Monday , March   18, 2019
Monday , March   18, 2019

സിനിമയാക്കാൻ പാകത്തിൽ താരങ്ങളുടെ തർക്കം

ഏതെങ്കിലും സിനിമാ നടന്റെയോ നടിമാരുടെയോ വാർത്താ സമ്മേളനങ്ങളും പ്രസ് റിലീസുകളുമാണ് മലയാളികൾക്ക് പ്രധാന വാർത്തകളായി ടെലിവിഷൻ ചാനലുകൾ എത്തിക്കുന്നത്. വിവിധ പ്രസ് ക്ലബുകളിലും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നുമായി ലഭിക്കുന്ന ഇത്തരം വാർത്തകളെ ക്രോഡീകരിച്ച് പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളുടെ സഹായത്തോടെ സിനിമയുണ്ടാക്കിയാൽ ബോക്‌സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിക്കാനാവും.  പ്രതികാരവും സെക്‌സും വയലൻസുമെല്ലാം ആവശ്യത്തിലേറെയുള്ള വെളിപ്പെടുത്തലുകളാണല്ലോ നിത്യേന പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കാരെ തോൽപിക്കും വിധം സിനിമാ താരങ്ങളും സംവിധായകരും നിർമാതാക്കളും വിതരണക്കാരും ചേരിതിരിഞ്ഞ് പോരാടുകയാണ് കുറച്ചു കാലമായി. 
കൊച്ചി പ്രസ് ക്ലബിൽ മലയാള സിനിമയിലെ വനിതാ കൂട്ടായ്മ പത്രസമ്മേളനം നടത്തിയതിന് ശേഷമാണ് പുതിയ തർക്കങ്ങൾക്ക് തുടക്കമായത്. ഇവരുടെ പരാതികൾക്ക് ഗൗരവമേറെയാണെങ്കിലും ഞങ്ങളെ നടിമാർ എന്ന് വിളിച്ച് അപമാനിച്ചുവെന്നൊക്കെ പറയുന്നത് ബാലിശമാണെന്ന് പറയേണ്ടിവരും.  
അടുത്ത ദിവസം അമ്മയുടെ വക്താവായി നടൻ സിദ്ദീഖ് വാർത്താ സമ്മേളനം നടത്തി. അതേ ദിവസം ഒറിജിനൽ വക്താവായ ജഗദീഷ്  പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. 
വിവാദങ്ങൾക്ക് തിരികൊളുത്തുകയാണ്  നടൻ ജഗദീഷ് ചെയ്തത്. സിദ്ദീഖിനെതിരെ കടുത്ത ആരോപണങ്ങളാണ് ജഗദീഷ് ഉന്നയിച്ചത്. സിദ്ദീഖ് പറഞ്ഞത് അമ്മയുടെ നിലപാടല്ലെന്നും ദിലീപിന്റെ സിനിമയുടെ സെറ്റിൽ നിന്നു കൊണ്ടാണ് സിദ്ദീഖ് വാർത്താസമ്മേളനം വിളിച്ചതെന്നുമാണ് ആരോപണം. ഇതോടെ കൂടുതൽ പ്രതിസന്ധികളാണ് ഉയർന്നിരിക്കുന്നത്. മോഹൻലാലിന്റെ നിർദേശ പ്രകാരമാണ് താൻ വാർത്താ കുറിപ്പ് ഇറക്കിയതെന്ന് ജഗദീഷ് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. 
അതേസമയം ദിലീപിനെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സിദ്ദീഖ് മാധ്യമങ്ങളെ കണ്ടതെന്ന വാദമാണ് ജഗദീഷ് ഉയർത്തുന്നത്. കുറ്റാരോപിതന്റെ ചിത്രത്തിന്റെ സെറ്റിൽ വെച്ച് പത്രസമ്മേളനം വിളിച്ചു ചേർത്തതിലെ ഉദ്ദേശ്യ ശുദ്ധിയെ ആരെങ്കിലും സംശയിച്ചാൽ തെറ്റ്  പറയാൻ സാധിക്കില്ലെന്നും ജഗദീഷ് തുറന്നടിച്ചു. അമ്മയിൽ ദിലീപ് വിഭാഗം ഇതോടെ ഒറ്റപ്പെടുകയാണെന്നാണ് സൂചന. ജഗദീഷിന്റെ പ്രസ്താവന സിദ്ദീഖിന്റെ വാദങ്ങൾ മുഴുവൻ പൊളിച്ചടുക്കുന്നതാണ്.
കുറ്റാരോപിതന്റെ സെറ്റിൽ വെച്ച് തന്നെ വാർത്താസമ്മേളനം വിളിച്ചത് തന്നെ സ്‌ട്രെയിഞ്ചാണ്. അയാളുടെ സെറ്റിൽ വെച്ച് തന്നെ വാർത്താസമ്മേളനം വിളിക്കുന്നതിന്റെ യുക്തിയെന്താണെന്നും ജഗദീഷ് ചോദിക്കുന്നു.
ദിലീപിന്റെ സെറ്റിൽ വെച്ച് തന്നെയാകുമ്പോൾ അയാളെ പിന്തുണച്ചല്ലേ സംസാരിക്കാൻ പറ്റൂ. ആരോപണ വിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നൊന്നും അമ്മയുടെ പ്രസ് റിലീസിൽ പറയുന്നില്ല. ധാർമികതയിലൂന്നി തീരുമാനം എടുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. കാരണം സമൂഹം അത് ആവശ്യപ്പെടുന്നുണ്ട്. ആ ധാർമികത എന്തെന്ന് തീരുമാനിക്കേണ്ടത് അമ്മയുടെ ജനറൽ ബോഡിയാണ്. ഒരു വ്യക്തിയല്ലെന്നും ജഗദീഷ് പറഞ്ഞു. സിദ്ദീഖ് അമ്മയോട് ആലോചിക്കാതെ നടത്തിയ വാർത്താസമ്മേളനം കടുത്ത അച്ചടക്ക ലംഘനമാണ്. ജനറൽ ബോഡി ഉടൻ വിളിക്കണം എന്നൊന്നും തീരുമാനിക്കാൻ സിദ്ദീഖിന് സാധിക്കില്ല. അക്കാര്യം എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ജനറൽ ബോഡി എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. കെ.പി.എ.സി ലളിത വാർത്താസമ്മേളനം വിളിച്ചുകൂട്ടിയത് ആരുടെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ്? ലളിത ചേച്ചി സംഗീത അക്കാദമി ചെയർപേഴ്‌സൺ ആയിരിക്കും. എന്നുവെച്ച് ഇക്കാര്യത്തിൽ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാൻ പറ്റില്ല. അല്ലെങ്കിൽ അവരെ അമ്മ സംസാരിക്കാൻ ചുമതലപ്പെടുത്തണം.
-ജഗദീഷ് നിലപാട് വ്യക്തമാക്കിയത് അങ്ങനെയാണ്. 
സംഘടനയിൽ നിന്ന് രാജിവെച്ചു പോയ അംഗങ്ങളെ തിരിച്ചുവിളിക്കുന്നതിൽ പ്രസിഡന്റായ മോഹൻലാലിന് സന്തോഷമേയുള്ളൂ. അത് അദ്ദേഹം തന്നോട് പറഞ്ഞതാണെന്നും ജഗദീഷ് ഓർമപ്പെ ടുത്തുകയും ചെയ്തിരുന്നു.  അത് സിദ്ദീഖിന്റെ വേർഷനായപ്പോൾ അവരെ മാപ്പ് പറഞ്ഞിട്ടേ കയറ്റാവൂ എന്നായി. അവരെ അപമാനിക്കുന്നതിന് തുല്യമാണതെന്നാണ് ജഗദീഷിന്റെ വാദം.  ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മ നിൽക്കുന്നത്. പക്ഷേ അവരെക്കൊണ്ട് മാപ്പുപറയിക്കണം എന്നാണ് സിദ്ദീഖ് പറയുന്നത്. എന്തിന് വേണ്ടിയാണ് അവർ മാപ്പു പറയേണ്ടത്. ഇത്രയും വലിയൊരു അതിക്രമത്തിലൂടെ ആ കുട്ടി കടന്നുപോയിട്ട്, നമ്മൾ അവരോട് പറയുന്നു നിങ്ങൾ മാപ്പു പറയണമെന്ന്. അവസരങ്ങൾ നിഷേധിക്കുന്നു എന്ന് എത്രയോ വർഷങ്ങൾക്ക് മുമ്പ് അവർ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് പരാതി നൽകിയതാണ്. അന്നൊന്നും പ്രതികരിക്കാത്ത സിദ്ദീഖ് ഇപ്പോൾ പറയുകയാണ് ആരുടെയൊക്കെ സിനിമയിൽ നിന്ന് മാറ്റി നിർത്തി എന്നതിന്റെ ലിസ്റ്റ് കൊടുക്കാൻ. എന്താണിതൊക്കെയെന്നാണ്  ജഗദീഷിന്റെ  ചോദ്യം.   താരസംഘടനയുടെ പ്രസിഡന്റ് മോഹൻലാലിനോടും മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടും  ചോദിച്ചാണ് താൻ വാർത്താ കുറിപ്പ് ഇറക്കിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും പ്രസ് റിലീസിനെ കുറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്. മാത്രമല്ല, ഓരോ കാര്യങ്ങളും മോഹൻലാലുമായി ചർച്ച ചെയ്തിരുന്നു. അദ്ദേഹവും നല്ല അഭിപ്രായമാണ് പറഞ്ഞത്. പിന്നീട് പെട്ടെന്നായിരുന്നു സിദ്ദീഖും ലളിത ചേച്ചിയും വാർത്താസമ്മേളനം വിളിച്ചത് -ജഗദീഷ് എല്ലാം വിശദമാക്കി.  ദിലീപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഡബ്ല്യൂസിസി അമ്മയ്ക്ക് കത്ത് നൽകിയത്. എന്നാൽ ഡബ്ല്യുസിസിയുടെ പരാതിയിൽ നടപടി വൈകിയത് പ്രളയം കാരണമാണെന്നും അധികം വൈകാതെ ജനറൽ ബോഡി യോഗം വിളിച്ചുകൂട്ടാമെന്ന് കരുതുന്നുവെന്നായിരുന്നു ജഗദീഷ് പറഞ്ഞത്. ജഗദീഷ് ഔദ്യോഗിക വക്താവല്ലെന്നും താൻ പറയുന്നതാണ് സംഘടനയുടെ തീരുമാനമെന്നുമാണ് സിദ്ദീഖ് കൊച്ചി പ്രസ് ക്ലബിൽ പറഞ്ഞത്. ഷൂട്ടിംഗ് തിരക്കുകൾ മാറ്റിവെച്ച് അമ്മ പ്രസിഡന്റ് ലാലേട്ടൻ അടുത്ത ദിവസം പത്രക്കാരെ കാണുമ്പോൾ കാര്യങ്ങൾ ഒന്ന് കൂടി വ്യക്തമാവും. 
അതിനിടയ്ക്ക് സിദ്ദീഖിനെതിരെയും വന്നു പുതിയ ചില ആരോപണങ്ങൾ. യു.എസ് പ്രസിഡന്റ് ട്രംപിനെതിരെ പ്രതിഷേധിക്കാൻ കാസർകോട് അങ്ങാടിയിൽ നിക്കറിട്ട് ഇറങ്ങിയ അലൻസിയർ മി ടൂ വിവാദ കൊടുങ്കാറ്റിൽ അകപ്പെട്ടു. എവിടെ തിരിഞ്ഞു നോക്കിയാലും പ്രശ്‌നങ്ങൾ. മലയാള താരങ്ങൾക്ക് ആവശ്യത്തിലേറെ സമയമുള്ളതാണ് പ്രശ്‌നം. പ്രദർശന ശാലകളിൽ ആൾ തിരക്ക് കുറഞ്ഞു. 
അമ്മയും വനിതാ കൂട്ടായ്മയും കോലാഹലവും മുറയ്ക്ക് നടക്കുന്നു. 
മലയാള സിനിമയുടെ സുവർണ കാലമായിരുന്ന അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും ഇതുപോലെ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. പണിയില്ലാത്ത വക്കീൽ ബാർ അസോസിയേഷൻ പ്രസിഡന്റാവുന്നതു പോലെ, താരങ്ങളുടെ സംഘടനയോ പ്രസിഡന്റോ അക്കാലത്തുണ്ടായിരുന്നില്ല. കലയെ ഉപജീവന മാർഗമായി സ്വീകരിച്ച് തൊഴിലിനോട് പ്രതിബദ്ധത വെച്ചു പുലർത്തിയിരുന്ന കുറെ പേരാണ് അന്ന് ചലച്ചിത്ര രംഗത്ത് സജീവമായിരുന്നത്. 
പ്രതിഭാധനരായ എഴുത്തുകാരുടെ ശക്തമായ പിന്തുണ മലയാള സിനിമയ്ക്ക് അന്ന് ലഭിച്ചിരുന്നു. പേരെടുത്ത നിർമാതാക്കളായിരുന്നു രംഗം സജീവമാക്കിയത്. ഉദയ, മെരിലാന്റ് എന്നീ ബാനറുകൾ മലയാളി വിസ്മരിക്കുന്നതെങ്ങനെ? 
മികച്ച സാഹിത്യ രചനകളുടെ ദൃശ്യാവിഷ്‌കാരങ്ങൾ വൻ വിജയമായത് എം.ടി, ഉറൂബ്, തകഴി, എസ്.കെ പൊറ്റെക്കാട്, പാറപ്പുറത്ത്, പമ്മൻ എന്നീ സാഹിത്യ പ്രതിഭകൾക്കുള്ള അംഗീകാരം കൂടിയായി. 
അനുഭവങ്ങൾ പാളിച്ചകൾ, നഗരമേ നന്ദി, ചുക്ക്, ദേവി, ചെമ്മീൻ, ഓളവും തീരവും, ഉമ്മാച്ചു, നദി, അസുര വിത്ത്, മയിലാടും കുന്ന്, നായര് പിടിച്ച പുലിവാല്, പുള്ളിമാൻ, ഒരു പെണ്ണിന്റെ കഥ, ചെമ്പരത്തി... മലയാളികൾക്ക് എന്നും ഓർത്ത് അഭിമാനിക്കാവുന്ന സുവർണ നാളുകളിലെ ചിത്രങ്ങളുടെ പട്ടിക നീളുകയാണ്. ബ്ലാക്ക് ആന്റ് വൈറ്റ് മാധ്യമത്തിന്റെ കാലത്ത് വർണ ചിത്രമായെത്തിയ ചെമ്മീൻ അംഗീകാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. 
സിനിമാ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചവരുടെ ടീം വർക്കിന്റെ ഫലം അക്കാലത്തെ വിജയത്തിന് അടിസ്ഥാനമായിരുന്നു. രംഗത്തിനിണങ്ങിയ പാട്ടുകളെഴുതുന്നതും സംഗീതം പകരുന്നതും മാസങ്ങൾ നീണ്ടുനിൽക്കുന്ന ചർച്ചകൾക്ക് ശേഷം. മൂലകഥയുടെ പ്രമേയം ചോരാത്ത വിധത്തിലുള്ളതായിരുന്നു തിരക്കഥയും സംഭാഷണവും. അഭിനേതാക്കളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്ന സംവിധായകർ. പ്രേംനസീർ, സത്യൻ, ഷീല, ശാരദമാർ നിറഞ്ഞുനിന്ന എഴുപതുകളിലെ ചിത്രങ്ങൾക്ക് ന്യൂനതയില്ലാതെയല്ല. 
നാടകത്തിൽനിന്ന് സിനിമയിലേക്കുള്ള ദിശാമാറ്റത്തിന്റെ വേഗമില്ലായ്മ ചിലപ്പോഴൊക്കെ വിരസതയുണർത്തി. 
വാണിജ്യ സിനിമകൾ സാധാരണ പ്രേക്ഷകർക്ക് വിനോദം പകർന്ന നാളുകളിൽ അവാർഡുകൾ വാരിക്കൂട്ടാൻ സമാന്തരമായി കലാമൂല്യമുള്ള ചിത്രങ്ങളും അക്കാലത്ത് മലയാളത്തിൽ നിർമിക്കുകയുണ്ടായി. ദേശീയ ബഹുമതികളോടെയാണ് അടൂർ ഗോപാലകൃഷ്ണനും പി.എ. ബക്കറും മറ്റും ശ്രദ്ധേയരായത്.  
ചലച്ചിത്ര രംഗം സങ്കീർണമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സാധാരണ ഗതിയിൽ ഓണക്കാലത്താണ് ഏറ്റവും കൂടുതൽ പുതിയ പടങ്ങൾ തിയേറ്ററുകളിലെത്തുന്നത്. ഇക്കുറി പ്രളയം, നിപ്പ കാരണങ്ങളാൽ ഓണം, പെരുന്നാൾ സീസണുകൾ നഷ്ടമായി. സെപ്തംബർ പിറന്നതിൽ പിന്നെയാണ് തിയേറ്ററുകൾ അൽപമെങ്കിലും സജീവമായത്. 
നഗര, ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തിലെ തിയേറ്ററുകൾ ഇല്ലാതാവുകയാണ്. കഴിഞ്ഞ ദശകത്തിന്റെ തുടക്കത്തിലാരംഭിച്ച ഈ പ്രതിഭാസത്തിന്റെ ഫലമായി മൂന്നിലൊന്ന് പ്രദർശനശാലകൾ ഇല്ലാതായി. മിനിമം കലക്ഷനിൽ പ്രദർശനം നടത്തിയാൽ തിയേറ്ററുകൾ ലാഭകരമായി മുന്നോട്ടു കൊണ്ടു പോവാനാകാത്ത സ്ഥിതിയാണ്  ഇതിന് കാരണം. എയർ കണ്ടീഷന്റ് സിനിമാ ശാലകൾക്ക് കറന്റ് ബിൽ അടയ്ക്കാൻ പോലും വയ്യെന്നായപ്പോഴാണ് പട്ടണങ്ങളിലെ സിനിമാ ശാലകൾ കല്യാണ മണ്ഡപങ്ങളും ഓഡിറ്റോറിയങ്ങളുമായി മാറിയത്. 
ഭൗതിക സൗകര്യത്തിന്റെ അഭാവം കൊണ്ടു മാത്രമല്ല പ്രേക്ഷകർ പ്രദർശന ശാലകളിൽനിന്ന് വിട്ടുനിന്നത്. കഷ്ടപ്പെട്ടുണ്ടാക്കിയ പണം മൂന്ന് മണിക്കൂർ വിനോദത്തിനായി മാറ്റി വെക്കാമെന്ന് വിചാരിച്ച് സിനിമാശാലയിലെത്തുമ്പോൾ സൂപ്പർ താരങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്താൻ പാകത്തിൽ ചിട്ടപ്പെടുത്തിയ തിരക്കഥയുടെ  ബോറ് സഹിക്കണം. തമാശ എന്ന പേരിൽ അവതരിപ്പിക്കുന്ന തറ ഫലിതങ്ങളാവും രണ്ടാം നിര താരങ്ങളുടെ ഹൈലൈറ്റ്. നായകന്റെ നിഴൽ പോലെ നീങ്ങുന്ന നിരുപദ്രവകാരിയായ നായികയും കൂട്ടിനുണ്ടാവും. അത്യാവശ്യമില്ലെങ്കിൽ കാണാതെ ഒഴിവാക്കാവുന്ന ഈ പടങ്ങളുടെ പ്രിന്റ് വേൾഡ് വൈഡ് വെബിൽ മണിക്കൂറുകൾക്കകം ലഭിക്കുമെന്നതിനാൽ സമയം മിനക്കെടുത്തി തിയേറ്ററുകളിലെത്തേണ്ട കാര്യവുമില്ല. 
സൂപ്പറുകളും താരപുത്രന്മാരും തമാശക്കാരനുമില്ലാതെയും പടം വിജയിക്കുമെന്ന് തെളിയിച്ച സിനിമകൾ അടുത്ത കാലത്ത് കേരളത്തിലെ തിയേറ്ററുകളിലെത്തി പ്രദർശന വിജയം കൈവരിച്ചുവെന്നത്  ശ്രദ്ധേയമാണ്. കോഴിക്കോട് രാധ ഉൾപ്പെടെയുള്ള പ്രദർശന ശാലകളിൽ ഇക്കഴിഞ്ഞ ജൂലൈ 20 ന്  പ്രദർശനത്തിനെത്തിയ ചിത്രമാണ് ഒരു പഴയ ബോംബ് കഥ. താര നിരയിൽ പ്രമുഖന്മാർ ഇല്ലാതിരുന്നിട്ടും ഈ ചെറിയ ചിത്രം സെപ്തംബറിലും അമ്പതാം ദിവസം പിന്നിട്ട് പ്രദർശനം തുടരുകയായിരുന്നു. മെഗാ സ്റ്റാർ അഭിനയിച്ച കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രം എ സ്റ്റേഷനുകളിൽ തൽക്ഷണം മൂക്ക് കുത്തി വീഴുന്നതും കണ്ടത് ഇതേ സീസണിലാണ്. പണം മുടക്കി ചിത്രം കാണാനെത്തുന്നവരെ രസിപ്പിക്കാൻ വേണ്ടതെന്തെന്ന തിരിച്ചറിവാണ് പ്രധാനം.
 

Latest News