Sunday , November   18, 2018
Sunday , November   18, 2018

ഞാനുണ്ട്, നിങ്ങൾക്കൊപ്പം

പീറ്റർ നോർമൻ തന്റെ ഒളിംപിക് വെള്ളി മെഡലുമായി

മുന്നിൽ ടോമി സ്മിത്ത്, പിന്നിൽ ജോൺ കാർലോസ്.. നടുവിലായാണ് പീറ്റർ നോർമൻ നിന്നത്. 1968 ലെ ഒളിംപിക്‌സിന്റെ പുരുഷന്മാരുടെ 200 മീറ്ററിൽ സ്മിത്തിന് പിന്നിൽ വെള്ളിയാണ് ഓസ്‌ട്രേലിയക്കാരനായ പീറ്റർ നേടിയത്. കാർലോസിനായിരുന്നു വെങ്കലം. വിജയപീഠത്തിൽ സ്മിത്തും കാർലോസും നടത്തിയ കറുത്തവരുടെ പ്രതിഷേധത്തിൽ പീറ്ററിന് പങ്കെടുക്കേണ്ട കാര്യമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഒളിംപിക് പ്രോജക്ട് ഫോർ ഹ്യൂമൻ റൈറ്റ്‌സ് ബാഡ്ജ് പരസ്യമായി പ്രദർശിപ്പിച്ച് പീറ്ററും ആ പ്രതിഷേധത്തിൽ പങ്കുചേർന്നു. തുടർന്നുള്ള എല്ലാ തിരിച്ചടികളും സ്വയം ഏറ്റുവാങ്ങി. സ്മിത്തിനും കാർലോസിനുമൊപ്പം ചരിത്രം രേഖപ്പെടുത്തിയ പേരാണ് പീറ്ററിന്റേത്. 
നിങ്ങൾക്കൊപ്പം നിൽക്കുമെന്ന് സമ്മാനദാനച്ചടങ്ങിന് മുമ്പ് തന്നെ സ്മിത്തിനെയും കാർലോസിനെയും പീറ്റർ അറിയിച്ചിരുന്നു. കറുത്തവൻ യുഗങ്ങളായി പേറുന്ന പീഡനത്തിനെതിരെ കറുത്തവരും വെളുത്തവരുമായ ആ മൂന്ന് അത്‌ലറ്റുകൾ സുധീരം മുഷ്ടിയുയർത്തി. ജീവിതം മുഴുവൻ അവർ അതിന് വിലയൊടുക്കേണ്ടി വന്നു. 
ഓസ്‌ട്രേലിയയുടെ ഒളിംപിക് ചരിത്രത്തിൽ നിന്ന് പീറ്ററിന്റെ പേര് വെട്ടി മാറ്റി. ഭാവി ഒളിംപിക്‌സുകളിലേക്ക് അയാളെ പരിഗണിച്ചതേയില്ല. പക്ഷേ താനൊടുക്കിയ വില ഒട്ടും കുറവല്ലെന്ന് ജീവിത കാലം മുഴുവൻ പീറ്റർ വിശ്വസിച്ചു. 'എല്ലാ മനുഷ്യരും തുല്യരായാണ് ജനിക്കുന്നത്. അവർ സമത്വം അർഹിക്കുന്നു' -പീറ്റർ പറഞ്ഞു. 
അസാധാരണ സാഹചര്യത്തിൽ ഐതിഹാസിക നിലപാട് സ്വീകരിക്കേണ്ടി വന്ന സാധാരണ മനുഷ്യനാണ് പീറ്ററെന്ന് പീറ്റർ നോർമൻ സ്മാരക സമിതിയുടെ കൺവീനർ ജോസഫ് ടോസ്‌കാനൊ പറയുന്നു. 12 വർഷം മുമ്പ് അറുപത്തിനാലാം വയസ്സിൽ ഹൃദയാഘാതം മൂലം പീറ്റർ മരിക്കുമ്പോഴേക്കും ഓസ്‌ട്രേലിയ ആ പ്രതിഷേധത്തിന്റെ മൂല്യം തിരിച്ചറിഞ്ഞിരുന്നു. ഒക്ടോബർ ഒമ്പത് പീറ്റർ നോർമൻ ദിനമായി ഓസ്‌ട്രേലിയ ഇപ്പോൾ ആചരിക്കുന്നു. ആ ദിനത്തിലാണ് പീറ്റർ മരണപ്പെട്ടത്. അദ്ദേഹത്തിന്റെ സ്മാരകം മെൽബണിൽ പൂർത്തിയായി വരുന്നു. മരണാനന്തരം പീറ്ററിന് ഓസ്‌ട്രേലിയൻ ഒളിംപിക് കമ്മിറ്റി അവരുടെ പരമോന്നത ബഹുമതി സമ്മാനിച്ചു.  


പീറ്റർ നോർമന്റെ ശവമഞ്ചം ചുമന്നുകൊണ്ട് സ്മിത്തും കാർലോസും

1972 ലെ മ്യൂണിക് ഒളിംപിക്‌സിന് പരിഗണിക്കാത്തതിനെത്തുടർന്നാണ് പീറ്റർ വിരമിച്ചത്. പിന്നീട് പ്രഭാഷകനായും ടി.വി കമന്റേറ്ററായും പ്രവർത്തിച്ചു. 
ബ്ലാക്ക് സല്യൂട്ട് ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യ സമത്വത്തിനു വേണ്ടി നടത്തിയ ഐതിഹാസിക പോരാട്ടങ്ങളിലൊന്നായിരുന്നുവെങ്കിലും ഓസ്‌ട്രേലിയൻ ജനത അതിനോട് ഇന്നും മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന് ജോസഫ് ടോസ്‌കാനൊ പറയുന്നു. മനുഷ്യാവകാശ മുന്നേറ്റത്തിൽ പീറ്ററിന് അതുല്യ പദവിയുണ്ടായിട്ടും 200 മീറ്ററിൽ ഓസ്‌ട്രേലിയൻ റെക്കോർഡിനുടമയായിട്ടും അദ്ദേഹത്തെ 2000 ത്തിലെ സിഡ്‌നി ഒളിംപിക്‌സിലേക്ക് ഓസ്‌ട്രേലിയൻ ഒളിംപിക് കമ്മിറ്റി ക്ഷണിച്ചതു പോലുമില്ല. ഓസ്‌ട്രേലിയയേക്കാൾ അമേരിക്കയാണ് പീറ്ററിനെ ആദരിച്ചത്. 
ഞാൻ നിങ്ങൾക്കൊപ്പം നിൽക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തെ മനുഷ്യ സ്‌നേഹത്തിന്റെ മഹനീയമായ പ്രകടനമായാണ് ലോകം വിലയിരുത്തിയത്. 2006 ൽ പീറ്റർ മരിച്ചപ്പോൾ ശവമഞ്ചമേന്താൻ സ്മിത്തും കാർലോസും അമേരിക്കയിൽ നിന്ന് എത്തി. എന്തിനാണ് ഈ വെള്ളക്കാരൻ ആ കറുത്ത പയ്യന്മാർക്കൊപ്പം പോയി തുലഞ്ഞതെന്ന് ഓസ്‌ട്രേലിയക്കാർക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന് മരണാനന്തര ചടങ്ങിൽ കാർലോസ് പറഞ്ഞു. പീറ്റർ അഭിമാനിയായ ഓസ്‌ട്രേലിയക്കാരനായിരുന്നു. ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നതിൽ അദ്ദേഹത്തിന് അഭിമാനമുണ്ടായിരുന്നു. അതിനേക്കാളുപരി മനുഷ്യ കുലത്തെ പ്രതിനിധീകരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് അഭിമാനം -കാർലോസ് പറഞ്ഞു.