Monday , March   18, 2019
Monday , March   18, 2019

ചാരുകസേരയിലിരുന്നാല്‍ മതി; മനക്ലേശവും മൂഡും സെന്‍സര്‍ പറയും

ടോക്കിയോയിൽ ആരംഭിച്ച ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക പ്രദർശനത്തിൽ സെൻസറുകൾ ഘടിപ്പിച്ച കസേരിയിലിരുത്തി ഒരാളുടെ മാനസിക പിരിമുറക്കം വിലയിരുത്തുന്നു.
വളർത്തുമൃഗങ്ങളുടെ മൂത്രത്തിന്റെ തോതും ഇടവേളകളും പരിശോധിക്കാൻ കഴിയുന്ന ക്യാറ്റ് ട്രേ ഷാർപ്പ് ജീവനക്കാരൻ പ്രദർശിപ്പിക്കുന്നു.

മാനസിക പിരിമുറുക്കം മുതൽ വാസന വരെ അളക്കുന്നതിന് കൊച്ചു സെൻസറുകൾ 

ആളുകളുടെ മാനസിക പിരുമുറുക്കം അളക്കാനും പരിഹരിക്കാനും ഇനി സാങ്കേതിക വിദ്യയുടെ സഹായം. ഈ പരിശോധനക്കാവശ്യമായ സെൻസറുകളാണ് ഇക്കുറി ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ ആരംഭിച്ച ഏറ്റവും വലിയ ഹൈ ടെക് പ്രദർശന മേളയുടെ സവിശേഷത. വലിയ സ്‌ക്രീനുള്ള ടി.വികളും എന്റർടെയിൻമെന്റ് സിസ്റ്റങ്ങളുമായിരുന്നു ഇത്തരം പ്രദർശനങ്ങളുടെ പ്രത്യേകതയെങ്കിൽ ഇപ്പോൾ ഏറ്റവും ചെറുതും വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതുമായ സെൻസറുകളും നിർമിത ബുദ്ധിയുമാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഇത്തവണ സീടെക്  ഫെയറിൽ (കമ്പയിന്റ് എക്‌സിബിഷൻ ഓഫ് അഡ്വാൻസ്ഡ് ടെക്‌നോളജീസ്) ഇലക്ട്രോണിക് രംഗത്തെ വൻകിട സ്ഥാപനമായ പാനസോണിക് പ്രദർശിപ്പിച്ച ചാരുകസേര മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ ചലനങ്ങൾ പോലും അളക്കാൻ ശേഷിയുള്ളതാണ്. കൈത്താങ്ങുള്ള കസേരയിൽ ഇരിക്കുന്നയാളുടെ കൈയിലെ വിയർപ്പ്, ഇരിക്കുന്ന രീതി, ക്യാമറയിൽ പതിയുന്ന മുഖത്തിന്റെ ഭാവങ്ങൾ എന്നിവ പരിശോധിച്ച് മാനസിക സമ്മർദം അല്ലെങ്കിൽ പിരിമുറുക്കത്തിന്റെ തോത് നിശ്ചയിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിമാനത്തിന്റെ പൈലറ്റിനും ദീർഘദൂര ട്രക്ക് ഡ്രൈവർക്കും മാത്രമല്ല, നമ്മുടെ ഓരോരുത്തരുടേയും ജോലിസ്ഥലത്തേക്ക് ഈ ചാരുകസേര എത്തിപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. 
ഓഫീസിൽ ഇത്തരമൊരു കസേര ഭാവനയിൽ കാണാം. ഇതിലെ പരിശോധന ഫലവും മുറിയിലെ എയർ കണ്ടീഷനിംഗ് തോത്, വെളിച്ചം എന്നിവയും കൂടി കണക്കിലെടുത്ത് ജീവനക്കാരന് റിലാക്‌സ് ആവശ്യമാണെങ്കിൽ നിർദേശിക്കാൻ ഇതുവഴി സാധിക്കുമെന്ന് പാനസോണിക് വക്താവ് പറഞ്ഞു. തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഒരു മിനിറ്റ് നേരം പിടിച്ചാൽ പൾസ് റ്റേറ്റും നാഡിവ്യവസ്ഥയുടെ പ്രവർത്തനവും മനസ്സിലാക്കാനുതകുന്ന ഒരു ചെറു ഉപകരണത്തിൽനിന്നാണ് ഈ പുരോഗതി.  ഇലക്‌ട്രോണിക് ഭാഗങ്ങൾ നിർമിക്കുന്ന മുറാത്ത മാനുഫാക്ചറിംഗ് ഇത്തരമൊരു സെൻസറിംഗ് ഡിവൈസ് വിപണിയിൽ ഇറക്കാൻ ഒരുങ്ങുകയാണ്. 
ജീവനക്കാർ എത്രമാത്രം മാനിസിക ക്ലേശം അനുഭവിക്കുന്നുണ്ടെന്ന് അറിയാവുന്ന സംവിധാനം ഉടൻ തന്നെ കമ്പനികൾക്ക് ലഭ്യമാക്കും. ട്രാൻസ്‌പോർട്ട്, ടാക്‌സി കമ്പനികൾ അതീവ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വക്താവ് ടകാഷി ഹയാഷിദ പറയുന്നു. 
ജീവനക്കാരുടെ ഇരുത്തവും ഉൽപാദന ക്ഷമതയും മെച്ചപ്പെടുത്താൻ സ്ഥിരം നിരീക്ഷണം നടത്തുന്ന സെൻസറുകളിലൂടെ സാധിക്കുമെന്ന് ജാപ്പനീസ് ഇലക്ട്രോണിക് കമ്പനിയായ ടി.ഡി.കെ അറിയിച്ചു. ജിംനാസ്റ്റുകളുടെ പ്രകടനം മെച്ചപ്പെടുത്താനുതകുന്ന ഉപകരണമാണ് ഫുജിറ്റ്‌സും വികസിപ്പിച്ചിരിക്കുന്നത്. സെൻസറുകളെ അടിസ്ഥാനമാക്കിയുള്ള ത്രിഡി അനലിറ്റിക്കൽ ഉപകരണമാണിത്.
ജനങ്ങളുടെ പ്രത്യേകിച്ച്, വയോജനങ്ങളുടെ ആരോഗ്യ പരിചരണം ഉറപ്പാക്കാനുതകുന്ന മറ്റൊരു ഉപകരണവും സെൻസറുകൾ അടിസ്ഥാനമാക്കിയാണ്. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് 28 ശതമാനം ജപ്പാൻ ജനത. 


പല്ലുകളെ കുറിച്ച് ആശങ്കയുള്ള രോഗികൾക്ക് തങ്ങളുടെ ചിരിക്കുന്ന ചിത്രം സ്മാർട്ട് ഫോണിലെടുത്ത് അയച്ചുകൊടുത്താൽ ദന്തപരിപാലനം സംബന്ധിച്ച റിപ്പോർട്ട് സെർവറിൽനിന്ന് തിരികെ ലഭിക്കുന്ന ഉപകരണമാണ് ഹൈജീൻ സ്ഥാപനമായ ലിയോൺ വികസിപ്പിച്ചിരിക്കുന്നത്. 
ബാത്ത്ടബിൽ കുളിക്കുന്നതനിടെ, പൊടുന്നനെയുള്ള മരണം തടയാനുതകുന്ന സെൻസറാണ് ഹൗസിംഗ് എക്യുപ്‌മെന്റ് സ്ഥാപനമായ ലിക്‌സിൽ അവതരിപ്പിച്ചത്. ജലത്തിന്റെ താപനിലയും പൾസും ശരീരത്തിന്റെ താപനിലയുമൊക്കെയണ് ഇത് വിലയിരുത്തുക. ജപ്പാനിൽ വർഷം തോറും 5000 ലേറെ പേർ കുളിക്കുന്നതിനിടയിൽ മരിക്കുമ്പോൾ അതിൽ 90 ശതമാനവും 65 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരാണ്. 
കിന്റർഗാർട്ടനുകളിലും ക്രഷെകളിലും അനുഭവപ്പെടുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാനുതകുന്നതാണ് സെൻസർ അടിസ്ഥാനമാക്കിയുള്ള മറ്റൊരു കണ്ടുപിടിത്തം. ജപ്പാനിലെ ന്യൂ എനർജി ആന്റ് ഇൻഡ്രസ്ട്രിയൽ ടെക്‌നോളജി ഡെവലപ്‌മെന്റെ ഓർഗനൈസൈഷൻ വികസിപ്പിച്ച സംവിധാനം കിന്റർഗാർട്ടനുകളിലെ പല സേവനങ്ങൾക്കും ഉപയോഗപ്പെടുത്താം. ഇതൊരു കട്ടിലിൽ വെച്ചാൽ കുട്ടിയുടെ വിവരങ്ങൾ കംപ്യൂട്ടറിൽ അപ് ലോഡ് ചെയ്യും. 
ക്രഷെകളിൽ ജീവനക്കാർ കുറഞ്ഞാൽ കുഞ്ഞുങ്ങളെ നോക്കുന്നതിന്റെ ഒരു ഭാഗം ഈ സംവിധാനം ഏറ്റെടുത്തോളും. മനുഷ്യ ശരീരത്തിലെ ഗന്ധത്തിന്റെ തോത് കണ്ടെത്താനും സെൻസറുകൾ വികസിപ്പിച്ചിട്ടുണ്ട്. മാനസിക പിരിമുറക്കമുള്ള ഒരാളുടെ ഗന്ധം ഉള്ളി ഗന്ധത്തിനു സമാനമാണെന്നാണ് പഠനം. എക്‌സിബിഷനിൽ പരിചയപ്പെടുത്തിയ സെൻസറുകൾ മനുഷ്യരുടെ ഗന്ധം അളക്കാൻ മാത്രമുള്ളതല്ല. വളർത്തുമൃഗങ്ങളുടെ മൂത്രത്തിന്റെ തോതും ഇടവേളകളും നിരീക്ഷിക്കാനുള്ള കാറ്റ് േ്രട വികസിപ്പിച്ചിരിക്കുന്നത് ഷാർപ്പ് കമ്പനിയാണ്. 

 

 

 

Latest News