Wednesday , March   20, 2019
Wednesday , March   20, 2019

ഐപാഡുകൾ മാറാൻ കാരണമുണ്ട്‌

  • വർഷങ്ങൾക്കു ശേഷം മാക്ബുക്കിലും മാക്മിനിയിലും പുതുമ
  • ഐഫോണിനു സമാനമായ മാറ്റങ്ങൾ ഐപാഡിലും

സാങ്കേതിക ലോകത്ത് ടാബ്‌ലറ്റുകളുടെ വിൽപന കുത്തനെ ഇടിഞ്ഞുവരികയാണ്. വലിയ സ്‌ക്രീനും കൂടുതൽ സൗകര്യങ്ങളുമായി സ്മാർട്ട് ഫോണുകൾ രംഗം കീഴടക്കിയതുതന്നെ കാരണം. കഴിഞ്ഞ വർഷം ഐപാഡ് വിൽപനയിൽ മൂന്ന് ശതമാനം വർധന മാത്രമാണ് ആപ്പിൾ കമ്പനിക്ക് കൈവരിക്കാനായത്. ഐഫോണുകളെ പോലെ വരുമാനമുണ്ടാക്കാൻ ഐപാഡുകളും മാക് കംപ്യൂട്ടറുകളും ആപ്പിളിനെ സഹായിക്കുന്നില്ല. ഇതിനൊരു പരിഹാരമായാണ് ഐപാഡുകൾ ഐഫോണിനു സമാനമാക്കാനുള്ള ആപ്പിൾ ശ്രമം. സ്‌ക്രീനിൽ കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിന് ഐഫോണിനു പിന്നാലെ ഐപാഡിലും ഹോം ബട്ടണും ഫിംഗർപ്രിന്റ് സെൻസറും ഒഴിവാക്കി. ഐഫോണിന്റെ പുതിയ മോഡലായ ടെൻഎക്‌സ്, ടെൻ എസ് എന്നിവയിലെ പോലെ ഐപാഡ് പ്രോയിലും അൺലോക്ക് ചെയ്യുന്നതിന് ഫേഷ്യൽ റെക്കഗ്നിഷൻ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ആപ്പിൾ പേ പർച്ചേസിനും മുഖം കാണിച്ചാൽ മതി. സ്‌ക്രീനിന്റെ റെസലൂഷൻ കൂട്ടിക്കൊണ്ടുള്ള പുതിയ മാക്ബുക്ക് എയർ ലാപ്‌ടോപ്പും ആപ്പിൾ കഴിഞ്ഞ ദിവസം പുറത്തിറക്കി. ന്യൂയോർക്ക് ഓപറ ഹൗസിൽ പുറത്തിറക്കിയ പുതിയ ഉൽപന്നങ്ങളിൽ സംഗീതം, വീഡിയോ, സ്‌കെച്ചുകൾ എന്നിവക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്. 

ചിത്രകാരന്മാർക്കും ഫോട്ടോഗ്രഫർമാർക്കും മറ്റു കലാകാരന്മാർക്കും ഏറ്റവും അനുയോജ്യമായ രീതിയിലാണ് പുതിയ ഐപാഡ് പ്രോ തയാറക്കായിരിക്കുന്നത്. ടാബ്‌ലറ്റ് വിൽപന വർധിപ്പിക്കുക തന്നെയാണ് കമ്പനിയുടെ ലക്ഷ്യം. 
രണ്ട് ഐപാഡ് പ്രോകൾ പുറത്തിറക്കിയതിൽ ചെറുതിന് 11 ഇഞ്ചാണ് സ്‌ക്രീൻ. നേരത്തെ 10.5 ഇഞ്ച് ആയിരുന്നു. രണ്ടാമത്തെ മോഡൽ ചെറുതാണെങ്കിലും 12.9 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീൻ തന്നെ ഉറപ്പു വരുത്തിയിട്ടുണ്ട്. ഒരു സാധാരണ പേപ്പറിന്റെ വലിപ്പം. 
ഐഫോൺ ടെൻആറിലേതിനു സമാനമായി എൽസിഡി സ്‌ക്രീനാണ് പുതിയ ഐപാഡുകളിലും. ഐഫോണിലെ പോലെ ഐപാഡിലെ ഡിസ്‌പ്ലേ പരമാവധി മൂലകളിലേക്ക് പോകുന്നില്ല. പുതിയ ഐപാഡുകളുടെ വില 800 ഡോളറിൽനിന്നാണ് തുടങ്ങുന്നത്. 


മാക്ബുക്ക് എയറിന് 200 ഡോളർ വർധിപ്പിച്ചപ്പോൾ ഹൈ റെസലുഷൻ ഡിസ്‌പ്ലേയാണ് സംവിധാനിച്ചിരിക്കുന്നത്. 1200 ഡോളറാണ് പുതിയ വില. ഐപാഡിൽനിന്ന് ഒഴിവാക്കിയ ഫിംഗർ പ്രിന്റിന്റെ സെൻസർ ഇതിൽ ചേർത്തിട്ടുണ്ട്. അപ്‌ഡേറ്റ് ചെയ്ത ഡെസ്‌ക് ടോപ് കംപ്യൂട്ടറായ മാക് മിനിയുടെ വില 800 ഡോളർ മുതലാണ്. ഐപാഡുകളിൽനിന്നും മറ്റു ഉൽപന്നങ്ങളിൽനിന്നും ഒഴിവാക്കിയ അലുമിനിയം രണ്ട് മാക് ഉൽപന്നങ്ങൾക്കും ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 
പുതിയ മാക്ബുക്ക് എയറിനും ഐപാഡ് പ്രോകൾക്കും യുഎസ്ബി-സി എന്ന പേരിൽ ഓവൽ കണക്ടർ പുറത്തിറക്കിയിട്ടുണ്ട്. ഐപാഡുകളിൽനിന്ന് ഐഫോണുകളും ചാർജ് ചെയ്യാം. 
ആപ്പിൾ ഉപയോക്താക്കളെ ആകർഷിക്കുന്നതാണ് പുതുക്കിയ ഉൽപന്നങ്ങളെന്ന് മൂർ ഇൻസൈറ്റസ് ആന്റ് സ്ട്രാറ്റജി സ്ഥാപകൻ പാട്രിക് മൂർഹെഡ് അഭിപ്രായപ്പെടുന്നു. വർഷങ്ങൾക്കു ശേഷമാണ് മാക് മിനി അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. അതുപോലെ മാക്ബുക്ക് എയറും അടുത്ത കാലത്തായി പരിഷ്‌കരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഇത് സ്വാഗതം ചെയ്യപ്പെടുന്ന മാറ്റങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, നിലവിലുള്ള വിൻഡോസ് ഉൽപന്നങ്ങളിൽനിന്ന് മാക്കിലേക്ക് മാറാൻ പര്യാപ്തമായ നിർണായക മാറ്റങ്ങളല്ല ഇതെന്നും മൂർഹെഡ് പറഞ്ഞു. 
നവംബർ ഏഴു മുതലാണ് പുതിയ ഉൽപന്നങ്ങൾ വിപണിയിലിറക്കുക. ഫേസ്‌ടൈമിൽ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ കൂടി ഉൾപ്പെടുത്തിയുള്ള സൗജന്യ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ഐഫോണുകൾക്കും ഐപാഡുകൾക്കുമായി ലഭ്യമാക്കിയിട്ടുണ്ട്.