Sunday , November   18, 2018
Sunday , November   18, 2018

അൽസീരീൻ: അറേബ്യൻ - ചൈനീസ് സംസ്‌കൃതിയുടെ അടയാളം

അറേബ്യൻ-ചൈനീസ് വാണിജ്യകാലത്തിന്റെ ശേഷിപ്പുകളായ അടയാളങ്ങൾ.  ചെങ്കടലോരത്തെ അൽസിരീൻ പ്രദേശത്ത് നിന്നുള്ള കാഴ്ച 

അൽശാഖ അൽശാമിയ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന പ്രശസ്തമായ ഹലിയ്യ താഴ്‌വര സമുദ്രവുമായി സന്ധിക്കുന്ന അഴിമുഖത്താണ് അൽസീരീൻ നഗരത്തിന്റെ സ്ഥാനം. ഇതിന് തെക്ക് വാദി അൽശാഖ അൽയമാനിയ എന്ന പേരിൽ അറിയിപ്പെടുന്ന ഉലൈബ് താഴ്‌വരയുടെ അഴിമുഖമാണ്. മക്ക പ്രവിശ്യയിലെ ഏറ്റവും പ്രശസ്തവും ഫലഭൂയിഷ്ടവുമായ താഴ്‌വരകളാണിവ. 

 ആയിരം വർഷത്തോളം മുമ്പ് അറേബ്യൻ ഉപദ്വീപും ചൈനയും തമ്മിലുള്ള ശക്തമായ സമുദ്ര വാണിജ്യ ബന്ധം തെളിയിക്കുന്ന പുരാവസ്തുക്കളാൽ സമ്പന്നമാണ് ചെങ്കടൽ തീരത്തെ പുരാതനമായ അൽസീരീൻ പ്രദേശം. 
പുരാതന കാലത്ത് അറേബ്യൻ ഉപദ്വീപും ചൈനയും തമ്മിലുള്ള വാണിജ്യ ബന്ധം തെളിയിക്കുന്ന നിരവധി പുരാവസ്തുക്കൾ ഇവിടെ സൗദി-ചൈനീസ് പര്യവേക്ഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പുരാതന കാലത്ത് ചൈനയെയും ഏഷ്യൻ രാജ്യങ്ങളെയും അറേബ്യൻ ഉപദ്വീപിനെയും പശ്ചിമേഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിച്ചിരുന്ന സമുദ്ര പട്ടുപാതയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ലൈത്തിലെ അൽസീരീൻ തുറമുഖം. വ്യത്യസ്ത കാലങ്ങളിൽ നിന്നുള്ള ചൈനീസ് മൺപിഞ്ഞാണങ്ങളുടെ വൻ ശേഖരം സൗദി-ചൈനീസ് പുരാവസ്തു പര്യവേക്ഷണ സംഘം ഇവിടെ കണ്ടെത്തി. ചെങ്കടലിലെ പുരാവസ്തു കേന്ദ്രങ്ങളിൽ ആദ്യമായാണ് ചൈനീസ് മൺപിഞ്ഞാണങ്ങൾ കണ്ടെത്തുന്നത്. എ.ഡി 960 മുതൽ 1279 വരെ നിലനിന്ന സോങ് വംശത്തിന്റെ കാലത്തു നിന്നുള്ള വെള്ള മൺപിഞ്ഞാണങ്ങൾ 1271 മുതൽ 1368 വരെ നിലനിന്ന യുവാൻ വംശത്തിന്റെ കാലത്തു നിന്നുള്ള മൺപിഞ്ഞാണങ്ങൾ, 1368 മുതൽ 1644 വരെ നിലനിന്ന മിങ് രാജവംശത്തിന്റെ കാലത്തു നിന്നുള്ള നീല, വെള്ള മൺപിഞ്ഞാണങ്ങൾ, 1644 മുതൽ 1912 വരെ നിലനിന്ന ക്വിങ് ഭരണ വംശത്തിന്റെ കാലത്തു നിന്നുള്ള മൺപിഞ്ഞാണങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ അൽസീരീൻ തുറമുഖത്തു നിന്ന് ലഭിച്ചിട്ടുണ്ട്. 
ആദ്യകാല ഇസ്‌ലാമിക യുഗത്തിൽ നിന്നുള്ള ഖബറിടങ്ങളുടെ അവശിഷ്ടങ്ങളും മൺപാത്രങ്ങളുടെയും ചില്ലുപാത്രങ്ങളുടെയും അവശിഷ്ടങ്ങളും പര്യവേക്ഷണ സംഘം കണ്ടെത്തി. അറേബ്യൻ ഉപദ്വീപും ചൈനയും തമ്മിലുള്ള സമുദ്ര വാണിജ്യ ബന്ധം തെളിയിക്കുന്ന, അൽസീരീൻ തുറമുഖത്തു നിന്ന് ലഭിച്ച പുരാവസ്തുക്കൾ റിയാദ് നാഷണൽ മ്യൂസിയത്തിൽ സംഘടിപ്പിക്കുന്ന, ട്രഷറേഴ്‌സ് ഓഫ് ചൈന എക്‌സിബിഷനിൽ സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്. എക്‌സിബിഷൻ നവംബർ 23 വരെ തുടരും. 
കഴിഞ്ഞ വർഷം ചൈനയിൽ സംഘടിപ്പിച്ച, അറേബ്യൻ ഉപദ്വീപുകളിലെ വാണിജ്യ പാതകളെയും സൗദി പുരാവസ്തുക്കളെയും കുറിച്ച എക്‌സിബിഷന്റെ ഉദ്ഘാടനത്തിനിടെ സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പും ചൈനീസ് ദേശീയ പൈതൃക വകുപ്പും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായി, അൽസീരീനിൽ പുരാവസ്തു പര്യവേക്ഷണം നടത്തുന്നതിന് സൗദി-ചൈനീസ് പുരാവസ്തു വിദഗ്ധരെ ഉൾപ്പെടുത്തി ഏതാനും സംഘങ്ങൾക്ക് സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പ് രൂപം നൽകിയിട്ടുണ്ട്. 
അൽശാഖ അൽശാമിയ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന പ്രശസ്തമായ ഹലിയ്യ താഴ്‌വര സമുദ്രവുമായി സന്ധിക്കുന്ന അഴിമുഖത്താണ് അൽസീരീൻ നഗരത്തിന്റെ സ്ഥാനം. ഇതിന് തെക്ക് വാദി അൽശാഖ അൽയമാനിയ എന്ന പേരിൽ അറിയിപ്പെടുന്ന ഉലൈബ് താഴ്‌വരയുടെ അഴിമുഖമാണ്. മക്ക പ്രവിശ്യയിലെ ഏറ്റവും പ്രശസ്തവും ഫലഭൂയിഷ്ടവുമായ താഴ്‌വരകളാണിവ. കാലികൾക്കുള്ള തീറ്റപ്പുല്ല് എമ്പാടുമുള്ള, സമൃദ്ധമായി വെള്ളം ലഭിക്കുന്ന കിണറുകളുള്ള ഫലഭൂയിഷ്ടമായ കാർഷിക പ്രദേശമാണ് അൽസീരീൻ. അൽസീരീൻ നഗരത്തിലെ തുറമുഖം പ്രവാചകന്റെ കാലത്തിനും മുമ്പാണ് നിർമിക്കപ്പെട്ടതെന്ന് ചരിത്ര ഗ്രന്ഥങ്ങൾ പറയുന്നു. ഹിജ്‌റ മൂന്നാം നൂറ്റാണ്ടു മുതൽ എട്ടാം നൂറ്റാണ്ടു വരെയുള്ള കാലത്ത് മേഖലയിലെ ഏറ്റവും തന്ത്രപ്രധാനമായ കേന്ദ്രവും സജീവ സമ്പദ്‌വ്യവസ്ഥയുമായിരുന്നു അൽസീരീൻ. മക്കയിൽ നിന്ന് 245 കിലോമീറ്ററും ജിദ്ദയിൽ നിന്ന് 220 കിലോമീറ്ററും ദൂരെയാണ് അൽസീരീൻ നഗരം. അൽസീരീൻ തുറമുഖത്തിന് നാലു കിലോമീറ്റർ നീളമുണ്ട്. 
പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിന് അൽസീരീൻ നഗരത്തിന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് ചുറ്റുവേലി നിർമിച്ചിട്ടുണ്ട്. ഇതിന് 1500 മീറ്റർ നീളവും 700 മീറ്റർ വീതിയുമുണ്ട്. തുറമുഖത്തിന്റെ പ്രത്യേക സ്ഥാനം ശക്തമായ വടക്കൻ കാറ്റുകളിൽ നിന്ന് താരതമ്യേന സംരക്ഷണം നൽകുന്നു. പ്രദേശത്ത് വലിയ മണൽതിട്ടകളുണ്ട്. ഇവക്കു താഴെ കല്ലുകൾ ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളും മതിലിന്റെയും കോട്ടയുടെയും അവശിഷ്ടങ്ങളുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. ഇവ കണ്ടെത്തുന്നതിന് പുരാവസ്തു പര്യവേക്ഷണങ്ങളും ഖനനങ്ങളും ആവശ്യമാണ്. അൽസീരീൻ നഗരത്തിൽ കല്ലുകൾ കൊണ്ട് നിർമിച്ച കെട്ടിടങ്ങളുടെ പുരാവസ്തുക്കൾ മറ്റു പുരാതന കേന്ദ്രങ്ങളെ അപേക്ഷിച്ച് കുറവാണ്. തിഹാമയിലെ പ്രകൃതിക്ക് ഇണങ്ങുന്ന നിലക്ക് മരങ്ങളും ഉണക്കപ്പുല്ലുകളും ഉപയോഗിച്ചാണ് പുരാതന കാലത്ത് അൽസീരീനിൽ ഭൂരിഭാഗം വീടുകളും നിർമിച്ചിരുന്നത്. അൽസീരീനിൽ കല്ലുകൾ ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ താരതമ്യേന കുറവാകുന്നതിന് പ്രധാന കാരണം ഇതാണ്. 
അൽസീരീൻ നഗരത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും കാണുന്നതിന് സാധിക്കും. പുരാതന കാലത്ത് സാമ്പത്തിക, രാഷ്ട്രീയ, സൈനിക, സാമൂഹിക, നാഗരിക മേഖലകളിൽ കൈവരിച്ച ഉന്നതികൾ കാരണം മേഖല സാക്ഷ്യം വഹിച്ച സംഭവവികാസങ്ങളിൽ സുപ്രധാന പങ്ക് വഹിക്കാൻ നഗരത്തിന് സാധിച്ചു. സമൃദ്ധമായ ശുദ്ധജല ലഭ്യതയും ചുറ്റുമുള്ള പ്രവിശാലവും ഫലഭൂയിഷ്ടവുമായ കാർഷിക പ്രദേശവും താഴ്‌വരകളും മനോഹരമായ കടൽ തീരവും അൽസീരീന്റെ പ്രത്യേകതകളാണ്. മക്ക,  അൽബാഹ, അസീർ പ്രവിശ്യകൾ സന്ധിക്കുന്ന സ്ഥലത്തിന് ഏറ്റവും സമീപത്താണ് എന്നതും ജിദ്ദ-ജിസാൻ-യെമൻ രാജ്യാന്തര പാതക്ക് അടുത്താണ് എന്നതും അൽസീരീൻ നഗരത്തിന്റെ പ്രത്യേകതയാണ്. ദേശീയ സമ്പദ്‌വ്യവസ്ഥയിലും വികസനത്തിലും പങ്ക് വഹിക്കുന്നതിന് ഈ ഘടകങ്ങൾ പുരാതന നഗരത്തെ പ്രാപ്തമാക്കുന്നു. 
ആയിരം വർഷം മുമ്പ് ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന സിലാഡോൻ ഇനത്തിൽ പെട്ട ചൈനീസ് മൺപിഞ്ഞാണങ്ങളുടെ ഭാഗങ്ങൾ അൽസീരീനിൽ എമ്പാടുമുണ്ടെന്ന് കിംഗ് സൽമാൻ പൈതൃക സംരക്ഷണ പ്രോഗ്രാം സൂപ്പർവൈസർ ജനറൽ ഡോ. അലി അൽഗുബാൻ പറയുന്നു. പുരാതന അൽസീരീൻ നഗരപ്രദേശം ചൈനീസ് പുരാവസ്തു വിഭാഗത്തിൽ നിന്നുള്ള സംഘം സന്ദർശിച്ചിട്ടുണ്ട്. ഇവിടുത്തെ പുരാവസ്തുക്കളിൽ അവർ അത്ഭുതം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടെ സർവേയും ഫീൽഡ് പര്യവേക്ഷണങ്ങളും നടത്തുന്നതിന് അവർക്ക് ആഗ്രഹമുണ്ട്. പുരാതന കാലത്ത് ചൈനയും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളെ കുറിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പര്യവേക്ഷണങ്ങൾ സഹായിക്കുമെന്നാണ് കരുതുന്നതെന്നും ഡോ. അലി അൽഗുബാൻ പറഞ്ഞു.
ദേശീയ പൈതൃക രജിസ്റ്ററിൽ അൽസീരീൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മക്ക പ്രവിശ്യ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ശാഖാ മേധാവി മുഹമ്മദ് അൽഅംരി പറഞ്ഞു. അൽസീരീൻ നഗരം പ്രവാചക കാലത്തിനും മുമ്പ് നിലവിൽ വന്നതാണ്. ഹിജ്‌റ മൂന്നാം നൂറ്റാണ്ടിലാണ് നഗരം അഭിവൃദ്ധി പ്രാപിച്ചത്. കെട്ടിടങ്ങളുടെ അടിത്തറകളും മൺപിഞ്ഞാണങ്ങളും ലോഹങ്ങളും പാത്രങ്ങളും ശിലാചിത്രങ്ങളും ലിഖിതങ്ങളും അടക്കം നിരവധി പുരാവസ്തുക്കൾ ഇവിടെയുണ്ട്. നിരവധി സാഹിത്യ, ഭൗമശാസ്ത്ര കൃതികളിൽ അൽസീരീനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പിൽ നിന്നുള്ള സംഘം മൂന്നു കൊല്ലം മുമ്പ് ഇവിടെ പര്യവേക്ഷണം നടത്തിയിരുന്നു. ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഇവിടെ സർവേകൾ നടത്തിയിട്ടുമുണ്ട്. 
ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അൽസീരീൻ നഗരം പ്രാധാന്യം കൈവരിച്ചത്. യെമനെയും ഹിജാസിനെയും ബന്ധിപ്പിക്കുന്ന പാതയിലെ പ്രധാന കേന്ദ്രമായിരുന്നു അൽസീരീൻ. പഴയ കാലത്ത് ചെങ്കടൽ തീരത്ത് ജിദ്ദ കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായിരുന്നു അൽസീരീൻ. മക്കക്കും പരിസരപ്രദേശങ്ങൾക്കും ആവശ്യമായ ചരക്കുകൾ ലഭ്യമാക്കുന്നതിൽ അൽസീരീൻ തുറമുഖം പ്രധാന പങ്ക് വഹിച്ചു. സുഗന്ധദ്രവ്യങ്ങളും പട്ടുമായി ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കപ്പലുകൾ ഇവിടെ നങ്കൂരമിട്ടിരുന്നു. ഹിജ്‌റ എട്ടാം നൂറ്റാണ്ടിൽ അൽസീരീൻ നഗരത്തിന്റെ പ്രതാപം അസ്തമിച്ചു. ഒമ്പതാം നൂറ്റാണ്ടിൽ നഗരം തീർത്തും നിഷ്പ്രഭമാവുകയും ചെയ്തു.