Wednesday , March   20, 2019
Wednesday , March   20, 2019

പരിസ്ഥിതിയുടെ കഥാകാരൻ

വികസനത്തിന്റെ പേരിൽ പരിസ്ഥിതിയുടെ പരിശുദ്ധി തകർത്ത് വിനാശം വിതയ്ക്കുന്ന പുതിയ കാലത്തെ തലതിരിഞ്ഞ പരിഷ്‌കാരങ്ങളിൽ പകച്ച്, പകരം വെക്കാനും പരിഹാരം കാണാനുമുള്ള പോംവഴികൾ തേടിയുള്ള പരക്കം പാച്ചിലും അതിനിടയിൽ ഉയരുന്ന ഇരകളുടെ തൊണ്ട പൊട്ടുന്ന നിലവിളികളും അതിന്റെ മാറ്റൊലികളും കാതരമാക്കുന്ന കഥകളാണ് അംബികാസുതൻ മാങ്ങാടിന്റേത്. 

പ്രകൃതിയിലും പരിസ്ഥിതിയിലുമുള്ള ഉറച്ച വിശ്വാസവും അതിന് കോട്ടം വരുത്തുന്നതെന്തും ആത്യന്തികമായി മനുഷ്യ വംശത്തിന്റെ കുലം മുടിക്കുമെന്ന പ്രവചന സ്വഭാവവും അംബികാ സുതൻ മാങ്ങാടിന്റെ മിക്ക കഥകളുടെയും നോവലുകളുടെയും അന്തർധാരയായി വർത്തിക്കുന്നുമുണ്ട്. പരിസ്ഥിതി സംരക്ഷണമെന്ന ഒരു വലിയ ആശയത്തിലൂന്നി നിന്നുകൊണ്ടുള്ള സാഹിത്യ സംരംഭങ്ങൾക്ക് ഇന്ന് പ്രചുരപ്രചാരം നൽകുന്ന കഥാകാരനെന്ന ഖ്യാതിയും അദ്ദേഹത്തിനാണ്.
മനുഷ്യൻ അനുസ്യൂതം മുറിവേൽപിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയെ അതിന്റെ മൃതാവസ്ഥയിൽ നിന്നു മുക്തമാക്കാനുള്ള വിലാപങ്ങളായി പരിണമിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ സാഹിത്യ രചനകൾ. സാഹിത്യത്തെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കാനുള്ള ഒരു മാധ്യമം എന്ന നിലയിൽ വളർത്തിയെടുക്കാനുള്ള ശ്രമം കൂടിയാണ് അദ്ദേഹത്തിന്റേത്. അതൊരു പരീക്ഷണമാണ്. അതിൽ അദ്ദേഹം വിജയിക്കേണ്ടത് ഈ കാലത്തിന്റെ ആവശ്യം കൂടിയാണ്. മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ എന്നീ നോവലുകളും നീരാളിയാൻ, രണ്ടു മത്സ്യങ്ങൾ, ഗജാനനം, മണ്ഡുകോപനിഷത്ത്, ലോപാമുദ്ര...തുടങ്ങിയ കഥകളും അതിനുള്ള ആത്മാർഥമായ ശ്രമങ്ങളാണ്. ആ നിലയിൽ പരിസ്ഥിതിയുടെ കഥാകാരൻ എന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ആധുനികാനന്തര മലയാള കഥാസാഹിത്യത്തിലെ ശക്ത സാന്നിധ്യമായ അംബികാസുതൻ മാങ്ങാട് സംസാരിക്കുന്നു:

പരിസ്ഥിതിയുടെ പ്രാധാന്യത്തിലൂന്നി നിൽക്കുന്നതാണ് താങ്കളുടെ സൃഷ്ടികളിലേറെയും. താങ്കൾ ഒരു പരിസ്ഥിതി വാദിയായതെങ്ങനെയാണ്?
കാസർകോട് ജില്ലയിലുള്ള ബാര ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിലാണ് ജനിച്ചത്. കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട ഒരു സാംസ്‌കാരികാന്തരീക്ഷം കണ്ടും അനുഭവിച്ചുമാണ് വളർന്നത്. അന്ന്, കൃഷിഭൂമിയും നീർത്തടങ്ങളും സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും കണ്ട ഞാൻ, ഇന്ന് വികസനത്തിന്റെ പേരിൽ അതൊക്കെ നശിപ്പിക്കുന്നതാണ് കാണുന്നത്. പ്രകൃതിയെ അനാവശ്യമായി ചൂഷണം ചെയ്യാത്ത, അതിനെ ആശ്രയിച്ചും അനുസരിച്ചും ജീവിക്കുന്ന ഒരു ഗ്രാമവിശുദ്ധിയുടെ പരിസരത്ത് വളർന്ന എനിക്ക് അതിനെ താറുമാറാക്കുന്ന ഒന്നും സഹിക്കാൻ കഴിയില്ല. കാർഷിക പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലവും അതുവഴി കിട്ടിയ ജനിതക ഘടനയുടെ സവിശേഷതയുമാകാം എന്റെ സ്വാഭാവ രൂപീകരണത്തെ ആദ്യ കാലത്തും എഴുത്തിനെ പിൽക്കാലത്തും സ്വാധീനിച്ച പരിസ്ഥിതി വാദത്തിനാധാരം. 

താങ്കളുടെ ഉള്ളിൽ ഒരു കഥാകാരനുണ്ടെന്ന് തിരിച്ചറിയുന്നതെപ്പോഴാണ്? 
അക്ഷരങ്ങൾ കൂട്ടിവായിക്കാൻ ആരംഭിച്ചപ്പോഴേ വായന ഭ്രമമായിത്തീർന്നു. ആർത്തിപിടിച്ചുള്ള ആ വായനക്കാലത്തെപ്പൊഴോ ആവണം എഴുതാൻ തുടങ്ങിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ കഥയെഴുതുന്നത്-ജീവിത പ്രശ്‌നങ്ങൾ. പക്ഷേ, ഈ കഥയെ കുറിച്ച് ഞാൻ മറന്നിരിക്കുകയായിരുന്നു. ഏതാനും വർഷം മുമ്പ് കാസർകോട് ടൗൺ യു. പി സ്‌കൂളിലെ കുട്ടികൾ ഓഫീസിലെ അലമാര വൃത്തിയാക്കുമ്പോൾ കിട്ടിയ പഴയ സ്‌കൂൾ കൈയെഴുത്തു മാസികയിൽ നിന്നുമാണ് എന്റെ ആ കഥ വീണ്ടെടുക്കുന്നത്. 

വീട്, കുടുംബം, സ്‌കൂൾ പഠനകാലം എന്നിവയൊക്കെ താങ്കളിലെ എഴുത്തുകാരനെ രുപപ്പെടുത്തുന്നതിൽ എത്രമാത്രം പങ്കു വഹിച്ചിട്ടുണ്ട്?
ജ്യേഷ്ഠൻ പേരെടുത്ത ഒരെഴുത്തുകാരൻ ആയിരുന്നെങ്കിലും (അന്തരിച്ച ബാലകൃഷ്ണൻ മാങ്ങാട്) എഴുതാനുള്ള പ്രേരണയൊന്നും അദ്ദേഹത്തിൽ നിന്നും കിട്ടിയിരുന്നില്ല. കർക്കിടകത്തിൽ അച്ഛൻ രാമായണം കിളിപ്പാട്ട് വായിക്കുന്നതിന്റെയും ചിങ്ങത്തിൽ അമ്മ കൃഷ്ണപ്പാട്ട് വായിക്കുന്നതിന്റെയും കുട്ടിക്കാലത്തെ തെളിവാർന്ന ഓർമകളാണ് എഴുതാനുള്ള പ്രേരണ. ഒരു തരം ജനിതകക്കുത്ത് എന്നു പറയാം. സ്‌കൂൾ പഠനകാലത്ത് എഴുത്തിന് പ്രേരണയോ പ്രോത്സാഹനമോ ആയ പ്രത്യക്ഷ സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും അക്കാലത്ത് വായനക്കായി ധാരാളം പുസ്തകങ്ങൾ തെരഞ്ഞെടുത്തു തന്നിരുന്ന മലയാളം അധ്യാപകർ എന്നെ എഴുത്തു വഴികളിൽ എവിടെയൊക്കെയോ ഗാഢമായി സ്വാധീനിച്ചിട്ടുണ്ട്.

ഒരു കഥാകാരനായി അറിയപ്പെട്ടു തുടങ്ങിയതെപ്പോഴാണ്?
1982 ലാണ് കഥ വാരിക കോളേജ് വിദ്യാർഥികൾക്കായി ഒരു അഖില കേരള കഥാമത്സരം സംഘടിപ്പിക്കുന്നത്. ഞാനന്ന് കാസർകോട് ഗവൺമെന്റ് കോളേജിൽ ഡിഗ്രിക്കു പഠിക്കുന്നു. മത്സരത്തിന്റെ അറിയിപ്പു കണ്ട് ഒരു കൗതുകത്തിന് ഞാനും ഒരു കഥ എഴുതി അയച്ചു-ഒരു സുന്ദരന്റെ കഥ; രണ്ട് സുന്ദരിമാരുടെയും. 
കഥ അയച്ചു കഴിഞ്ഞ് പഠനത്തിന്റെ തിരക്കിൽ ഞാനാ കാര്യം മറന്നതായിരുന്നു. ഓർക്കാപ്പുറത്ത് ഒരുനാൾ കഥ വാരികയിൽ നിന്നും അറിയിപ്പു വരുന്നു-എന്റെ കഥയ്ക്കാണ് ഒന്നാം സമ്മാനം. ഞാനൊരു കഥാകാരനായി അറിയപ്പെട്ടു തുടങ്ങിയത് അതോടെയാണ്. ആ കഥയ്ക്ക്  സമ്മാനം കിട്ടിയതിലുമേറെ സന്തോഷം തോന്നിയത് ആ കഥ സമ്മാനത്തിനായി തെരഞ്ഞെടുത്തത് പ്രസിദ്ധ നിരൂപകനായിരുന്ന എം.കൃഷ്ണൻ നായർ സാറായിരുന്നു എന്നറിഞ്ഞപ്പോഴാണ്.

മലയാളത്തിലെ മുൻനിര പ്രസിദ്ധീകരണങ്ങളിലൊക്കെ ഇന്ന് താങ്കൾക്ക് എഴുതാൻ ഒരിടം ലഭിക്കുന്നുണ്ട്. അതു നേടിയെടുത്തതിന് പിന്നിലെ അധ്വാനം, സഹനം, കുറുക്കുവഴികൾ എന്നിവയെ കുറിച്ച്?
കഥയെഴുതും. അയക്കും. നല്ലതെന്ന് അവർക്കു തോന്നിയാൽ പ്രസിദ്ധീകരിക്കും. അപ്പോൾ സന്തോഷം തോന്നും. നല്ലതല്ലെങ്കിൽ തിരിച്ചു വരും. അപ്പോൾ സ്വാഭാവികമായും സങ്കടപ്പെടും. എന്നുവെച്ച് തളർന്നു പോയിട്ടില്ല. കഥ യെഴുത്ത് നിർത്താനും തോന്നിയിട്ടില്ല. അങ്ങനെ ചെയ്യുന്നവർക്ക് പറ്റിയ പ ണിയല്ല കഥയെഴുത്ത് എന്ന് ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് വാ ശിയോടെ പിന്നെയും എഴുതും. അയക്കും. നമ്മൾ എഴുതികൊണ്ടേയിരിക്ക ണം. അതുവഴി നമ്മൾ നമ്മളെയും കഥയെഴുത്തി#െനയും പുതുക്കിപ്പണിതുകൊണ്ടേയിരിക്കുകയാണ്. കഥാകാരനായിത്തീരാൻ കുറുക്കു വഴികളൊന്നുമില്ല എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.
സന്ദർഭവശാൽ പറയട്ടെ, എന്റെ ആദ്യകാല കഥകൾ വളരെയേറെ പ്രാ ധാന്യത്തോടെ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചതും കഥാകാരൻ എന്ന നി ലയിൽ എനിക്കൊരു മേൽവിലാസം ഉണ്ടാക്കി തന്നതും പത്രാധിപരായിരുന്ന എസ്.ജയചന്ദ്രൻ നായരായിരുന്നു. വലിയ എഴുത്തുകാരുടെ നിരയിലേക്ക് അ ദ്ദേഹമാണെന്നെ കൈപിടിച്ചുയർത്തിയത്. കലാകൗമുദിയിൽ എന്റെ ഒന്നു രണ്ടു കഥകൾ പ്രസിദ്ധീകരിച്ചു വന്ന സമയം. ഒരു ദിവസം എനിക്കദ്ദേഹത്തിന്റെ കത്തു കിട്ടി-ഒരു കഥ വേണം, കലാകൗമുദിയുടെ ഓണപ്പതിപ്പിൽ ചേർ ക്കാനാണ്. വലിയ ആഹ്ലാദമാണ് അപ്പോൾ തോന്നിയത്. എങ്ങനെ തോന്നാതിരിക്കും? ലബ്ധപ്രതിഷ്ഠർ മാത്രം ഓണപ്പതിപ്പിൽ കഥകളെഴുതുന്ന കാലത്താണ് താരതമ്യേന നവാഗതനായ എന്റെ കഥ അദ്ദേഹം ആവശ്യപ്പെടുന്നത്. 'ഗജാനനം' അങ്ങനെ എഴുതിയ കഥയാണ്.

നഗര സംസ്‌കാരത്തിനു നേരെ പുറം തിരിഞ്ഞു നിൽക്കുകയും ഗ്രാമ സംസ്‌കാരത്തോട് ഏറെ അടുപ്പം പുലർത്തുകയും ചെയ്യുന്ന ഒരു തനി ഗ്രാമീണ മനസ്സ് താങ്കളുടെ കഥകളിൽ പ്രതിഫലിച്ചു കാണാം. എന്താണ് ഈ ഒരു ആഭിമുഖ്യത്തിനു കാരണം?
പുതിയ കാലത്ത് ഗ്രാമങ്ങൾ ഇല്ലാതാകുന്നതിന്റെ വേവലാതി പല കഥകളിലും ഞാൻ പങ്കുവെക്കുന്നുണ്ട്. ഗ്രാമങ്ങൾ ഇല്ലാതാകുമ്പോൾ ഒപ്പം ഇല്ലാതാകുന്നത് അതിന്റെ നൈർമല്യവും നൻമയും നിഷ്‌കളങ്കതയും കൂടിയാണ്. ഗ്രാമം-നഗരം എന്നിവയുടെ വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം നഗര സംസ്‌കാരത്തിന്റെ ആസുരത നമ്മെ കീഴ്‌പ്പെടുത്തുകയാണ്. നമ്മുടെ ത നതു പാരമ്പര്യവും സംസ്‌കാരവും മുല്യസങ്കൽപങ്ങളും അതിന്റെ ആക്രമണത്തിൽ നിരപ്പാക്കപ്പെടുകയാണ്. വല്ലാതെ മനസ്സിനെ മദിക്കുന്ന കാര്യമായതുകൊണ്ടാവണം അത് കഥകളിലും പ്രതിഫലിക്കുന്നത്.

താങ്കളുടെ കഥകളിലും നോവലുകളിലും ധാരാളം മിത്തുകൾ കടന്നു വരുന്നുണ്ടല്ലോ. ബോധപൂർവം അവ എടുത്തെഴുതുന്നതാണോ? അതോ എഴുത്തിന്റെ പരിണാമ വേളകളിൽ അവ സ്വാഭാവികമായി കടന്നു വരുന്നതാണോ? വർത്തമാനകാല ജീവിതാവസ്ഥയിൽ മിത്തുകളുടെ സാംഗത്യമെന്താണ്?
നൻമ കൊണ്ട് ബലിഷ്ഠമായ ഒരു കാലത്തിന്റെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളാണ് മിത്തുകൾ. അതാതു കാലത്തെ മനുഷ്യ ജീവിതം, സം സ്‌കാരം, പാരമ്പര്യം, മൂല്യസങ്കൽപം എന്നിവയുമായി അവയ്ക്ക് അതിശക്തമായ പൊക്കിൾക്കൊടി ബന്ധമുണ്ട്. എന്റെ കൃതികളിൽ ബോധപൂർവം ത ന്നെയാണ് മിത്തുകൾ ഉപയോഗിക്കുന്നത്. പുതിയ കാലത്തിന്റെ ജീവിത സ ങ്കീർണതകളെ ചോദ്യം ചെയ്യാനോ അല്ലെങ്കിൽ പ്രതിരോധിക്കാനോ ഉള്ള ശ്ര മമെന്ന നിലയിലാണ് മിത്തുകളെ കഥകളിലേക്കു കടമെടുക്കുന്നത്.

പരിഷ്‌കാര ഭ്രമം മൂത്ത് അപരിഷ്‌കൃതരായി തീർന്നുകൊണ്ടിരിക്കുന്ന സമൂഹമാണ് നമ്മുടേത്. നല്ലതെന്തു നൽകിയാലും തിരസ്‌കരിക്കണമെന്ന ഉറച്ച ശാഠ്യമുള്ള അവരിൽ ഇത് അപ്രായോഗികമായ ഒരു പരീക്ഷണമല്ലേ?
അല്ല. ഒരു ഉദാഹരണം കൊണ്ട് ഞാനിതു വ്യക്തമാക്കാം. തോക്ക് എന്നൊരു കഥ ഞാനെഴുതിയിട്ടുണ്ട്. വടക്കേ മലബാറിലെ വയനാട്ടു കുലവൻ തെയ്യത്തിന്റെ നായാട്ടുമായി ബന്ധപ്പെട്ട ഒരു മിത്തിനെ വർത്തമാന കാല യാഥാർഥ്യത്തിലേക്കു പുനഃസൃഷ്ടിച്ചത് വ്യക്തമായ ലക്ഷ്യത്തോടെ തന്നെയായിരുന്നു. വലിയ കാടും അതിൽ നിറയെ മൃഗങ്ങളും ഉണ്ടായിരുന്ന ഒരു കാലത്ത് അവയെ നായാടി കൊണ്ടുവന്ന് ദൈവത്തിനായി 'നേദിക്കുന്ന (ബപ്പിടൽ എന്നാണിതിന് പറയുക) ചടങ്ങിനെ ന്യായീകരിക്കാം. പക്ഷേ, മാറിയ  കാലത്ത് അതിന്റെ സാംഗത്യത്തെ ആ മിത്തിന്റെ ശക്തി കൊണ്ടു ചോദ്യം ചെയ്യാനായിരുന്നു ശ്രമം. മുൻ വനംവകുപ്പു മന്ത്രി ബിനോയ് വിശ്വം ഉൾപ്പെടെ നിരവധി പേർ ആ കഥയ്ക്ക് അനുകൂലമായ പ്രതികരണങ്ങളുമായി രംഗത്തു വന്നു. തെയ്യംകെട്ട് എന്ന ദൈവാരാധനാ ചടങ്ങിനോ അതിന്റെ പാരമ്പര്യ അനുഷ്ഠാനങ്ങൾക്കോ ഞാനെതിരല്ല. പക്ഷേ, അതിന്റെ ഭാഗമായുള്ള അനാചാരങ്ങൾ എതിർക്കപ്പെടേണ്ടതാണ് എന്നാണെന്റെ പക്ഷം. തുടർന്ന് കാഞ്ഞങ്ങാട്ടെ നെയ്തൽ എന്ന പരിസ്ഥിതി സംരക്ഷണ സംഘടന, വയനാട്ടുകുലവൻ തെയ്യത്തിനോട് അനുബന്ധിച്ചുള്ള മൃഗനായാട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതിയിൽ പോയി നേടിയെടുത്തു. കഥയിലൂടെ ഒരു മിത്ത് പുനഃസൃഷ്ടിക്കുക വഴി സമൂഹത്തിൽ ശക്തമായ ഒരു ബോധവത്കരണം സൃഷ്ടിക്കാനുള്ളു എന്റെ ശ്രമം വിജയിക്കുകയായിരുന്നു.

ബേക്കൽ ടൂറിസം വികസന വിരുദ്ധ സമരങ്ങളിലെ ആദ്യകാല സജീവ പങ്കാളിയായിരുന്നു താങ്കൾ. ഒരിടയ്ക്ക് സമരം പരാജയപ്പെട്ടു എന്നു താങ്കൾ തുറന്നു പറഞ്ഞിട്ടുമുണ്ട്. എങ്കിലും ആ പശ്ചാത്തലത്തിലാണ് താങ്കൾ ആദ്യ നോവലെഴുതുന്നത്-മരക്കാപ്പിലെ തെയ്യങ്ങൾ. പരാജയപ്പെട്ട ഒരു സംരംഭം നോവലിന് വിഷയമാക്കിയത് ശരിയാണോ?
ശരിയാണ് എന്നാണെന്റെ ഉറച്ച വിശ്വാസം. ടൂറിസത്തിനെതിരെയുള്ള ജനമുന്നേറ്റത്തെ സർക്കാർ അതിന്റെ ഭരണ യന്ത്ര ശൗര്യം കൊണ്ട് പരാജയപ്പെടുത്തിയെങ്കിലും നോവലിലൂടെ ഞാൻ ഉന്നയിച്ച ചോദ്യങ്ങളും സംശയങ്ങളും ഇന്നും പ്രസക്തമാണ്. നമ്മുടെ ജീവിതം, പാരമ്പര്യം, സ്വത്വം, സംസ്‌കാരം, സ്വാതന്ത്ര്യം എന്നിവയുടെ മേലുള്ള ആസൂത്രിതമായ കടന്നു കയറ്റമാ ണ് ആധുനിക കാലത്തെ ടൂറിസം ലക്ഷ്യമിടുന്നത്. ടൂറിസം കൊണ്ടുവരുമെ ന്നു വിശ്വസിക്കുന്ന വമ്പിച്ച വിദേശ നാണയത്തിന്റെ മോഹവലയിൽ പെട്ട് ന മ്മുടെ ഭരണാധികാരികളുടെ കണ്ണുകൾ മഞ്ഞളിച്ചു പോയിരിക്കുന്നു. അതുണ്ടാക്കുന്ന ഭീകരമായ പാർശ്വഫലങ്ങളെ കുറിച്ച് അവർ ചിന്തിക്കുന്നതേയില്ല. മൂന്നാം ലോകരാജ്യങ്ങളെ ഒരു രണ്ടാം കോളനി വാഴ്ചയുടെ ഇരകളാക്കിത്തീർക്കുക എന്ന ഉദ്ദേശ്യത്തോടെ സാമ്രാജ്യത്വ രാജ്യങ്ങൾ ഒരുക്കുന്ന കെണിയാണ് ആധുനിക കാലത്തെ ടൂറിസം. 
    
ടൂറിസത്തെ കുറിച്ച് നോവലിൽ താങ്കൾ ഉയർത്തിക്കൊണ്ടു വരുന്ന ആശങ്കകൾ ഇവിടെ യാഥാർഥ്യമാകുമെന്ന് ഭയക്കുന്നു?
തീർച്ചയായും. വർഷങ്ങൾക്ക് മുമ്പ് നോവലിൽ ഞാൻ ചൂണ്ടിക്കാണ്ടിയ വിപത്തുകൾ ഇന്ന് ബേക്കൽ പ്രദേശത്ത് ഒന്നൊന്നായി തലപൊക്കി തുടങ്ങിയിട്ടുണ്ട്. വിദേശികൾക്കായി പണിത റിസോർട്ടുകളിലും മറ്റും വെള്ളം സുലഭമായി ലഭിക്കുമ്പോൾ ചുറ്റുമുള്ള തദ്ദേശവാസികൾക്ക് കുടി വെള്ളം പോലും കിട്ടാക്കനിയാവുയാണ്. ഒരിടയ്ക്ക് സർക്കാർ ബേക്കൽ കോട്ട കാണാനെത്തുന്ന നാട്ടുകാർക്ക് പ്രവേശന ഫീസ് വരെ ഏർപ്പെടുത്തി. വിദേശികൾക്ക് അത് സൗജന്യം. വിദേശികൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ കടൽ തീരത്ത് പലയിടങ്ങളിലും നാട്ടുകാർക്ക് പ്രവേശനം പോലും നിഷേധിച്ചു. ടൂറിസത്തിന്റെ പ്രായോജകർ പരിസരങ്ങളിലെ ഭൂമി വില കൃത്രിമമായി ഉയർത്തി. സാധാരണക്കാർക്ക് ഒരു തുണ്ടുഭൂമി പോലും വാങ്ങാൻ കഴിയാതായി. എന്നാൽ പുറ മെ നിന്നും വരുന്നവർ വലിയ വിലകൊടുത്ത് ഭൂമി വാങ്ങി ടൂറിസം ആവശ്യങ്ങൾക്കായി പദ്ധതികൾ ഒരുക്കുന്നു. അന്യവത്കരണത്തിന്റെ കുത്തൊഴുക്കിൽ പാരമ്പര്യത്തിന്റെ വേരുകളറ്റ് പകച്ചു നിൽക്കുകയാണ് തദ്ദേശവാസികൾ. ജനിച്ചു-ജീവിച്ച മണ്ണിൽ അവർ അന്യരായിത്തീർന്നു. നിലവിൽ ഇവിടെ നിലനിൽക്കുന്ന നിയമങ്ങളെ വെല്ലുവിളിച്ച് വിദേശികൾ കടൽ തീരത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിനു തന്നെ അപമാനമുണ്ടാക്കുന്നതാണ്. ടൂറിസം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിദേശ വരുമാനത്തിന്റെ അനന്ത സാധ്യതകളിൽ അന്ധരായിപ്പോയ ഇവിടു ത്തെ ഭരണാധികാരികളും രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും അതു നൽ കുന്ന ദുരന്തങ്ങളുടെ ആഴം ഇനിയും അറിഞ്ഞിട്ടില്ല; അതോ അറിഞ്ഞിട്ടും അറിയാത്തതുപോലെ നടിക്കുകയാണോ?  

താങ്കളുടെ എഴുത്തു ജീവിതത്തിലെ 'മാസ്റ്റർ പീസ്' ആണ് 'എൻമകജെ' എന്ന നോവൽ. എൻഡോസൾഫാൻ കീടനാശിനി കേരളത്തിൽ നിരോധിക്കുന്നതിന് സർക്കാരുകളെ സമ്മർദ്ദത്തിലാക്കിയ പ്രധാന കാരണങ്ങളിൽ ഒന്ന് ആ കൃതിയാണ്. ആ നോവലിന്റെ പിറവിക്ക് പിന്നിലെ പ്രചോദനം എന്തായിരുന്നു?
എൻഡോസൾഫാൻ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് ഒരു ദശകക്കാലത്തിലേറെ ദുരിത ബാധിത പ്രദേശങ്ങളിലൂടെ നിരവധി തവണ സഞ്ചരിച്ച ആളാണ് ഞാൻ. എൻമകജെ എന്ന പ്രദേശത്തിന്റെ മുക്കും മൂലയും എനിക്ക് ഹൃദിസ്ഥമാണ്. എൻഡോസൾഫാൻ മണ്ണിലും മനുഷ്യരിലും ഏൽപിച്ച ദുരിതവും ദുരന്തവും നേരിൽ കണ്ട് പലപ്പോഴും മനസ്സു മടുത്തു പോയിട്ടുണ്ട്. അന്നുമിന്നും അതെന്നെ വല്ലാതെ ഹോണ്ട് ചെയ്യുന്ന കാര്യമാണ്. ഹതഭാഗ്യരായ ആ മനുഷ്യ ജൻമങ്ങളുടെ അഭിശപ്ത ജീവിതം മുൻനിർത്തി എഴുതണമെന്ന് പലരും നിർബന്ധിച്ചപ്പോഴും പഞ്ചുരുളി, രാത്രി മുതൽ രാത്രി വരെ എന്നീ രണ്ടു കഥകൾ മാത്രമെഴുതി ഞാൻ മിണ്ടാതിരുന്നു. ആ ദുരന്തത്തെ കുറിച്ച് ഒരു നോവൽ എഴുതില്ലെന്ന് മനസ്സിൽ ഞാൻ ഉറപ്പിച്ചിരുന്നു. കാരണം ഭാഷയുടെ എല്ലാ സാധ്യതകളും എടുത്തുപയോഗിച്ച് എഴുതിയാലും ഫലിപ്പിക്കാൻ കഴിയാത്ത വിധം അത്ര വിചിത്രവും ദയനീയവുമാണ് അവരനുഭവിച്ച ദുരിതങ്ങൾ. മറ്റൊന്ന് ആ ദുരന്തങ്ങളുടെ പരിസരത്തു നിന്നുകൊണ്ട് ഒരു നോവൽ രചന നടത്തുമ്പോൾ ആ മനുഷ്യർ അനുഭവിച്ച ദുരിതങ്ങളുടെ എല്ലാ സൂക്ഷ്മാംശങ്ങളിലേക്കും ഞാൻ കടന്നു ചെല്ലേണ്ടതുണ്ട്. ആ ഓർമകൾ ഒരിക്കൽ കൂടി താങ്ങാൻ എന്റെ മനസിനും ശരീരത്തിനും കെൽപുണ്ടാകുമോ എന്നു ഞാൻ ഭയന്നു. ഒരു മൂന്നു-മൂന്നര കൊല്ലക്കാലം പ്രലോഭനങ്ങൾ ഏറെയുണ്ടായിട്ടും നോവലെഴുതാതെ ഞാൻ പിടിച്ചു നിന്നു.
അങ്ങനെയിരിക്കേയാണ് സംവിധായകൻ രഞ്ചിത്തുമായി കയ്യൊപ്പ് സി നിമയുടെ തിരക്കഥാ ചർച്ച കഴിഞ്ഞ് ഞാൻ ട്രെയിനിൽ മടങ്ങുന്നത്. മിക്കവാ റും ആളൊഴിഞ്ഞ കമ്പാർട്ടുമെന്റ്. ഒരു മൂലയിൽ ഞാൻ തനിച്ച്. വല്ലാത്ത ഒരേകാന്തത എന്നെ വന്നു പൊതിഞ്ഞു. അപ്പോൾ വളരെ യാദൃഛികമായി എൻഡോസൾഫാന്റെ ദുരിതം പേറുന്ന മനുഷ്യരെ കുറിച്ചുള്ള ഓർമകൾ മനസ്സിൽ കയറി വന്ന് എന്നെ വീർപ്പുമുട്ടിക്കാൻ തുടങ്ങി. അന്നു തീയതി 23.07.2006. എഴുതാതിരിക്കാനാവില്ല എന്ന നിലയിൽ മനസ്സ് വിങ്ങിപ്പൊട്ടിയപ്പോൾ ആ തീവണ്ടി മുറിയിൽ വെച്ച് എൻമകജെ ഞാൻ എഴുതിത്തുടങ്ങി. ഞാ നിന്നും വിശ്വസിക്കുന്നു, ഇതൊരു നിയോഗമാണ്. എത്ര വാശി പിടിച്ചിരുന്നാ ലും എനിക്കാ നോവൽ എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല.

എൻഡോസൾഫാൻ എന്ന ജീവനാശിനിക്ക് എതിരെയുള്ള ബഹുജനങ്ങളുടെ ശക്തമായ ചെറുത്തു നിൽപിന്റെ കഥ കൂടിയാണ് എൻമകജെ പറയുന്നത്. തുടർന്ന് ഈ കീടനാശിനി ഇവിടെ നിരോധിച്ചു. ലക്ഷ്യം വെച്ച വിജയം സമരം കൊണ്ട് നേടിയെടുക്കാൻ കഴിഞ്ഞോ?
എൻഡോസൾഫാൻ ഇവിടെ നിരോധിച്ചു എന്നത് സമരത്തിന്റെ വിജ യം തന്നെയാണ്. പക്ഷേ, അതു മാത്രമായിരുന്നില്ല സമരത്തിന്റെ ലക്ഷ്യം. ആ അർഥത്തിൽ സമരം ഇപ്പോഴും വിജയിച്ചിട്ടില്ല. ഈ കീടനാശിനിയുടെ ദുരന്തത്തിന്റെ ഇരകൾക്കും ബന്ധുക്കൾക്കും അവരർഹിക്കുന്ന നഷ്ടപരിഹാരം നേടിക്കൊടുക്കേണ്ടതുണ്ട്. സർക്കാരുകൾ പല കാലങ്ങളിലായി പ്രഖ്യാപിച്ച നഷ്ടപരിഹാരങ്ങളൊക്കെ തീർത്തും അപര്യാപ്തമാണ്. പ്രഖ്യാപനങ്ങൾ പ ലപ്പോഴും പാലിക്കപ്പെടാതെ പോവുകയാണ്. ഹിരോഷിമയിൽ ആറ്റംബോംബിട്ടത് ശത്രരാജ്യമായ അമേരിക്കയാണെങ്കിൽ ഇവിടെ എൻഡോസൾഫാൻ എന്ന ആറ്റംബോംബ് മൂന്നു പതിറ്റാണ്ടുകളോളം തുടരെ വർഷിച്ചത് നമ്മൾ തന്നെ തെരഞ്ഞെടുത്ത സർക്കാരുകളാണ്; അഥവാ അവരുടെ കീഴിലെ പ്ലാന്റേഷൻ കോർപറേഷനാണ്. അതുകൊണ്ടു തന്നെ അതിന്റെ ഇരകളെ മാന്യമായി പരിഗണിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണേണ്ട ഉത്തരവാദിത്തവും സർക്കാരിനാണ്. അത് പൂർണമായും നേടിയെടുക്കും വരെ സമരം തുടരേണ്ടതുണ്ട്.

അധികാര വർഗത്തിന്റെ അധീശത്വത്തെ ചോദ്യം ചെയ്യുന്ന രീതിയാണ് താങ്കളെഴുതിയ മരക്കാപ്പിലെ തെയ്യങ്ങൾ, എൻമകജെ എന്നീ നോവലുകൾ മുന്നോട്ടു വെക്കുന്നത്. അധികാരം കൈയാളുന്ന രാഷ്ട്രീയ പാർട്ടികളിൽ വിശ്വാസം നഷ്ടപ്പെട്ട ഒരു അരാഷ്ട്രീയ വാദിയാണോ താങ്കൾ?
ഇല്ല. ദുരന്തങ്ങൾക്ക് ഇരയായി തീരുന്നവർക്കൊപ്പം നിൽക്കുക എന്ന വ്യക്തമായ രാഷ്ട്രീയ ബോധമാണ് എനിക്കുള്ളത്. ഇരകൾക്കൊപ്പമാണ് എന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുകയും ഫലത്തിൽ വേട്ടക്കാർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളാണ് വർത്തമാന കാലത്തെ യഥാർഥ അരാഷ്ട്രീയ വാദികൾ.