Wednesday , March   20, 2019
Wednesday , March   20, 2019

കറുത്തവന്റെ പ്രതികാരം

ചരിത്രം വഴിമാറുന്നു... ഒളിംപിക്‌സിൽ ദീപശിഖ തെളിക്കുന്ന ആദ്യ വനിതയായ എൻറികെറ്റ ബസീലിയൊ മെക്‌സിക്കോ ഒളിംപിക്‌സിൽ ദീപം തെളിക്കാൻ ഓടിയെത്തുന്നു. വലത്ത്: എൻറികെറ്റ ഇന്ന്.
വിപ്ലവം... ഡിക് ഫോസ്‌ബെറിയുടെ ഹൈജമ്പ്.

1968 ലെ മെക്‌സിക്കോ സിറ്റി ഒളിംപിക്‌സ് അരങ്ങേറിയത് പ്രക്ഷുബ്ധമായ കാലഘട്ടത്തിലായിരുന്നു. ആ ഗെയിംസിലെ ഒരു സംഭവം കായിക ലോകത്തും ലോക രാഷ്ട്രീയത്തിലും ഒരേ സമയം കോളിളക്കത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. 
ലോകം കളർ ടെലിവിഷനിൽ ഒളിംപിക്‌സ് വീക്ഷിച്ച ആദ്യത്തെ ഗെയിംസായിരുന്നു അത്. മാർട്ടിൻ ലൂതർ കിംഗും ജോൺ എഫ് കെന്നഡിയും ആ വർഷമാണ് കൊല ചെയ്യപ്പെട്ടത്. ബെർലിനിലും പാരിസിലും പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭം ലോകമെങ്ങും പ്രതിഷേധത്തിന്റെ അലകളിളക്കി വിട്ടു. വിയറ്റ്‌നാം യുദ്ധം ശരിയായ ദിശയിലാണോ മുന്നോട്ടു പോവുന്നതെന്ന് അമേരിക്ക സംശയിച്ചു തുടങ്ങിയത് ആ വർഷമായിരുന്നു, ചെക്കൊസ്ലൊവാക്യയിലെ പ്രാഗ് വസന്തത്തെ സോവിയറ്റ് യൂനിയൻ അടിച്ചമർത്തിയതും ഇതേ വർഷത്തിലായിരുന്നു. 
പിൽക്കാലത്ത് ലോക കായികരംഗത്ത് നിറഞ്ഞുനിന്ന പലരും ആ ഒളിംപിക്‌സിലുണ്ടായിരുന്നു. ജോർജ് ഫോർമാനും മാർക്ക് സ്പിറ്റ്‌സും ഹൈജമ്പിൽ ഇന്നും ഇഷ്ടരീതിയായ ഫോസ്ബറി ഫ്‌ളോപുമായി ഡിക് ഫോസ്ബറിയും ഒക്കെ. ബോബ് ബീമൻ നൂറ്റാണ്ടിന്റെ ചാട്ടവുമായി റെക്കോർഡ് പുസ്തകത്തെ തകിടം മറിച്ചത് ഈ ഗെയിംസിലായിരുന്നു. പക്ഷേ 1968 ലെ ഒളിംപിക്‌സിനെ വേറിട്ടുനിർത്തുന്നത് അത് കറുത്തവന്റെ ഗെയിംസായതിനാലാണ്. കഴിഞ്ഞ വാരം മെക്‌സിക്കോ സിറ്റിയിൽ പ്രമുഖ ഒളിംപ്യന്മാർ ആ സ്മരണയിൽ തിരി തെളിച്ചു. ഫോസ്ബറിയും ബീമനുമൊക്കെ ആ ചടങ്ങിൽ പങ്കെടുക്കാനെത്തി. 1968 ലെ ഒളിംപിക്‌സിന് തിരിതെളിച്ച എൻറികെറ്റ ബസീലിയൊ ദീപം കൊളുത്തിയ ആദ്യ വനിതയായി ചരിത്രത്തിൽ ഇടം നേടിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ ചടങ്ങിൽ അവർ വീണ്ടും പഴയ ഓർമകളിലേക്ക് തിരി തെളിച്ചു. മെക്‌സിക്കോ ഒളിംപിക്‌സിന്റെ മുഖ്യ സംഘാടകനായ ലൂയിസ് അർമീഡ പഴയ നിമിഷങ്ങൾ ഓർത്തു: 'അന്നിവൾ കൊലുന്നനെയുള്ള മെലിഞ്ഞ പെൺകുട്ടിയായിരുന്നു. ഇവൾ ഓടുകയായിരുന്നില്ല, പറക്കുകയായിരുന്നു. ഓരോ ചുവടിലും മാൻപേടയെ പോലെ...'
എഴുപതുകാരിയായ ബസീലിയോക്ക് പഴയ വേഗമില്ല. എങ്കിലും മറ്റ് അത്‌ലറ്റുകൾ ദീപശിഖ കൈമാറിയെത്താൻ ക്ഷമയോടെ കാത്തിരുന്നു. 
മെക്‌സിക്കോ ഒളിംപിക്‌സിൽ മാറ്റത്തിന്റെ കാറ്റ് വീശുകയായിരുന്നു. ലാറ്റിനമേരിക്കയിലെ പ്രഥമ ഗെയിംസായിരുന്നു അത്. നാലു ദശകം നീണ്ട ഏക കക്ഷി ഭരണത്തിനറുതി വരുത്താൻ ജനാധിപത്യത്തിന്റെ പതാകയേന്തി മെക്‌സിക്കൻ വിദ്യാർഥികൾ തെരുവ് കയ്യടക്കിയിരുന്നു. ഉദ്ഘാടനച്ചടങ്ങിന് പത്തു ദിവസം മുമ്പ്, ഒക്ടോബർ രണ്ടിന് രാത്രി സൈനിക വാഹനങ്ങളിൽ നിന്ന് നിർത്താതെ വെടി മുഴങ്ങി. സമാധാനപൂർവം പ്രകടനം നയിക്കുകയായിരുന്ന എണ്ണായിരത്തോളം പേരായിരുന്നു അതിന്റെ ലക്ഷ്യം. അഞ്ഞൂറോളം പേർ തൽക്ഷണം മരിച്ചു. ഇന്നത്തെ കാലമല്ല. ആ കലാപവും രക്തക്കറയും ലോകത്തിൽ നിന്ന് മറച്ചുവെക്കാൻ മെക്‌സി#േക്കാ സർക്കാറിന് സാധിച്ചു. പക്ഷേ മെക്‌സിക്കോ സിറ്റിയിലേക്ക് യാത്രക്കൊരുങ്ങുകയായിരുന്ന യുവ അത്‌ലറ്റുകൾ അത് മനസ്സിലാക്കിയിരുന്നു. 1968 ഒക്ടോബർ 16 ന് വിജയപീഠത്തിൽ തങ്ങൾ നടത്തിയ പ്രതിഷേധത്തിന് പ്രചോദനം പകർന്നത് വിദ്യാർഥികളുടെ സമരമായിരുന്നുവെന്ന് ജോൺ കാർലോസും ടോമി സ്മിത്തും പിൽക്കാലത്ത് സ്മരിച്ചു. പുരുഷന്മാരുടെ 200 മീറ്ററിൽ സ്മിത്താണ് ഒന്നാമതെത്തിയത്. 20 സെക്കന്റിൽ താഴെ 200 മീറ്റർ ഓടുന്ന ചരിത്രത്തിലെ ആദ്യത്തെ കായികതാരമായി ഈ ആഫ്രിക്കൻ അമേരിക്കക്കാരൻ. കാർലോസിന് വെങ്കലം കിട്ടി. അമേരിക്കൻ ദേശീയ ഗാനം മുഴങ്ങവേ വിജയപീഠത്തിൽ കാർലോസും സ്മിത്തും പ്രതിഷേധത്തിന്റെ മുഷ്ടി ചുരുട്ടി. കറുത്ത കൈയുറകൾ അവരുടെ രോഷത്തിന്റെ സൂചനയായി. അമേരിക്കയിലെ വംശീയ വൈരത്തിനും ലോകമെങ്ങുമുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരായ നിശ്ശബ്ദ സമരമായിരുന്നു അത്. 
'മെഡൽ നേടാനല്ല ഞാൻ മെക്‌സിക്കോ സിറ്റിയിലേക്കു വന്നത്, പ്രതിഷേധം പ്രകടിപ്പിക്കാനാണ്' -കാർലോസ് പറഞ്ഞു. 
പ്രതിഷേധം ട്രാക്കിൽ മാത്രമൊതുങ്ങിയില്ല. അമേരിക്കക്കെതിരെ മാത്രവുമായിരുന്നില്ല അത്. ജിംനാസ്റ്റിക്‌സിന്റെ ഫ്‌ളോർ എക്‌സർസൈസിൽ വെള്ളി നേടിയ ചെക്കൊസ്ലൊവാക്യൻ ജിംനാസ്റ്റ് വേര കാസ്‌ലാവ്‌സ്‌ക സ്വർണം നേടിയ ലാരിസ പെട്രിക്കിനായി സോവിയറ്റ് ദേശീയ ഗാനം മുഴങ്ങവേ തലകുനിച്ച് ജന്മനാടിന്റെ പ്രതിഷേധം രേഖപ്പെടുത്തി. പ്രാഗിലൂടെ രക്തം ചീറ്റി മുന്നേറിയ സോവിയറ്റ് ടാങ്കുകൾ അവരുടെ മനസ്സിൽ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. 
കളിക്കളത്തിലും മെക്‌സിക്കോ സിറ്റി ഗെയിംസ് സംഭവമായി. സമുദ്ര നിരപ്പിൽനിന്ന് 2300 മീറ്റർ ഉയരത്തിൽ, നേർത്ത അന്തരീക്ഷത്തിൽ നടന്ന ഗെയിംസിൽ നിരവധി റെക്കോർഡുകൾ ആവിയായി. 30 ലോക റെക്കോർഡുകൾക്കും 76 ഒളിംപിക് റെക്കോർഡുകൾക്കും മെക്‌സിക്കോ സിറ്റി സാക്ഷിയായി. അതിൽ ഏറ്റവും മികച്ചത് ബോബ് ബീമന്റേതാണ് -8.90 മീറ്ററാണ് ലോംഗ് ജംപിൽ ഈ അമേരിക്കൻ താരം ചാടിക്കടന്നത്. ഇന്നും ഇത് ഒളിംപിക് റെക്കോർഡാണ്. ഹൈജമ്പിൽ ഫോസ്ബറിയുടെ ടെക്‌നിക് പരക്കെ പരിഹസിക്കപ്പെട്ടു. പക്ഷേ കാലം ഫോസ്ബറിയോട് നീതി ചെയ്തു. ഇന്ന് മിക്ക ഹൈജമ്പ് അത്‌ലറ്റുകളും ഫോസ്ബറി ടെക്‌നിക്കാണ് ഉപയോഗിക്കുന്നത്. തല ആദ്യം ബാർ പിന്നിടുന്ന അവസ്ഥയിൽ കൂടുതൽ ഉയരം കീഴടക്കാനാവുമെന്നാണ് ഫോസ്ബറി തെളിയിച്ചത്. മറ്റാരെങ്കിലും ആ രീതി അനുകരിക്കുമെന്ന് ഫോസ്ബറി സ്വപ്‌നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ആ രീതി സ്വീകരിക്കാത്തവരാണ് ഇന്ന് വിരളം.