Sunday , November   18, 2018
Sunday , November   18, 2018

നിർമിത ബുദ്ധിക്ക് കരുത്തേകാൻ 5ജി

4 ജിയേക്കാൾ നൂറു ശതമാനം വേഗവുമായി വരുന്ന 5 ജിയെ വരവേൽക്കാൻ സാങ്കേതിക ലോകം ഒരുങ്ങുന്നു 

നിലവിലുള്ള 4 ജിയേക്കാൾ നൂറു ശതമാനം വേഗത വാഗ്ദാനം ചെയ്യുന്ന 5ജി നെറ്റ്‌വർക്ക് വരവായി. എല്ലാ മേഖലകളേയും നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കീഴടക്കിക്കൊണ്ടിരിക്കേ പരസ്പര ബന്ധിതമായ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഇന്റർനെറ്റിന്റെ വേഗത വർധിക്കേണ്ടത് അനിവാര്യമാണ്. ലോകമെമ്പാടും 5ജി എത്തിക്കാൻ മൂന്നു കമ്പനികളാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ചൈനയുടെ ഹ്വാവേ, ഫിൻലൻഡിന്റെ നോക്കിയ, സ്വീഡന്റെ എറിക്‌സൺ. 
2ജി, 3ജി നെറ്റ്‌വർക്ക് ഉപയോക്താക്കളെ അതിശയിപ്പിച്ച വേഗവുമായാണ് 4ജി വന്നതെങ്കിൽ 4ജിയെ നിഷ്പ്രഭമാക്കുന്ന വേഗവുമായാണ് 5 ജി വരുന്നത്.
5ജി നെറ്റ്‌വർക്കിനായി സജ്ജമായ ഫോണുകളിലും ടാബ്‌ലറ്റുകളിലും ഒരു എച്ച്ഡി മൂവി ഡൗൺലോഡ് ചെയ്യാൻ 5 സെക്കൻഡ് പോലും വേണ്ടിവരില്ലെന്നാണ് കണക്കാക്കുന്നത്. 4ജി നെറ്റ്‌വർക്കിൽ നിലവിൽ ഇത് ആറ് മനിറ്റാണ്. 
സ്വയമോടുന്ന വാഹനങ്ങൾ,  പോലീസ് വാഹനങ്ങൾ, ആംബുലൻസുകൾ, ഡ്രോണുകൾ തുടങ്ങിയവയിലൊക്കെ തത്സമയ സെൻസർ ഡാറ്റ കൈമാറുന്നതിന് 5ജി വേഗം ആവശ്യമാകും. 
പല മൊബൈൽ കമ്പനികളും 5ജിക്കു വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ ശ്രമം തുടങ്ങി. അമേരിക്കയിലെ 5 ജി നെറ്റ്‌വർക്ക് ഒരുക്കാൻ 350 കോടി ഡോളർ ചെലവിൽ നോക്കിയ കമ്പനിയെയാണ് ഏൽപിച്ചിരിക്കുന്നത്. മൊബൈൽ ഫോൺ നിർമാണത്തിൽ നിന്നു പിൻവലിഞ്ഞ നോക്കിയക്ക് ലഭിക്കുന്ന  ഏറ്റവും വലിയ കരാറാണിത്. അമേരിക്കയിലെ മൊബൈൽ സർവീസ് സേവന ദാദാക്കളിൽ മൂന്നാം സ്ഥാനത്തുള്ള ടിമൊബൈൽ മറ്റൊരു സേവന ദാതാവായ സ്പ്രിന്റുമായി ഒത്തു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.   വെരിസൺ, എടിആൻഡ്ടി എന്നീ ഒന്നും രണ്ടും സ്ഥാനത്തുള്ള കമ്പനികളെ നേരിടാനാണ് ഇവരുടെ നീക്കം. 
ടിമൊബൈലിന് 5ജി ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും മറ്റു സർവീസുകളും നോക്കിയ ഒരുക്കിക്കഴിഞ്ഞാൽ അതിലൂടെ 600 മെഗാഹെർട്‌സ് സ്‌പെക്ട്രം കവറേജ് സാധ്യമാകുമെന്നാണ് കരുതുന്നത്.