Monday , March   18, 2019
Monday , March   18, 2019

ഫൈഫ മലനിരകളിലേക്ക്

തുറമുഖ നഗരമായ  ജിസാൻ ഏറെയും ചൂടുള്ള  മരുഭൂ പ്രദേശമാണ്. വമ്പൻ പ്രോജക്ടുകളും ഇക്കണോമിക് സിറ്റിയുടെ നിർമ്മാണവും ജിസാനിലേക്ക് ഈയടുത്തു  തദ്ദേശീയരുടെയും വിദേശികളുടെയും കുടിയേറ്റം വർധിപ്പിച്ചിട്ടുണ്ട്.

സൗദിയുടെ തെക്കേ അറ്റത്തു ജിസാനിൽ നിന്നും നൂറ്  കിലോമീറ്റർ അകലെ  യെമൻ അതിർത്തി പ്രദേശത്താണ് ഫൈഫ മലനിരകൾ. ഫൈഫ യിൽ നിന്നും നോക്കിയാൽ യെമനിലെ മലനിരകൾ നേരിട്ട് കാണാം.  സൗദി-യെമൻ അതിർത്തിയിൽ ഹൂത്തികൾ എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ ആക്രമണം  ഇടക്ക് ഉണ്ടാകാറുള്ളതുകൊണ്ട് വഴിയിൽ ഉടനീളം സൗദി പോലീസിന്റെ സുരക്ഷാ പരിശോധനയാണ്. 
തുറമുഖ നഗരമായ  ജിസാൻ ഏറെയും ചൂടുള്ള  മരുഭൂ പ്രദേശമാണ്. വമ്പൻ പ്രോജക്ടുകളും ഇക്കണോമിക് സിറ്റിയുടെ നിർമ്മാണവും ജിസാനിലേക്ക് ഈയടുത്തു  തദ്ദേശീയരുടെയും വിദേശികളുടെയും കുടിയേറ്റം വർധിപ്പിച്ചിട്ടുണ്ട്. ജിസാന്  അടുത്ത് തന്നെ തികച്ചും വ്യത്യസ്തമായ പ്രകൃതിയും കാലാവസ്ഥയും ഉള്ള ഫൈഫ മലകൾ എന്നത് ഒരു അത്ഭുതം തന്നെയാണ്. ഖശ്വമി എയർപോർട്ടിൽ നിന്നും ദർബ് റോഡിൽ  പോയി സബിയ ജംഗ്ഷനിൽ നിന്നും വലത്തോട്ട് കയറി നേരെ പോയാൽ  ഫൈഫയിലേക്കാണ്.


അറ്റം കാണാതെ നീണ്ടുകിടക്കുന്ന റോഡിന്റെ ഇരു വശത്തും പരന്നു കിടക്കുന്ന മണലാരണ്യം, ദൂരെ ചെറിയ കുറ്റിച്ചെടികൾ, അവയെ ലക്ഷ്യമാക്കി പതുക്കെ നടന്നു നീങ്ങുന്ന ഒട്ടകങ്ങൾ,  ഇടക്ക് തുണിയും തകര ഷീറ്റും കൊണ്ട് മറച്ചു കെട്ടിയ ടെന്റുകൾ, അവയ്ക്കു ചുറ്റും ആട്ടിൻ പറ്റങ്ങൾ, ടെന്റിനു മുന്നിലെ പഴകി ദ്രവിച്ച കാറുകൾ, അവയ്ക്കു മുന്നിൽ  ചൂരൽ കട്ടിലിൽ വിശ്രമിക്കുന്ന ആട്ടിടയന്മാർ. നിലത്തു കൂട്ടിയ അടുപ്പിൽ നിന്നും ഉയരുന്ന പ്രതീക്ഷയുടെ  പുക. പതിവു മരുഭൂ കാഴ്ചകൾ തന്നെ ഫൈഫ എത്തുന്നത് വരെയും. പക്ഷേ ഇനിയങ്ങോട്ട് നിറയെ പച്ചപ്പും കൃഷിയും മലമുകളിലേക്ക് നയിക്കുന്ന ഇടുങ്ങിയ ചുരങ്ങളുള്ള റോഡുകളുമാണ്. ഞങ്ങൾ വരുന്നുണ്ടെന്നു നേരത്തെ  അറിയിച്ചപ്പോൾ  സിറാജ് ഇക്കയുടെ സുഹൃത്ത്  ഫൈഫക്കാരൻ അറബി യഹ്യ അൽ ഫൈഫി  വാഹനവുമായി താഴെ ചെക്ക്‌പോസ്റ്റിൽ വന്നു ഞങ്ങളെ കാത്തിരുന്നു. അത് വലിയ അനുഗ്രഹമായി. കാരണം ഇവിടുത്തെ റോഡിലൂടെ പരിചയം ഇല്ലാത്തവർ വാഹനമോടിക്കുന്നത്  അപകടം പിടിച്ചതാണ്. വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമായിരുന്നു യഹ്യ ഞങ്ങളോട് പെരുമാറിയിരുന്നത്. ഈ യാത്ര  ഫൈഫാക്കാരുടെ ജീവിതം അടുത്തറിയാൻ  വേണ്ടിയാണ് എന്ന് പറഞ്ഞപ്പോൾ യഹ്യ കൂടുതൽ വാചാലനായി. അതോടൊപ്പം അവരുടെ കുടുംബങ്ങൾ താമസിച്ചിരുന്ന നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള കല്ലു കൊണ്ട് ഉണ്ടാക്കിയ വീടുകളിലേക്ക് ഞങ്ങളെ കൊണ്ടുപോയി. ഈ മലമുകളിൽ അവരുടെ അതിജീവനത്തിന്റെ കഥകൾ പറഞ്ഞു തന്നു.  യഹ്യയുടെ കുട്ടിക്കാലത്തു പോലും കുത്തനെയുള്ള മലമുകളിലേക്ക് ദിവസവും  നടന്നു പോയിട്ടായിരുന്നു സ്‌കൂളിൽ പോയിരുന്നത്. 


ഉയരത്തിലുള്ള വീടുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ കപ്പിയും കൊട്ടയും ഉപയോഗിച്ച് റോപ് വേ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഫൈഫ സൗദിയുടെ സുഖവാസ കേന്ദ്രമാണ്. ഇവിടെ നിരവധി റിസോർട്ടുകളുണ്ട്. കോടതിയും ആശുപത്രിയും ഹോട്ടലുകളും നല്ല സ്‌കൂളുകളും ഉണ്ട്. സൗദിയുടെ പല ഭാഗത്തുമുള്ള സമ്പന്നർക്ക് ഇവിടെ സുഖവാസ വീടുകളുണ്ട്.  യഹ്യയുടെ കയ്യിൽ പൊതീന ഇല പോലെ ഒരു കെട്ടുണ്ട്.  ഇടയ്ക്കിടയ്ക്ക് അയാൾ അതിൽ നിന്നും ഇലയെടുത്തു വെറ്റില പോലെ ചവക്കുന്നുണ്ട്. തെല്ലു കൗതുകത്തോടെ ഞാൻ ചോദിച്ചു ഈ ഇല എന്താണെന്ന്.  ഇതാണ് ഖാത്ത്. എന്നിട്ട് മലഞ്ചെരിവിൽ ഭംഗിയുള്ള തട്ടുകളായി  പച്ച പുതച്ചു നിൽക്കുന്ന  കൃഷി ഭൂമി ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു. അതെല്ലാം ഖാത്ത് കൃഷി ആണ്.    
 ഖാത്ത്  വെറ്റില പോലെ, അല്ലെങ്കിൽ ചെറുതായിട്ട് കഞ്ചാവ് പോലെ ലഹരിയുള്ള ചെടിയാണ്.  അതുകൊണ്ട് തന്നെ ലോകാരോഗ്യ സംഘടന മയക്കുമരുന്നുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയ ചെടിയാണ് ഇത്.  
ഖാത്ത് കൃഷിയും വിപണനവും ഉപയോഗവും യെമനും  ഏതാനും ചില ആഫ്രിക്കൻ രാജ്യങ്ങളും  ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.   സൗദി അറേബ്യയിൽ  ഖാത്ത് നിരോധിച്ചിട്ടുണ്ട്. പക്ഷേ,  ഫൈഫയിൽ മാത്രം ഖാത്ത് കൃഷിയും ഉപയോഗവും അനുവദിച്ചിട്ടുണ്ട്. ഫൈഫയിൽ നിന്നും പുറത്തേക്കു ഖാത്ത് കടത്തുന്നത് ശിക്ഷാർഹമാണ്.  കാരണം ഫൈഫയിലെ പൂർവികരുടെ പ്രധാന വിനോദമായിരുന്നു ഖാത്ത് ചവക്കുക എന്നത്. ഇപ്പോഴും ഇവരുടെ സൽക്കാരങ്ങളിലും വിവാഹ വിരുന്നുകളിലും ഖാത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്.  ഖാത്ത് കൂടാതെ പച്ചക്കറികളും കാപ്പിയും ഫൈഫയിൽ കൃഷി ചെയ്യുന്നുണ്ട്. ഇടുങ്ങിയ വഴികളിലൂടെ ശ്വാസം അടക്കിപ്പിടിച്ചു സഞ്ചരിച്ചു മലമുകളിലെ പോയന്റ് എത്തിയപ്പോഴേക്കും മഗ്‌രിബ് ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോടമഞ്ഞു ചുറ്റും പരക്കുന്നുണ്ടായിരുന്നു. താഴെ നോക്കെത്താ ദൂരത്തോളം പട്ടണങ്ങളും തെരുവ് വിളക്കുകളും പതുക്കെ പ്രകാശപൂരിതമാകുന്നുണ്ടായിരുന്നു. 


ആ കാണുന്ന മലകൾ യെമൻ ആണ്. യഹ്യ ചൂണ്ടിക്കാണിച്ചു തന്നു.  
മലമുകളിൽ ഇരുട്ട് പരന്നതോടു കൂടി ഫൈഫയുടെ രാത്രി ജീവിതം തുടങ്ങുകയായി. ഉരുളൻ കല്ലിൽ ചുട്ടെടുക്കുന്ന ആട് മന്തി ആണ് ഇവിടുത്തെ ഇഷ്ട വിഭവം. അതിനു ശേഷം രാത്രി ഏറെ വൈകുവോളം ഹുക്കയും വലിച്ചു അറബിക്കാപ്പിയും  കുടിച്ചുള്ള ഇരിപ്പും. ഫൈഫ ഒരിക്കൽ അനുഭവിക്കേണ്ടത് തന്നെയാണ്.

Latest News