Monday , March   18, 2019
Monday , March   18, 2019

ആചാരവും  വിചാരവും

ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പ്യാതിരി ആരെയും കാണാൻ പോകാറില്ല.  കാണണമെന്നുള്ളവർക്ക് അദ്ദേഹത്തെ പോയി കാണാം, സൗകര്യമുള്ളപ്പോൾ.  അങ്ങനെ സമയവും സൗകര്യവും നോക്കി നമ്പ്യാതിരിയെ പോയി കണ്ടവരിൽ ഒരാളായിരുന്നു ഗാന്ധിജി.  തന്നെ കാണാൻ വയ്യാത്തവരെ അങ്ങോട്ടു പോയി കണ്ടാൽ താൻ ചെറുതാവുമെന്നു ഗാന്ധിജി ധരിച്ചിരുന്നില്ല. താൻ നയിക്കുന്ന പ്രസ്ഥാനത്തിന്റെ വിജയം അങ്ങനെ ഒരു സന്ദർശനം കൊണ്ട് സാധിക്കാമെങ്കിൽ, എന്തുകൊണ്ടായിക്കൂടാ എന്നായിരുന്നു മഹാത്മാവിന്റെ നിലപാട്. ഫലിച്ചില്ലെന്നു മാത്രം.
വൈക്കം സത്യഗ്രഹമായിരുന്നു സന്ദർഭം. കൊല്ലം 1924. കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനത്തെയും സ്വാതന്ത്ര്യ സമരത്തിന്റെ ഉള്ളടക്കത്തെയും സ്വാധീനിച്ച സംഭവം.  വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴിയേ നടക്കാൻ വർണ ഭേദമെന്യേ എല്ലാവരെയും അനുവദിക്കണമെന്നായിരുന്നു സത്യഗ്രഹത്തിന്റെ ആവശ്യം. കരുത്തേറിയ എതിർചേരിയുടെ നായകനായിരുന്നു തന്ത്രിയും ആചാരത്തിന്റെ വക്താവും പ്രയോക്താവുമായ നമ്പ്യാതിരി.
തർക്കിച്ചും നല്ല വാക്കു പറഞ്ഞും എതിർചേരിയുടെ മനസ്സു മാറ്റാൻ കഴിയുമെന്ന ഗാന്ധിജിയുടെ ആത്മവിശ്വാസം ആ അവസരത്തിൽ അമിതമായിരുന്നു. നീണ്ടുപോയ സംഭാഷണത്തിനിടെ കടുകിട വഴങ്ങാതെ നിന്നു ആചാരത്തിന്റെയും വിശ്വാസത്തിന്റെയും സംരക്ഷകൻ. അവർണർക്കും വഴി നടക്കേണ്ടേ, അവരും മനുഷ്യരല്ലേ എന്നായിരുന്നു ഗാന്ധിജിയുടെ ചോദ്യം. അവർ പാപികളാണെന്നും പാപത്തിനുള്ള പരിഹാരമാണ് ഇപ്പോഴത്തെ അവസ്ഥ എന്നുമായിരുന്നു തന്ത്രിയുടെ ഉത്തരം. സത്യഗ്രഹത്തിന്റെ ലക്ഷ്യം നേടാൻ ഗാന്ധിക്ക് വേറെ വഴി നോക്കേണ്ടി വന്നു. 
ഇപ്പോഴത്തെ കോലാഹലവും സത്യഗ്രഹക്കാലത്തെ സംഭവ ഗതിയും താരതമ്യപ്പെടുത്തി രസിക്കാം. ഇന്ന് മാറ്റത്തിനു മണി മുഴക്കിയത് കോടതിയാണെങ്കിൽ, വൈക്കം സത്യഗ്രഹത്തിന്റെ കാലത്ത് മാറ്റത്തിനു തടയിടാൻ നോക്കിയത് കോടതിയായിരുന്നു.  വഴികളെല്ലാം എല്ലാവർക്കും ഉപയോഗിക്കാമെന്ന് 1865 ൽ ഒരു കൽപന പുറപ്പെടുവിച്ചത് സർക്കാർ ആയിരുന്നു. കൽപന പലരും ചെവിക്കൊണ്ടില്ലെന്നു കണ്ടപ്പോൾ സർക്കാർ പിന്നീട് ഒരു താക്കീതും ഇറക്കി. സംഗതി പിടിച്ചാൽ കിട്ടില്ലെന്നു തോന്നിയപ്പോൾ ചില പ്രമാണിമാർ കോടതിയിൽ പോയി. കോടതി, വഴികളെ രാജവീഥികളെന്നും ഗ്രാമവീഥികളെന്നും വിഭജിച്ചു. രാജവീഥികൾ എല്ലാവർക്കും നടക്കാവുന്നതാക്കി. ഗ്രാമവീഥികളിൽ നിയന്ത്രണവുമായി. ആ നിയന്ത്രണം മാറ്റിക്കിട്ടാൻ ടി കെ മാധവനും അനുയായികളും ഗാന്ധിജിയും മറ്റും ഒരു കൊല്ലം നീണ്ടുനിന്ന സത്യഗ്രഹം അനുഷ്ഠിക്കേണ്ടി വന്നു. ആരൊക്കെയോ അഷ്ടഗന്ധമിട്ടു പ്രതിഷ്ഠിച്ചിരുന്ന ഒരു ആചാരം ആ മാറ്റത്തിൽ ചാരമായി.
ആചാരത്തിന്റെ പാലകനും വ്യാഖ്യാതാവുമാണ് തന്ത്രി. എന്നും അങ്ങനെ ആയിരുന്നു. ഇണ്ടംതുരുത്തി മാറ്റുകയില്ലെന്നു വാശി പിടിച്ചത് അന്ന് സ്ഥിരവും പുണ്യവുമെന്നു കരുതിയ ഒരു ആചാരത്തെ ആയിരുന്നു.  സ്ഥിരവും അസ്ഥിരവും തിരിച്ചറിയുക എളുപ്പമല്ല. കെ.കെ. രാജ പറഞ്ഞ പോലെ തിരിയും പമ്പരമണ്ഡ ഗോളവും സ്ഥിരങ്ങളല്ലല്ലി മനുഷ്യ ദൃഷ്ടിയിൽ! 
ഇപ്പോഴത്തെ കോലാഹലത്തിൽ, പന്തളം രാജാവും ശബരിമല തന്ത്രിയും മറ്റൊരു ആചാരത്തിന്റെ സ്ഥായിത്വത്തിനു വേണ്ടി നിലകൊള്ളുകയും വാശി പിടിക്കുകയും ചെയ്യുന്നു. പത്തിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾ മല ചവിട്ടിപ്പോകരുതെന്നു ശഠിക്കുന്നു. ഇനി ചവിട്ടുമെന്നു വന്നാലോ, കോവിൽ പൂട്ടി താക്കോൽ എളിയിൽ തിരുകി തന്ത്രി സ്ഥലം വിടും.  ആ തന്ത്രത്തിന്റെ നിയമപരവും ആചാരപരവുമായ അർഥതലങ്ങൾ ആളുകൾ കണ്ടറിഞ്ഞു വരുന്നതേയുള്ളൂ.
അങ്ങനെ ഒരു നിലപാടെടുത്താൽ തന്ത്രി കോടതിയെ ധിക്കരിക്കുകയാവും എന്നൊരു അഭിപ്രായം ചിലർ ഉന്നയിക്കുന്നതു കേൾക്കാം.  ആ കാഴ്ചപ്പാടിൽ നോക്കിയാൽ വാസ്തവത്തിൽ തന്ത്രിയും മന്ത്രിയും രാജാവും മാത്രമല്ല, പിണറായി വിജയൻ ഒഴിച്ചെല്ലാവരും, കോടതി വിധിക്കു വിപരീതമായും കോടതി ഉദ്ധരിച്ചിട്ടുള്ള ഭരണഘടനയെ ലംഘിച്ചും വിലസുന്നു എന്നു മനസ്സിലാക്കാം.  തെളിഞ്ഞ ആത്മബോധം ഉണ്ടെന്നു നമ്മൾ വിചാരിക്കുന്ന ബി.ജെ.പിയും ആ പോരായ്മയിൽ ഉഴലുന്നതാണ് സ്ഥിതി.
ഭരണഘടനയും സാമൂഹ്യ ഘടനയും ഉന്നയിച്ച് സുപ്രീം കോടതി എടുത്ത തീരുമാനത്തിന്റെ ചുരുക്കം ഇതായിരുന്നു.  സ്ത്രീകൾക്കും പ്രായഭേദമെന്യേ മല കയറാം. രണ്ടു കാര്യങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഒന്നാമതായി, ലിംഗ നീതിയുടെ പ്രശ്‌നം. രണ്ടാമതായി, ഇനി തർക്കത്തിന് അവസരമില്ലാതാക്കുന്ന വിധത്തിൽ വന്നിരിക്കുന്ന അന്തിമ വിധി.  രണ്ടു കാര്യത്തിലും ആദ്യം അങ്കലാപ്പും പിന്നീട് ദുശ്ശാഠ്യവുമാണ് ബി.ജെ.പി അനുവർത്തിക്കുന്ന നയവും നിലപാടും. 
പഴകിയ ഒരു ആചാരത്തിന്റെ നിലനിൽപിനു വേണ്ടി സാമൂഹികമായി ഉരുത്തിരിഞ്ഞുവരുന്ന ലിംഗ സമത്വ സങ്കൽപം അട്ടിമറിക്കണമോ? പച്ചയായി പറഞ്ഞാൽ ഭൂരിപക്ഷം വരുന്ന സ്ത്രീകളെ അയ്യപ്പനെ കാണാൻ അനുവദിക്കരുതെന്നേ ഇപ്പോഴത്തെ സമരത്തിനർഥമുള്ളൂ.  ഉൽപതിഷ്ണുത്വത്തിലേക്കുള്ള ആ മുന്നേറ്റം ആരെയാണ് അടി തെറ്റിക്കുക? പഴകിയ ആചാരം ഉയർത്തിപ്പിടിക്കുന്ന തന്ത്രിക്കും രാജാവിനും പോലും അതുകൊണ്ട് ആപത്തൊന്നും വരാനില്ല. പിന്നെന്തിന് വിശ്വാസികളുടെ പേരു പറഞ്ഞ് തന്ത്രി പറയുന്ന ആ സംഗതി നയവും നീതിയുമായി ബി.ജെ.പി അവതരിപ്പിക്കുന്നു, പുരോഗമനത്തിനെതിര് നിൽക്കുന്നു? കാലത്തിന്റെ വെളിച്ചത്തിൽ വില മതിക്കപ്പെടാത്തതും ഭരണഘടനക്കു നിരക്കാത്തതുമായ 
ഒരു ആചാരവും നിലനിൽക്കില്ലെന്ന് ആർക്കും അറിയാവുന്നതാണല്ലോ. 
അതുകൊണ്ടാകാം, വിധി വന്നപ്പോൾ എല്ലാവരും ഒന്നറച്ചു. കേരളത്തിലെ ബി.ജെ.പി നേതൃത്വവും ദേശീയ നേതൃത്വവും തമ്മിൽ യോജിക്കാത്തതു പോലെ. ബി.ജെ.പിയുടെ ധർമ്മപ്രഭവമായി വർത്തിക്കുന്ന ആർ.എസ്.എസിന്റെ ചിന്താപദ്ധതിയിലും കലമ്പൽ കൂടിയെന്നു തോന്നുന്നു.  
കോടതിയുടെ നാലംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി അവർക്കും അഭിമതമായിരുന്നു ആദ്യ മാദ്യം. വിചാരിച്ചതിനെക്കാളേറെ ആളുകളെ പ്രതിഷേധത്തിനിറക്കാമെന്നു കണ്ടപ്പോഴോ എന്തോ, പിന്നെപ്പിന്നെ എല്ലാവരും മട്ടു മാറ്റി. ആചാരത്തെപ്പറ്റി ആചാര്യന്മാരോടൊക്കെ ചോദിച്ചിട്ടാകാമായിരുന്നു എന്ന് മോഹൻ ഭാഗവത് പോലും അഭിപ്രായപ്പെട്ടിരിക്കുന്നു.
സാധാരണ രീതിയിൽ, ആചാരത്തിന്റെയും വിശ്വാസത്തിന്റെയും കാര്യത്തിൽ കോടതി ഇടപെടാറില്ല. 
തന്നത്താനേ നിയമോപരി രൂപം കൊള്ളുകയും ഉരുത്തിരിയുകയും നിലകൊള്ളുകയും മാറുകയും ചെയ്യുന്നതാണ് അതിന്റെ സ്വഭാവം.  കോടതിക്കു വഴിപ്പെടുന്നതല്ല അതൊന്നും. പക്ഷേ പ്രകൃതി നീതിക്കും സാമൂഹ്യ നിയമത്തിനും നിരക്കാത്തതായി കാണപ്പെടുന്ന ആചാരത്തെ തിരുത്താനും തെറിപ്പിക്കാനും കോടതിക്ക് മുൻകൈ എടുക്കാം. പ്രാകൃതമായ ഒരു ആചാരമോ ആഘോഷമോ പഴമയുടെ പേരിൽ നിലനിൽക്കാൻ അനുവദിച്ചുകൂടാ. ആ വഴിയേ സമൂഹത്തെ മുന്നോട്ടു നീക്കാനുള്ള ചുമതലയേ സുപ്രീം കോടതി നിർവഹിച്ചിട്ടുള്ളൂ.
നിയമ വാഴ്ചയുടെ കാതലായ തത്വം അവസാനത്തെ വിധി വന്നാൽ അത് സാർവത്രികമായി അംഗീകരിക്കപ്പെടുക എന്നതാണ്.  ഇഷ്ടപ്പെടാത്തതാണെങ്കിലും അത് അനുസരിക്കണം. ഇഷ്ടപ്പെടാത്തതു സ്വീകരിക്കുകയില്ലെന്നു വന്നാൽ അരങ്ങേറ്റമായി.  ഏറെ കാലത്തെ ആലോചനക്കും വാദപ്രതിവാദത്തിനും ശേഷം രൂപം കൊടുത്തതാണല്ലോ ഇപ്പോഴത്തെ സുപ്രീം കോടതി വിധി. അതു നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് കാട്ടിലും മേട്ടിലും കലാപം ഒരുക്കുന്നവർ ഘോഷിക്കുന്ന സിദ്ധാന്തം.  കോടതി വിധി മാനിക്കില്ലെന്നു ശഠിക്കുന്നത് ഏതു രാഷ്ട്രതന്ത്രത്തിന്റെയും സാമൂഹ്യാചാരത്തിന്റെയും സംരക്ഷണത്തിനു വേണ്ടിയാണാവോ?
പരിഹാര ക്രിയയായി ചിലർ നിർദ്ദേശിക്കുന്നത് കോടതി വിധിയുടെ പുനഃപരിശോധനയാണ്.  വിശാലമായ ഒരു ബെഞ്ചിന്റെ വിധി സുപ്രീം കോടതിയുടെ വേറൊരു ബെഞ്ച് വീണ്ടും പരിശോധിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നത് അസാധാരണമാണ്.  അവസാന വിധി വന്നാൽ പിന്നെ പരിശോധന തന്നെയില്ല. ഉണ്ടായാലോ, വിധിയുടെ ഏതെങ്കിലും ഭാഗം പുതുതായി വ്യാഖ്യാനിക്കുകയോ പരിഷ്‌കരിക്കുകയോ ആവാം.  വിശാലമായ ഒരു ബെഞ്ചിന്റെ വിധി അടിയോടെ തള്ളുകയാണെങ്കിൽ, പരമോന്നത ന്യായപീഠത്തിന്റെ ഏതെങ്കിലും വാക്കിന് എന്തെങ്കിലും വില ഉണ്ടാകുമോ? ഉത്തരവാദിത്ത ബോധമുള്ള രാഷ്ട്രീയകക്ഷികൾക്ക് ആലോചിച്ചു രസിക്കാവുന്നതാണ് ആ വിഷയം.
രാഷ്ട്രീയ പന്തയത്തിൽ പലപ്പോഴും പിന്നണിയിൽ പെട്ടു പോകാനാണ് കോൺഗ്രസിന്റെ വിധി. ഉടുത്തൊരുങ്ങിയ സ്ത്രീകളെയും ഉശിരുള്ള ചെറുപ്പക്കാരെയും ഉതിരം കൊള്ളുന്ന ഭക്തന്മാരെയും കാട്ടിലും റോട്ടിലുമിറക്കി ബി.ജെ.പി കളി ജയിക്കുമോ എന്നാണ് കോൺഗ്രസിന്റെ പേടി.  അതുകൊണ്ടവർ, പേടിത്തൊണ്ടന്റെ മട്ടിൽ, ഇപ്പോഴത്തെ സംഭവ ഗതികളെ എതിർക്കുകയും എതിർക്കാതിരിക്കുകയും ചെയ്യുന്നു. 
ഭ്രമിക്കുകയോ പരിഭ്രമിക്കുകയോ ചെയ്യുന്ന ഒരു ജനതതിയെ സത്യം പറഞ്ഞു മനസ്സിലാക്കാൻ വേണ്ട വിശ്വാസത്തിന്റെ ആർജവം കോൺഗ്രസിനില്ലെന്നു തോന്നുന്നു.  വിശ്വാസികളോടൊപ്പമാണ് കോൺഗ്രസ് എന്നു വിളംബരം ചെയ്യുമ്പോൾ, ഇത്ര ധിറുതിയിൽ കോടതി വിധി നടപ്പാക്കണമോ എന്നു ചോദിക്കുമ്പോൾ, വെളിവാകുന്നത് കോൺഗ്രസിന്റെ പിടിപ്പുകേടു തന്നെ. ഇതികർത്തവ്യതാ മൗഢ്യം എന്നു സംസ്‌കൃതക്കാർ പറയുന്നത് ഇതാണോ? 

Latest News