Monday , March   18, 2019
Monday , March   18, 2019

അമ്മയുടെ 'മി ടൂ'വും സീറ്റ് വിലയും

ആറ്റം ബോംബിനെപ്പോലെ ഭയപ്പെടേണ്ട ഒരു ആയുധം അടുത്ത കാലത്ത് പുറത്തിറങ്ങിയിട്ടുണ്ട്- 'മി ടൂ'. അതിന്റെ ബട്ടൺ വനിതകളുടെ കൈകളിൽ. ഏതു കൊലകൊമ്പനും വിറയ്ക്കും. ഒരു മേലുദ്യോഗസ്ഥൻ വിരട്ടിയാൽ കീഴാളൻ കുലുങ്ങുകയില്ല. പ്രസ്തുത കീഴാളൻ മീശ പിരിച്ചാലോ? മേലാളിന് മുട്ടുവിറയ്ക്കും. കാരണം താഴേത്തട്ടിലെ യൂനിയൻ ശക്തവും സജീവവുമാണ്. ട്രാൻസ്‌പോർട്ട് കോർപറേഷനെ നഷ്ടത്തിലാക്കാൻ ഈ യൂനിയൻ ഭരണം അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്' അണ്ണാൻ കുഞ്ഞും തന്നാലായത് എന്നു പറഞ്ഞതുപോലെ. ഇത് 21 ാം നൂറ്റാണ്ട്. നൂറ്റാണ്ടിന്റെ മധുരപ്പതിനേഴാം വയസ്സിൽ ഇന്ത്യയിൽ 'മി ടൂ' അവതരിച്ചു. യൂനിയൻ വേണ്ട, ഈ പ്രസ്ഥാനം മതി.  ഐയേയെസ്സും ഐ.പി.എസും നടനും നിർമാതാവും ഡയറക്ടറും കേന്ദ്ര മന്ത്രിയും പത്രാധിപരും എന്നു വേണ്ട, പരേതാത്മാവ് എന്നെന്നുണ്ടെങ്കിൽ അങ്ങോരും വിറയ്ക്കും. നമ്മൾ ഇപ്പോൾ അത്തരമൊരു 'മി ടൂ'വിനെയാണ് കണികണ്ടുണരുന്നത് (കേരളം കണികാണുന്ന നന്മ 'മിൽമ'യായിക്കോട്ടെ!) ലോക വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്ന പത്രങ്ങൾ നോക്കുക- നടിമാരുടെ വെളിപ്പെടുത്തലുകളാണ് നിത്യവും! ഇനിയും ഒത്തിരി കാര്യങ്ങൾ പുറത്തു വരുമെന്ന് ഒരു നടി തുറന്നടിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോകുന്ന ലക്ഷണം കണ്ടു. ശബരിമലയെ പിടിച്ചു നിർത്താം. പെണ്ണെരുമ്പെട്ടാലോ? 
ഈയിടെ മാത്രം കഷ്ടകാലം പിടിച്ച മോഹൻലാൽ 'നടികൾ ഉന്നയിച്ച കാര്യങ്ങൾ' എന്ന് അറിയാതെ പറഞ്ഞുപോയി. പാവത്തിനു പണ്ടേ മലയാളം നല്ല വശമില്ല. അദ്ദേഹം 'വിദ്യാർഥികൾ' എന്നുച്ചരിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ? 'വിദ്യാർഥികൾ' എന്നേ പുറത്തു വരൂ. പക്ഷേ, നടികൾ എന്നു തെറ്റു കൂടാതെ പറഞ്ഞതു പുലിവാലായി! രേവതി, പത്മപ്രിയ തുടങ്ങിയ പേരുകൾ പറഞ്ഞിരുന്നുവെങ്കിൽ മറ്റു സഖിമാർ പിണങ്ങുമായിരുന്നു. കാര്യങ്ങൾ വഷളാകുമെന്നും കൂടുതൽ പുറത്തു വരുമെന്നും കണ്ടതോടെയാണ് മന്ത്രിമാരായ എ.കെ. ബാലനും മെഴ്‌സിക്കുട്ടിയമ്മയും തങ്ങൾ ഇടപെടാൻ മടിക്കില്ല എന്നു വാണിംഗ് കൊടുത്തത്. ഫയർ എൻജിന്റെ മണി മുഴങ്ങുന്നതുപോലെ ഇടപെടൽ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു എന്ന സൂചനയാണ് മേഴ്‌സി-ബാല മണിനാദങ്ങൾ. ഭക്ഷ്യവകുപ്പിൽ നിന്നും പ്രളയ ബാധിതരായ 10,000 പേർക്ക് ഇനിയും കിട്ടാനുള്ള ആനുകൂല്യങ്ങളോ, ഡിസംബറിലെ ഫിലിം ഫെസ്റ്റിവലോ, കടൽ ക്ഷോഭമോ ഒന്നും അവരെ അലട്ടുന്നില്ലെന്നു കരുതരുത്. ബക്കറ്റുമായി വിദേശത്തു പോകാനിരുന്നതാണ് സർവ മന്ത്രിമാരും. ആസൂയാലുക്കളായ കേന്ദ്രം ഇടപെട്ടു ശകുനം മുടക്കി. അതോടെ തൽക്കാലം മന്ത്രിമാർക്കു തൊഴിലില്ലാതായി. അമ്മ, ഫെഫ്ക, മാക്ട എന്നൊക്കെ ഉരുവിട്ടു നടക്കാം. നേരം കൊല്ലാനുള്ള വകയായി. കൊള്ളാവുന്ന കുറച്ചു ചായം തേച്ച മുഖങ്ങളെയും കാണാം. അങ്കവും കാണാം, താളിയുമെടുക്കാം എന്നു പറഞ്ഞതു പോലെ!
**** **** ****

ഗോത്ര മഹാസഭക്കാരി സി.കെ. ജാനു എൻ.ഡി.എ വിട്ടു. തിണ്ണയിലും മുറ്റത്തും വരാന്തയിലുമൊക്കെയായി കുറെ നിന്നു. കാൽ കഴച്ചിട്ടു വയ്യാതെ സ്ഥലം വിട്ടു. പലരും മുൻകൂട്ടി വിലക്കിയതാണ്- അപ്പോഴും പറഞ്ഞില്ലേ, പോകണ്ടാ പോകണ്ടാന്ന് എന്ന പാരഡി ഗാനവും പാടി നോക്കി. അവിവാഹിതയും ചോരയും നീരുമുള്ള നേതാവുമായ ജാനു കൂട്ടാക്കിയില്ല. ഈ എൻ.ഡി.എ ഒരു സാങ്കൽപിക പദം മാത്രമാണെന്നും പാവം അറിഞ്ഞില്ല! പെൺബുദ്ധി പിൻബുദ്ധി എന്നു പറഞ്ഞാൽ ശാക്തീകരണക്കാരികൾ പിണങ്ങും. പുരുഷ വർഗത്തിനെതിരെ കേസെടുക്കാൻ കോടതികളും കമ്മീഷനുകളും ഫോറങ്ങളുമായി നാടൊട്ടുക്ക് ഓഫീസുകൾ തുറന്നിരിക്കുന്ന കാലമാണ്. ഒരു 'ടൊയോട്ട' കാർ വാങ്ങിയതോടെയാണ് ജാനു സഖാവിന് കഷ്ടകാലം തുടങ്ങിയതെന്ന് ഗൂഢശാസ്ത്രക്കാർ പറയുന്നു. അബദ്ധം വിളമ്പാൻ തമ്മിൽ തമ്മിൽ മത്സരിക്കുന്ന ശശികല ടീച്ചറും ശോഭാ സുരേന്ദ്രനുമൊഴികെ നാരികൾ വാഴാത്ത താവളമാണ് എൻ.ഡി.എ എന്ന ബി.ജെ.പി. പുറത്തു ചാടിയ ജാനുവിനെ രാഹുൽ ഗാന്ധി നേരിട്ടു ഫോണിൽ ക്ഷണിച്ചതായി ഒരു പ്രചാരണമാണ്. ഗാന്ധി ശബ്ദത്തിൽ പേശിയത് ചെന്നിത്തല ഗാന്ധിയാണെന്നും സംസാരമുണ്ട്. ഇനി ഇടതുമുന്നണിയിൽ നിന്നുള്ള 'സൗണ്ട് ട്രാക്ക്' ആരുടേതാകുമെന്നറിയില്ല. ഒരു മുന്നണിയോടും തുറന്ന മനസ്സുള്ള ജാനു സഖാവിന് പിണറായി, കോടിയേരി, കാരാട്ട്, യെച്ചൂരി ശബ്ദങ്ങളിൽ സ്വാഗത ഗാനം കേൾക്കാൻ കഴിഞ്ഞേക്കും. രാഷ്ട്രീയത്തിൽ ആർക്കും ഒന്നും പ്രവചിക്കാൻ കഴിയില്ല.

**** **** ****

മഴക്കാലം, വേനൽകാലം, മഞ്ഞുകാലം എന്നൊക്കെ പറയാറുള്ളതുപോലെ 'കഷ്ടകാല'വുമുണ്ട്. അതിനു പക്ഷേ, പ്രത്യേക സീസണെന്നുമില്ല. 'റഫാൽ' ഇടപാടിൽ കുടുങ്ങി വിറച്ചു വിറങ്ങലിച്ച് കേന്ദ്രം കഴിയുമ്പോഴാണ്, ഇടി വെട്ടിയവനെ പാമ്പു കടിച്ചു' എന്നു പറഞ്ഞ മാതിരി, മീ ടൂവും കയറി പിടിച്ചത്. അതോടെ എം.ജെ. അക്ബർ മാന്യനല്ലാതായി. ഇന്നു കാണുന്നവനെ നാളെ (അതേ രൂപത്തിൽ) കാണുന്നില്ല എന്ന നാടകപ്പേര് എത്ര കൃത്യം! ആരോപണമുന്നയിക്കുന്നതിനു പ്രത്യേക മാനദണ്ഡമൊന്നുമില്ല, പണച്ചെലവില്ല, വിദ്യാഭ്യാസ യോഗ്യതയുമില്ല. ചുരുക്കത്തിൽ ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നതു പോലെയേയുള്ളൂ. പത്രപ്രവർത്തകനും ഒരു വാരികയുടെ മുൻ ദില്ലി എഡിറ്ററും ഇപ്പോഴത്തെ കേന്ദ്ര മന്ത്രിയുമായിട്ടെന്തു കാര്യം? കൊളംബിയയിൽ നിന്നുമാണ് ഒടുക്കത്തെ മി ടൂ. മന്ത്രിക്കസേര കയ്യാലപ്പുറത്തെ തേങ്ങയായി മാറുവാൻ മറ്റെന്തു വേണം?
ഇങ്ങു മലയാളത്തിലോ? വർഷങ്ങ ൾക്ക് മുമ്പ്  പതിനേഴ് തികയാത്ത ഒരു പെൺകുട്ടി രാത്രിയിൽ തന്റെ വാതിലിൽ മുട്ടിവിളിച്ച് രക്ഷിക്കണേ എന്ന് അഭ്യർഥിച്ചതായി നടി രേവതി വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ന് കൃത്യം മുപ്പത്തിയേഴ് വയസ്സാകും ആ പെൺകുട്ടിക്ക്. അവർക്ക് കക്ഷി ആരെന്നും വെളിപ്പെടുത്തിക്കൂടേ? അനേകം വെളിപാടുകളുടെ കാലമല്ലേ? ഭീഷണി ലൈംഗികമല്ലായിരുന്നുവെന്നും ഗവേഷണം നടത്തിയ രേവതി മാഡം പിന്നീട് വെളിപാടായി. സംഭവത്തിന്റെ പേരിൽ ഒരു ചെറുകഥ എഴുതിയിരുന്നുവെങ്കിൽ, ഭാഗ്യം കൂടിയുണ്ടെങ്കിൽ, രേവതിക്ക് സാഹിത്യ അവാർഡ് തരപ്പെടുമായിരുന്നു. എങ്കിൽ സിനിമയാക്കപ്പെടുമായിരുന്നു. എങ്കിൽ, ഒരുപക്ഷേ സിനിമാ അവാർഡും തരപ്പെടുമായിരുന്നു. അങ്ങനെ അനന്ത സാധ്യതകളുള്ള 'എങ്കിൽ രേവതിയെ ചുറ്റിപ്പറ്റി നിൽക്കുന്നു. കേന്ദ്ര മന്ത്രിയായി അക്ബറിനെ വളഞ്ഞുചുറ്റി നിൽക്കുന്ന 'എങ്കിൽ' കസേര നഷ്ട സൂചന മാത്രമാണ്. വല്ലാത്തൊരു വനിതാ വിമോചന കാലമാണിപ്പോൾ. പണ്ട് 59 ലെ വിമോചന സമരക്കാലത്തു പോലും പുരുഷന്മാർ ഇത്രയ്ക്കു 'തീ' തിന്നേണ്ടിവന്നിട്ടില്ല. എന്തായാലും എല്ലാ പുരുഷന്മാരും നിർബന്ധമായും പാചകവും അലക്കു ജോലിയും അഭ്യസിച്ചിരിക്കേണ്ടതാണെന്നു കൂടി ഈ കാലഘട്ടം ഓർമപ്പെടുത്തുന്നു.

**** **** ****

വരും നാളുകളിൽ സ്ഥാനാർഥി നിർണയം ചൂടേറിയ വിഷയമായി ദിവസംപ്രതി അവതരിച്ചുകൊണ്ടേയിരിക്കും. ഏറ്റവും പുതിയ 'ചൂടപ്പം' ഐ.എസ്.ആർ.ഒ കേസിൽ നിന്നും ജീവനോടെ രക്ഷപ്പെട്ട നമ്പിനാരായണനാണ്. ഇടതുമുന്നണി നമ്പിയെ തിരുവന്തോരത്തു സ്ഥാനാർഥിയാക്കാൻ ആഗ്രഹിക്കുന്നുണ്ടുപോലും. ശശി തരൂരിനെ തറ പറ്റിക്കാൻ റോക്കറ്റു ശാസ്ത്രികൾ തന്നെ വേണം. ഭാവി തകരാറിലാക്കുന്ന പല മെഗാ എപ്പിസോഡുകളുമുണ്ടായിട്ടും ശശിയുടെ കാര്യത്തിൽ ഇടതുമുന്നണിക്ക് വിശ്വാസം പോരാ! നമ്പാൻ കൊള്ളാവുന്നയാളാണ് നമ്പിനാരായണനെന്ന് അടുത്ത കാലത്ത് എ.കെ.ജി സെന്ററിലോ പരിസരത്തോ വെച്ച് ഒരു വെളിപാടുണ്ടായി. ലേശം വിദേശ കരങ്ങളും ചാര പ്രവർത്തനങ്ങളും ഇപ്പോഴും ചാരത്തിനടിയിൽ കനൽ പോലെ പുകയുന്നത് വി.എസിനു മാത്രമാണ്.
ആ ശങ്കയകറ്റണോ, വി.എസിനെ തന്നെ അകറ്റണോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. വേണ്ടിവരും. ഇരുപതു ലക്ഷം കൊടുത്ത ഒരു സി.എസ്.ഐ ഭാരവാഹി വാങ്ങിയ സീറ്റാണ് തലസ്ഥാനം. ഇന്നത്തെ ഇന്ധന വിലക്കയറ്റം കൂടി കണക്കിലെടുത്താൽ അമ്പതു ലക്ഷം മതിപ്പു വില.  വാങ്ങാനും തോൽക്കാനും ആഗ്രഹമുള്ളവർക്ക് മുന്നണിയിലെ രണ്ടാമനെ സമീപിക്കാവുന്നതാണെന്ന് ശത്രുക്കൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
 

Latest News