Thursday , April   25, 2019
Thursday , April   25, 2019

കുട്ടികളുടെ മണി പേഴ്‌സ്  മാത്രമല്ല അച്ഛൻ

വഞ്ചിയിലിരുന്ന് ചെറുപ്പക്കാരൻ തന്റെ പാണ്ഡിത്യം അറിയിക്കാൻ തോണിക്കാരനായ മുല്ല നസറുദ്ദീനോട് പല ശാസ്ത്ര വിഷയങ്ങളും ചോദിച്ചുകൊണ്ടിരുന്നു. എല്ലാ ചോദ്യങ്ങളിലും മുല്ല പരാജയം സമ്മതിച്ചു. അപ്പോഴൊക്കെ മുല്ലയെ  കളിയാക്കി ചെറുപ്പക്കാരൻ പറയുമായിരുന്നു. ഇതൊന്നുമറിയാത്ത നിങ്ങളുടെ ജീവിതം മുക്കാലും നഷ്ടത്തിലായല്ലോ. വഞ്ചി പുഴക്ക് നടുവിലെത്തുമ്പോഴേക്കും ചോദ്യങ്ങൾ ഏതാണ്ട് ഒടുങ്ങിയ നേരത്ത് മുല്ല ചെറുപ്പക്കാരനോട് ചോദിച്ചു. നിങ്ങൾക്ക് നീന്താനറിയുമോ? ഇല്ലെന്ന് ചെറുപ്പക്കാരൻ പറഞ്ഞതും നിങ്ങളുടെ ജീവിതം മുഴുവനും വെള്ളത്തിലായെന്ന് പറഞ്ഞു മുല്ല തോണി ശക്തമായി ഉലച്ചു കമഴ്ത്താൻ തുടങ്ങി. ഈ കഥ നമ്മളിൽ പലർക്കും അറിയാവുന്നതാണ്. വലിയ വിവരമുള്ളവൻ എന്ന് സ്വയം നടിച്ചു മുല്ലയെ പരിഹസിച്ച ചെറുപ്പക്കാരനു കണക്കിന് തന്നെ കൊടുത്തു മുല്ല. ഗത്യന്തരമില്ലാതെ മുല്ലയുടെ കാരുണ്യത്തിനായി കേഴേണ്ടി വന്ന ചെറുപ്പക്കാരൻ പിന്നീട് ഒരിക്കലും ജീവിതത്തിൽ അറിവിന്റെ കാര്യത്തിൽ വീമ്പിളക്കിയിട്ടുണ്ടാവില്ല.
മുല്ലയെ പരിഹസിച്ച പോലെയുള്ള ഇത്തരം ചിലരെ നാം ജീവിതത്തിൽ കണ്ടുമുട്ടാറില്ലേ? പുസ്തകത്തിൽ നിന്നും പഠിച്ച അറിവിന്റെയും വായിച്ചറിഞ്ഞ അനുഭവത്തിന്റെയും പിൻബലത്തിൽ മറ്റുള്ളവരെ കൊച്ചാക്കി കാണുകയും അവരെ കളിയാക്കി രസിക്കുകയും ചെയ്യുന്ന ചിലർ. ജീവിതത്തിൽ നേരിടുന്ന പല യാഥാർഥ്യങ്ങളെയും അഭിമുഖീകരിക്കാൻ കെൽപ്പില്ലാതെ, പ്രായോഗിക ജ്ഞാനം വളരെ കുറഞ്ഞ ഇവർ അകപ്പെടുന്ന അമളിയുടെയും നേരിടുന്ന ആത്മസംഘർഷത്തിന്റെയും  കഥ നാം ഒരുപാട് കേൾക്കാറുണ്ട്.
ദീർഘകാലം ഗൾഫിൽ ജീവിച്ചു നാട്ടിൽ തിരികെയെത്തിയ ഒരു സരസനായ പ്രവാസി പറഞ്ഞ കഥയിങ്ങനെ. മക്കളിൽ മൂത്തയാള് എം.ബി.എയാ. രണ്ടാമത്തെയാൾ സി.എ, മൂന്നാമത്തെയാൾ ബി.ഡി.എസ്. മൂന്നാളും പഠിച്ചത് മൂന്ന് വിഷയങ്ങളാണെങ്കിലും അടുത്ത കാലത്ത് ഇവരെല്ലാരും കൂടി ഒന്നിച്ചൊരു കാര്യം കണ്ടുപിടിച്ചു പഠിച്ചിട്ടുണ്ട്. അത്, മറ്റൊന്നുമല്ല, ഓരുടെ ബാപ്പാക്ക് ഒരു വിവരവുമില്ലാന്നാണത്. കുലുങ്ങിച്ചിരിച്ചു കൊണ്ടാണീ കഥ അദ്ദേഹം പറഞ്ഞവസാനിപ്പിച്ചതെങ്കിലും ആ ചിരിയിൽ അയാൾ പൊതിഞ്ഞുവെച്ച വലിയ ഒരു നൊമ്പരമുണ്ട്. മക്കൾ പിതാവിനെ വേണ്ടത്ര മനസ്സിലാക്കുന്നില്ലല്ലോ എന്ന വേദന. മാതാപിതാക്കളെ വിവരമില്ലാത്ത പഴഞ്ചന്മാരെന്നു മുദ്ര കുത്തുന്ന മക്കൾ പുതിയ കാലത്തെ പ്രതിഭാസമല്ല. എക്കാലത്തും കുറേ മാതാപിതാക്കൾക്ക് ഇത്തരം പരിഹാസങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടാവും.
അധിക പ്രവാസി പിതാക്കളുടെയും കഥകളിൽ കേൾക്കാൻ കഴിയുന്ന ഒരു പരിഭവമാണിത്. വേണ്ടത്ര വിവരമില്ലാത്തവനെന്നു മക്കളാൽ വിലയിരുത്തപ്പെടുന്ന പിതാവിന്റെ മനക്ലേശം പലപ്പോഴും പല പ്രവാസികളുടെ സംസാരങ്ങളിലും കടന്നു വരാറുണ്ട്. മക്കളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ദീർഘകാലം അവരെ പിരിഞ്ഞു ദൂര ദിക്കിൽ ജോലി ചെയ്യുന്നവരാണ് ബഹു ഭൂരിപക്ഷം പ്രവാസികളും. മക്കളുടെ ശൈശവ ബാല്യ കൗമാരങ്ങളിലൊന്നും പറയത്തക്ക സാന്നിധ്യമാവാനോ സ്വാധീനം ചെലുത്താനോ പലപ്പോഴും ഇവർക്ക് കഴിയാറില്ല. മാന്യമായുള്ള ഉപജീവനത്തിനായുള്ള അധ്വാനത്തിൽ മക്കൾക്ക് വേണ്ട വൈകാരികവും ആത്മീയവുമായ വിദ്യാഭ്യാസം നൽകാൻ കഴിയാതെ പോകുന്നവരാണിവർ. 
കുട്ടികളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി കടലിനിക്കരെ അധ്വാനിച്ചു കിട്ടുന്നത് മുഴുവനും അയച്ചു കൊടുക്കുകയും പോരാത്തതിന് കടം വാങ്ങി എത്തിച്ചു കൊടുക്കുകയും ചെയ്യുന്നവരാണിവരിൽ അധിക പേരും. എന്നാൽ ഇവരിൽ വലിയ ഒരു വിഭാഗം കുട്ടികളുമായി അധിക നേരം ചെലവിടാൻ കഴിയാത്ത ഹതഭാഗ്യരാണ്.
മക്കളുടെ ജീവിതത്തിൽ പിതാവിന്റെ സ്വാധീനം വളരെ വലുതാണ്. കുട്ടികളുടെ അക്കാദമികമായ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിലും നേതൃഗുണവും ഉത്തരവാദിത്ത ബോധവും വളർത്തിയെടുക്കുന്നതിലുമെല്ലാം പിതാവിനു വളരെ വലിയ പങ്കുണ്ട്. ഓക്‌സ്ഫഡ് സർവകലാശാലയിൽ ഗവേഷകയായ ഈറിൻ ഫ്‌ളോറിയുടെ നേതൃത്വത്തിൽ പതിനേഴായിരം വിദ്യാർഥികളിൽ ഈയടുത്ത് നടത്തിയ പഠനം ഈ വസ്തുത വകവെക്കുന്നുണ്ട്. കുട്ടിയോടോപ്പമിരുന്നു വായിക്കാനും പുറത്ത് കറങ്ങാനും കുട്ടിയുടെ വിദ്യാഭ്യാസ കാര്യത്തിൽ ശ്രദ്ധ ചെലുത്താനും നേരം കണ്ടെത്തുന്ന പിതാക്കളുള്ള വീട്ടിൽ നിന്നും വരുന്ന കുട്ടികൾ പഠനത്തിലും പെരുമാറ്റത്തിലും കൂടുതൽ മികവു പുലർത്തുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഈ വീടുകളിൽനിന്നും വരുന്ന ആൺകുട്ടികളിൽ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള വാസനയും പ്രവണതയും വളരെ കുറവാണെന്നും പഠനം പറയുന്നു.
വർഷങ്ങളുടെ ഇടവേളകളിൽ മാത്രം കണ്ടുമുട്ടുന്ന പഴയകാല പ്രവാസി പിതാവല്ല ഇപ്പോഴത്തെ പ്രവാസി. നിത്യേന ഓൺലൈനിൽ കണ്ടുമുട്ടി വിശേഷങ്ങൾ പങ്കു വെക്കാൻ സാങ്കേതിക വിദ്യ സൗകര്യമൊരുക്കിയ വിവര വിപ്ലവത്തിന്റെ കാലത്ത് പഴയ കാലത്ത് നിന്നും ഭിന്നമായി മക്കളുടെ വളർച്ചയിൽ ഇവർക്ക് കൂടുതൽ ശ്രദ്ധിക്കാൻ കഴിയും. വിവേകമതികളായ പിതാക്കൾ ഈ സൗകര്യം നന്നായി ഉപയോഗപ്പെടുത്തുന്നുമുണ്ടാവണം.
പിതാക്കളെ അവരുടെ കുടുംബത്തിലെ പെരുമാറ്റ രീതിയനുസരിച്ച് നാലായി തരം തിരിക്കാം. ഒരു വിഭാഗം മണി പേഴ്‌സ് പോലെയാണ്. കുടുംബത്തിന് സാമ്പത്തിക ഭദ്രത നൽകുന്നതിൽ മാത്രമായിരിക്കും അവരുടെ ശ്രദ്ധ. കുട്ടികളുടെ വിഷയത്തിലോ കുടുംബിനിയുടെ കാര്യത്തിലോ അധികം താൽപര്യമൊന്നും അവർക്ക് കാണില്ല. അവർക്കതിനൊന്നും ചിലപ്പോൾ നേരം കിട്ടിയെന്നു വരില്ല. പണം സ്വരൂപിക്കുന്നതിന്റെ തിരക്കിൽ കുടുംബത്തിന്റെ ക്ഷേമ കാര്യങ്ങൾ പാടേ മറന്നു പോകുന്നവരാണവർ. മറ്റൊരു വിഭാഗം പാറ പോലെയാണ്. ഗൗരവപ്രകൃതക്കാരും കഠിന ശീലരുമായിരിക്കുമവർ. അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്തവർ. ഇവരുടെ കാഴ്ചപ്പാടിൽ നല്ല പിതാവ് മക്കളിൽ നിന്ന് വൈകാരികമായി അകലം പാലിക്കുന്നവരാണ്. അത്‌കൊണ്ട് തന്നെ അധികം സ്‌നേഹ പ്രകടനങ്ങളൊന്നും ഇവരിൽനിന്ന് പ്രതീക്ഷിക്കേണ്ടതില്ല. വേറൊരു വിഭാഗം സാൻഡ്‌വിച്ച് പോലെയാണെന്ന് പറയാം. കുട്ടികളോട് വളരെ നല്ല കൂട്ടായിരിക്കും. എന്നാൽ ബന്ധങ്ങളിൽ അടുക്കും ചിട്ടയും വേണ്ടത്രയുണ്ടാവില്ല. പലപ്പോഴും കുട്ടികളെ വേണ്ട പോലെ മനസ്സിലാക്കാൻ ശ്രമിക്കില്ല. അതിനാൽ തന്നെ എന്ത് എപ്പോൾ എങ്ങനെ ചെയ്യണമെന്ന ആശയക്കുഴപ്പത്തിലായിരിക്കുമവർ. കുടുംബത്തിൽ വേണ്ടത്ര ആദരിക്കപ്പെടുന്നില്ല, ബഹുമാനം കിട്ടുന്നില്ല എന്ന പരിഭവം ഇവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. ചിലർ മരം പോലെയാണ്. ദൃഢതയും സൗമ്യതയും ഒത്തു ചേർന്നവർ. മക്കളോടൊപ്പം വളരുകയും വളർത്തുകയും ചെയ്യുന്നവർ. കുട്ടികളോടൊത്തു കളിയിലും വിനോദത്തിലും ഏർപ്പെട്ട് ഉല്ലസിക്കുന്നവരാണവർ. അതേസമയം പഠനത്തിലും പെരുമാറ്റത്തിലും കൃത്യമായ അതിരും പരിധിയും മക്കൾക്ക് നിർണയിച്ചു കൊടുത്ത് കതിരും പതിരും തിരിച്ചറിയാൻ അവരെ സഹായിക്കുന്നതിൽ ഒട്ടും വൈമുഖ്യം കാണിക്കാത്തവരാണവർ.
മക്കളുടെ കാര്യത്തിൽ പിതാവും പിതാവിന്റെ കാര്യത്തിൽ മക്കളും ഏറെ താൽപര്യവും കരുതലും പരസ്പരം കാണിക്കുമ്പോഴാണ് സ്‌നേഹാർദ്ര പങ്കാളിത്തത്തോടെ പിതാവും മക്കളുമായുള്ള ബന്ധം ഊഷ്മളമാവുന്നത്. കുട്ടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അവർക്കാവശ്യമുള്ള കാര്യങ്ങൾ ഒരുക്കി കൊടുക്കുന്നതോടൊപ്പം തന്നെ അവരുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ച് അന്വേഷിക്കുകയും അവരുമായി തുറന്ന് കാര്യങ്ങൾ സംസാരിക്കുകയും വേണം. അവർക്ക് താൽപര്യമുള്ള വിഷയങ്ങളിൽ നിന്ന് ആരംഭിച്ചു വീടിന്റെയും കുടുംബത്തിന്റെയും സമഗ്ര ക്ഷേമാത്തിനാവശ്യമായി അവരിൽ വളർന്നു വരേണ്ട ശീലങ്ങളെ കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ക്രമേണ ഇമ്പത്തോടെ അവരെ ബോധ്യപ്പെടുത്തണം. അവരെ കേൾക്കാൻ കൂടുതൽ സമയം കണ്ടെത്തണം. അവരുടെ കൂട്ടുകാരെ കുറിച്ച് ധാരണ വേണം. ഒഴിവു നേരങ്ങൾ എങ്ങനെ ചെലവഴിക്കുന്നു എന്നതിനെ കുറിച്ച് അവരിൽ നിന്നും മനസ്സിലാക്കണം.  
പരസ്പരം അറിഞ്ഞും അറിയിച്ചും മക്കളെ സ്വതന്ത്ര വ്യക്തികളായി കണ്ട് തന്നെ വളർത്തണം. പ്രത്യേകിച്ചും കൗമാര പ്രായം പിന്നിടുന്നതോടെ അവർക്ക് സ്വയം മതിപ്പ് തോന്നുന്ന രീതിയിൽ ആദരവോടെയും സ്‌നേഹത്തോടെയും വേണം അവരോട് പെരുമാറാൻ. അവരുടെ നേട്ടങ്ങളെ വിലയിരുത്തുകയും അംഗീകരിക്കുകയും വേണം. അവരിൽ എന്തെങ്കിലും സാമൂഹ്യ വിരുദ്ധമായ പ്രവണതകൾ വല്ലതും കണ്ടാൽ സ്വകാര്യം സൗമ്യമായി പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്. ചിലപ്പോൾ രക്ഷിതാക്കൾക്ക് അതിനു കഴിഞ്ഞെന്നു വരില്ല. അപ്പോൾ അധ്യാപകരെയോ കുടുംബ സുഹൃത്തുക്കളുടെയോ അതുമല്ലെങ്കിൽ പ്രാപ്തിയുള്ള മനഃശാസ്ത്ര കൗൺസലർമാരുടെയോ സഹായം തേടണം. അല്ലാതെ അവരോട് പോട്ടിത്തെറിക്കുകയോ കയർക്കുകയോ വാശി പിടിക്കുകയോ അല്ല വേണ്ടത്. 
മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്താൽ അവരിൽ പകയും പ്രതികാര ബുദ്ധിയും ധിക്കാര മനോഭാവവും എളുപ്പത്തിൽ വളരുമെന്നറിയുക. വിവരമില്ലാത്ത പിതാവെന്നു മുദ്ര കുത്തപ്പെടാൻ സ്വയം വഴിയൊരുക്കാതിരിക്കുക.