Monday , March   18, 2019
Monday , March   18, 2019

പൊതുഗതാഗത സംവിധാനം തകർക്കരുത് 

പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം ജനകീയ ഭരണ കൂടത്തിന്റെ നയം. അല്ലാതെ സ്വകാര്യ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കലാകരുത്. അതങ്ങനെയാണെന്ന് അടുത്ത കാലത്തായി പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ നടപ്പാകാറില്ല എന്നു മാത്രം. ലോകത്തെ പ്രധാന നഗരങ്ങളെല്ലാം ആ ദിശയിലാണ് നീങ്ങുന്നത്. ഇന്ത്യയിലെ വൻനഗരങ്ങൡലും അത്തരം നടപടികൾ നടപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ കേരളം അക്കാര്യത്തിൽ ഏറ്റവും പിറകിലാണ്. മലയാളികളുടെ അന്തസ്സിന്റെ പ്രതീകമായി വലിയ വീടുകളെ പോലെ കാറുകളും മാറിയിരിക്കുന്നു. സ്വന്തമായി കാറില്ലാത്തവരും ബസുകളിൽ യാത്ര ചെയ്യുന്നവരും പ്രാകൃതരാണ്. ആർക്കു വേണമെങ്കിലും വലിയ ബുദ്ധിമുട്ടില്ലാതെ കാർ വാങ്ങാൻ സാധിക്കുന്ന രീതിയിൽ കടം നൽകാൻ തയ്യാറായി ധനകാര്യ സ്ഥാപനങ്ങളും നിരവധിയാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ ബസുകളെല്ലാം പ്രതിസന്ധിയിലാണ്. യാത്രക്കാരുടെ എണ്ണം വളരെ കുറവും അനുദിനം വർദ്ധിക്കുന്ന ചെലവുകളും മൂലം എത്രയോ സർവീസുകൾ അവസാനിപ്പിച്ചിരിക്കുന്നു. സാധാരണക്കാരുടെ ഗതാഗത മാർഗമായ ബസുകൾ നിലനിൽക്കേണ്ടത് അനിവാര്യമാണ്. അതിനും ഈ നടപടികൾ സഹായിക്കും. 
പൊതുഗതാഗതം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കേരളത്തിലും നിരന്തരമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഒരു ഗുണവുമില്ല. കാറുകളുടെ അമിതമായ ഉപയോഗത്തിനു കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ സെപ്തംബർ 22 ന് ലോകമെങ്ങും ആചരിക്കുന്ന കാർ രഹിത ദിനം പ്രതീകാത്മകമായി ഇവിടെയും ആചരിക്കാറുണ്ട്. 
എന്നാൽ അതിനർഹിക്കുന്ന പ്രാധാന്യം ആരും കൊടുക്കുന്നില്ല.  സ്വകാര്യ കാറുകളുടെ ഉപയോഗം കുറച്ച് അന്തരീക്ഷ മലിനീകരണത്തിന്റെയും ആഗോള താപനത്തിന്റേയും അളവു കുറക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. കേരളത്തിലെ പ്രതേക സാഹചര്യത്തിൽ ഗതാഗതകുരുക്ക് കുറക്കലും അതിന്റെ ലക്ഷ്യമാകണം. പക്ഷേ നടക്കുന്നതോ? നഗരങ്ങളിൽ എന്തെങ്കിലും ഗതാഗത തടസ്സമുണ്ടായാൽ ആദ്യം വഴി തിരിച്ചുവിടുക ബസാണ്. പിന്നീട് എല്ലാ യാത്രക്കാരും ഓട്ടോ വിളിക്കാനും നടന്നുപോകാനും  മറ്റും നിർബന്ധിതരാകും. അപ്പോഴും കാണാം ഒരാൾ മാത്രം യാത്ര ചെയ്യുന്ന ആഡംബര കാറുകൾ അഹങ്കാരത്തോടെ കടന്നു പോകുന്നത്. ഒറ്റക്കും അങ്ങനെ പോകുന്നത് കുറ്റകരമാക്കിയ രാജ്യങ്ങളുണ്ട്.  ആധുനിക സമൂഹങ്ങളിൽ പലയിടത്തും റെയിൽവേ സ്റ്റേഷനുകളിലേക്കും എയർപോർട്ടിലേക്കും മറ്റും ബസുകൾ കടത്തിവിടും. സ്വകാര്യ വാഹനങ്ങളാണ് തടയുക. ഇവിടെ നിരവധി ആവശ്യങ്ങൾക്കു ശേഷം നെടുമ്പാശ്ശേരി എയർ പോർട്ടിലേക്കു കെ എസ് ആർ ടി സി ബസ് വരാൻ തുടങ്ങിയത് എത്രമാത്രം ഗുണകരമാണ്. 
ഇനി ഭാവിയെ കുറിച്ച് ചിന്തിച്ചാലോ? ഈ നിലയിൽ മുന്നോട്ടു പോയാൽ 2020 ൽ ആൾക്ക് ഓരോ വാഹനം എന്ന നിലയിലേക്ക് കേരളം എത്തിച്ചേരും. ദിവസേന 2000 ത്തിൽപരം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്. ബസുകളുടെ എണ്ണം കുറയുകയുമാണ്. വർഷം തോറും 10 ലക്ഷത്തിൽപരം വാഹനങ്ങളുടെ വർധനയാണ് ഉണ്ടാകുന്നത്. അവയിൽ കൂടുതലും കാറുകൾ തന്നെ. ഇതുണ്ടാക്കാൻ പോകുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരമായിരിക്കും. ജനസാന്ദ്രത കൂടിയ കേരളത്തിന്റെ സാഹചര്യത്തിൽ എട്ടുവരി പത്തുവരി പാതയൊന്നും പ്രായോഗികമല്ല.  
പൊതുവഴിയിലൂടെ സ്വകാര്യ വാഹനങ്ങൾ ഓടിച്ചുപോകുമ്പോൾ നാം മറക്കുന്ന പ്രധാനപ്പെട്ട ഒന്ന് എത്രയോ കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഭൂമിയും സ്വപ്നവും ചവിട്ടി മെതിച്ചാണ് നാം മുന്നോട്ടു പോകുന്നതെന്നാണ്. വാഹനങ്ങളുടെ എണ്ണം കൂടുമ്പോൾ കൂടുതൽ റോഡ് വേണം. റോഡുകൾക്ക് കൂടുതൽ വീതി വേണം. അതിനായി കുടിയൊഴിക്കലുകൾ ശക്തമാക്കണം. പൊതുഗതാഗതത്തിനു വേണ്ടിയാണ് അതു ചെയ്യുന്നതെങ്കിൽ മനസ്സിലാക്കാം. എന്നാൽ പ്രധാനമായും സ്വകാര്യ കാറുകൾക്കായാണ് ബലം പ്രയോഗിച്ചും അത്തരം നടപടികളിലേക്ക് ഭരണകൂടങ്ങൾ നീങ്ങുന്നത്.  
ഈ സാഹചര്യത്തിൽ നിയന്ത്രിക്കേണ്ടത് പൊതുവാഹനങ്ങളല്ല, സ്വകാര്യ വാഹനങ്ങളാണ്, പ്രതേകിച്ച് കാറുകളാണെന്നു തീരുമാനമെടുക്കാൻ സർക്കാർ തയ്യാറാകണം. ഒന്നുമല്ലെങ്കിൽ നമുക്കു നഷ്ടമാകുന്ന പൊതുജീവിതത്തിന്റെ ഒരു ചെറിയ മാതൃകയെങ്കിലും പൊതുവാഹനങ്ങളിലുണ്ടെന്നതും ഓർക്കണം.

Latest News