Sunday , November   18, 2018
Sunday , November   18, 2018

നിരക്ക് കുറഞ്ഞ രാത്രിസർവീസുമായി എയർ ഇന്ത്യ

നിരക്ക് കുറഞ്ഞ  'റെഡ് ഐ' വിമാനവുമായി എയർ ഇന്ത്യ. അടുത്ത മാസം അവസാനത്തോടെ ആഭ്യന്തര സർവീസിനായാണ് എയർ ഇന്ത്യ  'റെഡ് ഐ' വിമാനം ഉപയോഗിക്കുക. സാധാരണ സമയത്തെ വിമാന നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇതിൽ യാത്ര ചെയ്യാനാകും വിധം രാത്രി വൈകിയായിരിക്കും റെഡ് ഐ വിമാനങ്ങളുടെ സർവീസെന്ന് എയർ ഇന്ത്യ വാർത്താകുറിപ്പിൽ അറിയിച്ചു. 
യൂറോപ്പിലും അമേരിക്കയിലും നിരക്ക് കുറഞ്ഞ ഇത്തരം സർവീസുകൾ വ്യാപകമാണ്. ഇതേ മാതൃകയിലായിരിക്കും റെഡ് ഐ സർവീസുകളെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 
ദൽഹി കോയമ്പത്തൂർ ദൽഹി, ദൽഹി ഗോവ ദൽഹി, ബംഗളൂരു അഹമ്മദാബാദ് ബംഗളൂരു റൂട്ടുകളിൽ നവംബർ 30 ന് റെഡ് ഐ സർവീസുകൾ ആരംഭിക്കും. എ.ഐ 547 വിമാനം ദൽഹിയിൽനിന്ന് രാത്രി 9.15 ന് പുറപ്പെട്ട് 12.30 ന് കോയമ്പത്തൂരും തിരിച്ച് എ.ഐ 548 വിമാനം കോയമ്പത്തൂരിൽ നിന്ന് പുലർച്ചെ ഒന്നിന് പുറപ്പെട്ട് നാലിന് ദൽഹിയിലുമെത്തും. എ.ഐ 883 വിമാനം ദൽഹിയിൽനിന്ന് രാത്രി 10 ന് പുറപ്പെട്ട് 12.35 ന് ഗോവയിലും തിരിച്ച് എ.ഐ 884 വിമാനം പുലർച്ച 1.15 ന് പുറപ്പെട്ട് 3.40 ന് ദൽഹിയിലുമെത്തും. 
എ.ഐ 589 വിമാനം ബംഗളൂരുവിൽനിന്ന് രാത്രി 12.30 ന് പുറപ്പെട്ട് 2.35 ന് അഹമ്മദാബാദിലെതതും. തിരിച്ച് എ.ഐ 590 വിമാനം അഹമ്മദാബാദിൽനിന്ന് പുലർച്ചെ 3.05 ന് പുറപ്പെട്ട് 5.25 ന് ബംഗളൂരുവിലെത്തും വിധമാണ് സർവീസ് നടത്തുക. നിരക്കു കുറഞ്ഞ രാത്രി സർവീസ് ഉപയോഗപ്പെടുത്തി യാത്രക്കാർക്ക് ഹോട്ടൽ താമസവും ട്രാഫിക് കുരുക്കും ഒഴിവാക്കാനാകും