Monday , March   18, 2019
Monday , March   18, 2019

ശബരിമല മന്ദിർ വിവാദം ബി ജെ പി തെക്കേ ഇന്ത്യയിൽ ചുവടുറപ്പിക്കാനുളള പിടിവള്ളിയാക്കുന്നു 

കോട്ടയം - ഇനിയും വഴങ്ങാത്ത തെക്കേ ഇന്ത്യയിൽ ചുവടുറപ്പിക്കാനുളള പിടിവള്ളിയായി ശബരിമല മന്ദിർ വിവാദത്തെ ബിജെപിയും സംഘപരിവാറും മാറ്റുന്നു.  സുപീംകോടതി വിധി വന്ന ആദ്യ ദിനങ്ങളിൽ  നിശ്ശബ്ദത പാലിച്ച ബിജെപിയും സംഘപരിവാറും വളരെ വേഗം നിലപാട് മാറ്റിയത് മന്ദിറിൽ പ്രതീക്ഷ വളർന്നതിലാണ്. അയോധ്യ പോലെ അയ്യപ്പ മന്ദിർ. സുപ്രീം കോടതി വിധി വന്നപ്പോൾ അതിനെ പരസ്യമായി അനുകൂലിച്ച ആർഎസ്എസ് ഇന്നലെ നിലപാട് മാറ്റിയത് ഇതിന്റെ സാധ്യത മുന്നിൽ കണ്ടതോടെയാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ പൂർണമായും ശബരിമലയിൽ കേന്ദ്രീകരിച്ചതോടെ സംഘ്പരിവാർ വിഷയം കൈയിലെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് ആർഎസുംഎസും കേരളത്തിലെ മുഖപത്രത്തിലും ആദ്യം സ്വീകരിച്ചത്. സ്ത്രീപ്രവേശത്തെ അനുകൂലിച്ചുളള ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. എന്നാൽ നായർ സർവീസ് സൊസൈറ്റി വിധിക്കെതിരെ രംഗത്ത് വന്നത് ബിജെപിയും ആർഎസ്എസിനെയും വെട്ടിലാക്കി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും വിധിക്കെതിരെ റിവിഷൻ ഹരജി നൽകുമെന്നും എൻഎസ്എസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. ശബരിമല പ്രശ്‌നത്തിലെ എൻഎസ്എസിന്റെ കടുത്ത നിലപാട് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രത്യേകിച്ച് പി.എസ് ശ്രീധരൻ പിളള എന്ന സംസ്ഥാന അധ്യക്ഷനെ പ്രതിസന്ധിയിലാക്കി. എസ്എൻഡിപിയുടെ രാഷ്ട്രീയ സംഘടനയായ ബിഡിജെഎസുമായുളള ബന്ധം ഇണക്കവും പിണക്കവുമായി കഴിയുന്നതിനിടെയാണ് ഏറെ നാളായി ബിജെപി ലക്ഷ്യം വെയ്ക്കുന്ന എൻഎസ്എസ് വിശ്വാസി സമൂഹത്തിനൊപ്പമെന്ന പരസ്യ നിലപാട് എടുത്തത്. 
ഇതിനൊപ്പം പന്തളം കൊട്ടാരവും ശബരിമല തന്ത്രിയും വിധിക്കെതിരെ അണിനിരന്നതോടെ അതിലെ രാഷ്ട്രീയം ബിജെപി തിരിച്ചറിഞ്ഞു. ഈ നീക്കം കോൺഗ്രസ് മുതലെടുക്കുമോ എന്ന ആശങ്ക ബലപ്പെട്ടു. എൻഎസ്എസുമായി അടുത്ത ബന്ധമുളള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിധിയെ വിമർശിക്കുകയും  ചെയ്തു. ഇതോടെയാണ് ബിജെപി സംസ്ഥാന നേതൃത്വം വിഷയം മുറുകെ പിടിക്കുന്നത്. അപ്പോഴും കേന്ദ്ര നേതാക്കൾ സുപ്രീം കോടതി വിധിയെ പരസ്യമായി അനുകൂലിക്കുകയും ചെയ്തു. സുബ്രഹ്മണ്യം സ്വാമിയും അരുൺ ജെയ്റ്റ്‌ലിയും വിധിയെ അനുകൂലിച്ചുളള പരാമർശങ്ങൾ തുടരുമ്പോഴും ബിജെപിയും സംഘപരിവാറും കേരളത്തിൽ മറിച്ചുളള നിലപാട് പരസ്യമായി തന്നെ എടുത്തു. 
എന്നാൽ പന്തളത്ത് നടത്തിയ ആദ്യ പ്രതിഷേധ സംഗമത്തിൽ സ്ത്രീകൾ ഉൾപ്പെടെ അണിനിരന്നതോടെ ബിജെപിക്ക് പ്രതീക്ഷ വളർന്നു. തുടർന്ന് ബിജെപി തന്നെ മുൻകൈ എടുത്ത് പ്രാർഥനാ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. സംഘ്പരിവാർ നേതൃത്വത്തിൽ അയ്യപ്പധർമ സമിതിക്ക് രൂപം നൽകി. അപ്പോഴും ആർഎസ്എസ് ദേശീയ നേതൃത്വം തണുപ്പൻ മട്ടിലായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായുളള പ്രതിഷേധവും നിലയ്ക്കൽ സമരവും പ്രശ്‌നത്തെ ദേശീയ വിഷയമാക്കിയതോടെ ആർഎസ്എസ് നിലപാട് മാറ്റി. അയോധ്യ ക്ഷേത്ര നിർമിതിക്കായി നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ശബരിമലയിൽ കോടികണക്കിനായ വിശ്വാസികളുടെയും മതമേധാവികളുടെയും നിർദേശം പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് തുറന്നടിച്ചു. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ വിജയദശമി ആഘോഷ ചടങ്ങിലാണ് അയോധ്യയും ശബരിമലയെയും പരാമർശിച്ച് സംസാരിച്ചത്. ഇതോടെ ആർഎസ്എസ് ലക്ഷ്യം വ്യക്തമായി. പ്രതിവർഷം അഞ്ചുകോടിയോളം ജനങ്ങൾ എത്തുന്ന ശബരിമല വിഷയം ഏറ്റെടുത്താൽ ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവടങ്ങളിൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇതാണ് ആർഎസ്എസിനെ വിഷയം ഗൗരവമായി എടുക്കാൻ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. 

Latest News