Sunday , November   18, 2018
Sunday , November   18, 2018

സൗദി ഉദ്യോഗാർഥികളുടെ എണ്ണത്തിൽ വർധന 

തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ തുടരുന്നു

റിയാദ് - ഈ വർഷം രണ്ടാം പാദത്തിൽ സൗദി ഉദ്യോഗാർഥികളുടെ എണ്ണത്തിൽ 46,639 പേരുടെ വർധന രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. ആദ്യ പാദത്തിൽ ഉദ്യോഗാർഥികൾ 10,72,162 ആയിരുന്നു. രണ്ടാം പാദത്തിൽ തൊഴിലന്വേഷകരുടെ എണ്ണം 11,18,801 ആയി ഉയർന്നു. തൊഴിലന്വേഷകരിൽ വനിതകളുടെ എണ്ണത്തിലാണ് കൂടുതൽ വർധനവ് രേഖപ്പെടുത്തിയത്. വനിതാ തൊഴിലന്വേഷകരുടെ എണ്ണത്തിൽ 34,238 പേരുടെ വർധനവുണ്ടായി. തൊഴിലന്വേഷകർ മുഴുവൻ തൊഴിൽ രഹിതരായിരിക്കണമെന്നില്ല. ഒരു ജോലിയിൽ തുടർന്നുകൊണ്ട് കൂടുതൽ മികച്ച മറ്റൊരു തൊഴിലിന് ശ്രമിക്കുന്നവരെയും തൊഴിലന്വേഷകരുടെ ഗണത്തിലാണ് ഉൾപ്പെടുത്തുന്നത്. 
സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. ഒന്നാം പാദത്തിലും തൊഴിലില്ലായ്മ നിരക്ക് ഇതു തന്നെയായിരുന്നു. സൗദി പുരുഷന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മാറ്റമില്ലാതെ 7.6 ശതമാനമായി തുടർന്നു. എന്നാൽ സൗദി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിൽ നേരിയ വർധനവ് രേഖപ്പെടുത്തി. രണ്ടാം പാദത്തിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 30.9 ശതമാനത്തിൽ നിന്ന് 31.1 ശതമാനമായാണ് വർധിച്ചത്. സൗദികളും വിദേശികളും അടക്കം രാജ്യത്തെ മൊത്തം ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിൽ നിന്ന്  ആറു ശതമാനമായി കുറഞ്ഞു. രാജ്യത്തെ ആകെ ജീവനക്കാരുടെ എണ്ണം 1,30,18,066 ആയി കുറഞ്ഞു. ആദ്യ പാദത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ആകെ ജീവനക്കാർ 1,33,33,513 ആയിരുന്നു. രണ്ടാം പാദത്തിൽ ജീവനക്കാരുടെ എണ്ണത്തിൽ 3,15,447 പേരുടെ കുറവാണുണ്ടായത്. സൗദി ജീവനക്കാരുടെ എണ്ണത്തിൽ 25,066 പേരുടെ കുറവുണ്ടായി. ആദ്യ പാദത്തിൽ സൗദി ജീവനക്കാർ 31,50,409 ആയിരുന്നു. രണ്ടാം പാദത്തിൽ സൗദി ജീവനക്കാരുടെ എണ്ണം 31,25,343 ആയി കുറഞ്ഞു. സൗദി പുരുഷ ജീവനക്കാരുടെ എണ്ണത്തിൽ 14,787 പേരുടെയും വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 10,279 പേരുടെയും കുറവുണ്ടായി.