Sunday , November   18, 2018
Sunday , November   18, 2018

വിദേശ ഫണ്ടുകൾ നിക്ഷേപം  പിൻവലിക്കാൻ മത്സരിച്ചു

സാമ്പത്തിക രംഗത്തെ തളർച്ചകൾ മുൻനിർത്തി വിദേശ ഫണ്ടുകൾ അവരുടെ നിക്ഷേപം പിൻവലിക്കാൻ ഈ മാസം പല ദിവസങ്ങളിലും മത്സരിച്ചു. ഒക്ടോബറിൽ ഇതിനകം വൻ തുക അവർ തിരിച്ചുപിടിച്ചത് വിപണിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. തുടർച്ചയായ രണ്ടാം വാരത്തിലും തിരിച്ചടി നേരിട്ട ബോംബെ സെൻസെക്‌സും നിഫ്റ്റിയും കഴിഞ്ഞവാരം രണ്ടര ശതമാനം ഇടിഞ്ഞു.   
അമേരിക്കൻ മാർക്കറ്റിൽ ഫണ്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത വിൽപന നടത്തി. യു എസ് ഓഹരി ഇൻഡക്‌സുകളിലെ വിൽപന തരംഗം യൂറോപ്യൻ ഏഷ്യൻ മാർക്കറ്റുകളിലേക്കും വ്യാപാപിച്ചു. ജപ്പാനിൽ നിക്കി സൂചിക ആറ് ശതമാനം ഇടിഞ്ഞു. 
യൂറോപ്യൻ കേന്ദ്ര ബാങ്ക് ഉത്തേജക പാക്കേജുകൾ പുനരാരഭിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിർത്തി. എന്നാൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 1.75 ശതമാനം  ഉയർത്തി. ഈവാരം ബാങ്ക് ഓഫ് ജപ്പാൻ യോഗം ചേരും. യു.എസ് ജോബ് ഡാറ്റയും ആഗോള തലത്തിൽ പ്രധാന ചർച്ചയായി മാറാം. ഇതിനിടയിൽ ഫോറെക്‌സ് മാർക്കറ്റിൽ രൂപ ചലനങ്ങളും ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിച്ചു. 
നിഫ്റ്റി സൂചിക 273 പോയന്റും ബോംബെ സെൻസെക്‌സ് 966 പോയന്റും ഇടിഞ്ഞു. സെപ്റ്റംബറിലെ ഉയർന്ന നിലവാരമായ 11,700 റേഞ്ചിൽ നിന്നുള്ള തകർച്ച നിഫ്റ്റി തുടരുകയാണ്. 10,000 പോയന്റിലെ നിർണായക താങ്ങിലാണ് സൂചികയിപ്പോൾ. കഴിഞ്ഞവാരം  10,356 ൽനിന്നുള്ള തകർച്ചയിൽ 10,004 വരെ ഇടിഞ്ഞു. മുൻവാരം വ്യക്തമാക്കിയ 9992 പോയന്റിലെ താങ്ങ് ഈ അവസരത്തിൽ വിപണി നിർത്തി. വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 10,030 ലാണ്. വീണ്ടും തകർച്ചക്കുള്ള സാധ്യതകൾ കണക്കിലെടുത്താൽ ആദ്യ താങ്ങ് 9904 ൽ പ്രതീക്ഷിക്കാം. ഇത് നഷ്ടപ്പട്ടാൽ നിഫ്റ്റി 9778 ലേക്ക് പരീക്ഷണങ്ങൾ തുടരാം. സൂചികയുടെ തേഡ് സപ്പോർട്ട് 9426 പോയന്റിലാണ്. അതേ സമയം ഒരു പുൾ ബാക്കിന് ശ്രമം നടന്നാൽ 10,256 ൽ വൻമതിലുണ്ട്. ദീപാവലിയുടെ ആവേശത്തിന് ഈ വൻമതിൽ തകർക്കാൻ വിപണിക്കായാൽ നിഫ്റ്റി 10,482 ലേക്ക് നവംബർ മധ്യം സഞ്ചരിക്കാം. 
ബോംബെ സെൻസെക്‌സ് 34,501 ൽ നിന്ന് 33,291 വരെ ഇടിഞ്ഞു. വാരാന്ത്യം സൂചിക 33,349 ലാണ്. 52 ആഴചകളിലെ ഏറ്റവും താഴ്ന്ന നിലവാരം 32,483 പോയിന്റാണ്. ഈ വാരം 3,29,25,32,502 ൽ താങ്ങുണ്ട്. മികവിന് നീക്കം നടത്തിയാൽ 34,137 ൽ തടസ്സം നേരിടാം. 
മുൻനിരയിലെ നാല് ഓഹരികൾ മാത്രമാണ് പോയ വാരം കരുത്ത് കാണിച്ചത്. ഭാരതി എയർടെൽ 4.24 ശതമാനം കയറി 299 രൂപയായി. എച്ച്.ഡി.എഫ്.സി 2.63 ശതമാനം നേട്ടത്തിൽ 1705 രൂപയിലും കോൾ ഇന്ത്യ 1.83 ശതമാനം ഉയർന്ന് 280 രൂപയായും ഐ.സി.ഐ.സി.ഐ ബാങ്ക് 0.05 ശതമാനം ഉയർന്ന് 315 രൂപയിലും വ്യാപാരം അവസാനിച്ചു. 
ഇൻഡസ് ഇൻഡ് ബാങ്ക് 8.33 ശതമാനം ഇടിഞ്ഞ് 1,445.10 രൂപയായി.  ഇൻഫോസിസ് ഏഴ്  ശതമാനം നഷ്ടത്തിൽ 633 രൂപയായി. യെസ് ബാങ്ക് 17  ശതമാനവും സൺ ഫാർമ 55 ശതമാനവും  ഇൻഫോസിസ്,  ടി.സി.എസ്,  ഓഹരി വിലകൾ ആറ് ശതമാനവും ഇടിഞ്ഞു. 
വിദേശ ഫണ്ടുകൾ കഴിഞ്ഞ വാരം 5751.17 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 4508.62 കോടി രൂപ നിക്ഷേപിച്ചു. രൂപയുടെ മൂല്യശോഷണവും ആഗോള വ്യാപാര രംഗത്തെ മരവിപ്പും ക്രൂഡ് വിലയിലെ ചലനങ്ങളും മൂലം വിദേശ നിക്ഷേപകർ ഈ മാസം ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 35,600 കോടി രൂപ തിരിച്ചു പിടിച്ചു. 
ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ മൂല്യം 73.32 ൽ നിന്ന് 73.46 ലേയ്ക്ക് നീങ്ങി. നിലവിൽ രൂപയ്ക്ക് 72.41 ൽ താങ്ങും 74.44 ൽ പ്രതിരോധവുമുണ്ട്. വാരാന്ത്യം രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ ബാരലിന് 67.61 ഡോളറിലാണ്. എണ്ണ വില 64.66 ലെ താങ്ങിനെ ഉറ്റുനോക്കുകയാണ്.