Sunday , November   18, 2018
Sunday , November   18, 2018

സൂപ്പര്‍ ക്ലാസിക്കോയില്‍ താരം കളിക്കളം

ജിദ്ദ - ബ്രസീല്‍-അര്‍ജന്റീന ലാറ്റിനമേരിക്കന്‍ സൂപ്പര്‍ ക്ലാസിക്കൊ ഫുട്‌ബോള്‍ മത്സരത്തിനായി എത്തിയ പതിനായിരങ്ങളുടെ മനം മയക്കി കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം. ലോക ഫുട്‌ബോളിലെ വമ്പന്മാരുടെ പോരാട്ടം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും സ്റ്റേഡിയത്തിന്റെ ഭംഗിയും രൂപകല്‍പനയും മായികമായ അന്തരീക്ഷവും കാണികളെ മനസ്സ് കീഴടക്കി. 2014 മെയ് ഒന്നിന് ഉദ്ഘാടനം ചെയത സ്റ്റേഡിയം നിരവധി മത്സരങ്ങള്‍ക്ക് സാക്ഷിയായെങ്കിലും പ്രവാസികളുള്‍പ്പെടെ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇവിടെ ഒരു പ്രധാന പോരാട്ടം അരങ്ങേറുന്നത് ആദ്യമായാണ്. 
പ്രവാസികള്‍, വിശേഷിച്ചും മലയാളികളുടെ നിറസാന്നിധ്യം ബ്രസീല്‍-അര്‍ജന്റീന മത്സരത്തിന് കൊഴുപ്പേകി. കളിക്കാരുടെ പേര് വിളിച്ചും ഓരോ മുന്നേറ്റത്തെയും കൈയടിച്ച് പ്രോത്സാഹിപ്പിച്ചും മെക്‌സിക്കന്‍ തിരമാലകള്‍ സൃഷ്ടിച്ചും വമ്പന്‍ പോരാട്ടത്തിന് കാണികള്‍ ആവേശം പകര്‍ന്നു. 
സ്റ്റേഡിയത്തിന്റെ രൂപകല്‍പനയും വെളിച്ച സംവിധാനങ്ങളും പാര്‍ക്കിംഗ്, മീഡിയ സൗകര്യങ്ങളും അമ്പരപ്പിക്കുന്നതായിരുന്നു. കളിക്കളവും ഗാലറിയും തമ്മില്‍ വലിയ അകലമില്ലാത്തതിനാല്‍ ഗാലറിയുടെ എത്ര ഉയരത്തില്‍ ഇരുന്നാലും കളിക്കാരെ വ്യക്തമായി കാണാം. ഒരു തരത്തിലും കാഴ്ചക്ക് തടസ്സവുമില്ല.

സൗന്ദര്യസങ്കല്‍പങ്ങള്‍ക്ക് മകുടോദാഹരണമാണ്  കിംഗ്  അബ്ദുല്ല സ്‌റ്റേഡിയമെന്ന് ജിദ്ദയില്‍ അധ്യാപികയായ വഹീദ ഇര്‍ഷാദ് അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിലേക്ക് നടന്നടുക്കുമ്പോള്‍, മുന്നില്‍ നിറഞ്ഞുനില്‍ക്കുന്ന മാസ്മരികത കണ്ട് പുറത്തു തന്നെ കുറേ  നേരം നോക്കിനിന്നു പോയി, എത്ര കണ്ടിട്ടും  മതിയാവാത്ത വശ്യത,  കളി കഴിഞ്ഞുപോകുമ്പോഴും  പിറകിലെ പ്രൗഢ ഗംഭീര സ്‌റ്റേഡിയം  മാടി വിളിക്കുന്നതായി  തോന്നി. കാല്‍പന്തുകളിയോട്  അമിതമായ ഭ്രാന്തൊന്നുമില്ലാത്ത  ഞങ്ങളില്‍ പോലും ഫുട്‌ബോള്‍ ഭ്രമം  കയറിവരുന്നതായി തോന്നി -അവര്‍ പറഞ്ഞു.
 

Latest News