Wednesday , March   20, 2019
Wednesday , March   20, 2019

ബ്ലാക് സല്യൂട്ടിന് ബിഗ് സല്യൂട്ട്‌

അഞ്ച് പതിറ്റാണ്ട് പിന്നിട്ട ശേഷം അതോർക്കുമ്പോൾ തന്നെ രോമാഞ്ചമാവും. ചെറുപ്പത്തിന്റെ രക്തത്തിളപ്പാണോ ഈ മൂവർ സംഘത്തിന് ലോകത്തെ വെല്ലുവിളിക്കാൻ ധൈര്യം നൽകിയതെന്ന്. അന്ന് ആലോചിക്കാൻ പറ്റാത്ത സാഹസമായിരുന്നു അത്. ടോമി സ്മിത്തിന് 24 വയസ്സേ ഉണ്ടായിരുന്നുള്ളൂ, ജോൺ കാർലോസിന് 23 ഉം. 1968 ഒക്ടോബർ 16 ന് ഇരുവരും ഒളിംപിക് വേദിയിൽ കറുത്ത കൈയുറയണിഞ്ഞ് ബ്ലാക്ക് പവർ സല്യൂട്ട് അടിച്ചപ്പോൾ വെളുത്തവന്റെ ചോദ്യം ചെയ്യപ്പെടാത്ത മേൽക്കോയ്മക്കാണ് പ്രഹരമേറ്റത്. അതിന്റെ പ്രതിധ്വനി ലോകമാകെ അലയടിച്ചു. 
കാർലോസായിരുന്നു കൂട്ടത്തിൽ ഏറ്റവും വാശി കാണിച്ചത്. അര നൂറ്റാണ്ട് പിന്നിടുമ്പോൾ കാർലോസ് മൂത്രാശയ രോഗിയാണ്. ഇടക്കിടെ മൂത്രപ്പുര സന്ദർശിക്കണം. പക്ഷേ ശൗര്യത്തിന് ഒട്ടും കുറവില്ല. താനുൾപ്പെടെ അത്‌ലറ്റുകൾ ഏറ്റെടുത്ത പ്രസ്ഥാനത്തിന് കായിക ലോകത്തു നിന്ന് കൂടുതൽ പിന്തുണ കിട്ടാതിരുന്നതിൽ കാർലോസിന് നിരാശയുണ്ട്. പക്ഷേ പ്രത്യാശ കൈവിട്ടിട്ടില്ല. അതിനാലാണ് ഈ പ്രായത്തിലും സുവർണ ജൂബിലി ചടങ്ങിനായി മെക്‌സിക്കോ  സിറ്റിയിലെത്തിയത്. 
200 മീറ്റർ ഓട്ടത്തിൽ താൻ വെങ്കലവും സ്മിത്ത് സ്വർണവും നേടിയ ആ സായാഹ്നം കാർലോസിന്റെ മനസ്സിൽ തുടിച്ചുനിൽക്കുന്നു. കറുത്തവൻ അമേരിക്കയിൽ നേരിടുന്ന ക്രൂരമായ വിവേചനത്തിലേക്ക് ഒളിംപിക്‌സിന്റെ വെള്ളിവെളിച്ചത്തിൽ നിൽക്കേ ശ്രദ്ധ ക്ഷണിക്കാൻ ശ്രമിച്ചതിന് അവർ വലിയ വില നൽകേണ്ടി വന്നു. അമേരിക്കൻ ദേശീയ ഗാനം മുഴങ്ങവേ കറുത്ത കൈയുറയണിഞ്ഞ മുഷ്ടി ഉയർത്തി അവർ തലതാഴ്ത്തി നിന്നു. ആ പ്രതിഷേധം അവരുടെ ജീവിതം എന്നെന്നേക്കുമായി മാറ്റി. ലോകം ഉറ്റുനോക്കുന്ന ഘട്ടത്തിൽ സ്വന്തം രാജ്യത്തിന്റെ തെറ്റുകൾ ഏറ്റുപറയുക ഇന്നും എളുപ്പമല്ല. അന്ന് അത് കൂടുതൽ പ്രയാസമായിരുന്നു. സ്വന്തം നാടിന്റെ ദേശീയ ഗാനം മുഴങ്ങവേ, കറുത്ത കൈയുറയണിഞ്ഞ് കറുത്തവന്റെ പ്രതിഷേധത്തെ പ്രതീകവൽക്കരിക്കാൻ കാണിച്ച സാഹസത്തിന് ഉടൻ തന്നെ ശിക്ഷയും വന്നു. അമേരിക്കൻ ഒളിംപിക് ടീമിൽ നിന്നും മെക്‌സിക്കോ സിറ്റിയിൽ നിന്നും ഉടനടി അവർ പുറത്താക്കപ്പെട്ടു. വെറുക്കപ്പെട്ടവരായാണ് അവർ അമേരിക്കയിൽ തിരിച്ചെത്തിയത്. മാർടിൻ ലൂതർ കിംഗിന്റെ വധവും തുടർന്നുള്ള കലാപങ്ങളും സൃഷ്ടിച്ച മുറിപ്പാടുകൾ അമേരിക്കയിലെ വെളുത്ത വർഗക്കാരെ രോഷം കൊള്ളിച്ച ഘട്ടമായിരുന്നു അത്. പുതിയ പ്രതീക്ഷകളുമായി മെക്‌സിക്കോ സിറ്റിയിലേക്ക് വിമാനം കയറിയ തങ്ങൾ കൊടുങ്കാറ്റിലേക്കാണ് തിരിച്ചെത്തിയതെന്ന് കാർലോസ് ഓർക്കുന്നു. ഇരുവർക്കും ജോലി നഷ്ടപ്പെട്ടു, നിരന്തരം വധഭീഷണി നേരിട്ടു, എഫ്.ബി.ഐയുടെ നിതാന്ത നിരീക്ഷണത്തിലായി. സുഹൃത്തുക്കളും സഹതാരങ്ങളും കണ്ടാൽ മാറി നടന്നു. ഇരുവരുടെയും വിവാഹ ബന്ധങ്ങൾ തകർന്നു. അവരുടെ ജീവിതം അലങ്കോലമായി. 1977 ൽ കാർലോസിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമായിരുന്നു അത്. 


ഈ പ്രതിസന്ധിയുടെ അലകടലിലും കാർലോസ് പ്രതീക്ഷ കൈവിട്ടില്ല. ജന്മസിദ്ധമായ നർമം മറന്നില്ല. ഒരു ദിവസം തന്റെ വീടിനു പുറത്ത് കാറിൽ നിരീക്ഷണം നടത്തുകയായിരുന്ന എഫ്.ബി.ഐ ഏജന്റിനെ വീട്ടിലേക്ക് ചായക്ക് ക്ഷണിച്ച കാര്യം കാർലോസ് ഓർമിച്ചു. റിട്ടയർമെന്റിനോടടുത്ത ഏജന്റിന് 'രാജ്യദ്രോഹി'യുടെ ചായസൽക്കാരം സ്വീകരിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ ഏജന്റിന്റെ കാറിൽ ഇരുവരും ചായ ആസ്വദിച്ചു. 
തങ്ങളുടെ പ്രതിഷേധത്തെ കറുത്തവന്റെ കരുത്തായി വിലയിരുത്തുന്നതിനോട് കാർലോസിന് എതിർപ്പാണ്. മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ഒളിംപിക് മുന്നേറ്റമായിരുന്നു അത്. സമൂഹത്തിന്റെ എല്ലാ വേലിക്കെട്ടുകളെയും ഭേദിക്കുന്നതായിരുന്നു ആ സന്ദേശം -അദ്ദേഹം വിലയിരുത്തി. 
ജീവിക്കാനായി കാർലോസ് അമേരിക്കൻ ഫുട്‌ബോൾ കളിക്കാരനായെങ്കിലും പരിക്കുകൾ അവിടെയും വിലങ്ങായി. ഒടുവിൽ കാലിഫോർണിയയിൽ തോട്ടക്കാരനായി പണി കിട്ടി. അവിടെ വെച്ചാണ് തകർന്നുപോയ ജീവിതം വീണ്ടും കരുപ്പിടിപ്പിച്ചത്. അപ്പോഴേക്കും അമേരിക്കയിൽ കാറ്റ് മാറിവീശിത്തുടങ്ങിയിരുന്നു. എൺപതുകളിൽ ഹൈസ്‌കൂൾ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ജോലി കിട്ടി കാർലോസിന്. പുതിയ നൂറ്റാണ്ട് പിറന്നപ്പോഴാണ് അവരുടെ പോരാട്ടത്തിന്റെ വില ലോകം മനസ്സിലാക്കിയത്. കാർലോസിന്റെയും സ്മിത്തിന്റെയും പ്രതിമകൾ പലയിടങ്ങളിലും ഉയർന്നു. 
അടിസ്ഥാന തലത്തിൽ ഇന്നും കറുത്തവന്റെ ഗതി മാറിയിട്ടില്ലെന്ന് കാർലോസ് സാക്ഷ്യപ്പെടുത്തുന്നു. നാഷനൽ ഫുട്‌ബോൾ ലീഗിൽ കറുത്ത വർഗക്കാരനായ കോളിൻ കേപർനിക്കിന്റെ പ്രതിഷേധം മറ്റൊരു കൊടുങ്കാറ്റായി മാറിയത് ഈയിടെയാണ്. മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടിനിടെ മനുഷ്യൻ താണ്ടിയതിനേക്കാൾ ദൂരം ഒച്ചുകൾ സഞ്ചരിച്ചിട്ടുണ്ടെന്ന് കാർലോസ് പരിഹസിക്കുന്നു.
മാറ്റത്തിനായി പൊരുതുന്ന പുതു തലമുറയോട് കാർലോസിന് ഇതേ പറയാനുള്ളൂ... അവർ നിങ്ങളെത്തേടി വരുമ്പോൾ മനസ്സിലാക്കുക, നിങ്ങൾ ശരിയായ പാതയിലാണ്...