Monday , June   24, 2019
Monday , June   24, 2019

തമിഴിലും അവസരങ്ങള്‍ വരുന്നു; വിശേഷങ്ങളുമായി മേഘ

മേഘാ മാത്യുവിനെ ഓർമ്മയില്ലേ. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം എന്ന ചിത്രത്തിലെ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ശ്വേതയെ. ഒരു കൂട്ടം എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ ജീവിതം പകർത്തിയ ഈ ചിത്രം യുവഹൃദയങ്ങളെ ഏറെ ആകർഷിച്ചതായിരുന്നു. 
കോട്ടയം സ്വദേശിയായ കെ.ജെ. മത്തായിയുടെയും ജാൻസി മത്തായിയുടെയും മകൾ ആകസ്മികമായാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയത്. കുട്ടിക്കാലം തൊട്ടേ നൃത്തമായിരുന്നു മേഘക്ക് എല്ലാം. ഈ മേഖലയായ നൃത്തവഴിയിലൂടെയാണ് അതിലുമേറെയിഷ്ടമായ അഭിനയവഴിയിലേക്ക് ഈ കോട്ടയംകാരിയെത്തിയത്. 
ഈയിടെ പുറത്തിറങ്ങിയ മന്ദാരമാണ് മേഘയുടെ പുതിയ ചിത്രം. വിജേഷ് വിജയ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അർജുൻ അശോകിന്റെ ജോഡിയായാണ് എത്തിയത്. ആസിഫ് അലി നായകനായ ചിത്രത്തിൽ വർഷയും അനാർക്കലിയും വേഷമിട്ടിരുന്നു. 
ഞങ്ങളെല്ലാം ഒരു കൂട്ടായിരുന്നു. ഒരു കുടുംബാന്തരീക്ഷം പോലെയായിരുന്നു സെറ്റിൽ അനുഭവപ്പെട്ടത്. പ്രണയത്തിന് പ്രാധാന്യം നൽകിയൊരുക്കിയ ചിത്രത്തിൽ എല്ലാവരും ആസ്വദിച്ചാണ് അവരരവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതുപോലെ എല്ലാവർക്കും ആസ്വാദ്യകരമായ അന്തരീക്ഷമാണ് ഈ ചിത്രം ഒരുക്കുന്നത്. 
മന്ദാരത്തിന്റെ ചീഫ് അസോസിയേറ്റ് വഴിയാണ് ഈ ചിത്രത്തിലെത്തുന്നത്.  അദ്ദേഹം വഴിയാണ് സംവിധായകൻ വിജേഷിനെ കാണുന്നതും സെലക്ട് ചെയ്യുന്നതും. അങ്ങനെ മന്ദാരത്തിലെ രമ്യയാവുകയായായിരുന്നു. 


അടുത്ത ചിത്രമായ പ്രൊഫ. ഡിങ്കൺ മേഘക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. അന്യമായ ഒരു ത്രീഡി ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷവുമുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫ. ഡിങ്കന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. 
സംവിധായകൻ റാഫി മെക്കാർട്ടിൽ വഴിയാണ് ഡിങ്കൺ എന്ന വലിയ ചിത്രത്തിന്റെ ഭാഗമാകുന്നത്. പണ്ട് മൈ ഡിയർ കുട്ടിച്ചാത്തൻ കണ്ട ഓർമ്മയിലാണ് ഈ ചിത്രവും ഒരുങ്ങുന്നത്. സാധാരണ സിനിമയുടെ ചിത്രീകരണത്തേക്കാൾ കൂടുതൽ സമയമെടുക്കുന്നതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന രീതിയിലാണ് ചിത്രമൊരുക്കുന്നത്. നിറയെ തമാശകൾ ചിത്രത്തിലുണ്ട്. ദിലീപേട്ടന്റെ അടുത്ത സുഹൃത്തായാണ് വേഷമിടുന്നത്. ആദ്യമായി ദിലീപേട്ടനൊപ്പം അഭിനയിക്കുന്നതിന്റെ ടെൻഷനുണ്ടായിരുന്നു.  എന്നാൽ അദ്ദേഹം നല്ല സഹകരണമാണ് നൽകുന്നത്. എല്ലാവരെയും നന്നായി കെയർ ചെയ്യുന്നു. കൂടാതെ ചിരിയും തമാശകളുമായി സെറ്റിൽ ലൈവായി നിൽക്കാൻ പ്രേരിപ്പിക്കുന്നു. അഭിനയത്തിലൂടെ എന്താണ് നമ്മളിൽനിന്നും വേണ്ടത് എന്ന് കൃത്യമായി അദ്ദേഹത്തിനറിയാം. അതുകൊണ്ടു തന്നെ സന്ദർഭത്തിനനുസരിച്ച് സഹായിക്കാനും ഒരുക്കമാണ്. വലിയൊരു നടനാണെന്ന യാതൊരു ജാഡയുമില്ലാതെയായിരുന്നു ദിലീപേട്ടന്റെ പെരുമാറ്റം.
ആനന്ദത്തിനു ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്‌സിക്കൻ  അപാരത എന്ന ചിത്രത്തിലാണ് വേഷമിട്ടത്. ടൊവിനോ തോമസ് നായകനായ ചിത്രത്തിൽ ആർദ്ര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ടിയാനിലെ ഇന്ദു, ആദം ജോണിലെ നിയ, മാസ്റ്റർപീസിലെ ആതിര, സഖാവിന്റെ പ്രിയസഖിയിലെ ലിസി, കാലായിലെ ആൻഡ്രിയ, ഹരത്തിലെ ഗീതു, വിഗതകുമാരനിലെ മാനി, നീതളായിലെ ലക്ഷ്മി എന്നിവയും മേഘ അവതരിപ്പിച്ച കഥാപാത്രങ്ങളാണ്. പാർത്ഥസാരഥി സംവിധാനം ചെയ്യുന്ന പർപ്പിൾ എന്ന ചിത്രത്തിലും വേഷമിടുന്നുണ്ട്. 
ചിത്രം പുറത്തിറങ്ങുന്ന ദിവസം തന്നെ മാതാപിതാക്കളോടൊപ്പം തിയേറ്ററിലെത്തി സിനിമ കാണുന്ന ശീലവും മേഘക്കുണ്ട്. വീട്ടിലിരുന്ന് സിനിമ കാണാൻ താൽപര്യമില്ല. ചെറുപ്പം തൊട്ടേ തിയേറ്ററിൽ പോയാണ് സിനിമ കാണുന്നത്. കാരണം സിനിമയെ അത്രയും ഇഷ്ടമായിരുന്നു. കഴിവും ഭാഗ്യവും ഏറെ വേണ്ട ഒരു മേഖലയായിട്ടും മേഘ സിനിമയെ വിടാൻ ഒരുക്കമില്ലായിരുന്നു. 
പഠനത്തിനിടയിൽ സിനിമയെത്തിയപ്പോൾ തുടക്കത്തിൽ ടെൻഷനുണ്ടായിരുന്നു. പിന്നീട് പഠനം പൂർത്തിയാക്കി സിനിമയിൽ സജീവമാവുകയായിരുന്നു.  കോട്ടയത്തെ സെന്റ് ആനീസ് ഗേൾസ് ഹൈസ്‌കൂളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മേഘ പിന്നീട് ബി.കോമും എം. കോമും പൂർത്തിയാക്കി. പഠനം വിട്ടൊരു കളിക്കും വീട്ടുകാർ ഒരുക്കമല്ലായിരുന്നു. അതുകൊണ്ടാണ് കഷ്ടപ്പെട്ടിട്ടാണെങ്കിലും പഠനം പൂർത്തിയാക്കി സിനിമയിൽ സജീവമാകാൻ മേഘ തീരുമാനിച്ചത്. സിനിമയാണ് ജീവിത ലക്ഷ്യം എന്നൊന്നുമില്ല. കിട്ടുന്ന അവസരങ്ങൾ നന്നായി അവതരിപ്പിക്കുക എന്നു മാത്രം. 


ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം കംഫർട്ടബിളായാണ് തോന്നിയത്. അഭിനയിച്ചു ഫലിപ്പിക്കാം എന്നു തോന്നുന്ന കഥാപാത്രങ്ങളേ സ്വീകരിക്കാറുള്ളൂ. വീട്ടുകാരുടെ കൂടി പിന്തുണയോടെയാണ് കഥാപാത്രത്തെ സ്വീകരിക്കാറ്. അടുത്ത മാസം ഒരു തമിഴ് ചിത്രത്തിലേക്കും കരാറായിട്ടുണ്ട്. ഷൈജു തമിൽസ് കമ്പനിയുടെ ബാനറിൽ ജയ് നായകനാകുന്ന ചിത്രമാണിത്. ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 
മേഘയുടെ ഈ വിനോദം യാത്രയാണ്. ഇന്ത്യക്കകത്തും പുറത്തും ഏറെ യാത്ര ചെയ്തു കഴിഞ്ഞു. അച്ഛനും അമ്മയും ചേട്ടനുമൊത്താണ് യാത്രകളേറെയും.  
ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചു കഴിഞ്ഞാൽ ആദ്യ വിമർശനം വീട്ടിൽ നിന്നുതന്നെയാണ്. അമ്മയാണ് കഥാപാത്രത്തെ വിശകലനം ചെയ്യുന്നത്. ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് പച്ചക്കൊടി കാണിക്കുന്നതിനൊപ്പം അരുതായ്മകൾക്ക് നോ പറയാനും അമ്മ മടിക്കാറില്ലെന്ന് മേഘ പറയുന്നു.     

Latest News