Monday , March   18, 2019
Monday , March   18, 2019

തെരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോൾ

ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്നതാണ് പൊതുലക്ഷ്യമെങ്കിലും തെരഞ്ഞെടുപ്പിൽ രാജ്യത്തിനാകെ ഒരു പൊതുതന്ത്രമെന്നത് സാധ്യമല്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. അതാതിടങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പരസ്പര ബന്ധവും പരിഗണിച്ചാണ് ഓരോ സംസ്ഥാനങ്ങളിലും ഇലക്ഷൻ തന്ത്രങ്ങൾക്ക് ഇടത് മതേതര ചേരി രൂപം നൽകേണ്ടത്. 

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഒന്നര ദശകത്തിലധികമായി അധികാരത്തിലുള്ള ബിജെപി സർക്കാർ ഭരണവിരുദ്ധ വികാരത്തെ മാത്രമല്ല ഗുരുതരമായ അഴിമതി ആരോപണങ്ങളെയും നേരിടുകയാണ്. മധ്യപ്രദേശിലെ വ്യാപം കുംഭകോണവും ഛത്തീസ്ഗഢിലെ റേഷൻ ക്രമക്കേടുകളും ബിജെപി സർക്കാരുകളുടെ അഴിമതിയുടെ ഉത്തമ ഉദാഹരണങ്ങളാണ്.
വ്യാപം കേസിൽ കുറ്റാരോപിതരും സാക്ഷികളുമായ നിരവധി പേരാണ് ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത്. ഒരു കാലത്ത് സുരക്ഷിതമെന്ന് കരുതപ്പെട്ടിരുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായിരുന്നു ഇവ രണ്ടും. 
എന്നാൽ ഇപ്പോൾ സ്വാഭാവികമായ ഭരണ വൈകല്യങ്ങൾക്കും അഴിമതിക്കും വില നൽകേണ്ട അവസ്ഥയാണിവിടെയുള്ളത്.
 വോട്ടെടുപ്പിന് മുമ്പ് ബിജെപി അനുകൂല സർവേ ഫലങ്ങൾ അവർക്ക് വിജയ സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നതെങ്കിലും ഈ രണ്ടു സംസ്ഥാനങ്ങളിലും അവരുടെ പരാജയം സ്പഷ്ടമാണ്.
ഓരോ തെരഞ്ഞെടുപ്പിലും ഓരോ കക്ഷികളെ പരീക്ഷിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ഇത്തവണ ഈ പ്രവണത മാറ്റുന്നതിനായി ബിജെപി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അതിനായി വിദ്വേഷ പ്രചാരണത്തിലൂടെ സാമുദായികവും ജാതീയവുമായ ധ്രുവീകരണ ശ്രമങ്ങൾ കൊണ്ടുപിടിച്ച് നടത്തുകയുമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവുമധികം ആൾക്കൂട്ട കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതിവിടെയാണ്. 
ഗോരക്ഷയുടെ പേരിലും ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായും വ്യാപകമായി അതിക്രമങ്ങളും നടന്നു. 
പോലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ജാതി -– മത –- വർഗീയ കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്നു മാത്രമല്ല വസ്തുതകൾ വളച്ചൊടിക്കുകയും ഇരകളെ കുറ്റവാളികളാക്കി മാറ്റുകയുമാണ് ഭരണാധികാരികൾ ചെയ്യുന്നത്. ആർഎസ്എസിന്റെ പ്രചാരണങ്ങളുടെയും തന്ത്രങ്ങളുടെയും ഉത്തമ ഉദാഹരണം മാത്രമല്ല രാജസ്ഥാൻ. 
സംഘ്പരിവാർ അവിടെ വർഗീയ കലാപങ്ങളും ലഹളകളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുക മാത്രമല്ല. ഇരകളെ കുറ്റപ്പെടുത്തുന്നതിന് ഭരണ യന്ത്രത്തിന്റെ നിർലജ്ജമായ വിനിയോഗമാണ് അവിടെ നടക്കുന്നത്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പോലും ഗൗരവത്തോടെ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. 
നരേന്ദ്ര മോഡി സർക്കാർ ശക്തമായ ജനവിദ്വേഷം നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ ആർഎസ്എസും ബിജെപിയും ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുകൊണ്ട് ജാതീയ – സാമുദായിക ധ്രുവീകരണം മുഖ്യ ആയുധമായുപയോഗിക്കാനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തിയിരിക്കുകയുമാണ്.
മിസോറമിൽ കോൺഗ്രസ് സർക്കാരാണ് നിലവിലുള്ളത്. തെലങ്കാനയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും വരുന്നത് ഒഴിവാക്കുന്നതിനായി നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് വഴിയൊരുക്കുകയായിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിനുള്ള അവസരം ബാക്കിവെയ്ക്കുകയാണ് ഇതിലൂടെ കെ. ചന്ദ്രശേഖര റെഡ്ഡി ചെയ്തിരിക്കുന്നത്. ഇവിടെ ഇടത്- 
കോൺഗ്രസ് പാർട്ടികളും മറ്റു പ്രാദേശിക പാർട്ടികളും ഭരണകക്ഷിയെ പരാജയപ്പെടുത്തുന്നതിനായി കൈകോർത്തിരിക്കുന്നുവെന്നത് നല്ല കാര്യമാണ്. 
കോൺഗ്രസ് മറ്റു സംസ്ഥാനങ്ങളിലും സഖ്യശക്തികളെ കണ്ടെത്തുന്നതിന് ഇതേ പരിഗണന നൽകേണ്ടതുണ്ട് – -പ്രത്യേകിച്ച് രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ. 
ഇടതു പ്രസ്ഥാനങ്ങളെ സംബന്ധിച്ച് വൻ സാധ്യതകളില്ലെന്നത് യാഥാർഥ്യമാണ്. എന്നാൽ തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ പ്രത്യേക കേന്ദ്രങ്ങളിൽ ഇടതുപാർട്ടികൾക്ക് സ്വാധീനമുണ്ട്. 
ഓരോ പാർട്ടികളുടെയും സ്വാധീനത്തെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായമുണ്ടാകാമെങ്കിലും തെരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ പൊതുവായൊരു തെരഞ്ഞെടുപ്പ് ധാരണ സാധ്യമല്ലെന്ന നിഗമനത്തിലാണ് ഏറെക്കുറെ എല്ലാ ഇടതു പാർട്ടികളും എത്തിയിട്ടുള്ളത്. 
ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുകയെന്നതാണ് പൊതുലക്ഷ്യമെങ്കിലും തെരഞ്ഞെടുപ്പിൽ രാജ്യത്തിനാകെ ഒരു പൊതുതന്ത്രമെന്നത് സാധ്യമല്ലെന്ന് വളരെ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. അതാതിടങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പരസ്പര ബന്ധവും പരിഗണിച്ചാണ് ഓരോ സംസ്ഥാനങ്ങളിലും ഇലക്ഷൻ തന്ത്രങ്ങൾക്ക് ഇടത് മതേതര ചേരി രൂപം നൽകേണ്ടത്. ഒരു മതേതര പാർട്ടിയും ഒഴിച്ചുനിർത്തപ്പെടേണ്ടതില്ല. ഇടത് മതേതര ജനാധിപത്യ ബദലിന് രൂപം നൽകാനുള്ള മുന്നേറ്റത്തോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് നടക്കുന്ന സമിതികളിൽ മതേതര പാർട്ടികൾക്ക് 
മതിയായ പ്രാതിനിധ്യം ഉറപ്പാക്കുകയും വേണം.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഇത് ബാധകമായിരിക്കണമെന്നില്ല. എന്നാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടത്തുമ്പോൾ ഇക്കാര്യം മനസ്സിലുണ്ടായിരിക്കണം. 
വരാനിരിക്കുന്ന നിർണായകമായ പോരാട്ടത്തിലേയ്ക്ക് ഒരുങ്ങുന്നതിനുള്ള സമയമായിരിക്കുന്നു. ബി.ജെ.പിയും സഖ്യകക്ഷികളും അവയുടെ സാമ്പത്തിക സ്രോതസ്സുകളെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ ഇടത് മതേതര പാർട്ടികളെ സംബന്ധിച്ച് സംഘടനാപരമായ സ്വാധീനത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ഏതൊക്കെ മണ്ഡലങ്ങളിൽ മത്സരിക്കണമെന്നും അതിനായുള്ള സംഘടനാപരമായ തയ്യാറെടുപ്പുകൾ എങ്ങനെയൊക്കെ നടത്തണമെന്നും ഇപ്പോൾ തന്നെ തീരുമാനിക്കുകയും പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കുകയുമാണ് അവർ ചെയ്യേണ്ടത്.

Latest News