Wednesday , March   20, 2019
Wednesday , March   20, 2019

ഉമ്മയുടെ സ്‌നേഹം, ഉപ്പയുടെ തണൽ 

വളരെ ലളിതമായ ഭാഷയിൽ നാടിനെയും നാടിന്റെ പച്ചപ്പിനെയും പുഴയെയും പ്രകൃതി ഭംഗിയെയും അതിന്റെ ഇന്നലെകളെയും, തന്റെ സൗഹൃദങ്ങളെയും കുടുംബത്തെയും നാട്ടുകാരെയും ഒക്കെ മനോഹരമായി അടയാളപ്പെടുത്തുന്ന ഇരുപത്തിയൊന്ന് ഓർമക്കുറിപ്പുകളാണ് സമദ് റഹ്മാൻ കൂടല്ലൂർ എഴുതിയ 'പുഴ ഒന്നാം അതിരിലൊരു കടവുണ്ട്' എന്ന ഈ പുസ്തകത്തിൽ. ഈ പുസ്തകത്തിന്റെ പേര് പോലും എഴുത്തുകാരന്റെ നാടിനെയാണ് സൂചിപ്പിക്കുന്നത്.
'ഒരു സാധാരണക്കാരന്റെ നാട്ടുമ്പുറ ചിന്തകൾ മാത്രമാണിത്. പുഴയും കുന്നുകളും വയലുകളും വെള്ളാഞ്ചേരി കയത്തിന് മുകളിലൂടെ കൂകിപ്പായുന്ന തീവണ്ടിയും ഞാവൽ മരങ്ങളും മാവും കൃഷിയുമെല്ലാം ചേർന്ന, പുഴയുടെ അതിരിലുള്ള ദേശമാണ് കൂട്ടക്കടവ്. ഈ ഗ്രാമം നൽകുന്ന ശാന്തിയും സ്‌നേഹവും നന്മയും ആസ്വദിച്ചു ജീവിക്കുന്ന ഒരു പറ്റം നിഷ്‌കളങ്കരായ മനുഷ്യരുടെ പച്ചയായ ജീവിത ചിത്രങ്ങളാണ് ഞാൻ ഈ പുസ്തകത്തിൽ വരച്ചു ചേർക്കാൻ ശ്രമിച്ചത്' എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ വിവരിക്കുന്നു. അതിനാൽ തന്നെ ഈ പുസ്തകം എഴുത്തുകാരന്റെ ഓർമക്കുറിപ്പുകൾ എന്നതിലുപരി ഒരു നാടിന്റെ തന്നെ ഓർമക്കുറിപ്പുകളായി മാറുന്നു.
ത്രിവർണ ബലൂൺ എന്ന കുറിപ്പിലെ കുഞ്ഞിപ്പാക്ക നമ്മെ സ്‌കൂൾ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നുണ്ട്. സ്‌നേഹിക്കുകയും വഴക്ക് പറയുകയും എന്നാൽ കുട്ടികളുടെ തെറ്റുകൾക്ക് മറ്റുള്ളവർ ശാസിക്കുമ്പോൾ കുട്ടികളെ ചേർത്തു പിടിച്ചു സംരക്ഷണ കവചം തീർക്കുന്ന ചില നല്ല മനുഷ്യരെ ഓർത്തു പോയി. (ഞാൻ പഠിച്ച ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂൾ കാന്റീൻ നടത്തിയ സുദാപ്പേട്ടനെ പോലെ..)
2018 മെയ് മാസം പ്രസിദ്ധീകരിച്ച പുസ്തകമാണെങ്കിലും പുഴ നിറഞ്ഞൊഴുകിയപ്പോൾ എന്ന കുറിപ്പ് ഈയിടെയുണ്ടായ പ്രളയത്തെ ഓർമിപ്പിച്ചു. പ്രകൃതിക്ഷോഭങ്ങളിൽ ജാതിയും മതവും വൈര്യവും മറന്ന് ഒന്നിച്ചു ചേർന്നതിന്റെ ഓർമകൾ ഉള്ളതിനാലാവണം എന്റെ കൂടല്ലൂർ ഇന്നും മതവർഗീയവാദികൾക്ക് അന്യമാണ്. പുഴ പലപ്പോഴും ഇങ്ങനെ ചില ഐക്യങ്ങൾ നിലനിറുത്തിത്തരാറുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് എഴുത്തുകാരൻ ആ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഏതൊരു സ്ത്രീയിലും ഒരമ്മയുണ്ടെന്നും അതിനാൽ കരുണയോടെല്ലാതെ അവൾക്ക് പെരുമാറാനാവില്ല എന്ന പൊതുതത്വത്തെ വീണ്ടും വിളിച്ചോതുന്നുണ്ട് 'കരുണയോടെ' എന്ന കുറിപ്പ്. 
'പൂവ് പോലെ ജമീല' എന്ന കുറിപ്പിൽ കൂടപ്പിറപ്പിനെ ഓർക്കുമ്പോൾ തന്നെ അവളുടെ പരിസ്ഥിതി സ്‌നേഹത്തെയും ഒടുവിൽ ഉപ്പ മരിച്ചു മയ്യിത്ത് കട്ടിൽ വീടിറങ്ങിപ്പോവുമ്പോൾ ഖബറിന്റെ മേൽ നടാൻ ചെടി പറച്ചു കൊടുക്കുന്നതുമൊക്കെ നൊമ്പരമുണർത്തുന്നു.
പല കുറിപ്പിലും ഉപ്പയെന്ന തണലും കരുതലും ഉമ്മയെന്ന സ്‌നേഹവും കടന്നു വരുന്നുണ്ട്. പ്രവാസത്തിന്റെ തുടക്കം എന്ന കുറിപ്പിൽ ക്ഷീണിച്ചു കിതപ്പോടെ തലയിലിട്ട മുണ്ട് കൊണ്ട് മുഖം തുടച്ച് ഉപ്പ ഓടിയും നടന്നും കമ്പാർട്ട്‌മെന്റിനരികിലേക്ക് വന്ന് കീശയിൽ നിന്ന് ഏതാനും നോട്ടുകൾ കൈവെള്ളയിൽ വെച്ചുകൊടുക്കുന്ന രംഗവും ഒടുവിൽ തീവണ്ടി അകലുമ്പോൾ മങ്ങിത്തുടങ്ങിയ ഉപ്പയുടെ മുഖം തുടക്കുന്ന രൂപവും ഒക്കെ ഓരോ വായനക്കാരെയും തങ്ങളുടെ ഉപ്പയെ കുറിച്ച് ഓർക്കാൻ പ്രേരിപ്പിക്കുന്നതാണ്. 
ത്രിവർണ ബലൂൺ പുഴ നിറഞ്ഞൊഴുകിയപ്പോൾ പ്രവാസത്തിന്റെ തുടക്കം, നാടോടിക്കുട്ടികൾ, വേർപാടുകളുടെ നഷ്ടങ്ങൾ, പഴയ കൂട്ടുകാരൻ, പൂവ് പോലെ ഒരു ജമീല, ശവ്വാൽ നിലാവ് തുടങ്ങിയ കുറിപ്പുകൾ വായനയിൽ ഒത്തിരി ഇഷ്ടമായി. ചില കുറിപ്പുകൾ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. സമദ് റഹ്മാൻ എന്ന ഈ എഴുത്തുകാരനിൽ നിന്ന് ഇനിയും മികച്ച രചനകൾ പ്രതീക്ഷിക്കുന്നു. 
പുഴയുടെ ഒന്നാം അതിരിലൊരു കടവുണ്ട്
(ഓർമക്കുറിപ്പുകൾ)
സമദ് റഹ്മാൻ കൂടല്ലൂർ
റെഡ്‌ചെറി ബുക്‌സ്
വില: 80 രൂപ