെ സമീപനം ടീമിന്റെ പ്രകടനത്തിൽ കാണാനുണ്ട്. കൂടുതൽ യുവ കളിക്കാർക്ക് അവസരം നൽകുക മാത്രമല്ല അദ്ദേഹം ചെയ്തത്. ഇന്ത്യൻ കളിക്കാർക്കായി വിദേശ താരങ്ങളെ റിസർവ് ബെഞ്ചിലിരുത്താനും തയാറായി. 
ഓരോ കോച്ചുമാരും തങ്ങളുടേതായ പദ്ധതികളുമായാണ് എത്തുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡ് അസിസ്റ്റന്റ് കോച്ചായിരുന്നുവെന്ന ഖ്യാതിയുമായി വന്ന റെനെ മ്യൂളൻസ്റ്റീനായിരുന്നു യുവതാരങ്ങൾക്ക് പ്രാധാന്യം എന്ന ചിന്തക്ക് തുടക്കമിട്ടത്. എന്നാൽ മ്യൂളൻസ്റ്റീന്റെ പദ്ധതികൾക്കൊന്നും ജീവൻ വെച്ചില്ല. അതേസമയം ഡേവിഡ് ജെയിംസിന് ഇന്ത്യൻ സാഹചര്യങ്ങളുമായി പരിചയമുണ്ട്. ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലയർ കം കോച്ചെന്ന പദവിയിൽ കളിക്കാരുമായി ഇണങ്ങിച്ചേരാൻ ജെയിംസിന് സാധിച്ചിരുന്നു. 2017-18 സീസൺ പാതി വഴിയിൽ മ്യൂളൻസ്റ്റീനെ ഒഴിവാക്കി ജെയിംസിനെ തിരിച്ചുകൊണ്ടുവന്നപ്പോൾ ഏറ്റവും ഗുണം കിട്ടിയ കളിക്കാരിലൊരാൾ പ്രശാന്താണ്. ഈ സീസണിൽ ആ ഭാഗ്യം സഹൽ അബ്ദുൽ സമദിനാണ്.
ഐ-ലീഗ് രണ്ടാം ഡിവിഷനിൽ ബ്ലാസ്റ്റേഴ്‌സ് ബി ടീമിനു വേണ്ടി കാഴ്ച വെച്ച പ്രകടനമാണ് സഹൽ അബ്ദുൽ സമദിനെ ശ്രദ്ധേയനാക്കിയത്. പുതിയ സീസണിൽ അത് സഹലിന് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുത്തു. ഏവരെയും അമ്പരപ്പിച്ച് എ.ടി.കെക്കെതിരായ ആദ്യ കളിയിൽ സ്റ്റാർട്ടിംഗ് ഇലവനിലെത്തി. സക്കീർ മുണ്ടമ്പാറ, കറേജ് പെകൂസൻ പോലെയുള്ള കളിക്കാരെ റിസർവ് ബെഞ്ചിലിരുത്തിയാണ് സഹലിനെ ഡേവിഡ് ജെയിംസ് ടീമിലുൾപ്പെടുത്തിയത്. മുംബൈ സിറ്റിക്കും ദൽഹി ഡൈനാമോസിനുമെതിരായ തുടർന്നുള്ള കളികളിലും സഹൽ പ്ലേയിംഗ് ഇലവനിലെത്തി. ജാംഷഡ്പൂർ എഫ്.സിക്കെതിരെ പകരക്കാരനായിറങ്ങി. 


അത് വലിയ അദ്ഭുതമൊന്നുമല്ലെന്നും ബ്ലാസ്റ്റേഴ്‌സ് ബി ടീമിലെ സഹലിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥാനക്കയറ്റമെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു. സഹലിന് ഇതിൽ കൂടുതൽ കഴിയും. വലിയ കാര്യങ്ങളാണ് സഹലിൽ നിന്ന് ടീം പ്രതീക്ഷിക്കുന്നത്. ടീം സെലക്ഷന് പ്രായമല്ല കഴിവാണ് മാനദണ്ഡം. എങ്ങനെ പരിശീലിക്കുന്നുവെന്നതും കളിക്കുന്നുവെന്നതുമാണ് പ്രധാനം. വിജയ ശിൽപികൾ മത്സരം മുഴുവൻ കളിക്കണമെന്നില്ല. ഗോളടിക്കണമെന്നു പോലുമില്ല. കളിയിൽ ഗുണകരമായ സ്വാധീനം ചെലുത്തുന്ന കളിക്കാരെയാണ് ടീമിന് ആവശ്യം -ജെയിംസ് പറഞ്ഞു. മുംബൈക്കെതിരായ കളിയിൽ സഹലിന്റെ ചടുല നീക്കങ്ങൾ പലപ്പോഴും കാണികളെ പിടിച്ചിരുത്തി. 
ഒരു കളിക്കാരനോട് പന്ത് കിട്ടിയാൽ എന്തു ചെയ്യണമെന്ന് പറഞ്ഞുകൊടുക്കാനാവില്ല. ആ ക്രിയേറ്റിവിറ്റി കളിക്കാരനുണ്ടാവണം. എ.ടി.കെക്കെതിരായ പ്രയാസകരമായ എവേ മത്സരത്തിൽ സഹൽ തന്റെ ക്രിയേറ്റിവിറ്റി തെളിയിച്ചു. നന്നായി പരിശീലിക്കുന്ന കളിക്കാർക്കെല്ലാം അവസരം നൽകുകയെന്നതാണ് തന്റെ രീതിയെന്നും ജെയിംസ് വെളിപ്പെടുത്തി. 
ടീമിൽ സഹലിന്റെ മാർഗദർശി സെർബിയക്കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ നികോള കർമാരെവിച്ചാണ്. കർമാരെവിച് പിന്നിൽ ഉറച്ചുനിൽക്കുന്നതിനാലാണ് യഥേഷ്ടം പന്തുമായി കുതിക്കാൻ സഹലിന് സാധിക്കുന്നത്. 
പ്രാദേശിക കളിക്കാരൻ മുൻനിര താരങ്ങൾക്ക് തോളോട് തോൾ ചേർന്നു നിൽക്കുന്നതിനേക്കാൾ വലിയ ആഹ്ലാദം ഫുട്‌ബോൾ ഭ്രാന്തന്മാരായ മലയാളികൾക്ക് കിട്ടാനില്ല. അത്തരം താരങ്ങൾക്കായി കാത്തുനിൽക്കുകയാണ് മലയാളി കളിപ്പന്ത് പ്രേമികൾ. അവരുടെ പ്രതീക്ഷക്കൊത്തുയരാൻ സഹലിന് സാധിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. 
ബ്ലാസ്‌റ്റേഴ്‌സിൽ കൂടുതൽ മലയാളി താരങ്ങൾ വേണമെന്ന മുറവിളിക്കിടെയാണ് സഹൽ ഫസ്റ്റ് ഇലവനിൽ സ്ഥാനം നേടുന്നത്. വടക്കുകിഴക്കിന്റെ ടീമായാണ് പൊതുവെ ബ്ലാസ്റ്റേഴ്‌സ് അറിയപ്പെടാറ്. എന്നാൽ മുഹമ്മദ് റാഫിയും സി.കെ. വിനീതും റിനൊ ആന്റോയെയും പോലുള്ള മലയാളി കളിക്കാരും ടീമിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ അണ്ടർ-18 ടീം മലയാളികളാൽ സമ്പന്നമാണ്. അണ്ടർ-18 ലീഗ് ഫുട്‌ബോളിൽ ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ഫൈനലിലെത്തി. പ്രി സീസൺ ലാ ലിഗ വേൾഡ് ടൂർണമെന്റിൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് ടീമിൽ പതിനൊന്ന് മലയാളി കളിക്കാരുണ്ടായിരുന്നു. രണ്ടാം ഡിവിഷൻ ഐ-ലീഗിൽ ഏഴ് ഗോളടിച്ചാണ് സഹൽ കോച്ചുമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. കഴിഞ്ഞ സീസണിൽ ജെയിംസ് കോച്ചായി വന്ന ശേഷം എ.ടി. കെക്കെതിരെ സഹൽ ഐ.എസ്.എല്ലി ൽ അരങ്ങേറി. പ്രശാന്തിൽ നിന്ന് ഒരുപാട് പഠിക്കാനായെന്ന് സഹൽ പറയുന്നു. അതുപോലെ എല്ലാവരും പ്രതീക്ഷയോടെ നോക്കുന്ന കളിക്കാരനാണ് അനസ് എടത്തൊടിക. ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന് മുമ്പേ അനസുമയി സൗഹൃദമുണ്ട്. ഇന്ത്യൻ ടീമിലും സമീപ ഭാവിയിൽ കൂടുതൽ മലയാളി താരങ്ങൾ ഇടം പിടിക്കുമെന്നാണ് സഹൽ കരുതുന്നത്.