Wednesday , January   16, 2019
Wednesday , January   16, 2019

ഖദീജ ജാൻകീസ് ഒളിച്ചുവെക്കുന്ന രഹസ്യങ്ങൾ

ജമാൽ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ ഫലം പുറത്തു വരുന്നത് നാം കാത്തിരിക്കുകയാണ്. ഇതിനിടെ വാഷിംഗ്ടൺ പോസ്റ്റിൽ ജമാൽ ഖശോഗിയുടെ സഹപ്രവർത്തകയും ജമാൽ ഖശോഗി ലേഖനങ്ങളെഴുതിയിരുന്ന പേജിന്റെ എഡിറ്ററുമായ, നൈജീരിയൻ വംശജയായ കാതറീൻ അതിയ്യയുടെ പത്തിലധികം ടി.വി അഭിമുഖങ്ങൾ ചിത്രീകരിച്ച കാര്യം എന്റെ ശ്രദ്ധയാകർഷിച്ചു. ഖശോഗിയുടെ തിരോധാനം കൈകാര്യം ചെയ്ത അഭിമുഖങ്ങളിൽ ചില അട്ടഹാസങ്ങളും കരച്ചിലുകളും നല്ല സംസാരങ്ങളും യുക്തിക്ക് നിരക്കാത്ത സംസാരങ്ങളും കേൾക്കാനായി. എന്നാൽ ഖശോഗി പ്രശ്‌നത്തിലെ ഒന്നാം നമ്പറുകാരിയായ ഖദീജ ജാൻകീസിനെ ഒരിക്കൽ പോലും അഭിമുഖങ്ങളിൽ കാണാൻ കഴിഞ്ഞില്ല. ഒരു ടി.വി അഭിമുഖത്തിൽ പോലും ഖദീജ പ്രത്യക്ഷപ്പെട്ടിട്ടില്ല. പ്രാദേശിക, അന്താരാഷ്ട്ര മാധ്യമങ്ങളും ചാനലുകളും ഇവർക്കു മുന്നിൽ എത്ര വലിയ ഓഫറുകൾ വെച്ചിട്ടുണ്ടാകാമെന്ന കാര്യം സങ്കൽപിക്കാവുന്നതാണ്.
ടി.വി അഭിമുഖങ്ങളിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടതിലൂടെ കാതറിൻ അതിയ്യയും ഒരു ചെറിയ സമ്പാദ്യമുണ്ടാക്കിയിട്ടുണ്ടാകും. എങ്കിൽ എന്തുകൊണ്ട് ഖദീജ ജാൻകീസ് ഈ ഓഫറുകൾ നിഷേധിക്കുന്നു. ഔദ്യോഗിക ചാനലുകൾ വഴി തന്റെ പ്രതിശ്രുത വരന്റെ കേസിൽ സത്യം തുറന്നുപറയുന്നതിന് എന്തുകൊണ്ട് അവർ വിസമ്മതിക്കുന്നു. 
അൽപ കാലം മുമ്പ് ഡോക്ടറാണെന്ന് സ്വയം അവകാശപ്പെട്ട കുവൈത്തി വനിതയെ ടി.വി അഭിമുഖത്തിലേക്ക് ക്ഷണിച്ചിരുന്നു. വസ്ത്രങ്ങളെയും മേയ്ക്ക്അപ്പിനെയും കുറിച്ച ചോദ്യങ്ങൾക്ക് വലിയ പരിചയ സമ്പത്തുള്ളവരെ പോലെ ഒഴുക്കോടെ അവർ മറുപടികൾ നൽകി. എന്നാൽ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുന്നിൽ അവർ പതറി. മാധ്യമങ്ങളിൽ നിന്ന് ഖദീജ ജാൻകീസ് അകന്നുനിൽക്കുന്നത് കാണുമ്പോൾ ഈ സംഭവമാണ് ഓർമ വരുന്നത്. 
പ്രതിശ്രുത വരനായ ജമാൽ ഖശോഗിയുടെ അറുപതാമത് ജന്മദിനാഘോഷത്തിന് താൻ തയാറെടുപ്പുകളെല്ലാം നടത്തിയിരുന്നെന്ന് ഖദീജ വാദിച്ചിരുന്നു. എന്നാൽ ജമാൽ ഖശോഗിയുടെ ജന്മദിന തീയതി തെറ്റായാണ് ഖദീജ വെളിപ്പെടുത്തിയത്. വിക്കിപീഡിയയിലുള്ള തെറ്റായ ജന്മദിന തീയതിയാണ് ഖദീജ ജാൻകീസ് അവലംബിച്ചത്. യഥാർഥ ഗവേഷകരും വിജ്ഞാനദാഹികളും വിക്കിപീഡിയയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കില്ല. കാരണം ഇത്തരം സർവവിജ്ഞാന കോശങ്ങളിൽ സൂക്ഷ്മ പരിശോധനകൾ കൂടാതെ ആർക്കും എന്തും രേഖപ്പെടുത്താൻ കഴിയും. ഇത്തരത്തിലുള്ള തെറ്റായ വിവരമാണ് ഖദീജയെയും അബദ്ധത്തിൽ കൊണ്ടുചെന്നു ചാടിച്ചത്. 
വൈറ്റ് ഹൗസ് സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ക്ഷണിച്ചപ്പോൾ ക്ഷണം സ്വീകരിക്കണമോയെന്ന കാര്യത്തെ കുറിച്ച് ആലോചിക്കുമെന്ന് ഒരു ലേഖനത്തിൽ അവർ പറഞ്ഞു.
 ഇത് ഏറ്റവും വലിയ ആശ്ചര്യമാണ്. ഖശോഗി പ്രശ്‌നത്തിൽ നീതി തേടുന്ന വ്യക്തിയാണെങ്കിൽ എന്തുകൊണ്ട് ആളുകൾക്കു മുന്നിൽ അവർ സംസാരിക്കുന്നില്ല. എന്തുകൊണ്ട് അവർ വൈറ്റ് ഹൗസ് സന്ദർശിക്കാൻ വിസമ്മതിക്കുന്നു? 
സ്വന്തം ഫോട്ടോക്കു പിന്നിൽ മറഞ്ഞിരിക്കുന്ന ഖദീജ ജാൻകീസ് ചോദ്യങ്ങൾ അഭിമുഖീകരിക്കുന്നതിനും മറുപടികൾ നൽകുന്നതിനും ആഗ്രഹിക്കുന്നില്ല. ജമാൽ ഖശോഗിയുടെ മൊബൈൽ ഫോൺ തന്റെ പക്കലാണെന്നും ഇപ്പോഴും അത് തന്റെ പക്കൽ തന്നെയാണെന്നും എങ്ങനെയാണ് അവർ സമ്മതിക്കുന്നത്. ജമാൽ ഖശോഗിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ അവർ കൃത്രിമങ്ങൾ നടത്തുന്നുണ്ടെന്നാണ് തോന്നുന്നത്. അല്ലെങ്കിൽ അക്കൗണ്ടുകളിൽ കൃത്രിമങ്ങൾ നടത്തുന്നവർക്കും തെളിവുകൾ മറച്ചുവെക്കുന്നവർക്കും ഖദീജ കൂട്ടുനിൽക്കുന്നു. എന്തുകൊണ്ട് ഖദീജ ജാൻകീസിനെ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുക്കുകയോ അവരെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയോ ചെയ്യുന്നില്ല? 
ഞാൻ ഖദീജക്കു മേൽ ആരോപണങ്ങൾ ഒന്നും തന്നെ ഉന്നയിക്കുന്നില്ല. എന്നാൽ അവരുടെ എഴുത്തിന്റെ ശൈലി അവർ വാദിക്കുന്നതു പോലുള്ള വികാരങ്ങളിൽ നിന്ന് വിമുക്തമാണ് എന്ന കാര്യം ഉറപ്പാണ്. അവരുടെ ശൈലി പൊതുജന വികാരം ഇളക്കിവിടുന്നതിലും ആളുകളെ കൈയിലെടുക്കുന്നതിലും വിദഗ്ധനായ രാഷ്ട്രീയക്കാരന്റെ ശൈലിയാണ് എന്നതാണ് നേര്. 

(ഉക്കാദ് ദിനപത്രത്തിലെ കോളമിസ്റ്റാണ് ലേഖിക)