Wednesday , March   20, 2019
Wednesday , March   20, 2019

കേരളത്തെ നോട്ടമിട്ട്  പരുന്തുകൾ 

കേരളത്തിലെ ഏറ്റവും വലിയ പ്രസ് ക്ലബായ കോഴിക്കോട്ട് ഇരുപത് വർഷം മുമ്പ് ഇരുനൂറിൽ പരം അംഗങ്ങളാണുണ്ടായിരുന്നത്. ഇപ്പോഴത് അഞ്ഞൂറിൽ ഏറെ ആയിക്കാണും. ദൃശ്യ മാധ്യമങ്ങൾ പെരുകിയതോടെയാണ് മലയാളക്കരയിൽ മാധ്യമ പ്രവർത്തകരുടെ എണ്ണം കുത്തനെ ഉയർന്നത്.  മുമ്പ് കാലത്തെ അപേക്ഷിച്ച് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചിരിക്കുന്നു. പത്രക്കാരെയും ടെലിവിഷൻ മാധ്യമക്കാരെയും ആർക്കും ഉപദ്രവിക്കാമെന്നായി. കാൽ നൂറ്റാണ്ട് മുമ്പ് കേരളത്തിൽ ഏതെങ്കിലും ലേഖകനെയോ പ്രസ് ഫോട്ടോഗ്രാഫറെയോ ആരെങ്കിലും അക്രമിച്ചാൽ സംസ്ഥാന വ്യാപകമായി മാധ്യമ പ്രവർത്തകർ പ്രതിഷേധിക്കുമായിരുന്നു. അധികൃതരുടെ ഭാഗത്ത് നിന്ന് കർശന നടപടിയും ഉറപ്പ്. കാര്യങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞ വാരമാണ് പിന്നിട്ടത്. വിദ്യാസമ്പന്നരുടെ നാടെന്ന കേരളത്തിന്റെ സൽപേരിന് കളങ്കം ചാർത്തുന്ന ദിനങ്ങളായിരുന്നു. ന്യൂയോർക്ക് ടൈംസും ബി.ബി.സിയും ആഗോള മാധ്യമങ്ങളും കേരളത്തെ കുറിച്ച് പറയുന്നത് നല്ലതൊന്നുമല്ല. 
*** *** ***
ജനാധിപത്യ കേരളത്തിന് നാണക്കേടായി മാറിയിരിക്കുകയാണ് മാധ്യമങ്ങൾക്ക് നേരെയുള്ള കയ്യേറ്റങ്ങൾ. സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമ വേട്ടയാണ് നിലയ്ക്കലിലും പമ്പയിലും കണ്ടത്. ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികൾ ക്രൂരമായി ആക്രമിക്കപ്പെട്ടു. ദി ന്യൂസ് മിനുട്ടിന്റെ ലേഖിക സരിത ബാലൻ, റിപ്പബ്ലിക് ടി.വിയുടെ ദക്ഷിണേന്ത്യാ മേധാവി  പൂജ പ്രസന്ന, എൻ.ഡി.ടി.വി റിപ്പോർട്ടർ സ്‌നേഹ കോശി, ആജ് തകിന്റെ മൗസുമിയും ന്യൂസ് 24 പ്രതിനിധികളായ വനിതകളും കയ്യേറ്റത്തിനും കല്ലേറിനും ഇരയായി. 
റിപ്പബ്ലിക് ടി.വി, ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ന്യൂസ് 18, മാതൃഭൂമി ടി.വി, മാധ്യമം ദിനപത്രം എന്നിവയുടെ വാഹനങ്ങളും റിപ്പോർട്ടർ ടി.വിയുടെ ക്യാമറയും തകർക്കപ്പെട്ടു. റിപ്പോർട്ടർ ടി.വി പ്രതിനിധിയുടെ കൈ ഒടിച്ചു. മാതൃഭൂമി പ്രതിനിധികളായ കെ.ബി.ശ്രീധരനും അഭിലാഷിനും കല്ലേറിൽ പരിക്കേറ്റു. വനിതാ റിപ്പോർട്ടർമാർ പോലും ആക്രമിക്കപ്പെട്ടിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുകയായിരുന്നു. 
തങ്ങൾ പറയുന്നത് മാത്രം റിപ്പോർട്ട് ചെയ്യണമെന്ന്  ആക്രോശിച്ച അക്രമികൾ സത്യത്തെ ഭയക്കുന്നവരാണ്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനും ഭയപ്പെടുത്തി പിൻമാറ്റാനും ശ്രമിക്കുന്നത് വൃഥാ വ്യായാമമാണെന്ന് ഇവരൊക്കെ തിരിച്ചറിയുന്നതെപ്പോഴാണ്? 
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച റിപ്പോർട്ടിംഗിന് എത്തിയ ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ റിപ്പോർട്ടർ സുഹാസിനി രാജ് തനിക്കുണ്ടായ കയ്‌പേറിയ അനുഭവത്തെ കുറിച്ച് പോലീസിൽ പരാതി നൽകി. അസഭ്യവർഷത്തിനൊപ്പം കൈയേറ്റ ശ്രമവും ശക്തമായതോടെ സുഹാസിനി പിൻവാങ്ങാൻ തയാറാവുകയായിരുന്നു. മോശം ഭാഷ ഉപയോഗിച്ചാണ് പ്രതിഷേധക്കാർ ഇവരെ നേരിട്ടത്. എൻ.ഡി.ടി.വി റിപ്പോർട്ടർ സ്‌നേഹ കോശിക്ക് വേറെയും കേരള കണക്ഷനുണ്ട്. പ്രളയ കാലത്ത് സംസ്ഥാനത്തിനായി കോടികൾ സമാഹരിച്ചു നൽകാൻ മുൻകൈയെടുത്ത മാധ്യമ പ്രവർത്തകയാണ് അവർ. 
*** *** ***
കേരളത്തെ അപമാനിക്കാൻ തക്കം പാത്ത് കഴിയുന്ന റിപ്പബ്ലിക് ടി.വിയിലെ അർണബ് ഗോസ്വാമിക്കും കരിയറിലെ അവിസ്മരണീയ ദിനങ്ങളായിരുന്നു. കൈരളി ടി.വിയിൽ കുടജാദ്രിയും തൃശൂർ പൂരവും കമന്ററി നൽകി ഹരിശ്രീ കുറിച്ച് മലയാളി ഹൗസിലൂടെ വളർന്ന് ദേശീയ ചാനലുകളിലെ ഡിബേറ്റുകളിൽ വരെ നിറഞ്ഞു നിൽക്കുന്ന രാഹുൽ ഈശ്വറിനോട് അർണബ് ആക്രോശിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ കാണികൾ ഏറെ ആസ്വദിച്ചത്. മാധ്യമ പ്രവർത്തകയെ വിശ്വാസികൾ ആക്രമിച്ച സംഭവത്തിൽ അയ്യപ്പ ധർമസേന നേതാവ് രാഹുൽ ഈശ്വറിനെ കടന്നാക്രമിക്കുകയായിരുന്നു അർണബ് ഗോസ്വാമി. റിപ്പബ്ലിക് ടി.വിയുടെ റിപ്പോർട്ടറായ പൂജാ പ്രസന്നക്ക്  നേരെ മർദനം ഉണ്ടായതിൽ ക്ഷുഭിതനായ അർണബ് രാഹുൽ ഈശ്വറിനോട് പ്രതിഷേധം അറിയിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. 'ഇതിനെല്ലാം കാരണം നിങ്ങളാണ് രാഹുൽ ഈശ്വർ, ഇതാണോ വിശ്വാസികൾ? ഒരു സ്ത്രീയെ പരസ്യമായി കൈയേറ്റം ചെയ്യുന്നതാണോ നിങ്ങളുടെ സമാധാന പ്രതിഷേധം' -അർണബ് ആക്രോശിച്ചു. ഇതിനിടയിൽ രാഹുൽ പലവട്ടം മാപ്പ് ചോദിക്കുകയും ന്യായവാദങ്ങൾ നിരത്തുകയും ചെയ്തു.  രാഹുൽ മാപ്പ് പറഞ്ഞെങ്കിലും ബോസിനതങ്ങ് ബോധിച്ചില്ല.
*** *** ***
നിപ്പയെ പിടിച്ചുകെട്ടിയ കേരള ആരോഗ്യമന്ത്രി ശൈലജയാണ് അർണബിനെ കണക്കിന് പെരുമാറിയത്. റിപ്പബ്ലിക് ചാനൽ ശബരിമല ചർച്ച ചെയ്യുന്നതിനിടെയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ വിശദീകരണം തേടിയത്. രാഹുൽ ഈശ്വറിനോട് കയർത്ത അതേ ആവേശത്തിലായിരുന്നു അർണബ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറോടും സംസാരിച്ചത്. പോലീസിന്റെ സാന്നിധ്യത്തിൽ തന്റെ റിപ്പോർട്ടർ എങ്ങനെ മർദിക്കപ്പെട്ടു, സർക്കാർ എന്ത് നടപടി എടുത്തു എന്നായിരുന്നു മന്ത്രിയോടുള്ള ചോദ്യം. 
വീണ്ടും വീണ്ടും മന്ത്രി മറുപടി പറയാൻ ശ്രമിച്ചെങ്കിലും അർണബ് ചോദ്യം ആവർത്തിക്കുകയായിരുന്നു. തന്നെ മറുപടി പറയാൻ അനുവദിക്കണമെന്നും താങ്കൾ ശാന്തനാകണമെന്നും മന്ത്രി ആവശ്യപ്പെട്ടെങ്കിലും അർണബ് വഴങ്ങിയില്ല. നിങ്ങൾ ക്ഷണിച്ചിട്ടാണ് ചാനലിൽ അഭിപ്രായം രേഖപ്പെടുത്താൻ വന്നത്, അതിനാൽ സംസാരിക്കാൻ അനുവദിക്കണം. നിങ്ങൾ സംസാരം നിർത്തൂ എന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോൾ നിങ്ങൾ എന്നെ ഭീഷണിപ്പെടുത്തരുതെന്നും പരിധി വിടരുതെന്നുമായിരുന്നു അർണബിന്റെ മറുപടി. 
വീണ്ടും തന്നെ സംസാരിക്കാൻ അനുവദിക്കാതിരുന്നതോടെ അർണബിനോട് സംസാരിക്കാൻ താൽപര്യമില്ലെന്ന് അഭിപ്രായം രേഖപ്പെടുത്താൻ വന്ന റിപ്പബ്ലിക് ടി.വിയുടെ റിപ്പോർട്ടറോട് അറിയിക്കുകയായിരുന്നു. അപ്പോഴും അർണബ് ചാനൽ ഹെഡ് ഓഫീസിൽ ഇരുന്ന് മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഒടുവിൽ 'യു ഗോ' എന്ന് പറഞ്ഞ് റിപ്പോർട്ടറോട് ഇറങ്ങിപ്പോകാൻ മന്ത്രി ആവശ്യപ്പെട്ടതോടെ ആന്റി ക്ലൈമാക്‌സായി. 
*** *** ***
പമ്പയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ് സംഘപരിവാർ. വിശ്വാസികളായ അമ്മമാരെ പോലീസ് എന്തിന് ഇങ്ങനെ തല്ലി ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പ് സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രം എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി എം.ബി ഷൈനിയുടേതായിരുന്നു. 2005 ജൂലൈ മൂന്നിന് കൗൺസിലിംഗ് ഉപരോധ സമരത്തിൽ പങ്കെടുത്ത ഷൈനിയെ പോലീസ് മർദിക്കുന്നതാണ് ചിത്രത്തിൽ. ഈ ചിത്രം സഹിതം സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവ് ഫേസ്ബുക്കിൽ കാര്യങ്ങൾ വ്യക്തമാക്കി പോസ്റ്റ് ഇട്ടിരുന്നു.
*** *** ***
വനിതാ കൂട്ടായ്മ കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയതിന്റെ തൊട്ടടുത്ത നാൾ സിദ്ദീഖും കെ.പി.എ.സിയും 'അമ്മ'ക്ക് വേണ്ടി വാർത്താ സമ്മേളനം നടത്തി. ലോക കൈകഴുകൽ ദിനത്തിലായിരുന്നു അത്. അന്നേ ദിവസം സന്ധ്യയ്ക്ക് മാതൃഭൂമി ന്യൂസ് നമ്മളറിയണം പ്രോഗ്രാമിൽ സിനിമയിലെ ചൂഷണങ്ങൾ ചർച്ച ചെയ്തു. അവതാരകയുടെ വിശദീകരണത്തിന് ശേഷം പ്രേക്ഷക പ്രതികരണങ്ങളിലേക്ക് പോയി. കോഴിക്കോട് നിന്ന് സംസാരിച്ച വനിതയും തൂത്തുക്കുടിയിൽ നിന്നുള്ള പ്രേക്ഷകനും ഇരു പക്ഷത്തേയും ന്യായീകരിച്ചു. ഏറ്റവും ഒടുവിൽ സംസാരിച്ച ആളാണ് പൊള്ളുന്ന യാഥാർഥ്യങ്ങളിലേക്ക് കടന്നത്. ഇത്തരം തുറന്നു പറച്ചിലുകൾ നല്ലതാണ്. ചാൻസ് ഉറപ്പിക്കാൻ നാലോ അഞ്ചോ പേർക്ക് വഴങ്ങി കൊടുത്തതെല്ലാം പരസ്യമാക്കാൻ തുടങ്ങിയാൽ സിനിമയിലെ വിഗ്രഹങ്ങളുടെ കഥയെന്താവുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്കണ്ഠ. 
*** *** ***
മാതൃഭൂമിയിലെ സിനിമാ വാരഫലത്തെ കുറിച്ച് സിനിമക്കാർക്കെല്ലാം പരാതിയാണ്. എത്രയോ പേരുടെ ശ്രമഫലമായി നിർമിക്കുന്ന ചലച്ചിത്രത്തെ ഇങ്ങനെ നിഷ്‌കരുണം കൈകാര്യം ചെയ്യുന്നത് ഉചിതമോ എന്നൊക്കെയാണ് ചോദ്യങ്ങൾ. ആദ്യ ഷോ നടക്കുമ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ നെഗറ്റീവ് റിവ്യൂ പോസ്റ്റി കരുതിക്കൂട്ടി സിനിമയെ പൊളിക്കുന്നത് കണ്ടില്ലെന്ന് ഭാവിക്കാം. ഏതായാലും പിന്നിട്ട വാരത്തിൽ കായംകുളം കൊച്ചുണ്ണി കാണാൻ പ്രേക്ഷകരോട് ശുപാർശ ചെയ്യുന്നതാണ് കേട്ടത്. നാൽപത് കോടി മുടക്കിയ മെഗാ പ്രൊജക്ടല്ലേ. ഇത്തവണത്തെ ഇൻട്രോയ്ക്ക് കാലിക പ്രസക്തിയേറെയാണ്. റിപ്പോർട്ടർ ടി.വിയിലെ എഡിറ്റേഴ്‌സ് അവറിലും കൊച്ചുണ്ണിയുടെ സംവിധായകൻ റോഷൻ ആൻഡ്രൂസായിരുന്നു അതിഥി. 
*** *** ***
കൈരളിയുടെ യംഗ് ചാനലായ 'വി'യിൽ പല നേരത്തും സിനിമാ ഗാനങ്ങൾ സംപ്രേഷണം ചെയ്തു വരുന്നു. പഴയ കാല യുഗ്മ ഗാനങ്ങളും ഈ ചാനലിൽ സംപ്രേഷണം ചെയ്യാറുണ്ട്. 
ഇടതുപക്ഷ എം.എൽ.എയും താരവും അമ്മ നേതാവുമായ മുകേഷ് വിവാദത്തിലകപ്പെട്ടതിന്റെ അടുത്ത നാളിൽ സംപ്രേഷണം ചെയ്ത ഗോഡ് ഫാദറിലെ യുഗ്മ ഗാന രംഗത്ത് മുകേഷും കനകയും. ഇതിലെ ഒരു സീനിൽ മുകേഷ് വായിക്കുന്ന പുസ്തകത്തിന്റെ ശീർഷകം സ്ത്രീകളെ എങ്ങനെ വശീകരിക്കാം എന്നായിരുന്നു. സെലക്ഷൻ നന്നായിട്ടുണ്ട്.  
*** *** ***
1971 ഡിസംബർ അവസാനത്തിലാണ് തലശ്ശേരിയും സമീപ ഗ്രാമങ്ങളും സാമുദായിക സംഘർഷത്തിന് വേദിയായത്. അക്കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കെ.കരുണാകരൻ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കാൻ അഹമ്മദാബാദിലേക്ക് പറന്നത് വിവാദം സൃഷ്ടിച്ചിരുന്നു. 
കേരളം പുനർനിർമിക്കാനുള്ള വിഭവ സമാഹരണത്തിന് മുഖ്യമന്ത്രി വിദേശ സന്ദർശനത്തിന് തെരഞ്ഞെടുത്ത സന്ദർഭം ഉചിതമായില്ലെന്ന് പറയുന്നവരുണ്ട്. കേരളമായത് കൊണ്ട് കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ഉത്തരേന്ത്യയിലായിരുന്നുവെങ്കിൽ മോബ് ലിഞ്ചിംഗിന് വരെ സാധ്യതയുള്ള വിധത്തിലാണ് അക്രമികൾ അഴിഞ്ഞാടിയത്.