Monday , November   12, 2018
Monday , November   12, 2018

ഉല്ലു അഥവാ വർണക്കൊലുസ്

വർണ വിസ്മയം തീർക്കാൻ ഉമ്മിൽ കുലിസിന് കൈവിരലുകളില്ലാത്തത് ഒരു തടസ്സമായിട്ടില്ല. കാലുകൾ കൊണ്ട് മനോഹരമായ വർണ്ണങ്ങൾ വിരിയിച്ച്  ചിത്രകലയെന്ന മാസ്മരിക ലോകം തന്റേതു കൂടിയാണെന്ന് തെളിയിക്കുകയാണ് പാലക്കാട് ജില്ലയിലെ പുതുക്കോട് സ്വദേശി ഉമ്മിൽ കുലുസ് എന്ന ഉല്ലു. മഴവില്ലില്ലെ എട്ടാം നിറം എന്ന പേരിൽ ഈ മാസം നാലു മുതൽ 30 വരെ കോഴിക്കോട് ചാലപ്പുറം മേൻ കഫേയിലാണ് ഈ 31 കാരിയുടെ ചിത്രപ്രദർശനം. 


അപ്പക്കാട് മുഹമ്മദ് ഹനീഫയുടെയും ഉമൈബയുടെയും ഇളയ മകളായ ഉല്ലുവിന് ജന്മനാ ഇരുകൈകളുമില്ല. കാലുകൾക്കാണെങ്കിൽ വ്യത്യസ്ത ഉയരവും. എന്നാൽ വിധിയോടു തോൽക്കാതെ കാൽവിരലുകൾ കൊണ്ട് വർണങ്ങൾ വിരിയിച്ചു വ്യത്യസ്തയാവുകയാണ് ഈ മിടുക്കി.

സ്‌കൂൾ ജീവിതത്തിനിടയിൽ സഹപാഠികൾക്കിടയിലുള്ള നടത്തം വിഷമകരമായി തോന്നിയ നിമിഷത്തിൽ രണ്ടാം ക്ലാസ്സിൽ വെച്ച് പഠനം നിർത്തി. ചെറിയ പ്രായത്തിലേ കാലുകൾ കൊണ്ട് ചിത്രങ്ങൾ വരയ്ക്കുന്ന ഉല്ലുവിന്റെ പ്രതിഭയെ നിറങ്ങളും, കടലാസുകളും നൽകി വാർത്തെടുത്തത് പിതാവ് മുഹമ്മദ് ഹനീഫയാണ്. ഇതോടെ ഉല്ലുവെന്ന കൊച്ചുചിത്രകാരിയെ നാടറിഞ്ഞു. വർഷങ്ങൾക്കിപ്പുറം കേരളത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി ആരാധകരുള്ള ഉല്ലു വരച്ചു തീർത്തത് 500 ലധികം ചിത്രങ്ങളാണ്. ഇതിനിടയിൽ 5000 ത്തിലധികം വിത്തുപേനകൾ ഉണ്ടാക്കിയും ഉല്ലു വിസ്മയം തീർത്തു.

26 ാമത്തെ  വയസ്സിൽ പിതാവ് മരണപ്പെട്ടതോടെ നിർത്തിവെച്ച തന്റെ പ്രയത്‌നത്തിന് പിന്നീട് കൂടെ നിന്നത് ഉറ്റസുഹൃത്തായ സുഹറയും കൂട്ടുകാരുമാണ്. മനസ്സിൽ കുന്നോളം ആഗ്രഹമൊരുക്കി തന്റെ ചിത്രപ്രദർശനത്തിലേക്ക് പ്രിയ കൂട്ടുകാരെ സ്വാഗതം ചെയ്യുകയാണ് ഉല്ലു.

Latest News