Monday , November   12, 2018
Monday , November   12, 2018

മുഖക്കുരു വില്ലനാകുമ്പോൾ

സോപ്പുകൾ മാറി  ഉപയോഗിച്ചിട്ടും ഫെയ്‌സ് ക്രീമുകൾ പലത് പരീക്ഷിച്ചിട്ടും മുഖക്കുരുവിനും കറുത്ത പാടുകൾക്കും ഒരു കുറവുമില്ലെന്ന് നിരവധി പരാതികൾ കോൾക്കാറുണ്ട്. കൗമാരക്കാരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുഖക്കുരു. കൗമാര പ്രായത്തിൽ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് മുഖക്കുരുവിന് പ്രധാന കാരണം. കൗമാരക്കാരിൽ മാത്രമല്ല ചില മുതിർന്നവരിലും മുഖക്കുരുവുണ്ടാകാറുണ്ട്. ആരിലും മാനസിക പ്രയാസമുണ്ടാക്കുന്ന പൊതുവായി കാണപ്പെടുന്ന ഒരു ചർമരോഗമാണിത്. വ്യക്തിയുടെ ആത്മവിശ്വാസം കെടുത്തുന്ന മുഖക്കുരു മുഖ സൗന്ദര്യം നഷ്ടപ്പെടാനും ഇടയാകുന്നു. ശരീരത്തിൽ എണ്ണമയം കൂടുതലുള്ളവരിലാണ് മുഖക്കുരു പൊതുവിൽ പ്രശ്‌നമായി മാറുന്നത്. ബാക്ടീരിയയുടെ സാന്നിധ്യം ഇൻഫെക്ഷനുണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. മുഖം ശരിയായി ക്ലെൻസിങ് ചെയ്യാതിരിക്കുന്നതും താരന്റെ സാന്നിധ്യവും ഈ ചർമരോഗത്തെ കൂടുതൽ സങ്കീർണമാക്കുന്നു.
താരൻ, എണ്ണമയം കൂടിയ ചർമം, ചോക്ലേറ്റും മിഠായിയും ഉൾപ്പെടെ അമിതമായി മധുരം കഴിക്കുന്നത്, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കൽ, ഉറക്കക്കുറവ്, മാനസിക സമ്മർദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങൾ മുഖത്ത് കുരുക്കളുണ്ടാവാൻ കാരണമാകാറുണ്ട്. സ്ത്രീകളിൽ ആർത്തവ പ്രശ്‌നങ്ങളും ഋതുമതികളാവുന്ന സമയത്തെ ഹോർമോൺ മാറ്റങ്ങളും മുഖക്കുരുവുണ്ടാക്കാൻ  സാധ്യതയുണ്ട്. ഗുരുതര രോഗമായോ നിസാര പ്രശ്‌നമായോ മുഖക്കുരുവിനെ കാണാതെ അതിനെ ചെറുക്കാനായി ചിലതൊക്കെ വീട്ടിൽ നിന്നു തന്നെ ചെയ്യാവുന്നതാണ്. 
പേസ്റ്റും ജ്യൂസുംവേപ്പ്, തുളസി, പുതീന എന്നിവയുടെ ഇലകൾ തുല്യ അളവിലെടുത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരുവിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. ചന്ദനം അരച്ച് തേക്കുന്നതും മുഖക്കുരു കളയാൻ ഉത്തമമാണ്. പഴച്ചാറുകൾ ധാരാളമായി കുടിക്കുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാൻ നല്ലതാണ്. 
ആര്യവേപ്പിന്റെ ഇല ഔഷധ ഗുണത്താൽ സമ്പന്നമായ ആര്യവേപ്പിന്റെ ഇല ബാക്ടീരിയകളെ തുരത്താൻ വളരെയേറെ ശേഷിയുള്ളതാണ്. ആര്യവേപ്പിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ചെറു ചൂടിൽ ഇടയ്ക്കിടെ മുഖം കഴുകാൻ ഉപയോഗിക്കുക. മുഖത്തെ എണ്ണമയം ഒഴിവാക്കാനും മുഖക്കുരുവിന്റെ മുറിപ്പാടുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. 
മുട്ടയുടെ വെള്ളക്കരു എണ്ണമയവും ബാക്ടീരിയയും ആണല്ലോ മുഖക്കുരുവിന്റെ പ്രധാന കാരണം. മുട്ടയുടെ വെള്ള മുഖത്ത് തേച്ചു പിടിപ്പിക്കുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് മുഖത്തെ എണ്ണമയം നീക്കി ബാക്ടീരിയകളെ അകറ്റാൻ സഹായിക്കുന്നു. 
ഉരുളക്കിഴങ്ങ് നേർത്തതായി മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ മുഖക്കുരുവുള്ള ഭാഗങ്ങളിൽ വയ്ക്കുക. 15 മിനിട്ടു ശേഷം തിളപ്പിച്ചാറിയ വെള്ളത്തിൽ മുഖം കഴുകിയെടുക്കുക. രണ്ടാഴ്ച പ്രക്രിയ തുടരുകയാണെങ്കിൽ മാറ്റം അറിയാം.
നാരങ്ങാത്തൊലി നാരങ്ങയുടെ തൊലിയും നീരും മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന മികച്ച മരുന്നാണ്. നാരങ്ങാത്തൊലി ഉണക്കിപ്പൊടിച്ച് കുറച്ച് റോസ് വാട്ടറിൽ കലക്കി പേസ്റ്റ് രൂപത്തിലാക്കുക. മിശ്രിതം മുഖത്ത് തേച്ച് അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി തുടച്ചെടുക്കാം. 
ക്ലെൻസിങ് ഏറെ ഫലപ്രദം മുഖക്കുരുവുള്ളവർ ദിവസം രണ്ടോ മൂന്നോ തവണ ക്ലെൻസിങ് ചെയ്യുന്നത് നല്ലതാണ്. ചെറു ചൂടുവെള്ളം കൊണ്ട് മുഖം നന്നായി കഴുകിയതിന് ശേഷം അല്പം ക്ലെൻസറെടുത്ത് മുഖത്തും കഴുത്തിലും വട്ടത്തിൽ മൃദുവായി മസാജ് ചെയ്യുക.  
ചർമത്തിന്റെ സ്വഭാവം മനസ്സിലാക്കിയാവണം ക്ലെൻസർ തെരഞ്ഞെടുക്കുന്നത്. അലർജിയുള്ളവരും വരണ്ട ചർമ്മമുള്ളവരും ക്ലെൻസറിന് പകരം ബേബി ഓയിൽ ഉപയോഗിച്ചാൽ മതിയാവും. ആപ്പിൾ കാമ്പ് ജ്യൂസ് പരുവത്തിലാക്കിയും ക്ലെൻസറിന് പകരമായി ഉപയോഗിക്കാവുന്നതാണ്. എണ്ണമയമുള്ള ചർമത്തിൽ വെള്ളരിക്കാ നീര് ക്ലെൻസറായി പുരട്ടാവുന്നതാണ്.
 

Latest News