Monday , March   18, 2019
Monday , March   18, 2019

ഖശോഗിയുടെ തിരോധാനവും  രാഷ്ട്രീയ കണക്കു തീർക്കലുകളും

ഗസ്സാൻ ശർബൽ

ജമാൽ ഖശോഗിയുടെ തിരോധാനം പഴയതും പുതിയതുമായ മുഴുവൻ മാധ്യമങ്ങളെയും വ്യാപൃതരാക്കി. മാധ്യമ പ്രവർത്തകർക്കെതിരായ ഏതു ആക്രമണവും അപലപനീയമാണ്. ഖശോഗിയുടെ തിരോധാനത്തെ കുറിച്ച മാധ്യമ ശ്രദ്ധ സ്വാഭാവികമാണ്. 
എന്നാൽ സത്യം കണ്ടെത്തുന്നതിന് പ്രതിബന്ധമായേക്കാവുന്ന വാർത്തകളുടെയും ഊഹാപോഹങ്ങളുടെയും തിരക്കഥകളുടെയും തീർപ്പുകളുടെയും പ്രവാഹമാണ് ഖശോഗി വിഷയത്തിൽ നിരീക്ഷകർക്ക് കാണാനാകുന്നത്. മറ്റുള്ളവർക്കു മുമ്പായി വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനും വായനക്കാരിലും പ്രേക്ഷകരിലും എത്തിക്കുന്നതിനുമുള്ള മത്സരം നിയമാനുസൃതമാണെങ്കിലും ഖശോഗിയുടെ തിരോധാനം പഴയ മാധ്യമങ്ങളിൽ നിന്ന് നവമാധ്യമങ്ങൾക്ക് പലതും പഠിക്കാനുണ്ടെന്ന കാര്യം വെളിപ്പെടുത്തുന്നു. 
ഖശോഗിക്ക് എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനും സംഭവത്തെ രാഷ്ട്രീയ കണക്കുതീർക്കലുകൾക്ക് ഉപയോഗിക്കുന്നതിനും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തു വന്നയുടൻ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നതിനുള്ള ശ്രമങ്ങളുമായി രാഷ്ട്രീയ, മാധ്യമ വകുപ്പുകളും സ്ഥാപനങ്ങളും ചാടിയിറങ്ങി. യാഥാർഥ്യം അന്വേഷിച്ച് കണ്ടെത്തുന്നതിനുള്ള ത്വരയാണ് മാധ്യമങ്ങളെയും രാഷ്ട്രീയ ഏജൻസികളെയും ഇതിന് പ്രേരിപ്പിച്ചത് എന്ന് വിശ്വസിക്കുക ദുഷ്‌കരമാണ്. 
സത്യം കണ്ടെത്തുന്നതിനു മുമ്പു തന്നെ സൗദി അറേബ്യയെ ലക്ഷ്യമിടുന്നതിനാണ് ഇവർ മുൻഗണന നൽകുന്നത്. സൗദി അറേബ്യക്കു മേൽ സമ്മർദം ചെലുത്തുന്നതിനും സൗദി സമ്പദ്‌വ്യവസ്ഥക്ക് കോട്ടംതട്ടിക്കുന്നതിനുമുള്ള ചട്ടുകമായി ഖശോഗി തിരോധാനത്തെ മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങൾ, ഫലങ്ങൾ ഊഹിക്കാൻ കഴിയാത്ത പ്രതിസന്ധിയെ കുറിച്ച മുന്നറിയിപ്പാണ്. സമ്മർദത്തിന് മുന്നിൽ മുട്ടുകുത്തുന്ന ശൈലി സൗദി അറേബ്യക്ക് പരിചിതമല്ല. മറ്റുള്ളവരുടെ കൽപനകളും ശിക്ഷകളും തിരിച്ചടി നൽകാതെ അംഗീകരിച്ച പതിവും സൗദി അറേബ്യക്കില്ല. സൗദി അറേബ്യക്കു മേൽ സമ്മർദ തന്ത്രങ്ങൾ പയറ്റുന്നതിന് ഖശോഗി തിരോധാനത്തെ മുതലെടുക്കുന്നതിനെതിരെ താക്കീത് നൽകി ഞായറാഴ്ച സൗദി അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഇക്കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നു. 
നവമാധ്യമങ്ങൾക്ക് പരമ്പരാഗത മാധ്യമങ്ങളിൽ നിന്ന് പലതും പഠിക്കാനുണ്ട്. ചിരപ്രതിഷ്ഠ നേടിയ പത്രസ്ഥാപനങ്ങൾ പുരാതന യൂനിവേഴ്‌സിറ്റികൾ പോലെയാണ്. കഴിവുകൾ വിലയിരുത്തുന്നതിനുള്ള ഫലപ്രദമായ പരീക്ഷകൾക്ക് വിധേയരാക്കിയ ശേഷം മാത്രമേ പത്രങ്ങൾ റിപ്പോർട്ടർമാരെ സ്വീകരിക്കുകയുള്ളൂ. യഥാർഥ പത്രപ്രവർത്തകനാണോ അതല്ല, മുന്നിൽ മറ്റു വഴികളെല്ലാം അടഞ്ഞതിനെ തുടർന്ന് മാധ്യമ പ്രവർത്തന മേഖലയിൽ ഒരു കൈ നോക്കാൻ ഇറങ്ങിത്തിരിച്ചവനാണോയെന്നെല്ലാം തീരുമാനിക്കുന്നവർ പത്രങ്ങളിലുണ്ട്. 
പത്രങ്ങളിൽ ട്രെയിനികളായി ചേരുന്നവർക്ക് ഒരേസമയം വിനയവും അഭിലാഷവും ഉണ്ടായിരിക്കണം. ജോലിയുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ശ്രവിക്കുന്നതിനും അവ പഠിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള വിനയവും പുതിയ വിഷയങ്ങൾ കണ്ടെത്തുന്നതിനും വ്യത്യസ്തമായ ശൈലികൾ രൂപപ്പെടുത്തുന്നതിനും അഭിലാഷവുമുണ്ടായിരിക്കണം. 
തലമുറകളുടെ പരിചയ സമ്പത്ത് പത്രസ്ഥാപനങ്ങൾക്കുണ്ട്. യുവാക്കളുടെ ആവേശവും മുൻകാലക്കാരുടെ അനുഭവങ്ങളും യുക്തികളും പത്രങ്ങളുടെ കരുത്താണ്. മാധ്യമ പ്രവർത്തനവുമായും രാഷ്ട്രീയവുമായും സംസ്‌കാരവുമായും മറ്റും ബന്ധപ്പെട്ട് നടക്കുന്ന സമ്പന്നമായ വിശകലനങ്ങൾ കേൾക്കുമ്പോൾ മാധ്യമ പ്രവർത്തന മേഖലയിൽ പുതുതായി പ്രവേശിച്ചവർക്ക് വെല്ലുവിളികൾ നേരിടുന്നതായി അനുഭവപ്പെടും. റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിലുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രചോദനത്തോടൊപ്പം തന്നെ മാധ്യമ പ്രവർത്തകർക്ക് വായനക്കാരോടും നിയമത്തോടും സ്വന്തം മനഃസാക്ഷിയോടും സ്ഥാപനത്തിന്റെയും തന്റെയും സൽകീർത്തിയോടും ശക്തമായ ഉത്തരവാദിത്തബോധവും ഉണ്ടായിരിക്കണം. 
ഉത്തരവാദിത്തപരമായ മാധ്യമ പ്രവർത്തനത്തിന് ഊന്നൽ നൽകുന്ന സ്ഥാപനങ്ങൾ വിവാദ വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഒരു ഉറവിടത്തെ മാത്രം ആശ്രയിക്കില്ല. ഒരു കുടുംബത്തിന് പ്രയാസമുണ്ടാക്കുന്നതോ ആളുകളിൽ വിദ്വേഷമുണ്ടാക്കുന്നതോ കലാപങ്ങൾക്ക് പ്രേരിപ്പിക്കുന്നതോ ആയ ഫോട്ടോകൾ അവ പ്രസിദ്ധീകരിക്കില്ല. പ്രതിക്രിയകളിൽ നിന്ന് കുടുംബാംഗങ്ങളെ അകറ്റിനിർത്താൻ, ഏതെങ്കിലും കേസിൽ വിചാരണ നേരിടുന്ന പ്രതിയുടെ പൂർണ പേരുവിവരങ്ങളും പ്രസിദ്ധീകരിക്കില്ല. വാർത്തകൾ എഴുതിത്തയ്യാറാക്കുന്ന റിപ്പോർട്ടർക്കും അവ പ്രസിദ്ധീകരിക്കുന്ന സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തങ്ങളുണ്ട്. യാഥാർഥ്യം അന്വേഷിച്ചു കണ്ടെത്തുകയെന്നത് ചിരപ്രതിഷ്ഠ നേടിയ മാധ്യമ സ്ഥാപനങ്ങൾ അടിസ്ഥാന തത്വമായി കൊണ്ടുനടക്കുന്ന മൂല്യമാണ്.
ഇക്കാര്യത്തിൽ വ്യക്തിപരമായ അനുഭവം എനിക്കുണ്ട്. എന്തും പർവതീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന്റെ പ്രലോഭനത്തിൽ പെട്ടുപോകാവുന്ന പത്രപ്രവർത്തന മേഖലയിലെ തുടക്ക കാലത്ത് മുൻ ഫിലിപ്പൈൻസ് പ്രസിഡന്റിന്റെ പത്‌നി ഇമെൽഡ മാർക്കോസിനെ കുറിച്ച് ഞാൻ ഒരു ലേഖനം എഴുതി. ലബനോനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അൽനഹാർ പത്രത്തിലാണ് അക്കാലത്ത് ജോലി ചെയ്തിരുന്നത്. 
ആഭരണങ്ങളുടെ വൻ കലവറയും 2700 ജോഡി പാദരക്ഷകളും ഇമെൽഡക്ക് ഉണ്ടായിരുന്നതായി അക്കാലത്ത് പ്രചരിച്ചിരുന്നു. ഭർത്താവ് സ്വന്തം ജനതയുടെ സമ്പത്ത് കട്ടുമുടിച്ച വ്യക്തിയായതിനാൽ ആഭരണങ്ങളുടെയും പാദരക്ഷകളുടെയും കൂമ്പാരം ഇമെൽഡ മാർക്കോസിനുണ്ടാകുന്നതിൽ ആശ്ചര്യമില്ലെന്ന് ഞാൻ ലേഖനത്തിൽ പറയുകയും ഫിലിപ്പൈൻസിൽ പടർന്നുപന്തലിച്ച ദാരിദ്ര്യത്തെ കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു. 
പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ ഫ്രാൻസോ അഖ്ൽ ഓഫീസിലെ ഇന്റേണൽ ഫോണിൽ ബന്ധപ്പെട്ട് എന്നെ കാബിനിലേക്ക് വിളിപ്പിച്ചു. കാബിനിൽ മാനേജിംഗ് എഡിറ്ററുടെ മേശപ്പുറത്ത് എന്റെ ലേഖനം ഞാൻ കണ്ടു. 'നമ്മൾ ഒരു പ്രാദേശിക പത്രമാണ്. ഫിലിപ്പൈൻസ് പ്രസിഡന്റ് നമുക്കെതിരെ നിയമ നടപടി സ്വീകരിക്കുകയോ വിശദീകരണം ചോദിക്കുകയോ ചെയ്യില്ല. 
നമ്മൾ എന്താണ് എഴുതിയതെന്ന് അദ്ദേഹം അറിയുകയുമില്ല. എന്നാലും നിങ്ങൾക്കു വേണ്ടിയും ജോലി ചെയ്യുന്ന പത്രത്തിനു വേണ്ടിയും പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന തത്വങ്ങൾ നിങ്ങൾ മാനിക്കണം. കോടതി വിധിയുടെ അഭാവത്തിൽ നമുക്ക് വിധി പ്രസ്താവിക്കാൻ അവകാശമില്ല. ആരോപണ വിധേയൻ എന്ന് നമുക്ക് വിശേഷിപ്പിക്കാം. അതല്ലാതെ കുറ്റവാളിയെന്ന് തീർപ്പ് കൽപിക്കാൻ പാടില്ല'  എന്നാണ് മാനേജിംഗ് എഡിറ്റർ പറഞ്ഞത്. 
വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിലും ലേഖനങ്ങൾ എഴുതുന്നതിലും ഉത്തരവാദിത്തത്തിൽ നിന്ന് സ്വാതന്ത്ര്യത്തെ വേർതിരിക്കാൻ കഴിയില്ലെന്ന് അന്നു മുതൽ ഞാൻ മനസ്സിലാക്കി. മാധ്യമ പ്രവർത്തനം ഇന്ന് മുച്ചൂടും മാറിയിരിക്കുന്നു. പഴയ കാലത്തേക്ക് തിരിച്ചുപോകണമെന്നോ പഴമയിൽ കെട്ടിപ്പിടിച്ച് നിൽക്കണമെന്നോ ആവശ്യപ്പെടുന്നവരുടെ കൂട്ടത്തിൽ പെട്ട ആളല്ല ഞാൻ. എന്നാൽ എല്ലാവരും പത്രപ്രവർത്തകരായി മാറുന്ന ഇക്കാലത്ത് സ്വാതന്ത്ര്യത്തിനൊപ്പം തന്നെ ഉത്തരവാദിത്തവുമുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. ഇത് പാലിക്കപ്പെടുക ദുഷ്‌കരമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. 
ജമാൽ ഖശോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വാർത്തകളും റിപ്പോർട്ടുകളും ലേഖനങ്ങളും കാണുമ്പോൾ മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാന നിയമങ്ങളെ കുറിച്ച കാര്യങ്ങൾ വീണ്ടും മനസ്സിൽ തികട്ടിവരികയാണ്. അനിവാര്യമായ വിവരങ്ങളുടെ അഭാവത്തിൽ വിധികൾ പ്രസ്താവിക്കുന്നതിനും നിഗമനങ്ങളിൽ എത്തിച്ചേരുന്നതിനും ടി.വി ചാനലുകളും ഓൺലൈൻ മാധ്യമങ്ങളും മത്സരിക്കുന്നതായി ഖശോഗി തിരോധാനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുൾ ബോധ്യപ്പെടുത്തുന്നു. 
ജമാൽ ഖശോഗിയുടെ കുടുംബത്തിന് ഏറെ വേദനയുണ്ടാക്കുന്ന തിരക്കഥകൾ ചില മാധ്യമങ്ങൾ മെനഞ്ഞ് പ്രസിദ്ധീകരിച്ചു. അറബ്, ഇസ്‌ലാമിക ലോകത്ത് അനുകൂല പ്രകമ്പനങ്ങൾ സൃഷ്ടിച്ച പരിഷ്‌കരണ പ്രക്രിയകൾക്ക് സമീപ കാലത്ത് സാക്ഷ്യം വഹിച്ച സൗദി അറേബ്യയെ അടിക്കുന്നതിനുള്ള വടി നൽകിയ സുവർണാവസരമെന്നോണമാണ് ജമാൽ ഖശോഗിയുടെ തിരോധാനം ഖത്തർ മാധ്യമങ്ങൾ കൈകാര്യം ചെയ്തത് എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. 
ഖശോഗിയെ കാണാതായതുമായി ബന്ധപ്പെട്ട യാഥാർഥ്യം അന്വേഷിച്ചു കണ്ടെത്തുന്നതും സൗദി അറേബ്യയെ ദുർബലപ്പെടുത്തുന്നതിനുള്ള അവസരമെന്നോണം ഈ സംഭവത്തെ മുതലെടുക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മേഖലയിൽ ശാക്തിക സന്തുലനത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പ്രബല ശക്തിയാണ് സൗദി അറേബ്യ. സൗദി അറേബ്യയുടെ സ്ഥിരത ആഗോള സമ്പദ്‌വ്യവസ്ഥക്കും അറബ്, ഇസ്‌ലാമിക ലോകത്ത് മിതവാദം പ്രചരിപ്പിക്കുന്നതിനും അനിവാര്യമാണ്. 
ഇത്തരമൊരു പശ്ചാത്തലത്തിൽ ഖശോഗി സംഭവം കൈകാര്യം ചെയ്യുന്നത് വലിയ ഉത്തരവാദിത്തബോധത്തോടു കൂടിയായിരിക്കണം. ധിറുതി പിടിച്ച് നിലപാടുകൾ രൂപീകരിക്കാനോ കാര്യങ്ങളെ പർവതീകരിക്കാനോ പാടില്ല. ഇങ്ങനെ ചെയ്യുന്നത് വലിയ പ്രതിസന്ധികളിലേക്ക് നയിക്കും.
 മാധ്യമങ്ങൾക്കു മാത്രമല്ല, ഭരണകൂടങ്ങൾക്കും ഇത് ബാധകമാണ്. പഴയ മാധ്യമങ്ങളിൽ നിന്ന് നവമാധ്യമങ്ങൾക്ക് പലതും പഠിക്കാനുണ്ട് എന്ന കാര്യമാണ് പുതിയ സംഭവ വികാസങ്ങൾ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നത്.  

Latest News