Sunday , November   18, 2018
Sunday , November   18, 2018

ത്രിമൂര്‍ത്തികള്‍ ഫുള്‍ ഫോമില്‍, റെക്കോര്‍ഡുകള്‍ ജാഗ്രതൈ

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിലെ ആദ്യ മൂന്നു ബാറ്റ്‌സ്മാന്മാര്‍ ചരിത്രം ഇന്നുവരെ കണ്ടിട്ടില്ലാത്ത ആധികാരികതയോടെ മുന്നേറുമ്പോള്‍ റെക്കോര്‍ഡുകള്‍ ഒന്നിനു പിറകെ ഒന്നായി വഴിമാറുന്നു. 124 തവണ ലക്ഷ്യം പിന്തുടര്‍ന്ന ഘട്ടത്തില്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ 14 സെഞ്ചുറിയടിച്ചു. വിരാട് കോഹ്‌ലിക്ക് വെറും 75 ചെയ്‌സില്‍ 20 സെഞ്ചുറികളായി. ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തികച്ച സചിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നതിന്റെ പടിവാതില്‍ക്കലാണ് കോഹ്‌ലി. 
സചിന്റെ പ്രഭയില്‍ രാഹുല്‍ ദ്രാവിഡ് മങ്ങിപ്പോയതു പോലെയാണ് കോഹ്‌ലിയുടെ മുന്നില്‍ രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം നൂറ്റമ്പതിന് മുകളില്‍ സ്‌കോറുള്ള കളിക്കാരനാണ് രോഹിത്. 150 നു മുകളില്‍ ആറ് സ്‌കോറുകളുണ്ട് രോഹിതിന്. സചിന്റെ മറ്റൊരു റെക്കോര്‍ഡാണ് നിലംപതിച്ചത്. 
നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഓസ്‌ട്രേലിയയുടെ ആധിപത്യത്തെ നിഷ്പ്രഭമാക്കുന്നതാണ് ഇന്ത്യന്‍ ത്രിമൂര്‍ത്തികളുടെ മേധാവിത്തം. രോഹിത്-ശിഖര്‍ ധവാന്‍-കോഹ്‌ലി അല്ലെങ്കില്‍ രോഹിത്-കെ.എല്‍. രാഹുല്‍-കോഹ്‌ലി സഖ്യം 18 തവണ ഏകദിനങ്ങളില്‍ 150 നു മേലെ സ്‌കോര്‍ ചെയ്തു. മാത്യു ഹൈഡന്‍-റിക്കി പോണ്ടിംഗ്-ആഡം ഗില്‍ക്രിസ്റ്റ് കൂട്ടുകെട്ടിന് സാധിച്ചത് ഏഴെണ്ണം മാത്രമാണ്. 
മുന്‍നിരയുടെ അത്യുജ്വല ഫോം ഇന്ത്യക്ക് ഒരു ചതിക്കുഴി കൂടിയാണ്. 2015 ലെ ലോകകപ്പിലും കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യക്ക് അടിതെറ്റിയത് മുന്‍നിര എളുപ്പം മുട്ടുമടക്കിയതോടെയാണ്. കളിക്കാന്‍ അധികം അവസരം കിട്ടാത്ത മധ്യനിരക്ക് അതോടെ ചുമതലയേറ്റെടുക്കേണ്ടി വന്നു. മധ്യനിര ബാറ്റ്‌സ്മാന്മാര്‍ക്ക് ചില ഘട്ടങ്ങളില്‍ സ്ഥാനക്കയറ്റം നല്‍കണമെന്നാണ് അതിനുള്ള പോംവഴിയായി നിര്‍ദേശിക്കപ്പെടുന്നത്. അത് ഗുണകരമല്ലെന്ന വിലയിരുത്തലിലാണ് ടീം മാനേജ്‌മെന്റ്. വെസ്റ്റിന്‍ഡീസിന്റെ പ്രകടനം നാടകീയമായി മെച്ചപ്പെടുന്നില്ലെങ്കില്‍ ഇന്ത്യന്‍ മധ്യനിരക്ക് ഈ പരമ്പരയിലും കാര്യമായി അവസരം കിട്ടാന്‍ സാധ്യതയില്ല.
 

Latest News