Sunday , November   18, 2018
Sunday , November   18, 2018

തുടര്‍ച്ചയായി 10 ജയം, പ്രതാപകാലത്തിലേക്ക് ആഴ്‌സനല്‍

പുതിയ കോച്ച് ഉനായ് എമറിയുടെ കീഴില്‍ പ്രതാപകാലത്തിലേക്ക് തിരിച്ചുവരികയാണോ ആഴ്‌സനല്‍? ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍ വഴങ്ങിയ ശേഷം ലെസ്റ്ററിനെ 3-1 ന് തകര്‍ത്ത ടീം പ്രതീക്ഷയുടെ പുതിയ വാതിലാണ് തുറക്കുന്നത്. എല്ലാ ടൂര്‍ണമെന്റിലുമായി ആഴ്‌സനലിന്റെ തുടര്‍ച്ചയായ പത്താം ജയമാണ് ഇത്. 11 വര്‍ഷത്തിനു ശേഷമാണ് അവര്‍ തുടര്‍ച്ചയായി 10 കളികള്‍ ജയിക്കുന്നത്.
ജര്‍മന്‍ ടീമില്‍ നിന്ന് പിന്മാറിയ മെസുത് ഓസിലിന്റെ ഉജ്വല പ്രകടനമാണ് ആഴ്‌സനലിന്റെ കുതിപ്പിന് കരുത്താവുന്നത്. ലെസ്റ്ററിനെതിരെ ഓസില്‍ ഒരു ഗോളടിക്കുകയും പിയറി എമറിക് ഓബമെയാംഗിന് രണ്ട് ഗോളടിക്കാന്‍ വഴിയൊരുക്കുകയും ചെയ്തു. തുടര്‍ച്ചയായ ഏഴാം ജയത്തോടെ പ്രീമിയര്‍ ലീഗില്‍ അവര്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വെറും രണ്ട് പോയന്റ് പിന്നില്‍. 
രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങി മൂന്നു മിനിറ്റിനകം ഓബമെയാംഗ് സ്‌കോര്‍ ചെയ്തു. ഓബമെയാംഗിന്റെ രണ്ടാം ഗോള്‍ ഓസില്‍ തുടങ്ങി വെച്ച അതിമനോഹരമായ കൂട്ടായ നീക്കത്തിനൊടുവിലായിരുന്നു. 
സ്‌ട്രൈക്കര്‍ക്കു പിന്നിലായി തന്റെ ഇഷ്ട പൊസിഷനില്‍ കളിക്കാന്‍ അവസരം കിട്ടിയാല്‍ ഓസിലിന് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ഡിഫന്റര്‍ ശുഖ്ദറാന്‍ മുസ്തഫി പ്രശംസിച്ചു.