Monday , March   18, 2019
Monday , March   18, 2019

നമ്പി നാരായണൻ രാഷ്ട്രീയ സാധ്യതയാകുന്ന കാലം 

ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നമ്പി നാരായണൻ  പറയുന്നതിങ്ങനെയാണ്-  തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാകണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് എന്നെ സമീപിച്ചു വെന്നവാർത്ത  ചില മാധ്യമങ്ങളിൽ കാണാനിടയായി. ഈ വാർത്ത ഒരു ഭാവനാ സൃഷ്ടി മാത്രമാണ്. അപ്പറയുന്നതിൽ ഒരു സത്യവുമില്ല. രാഷ്ട്രീയത്തിലിറങ്ങാൻ ഒരു താൽപര്യവുമില്ല. ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടില്ല. 24 വർഷമായി ഐ.എസ്.ആർ.ഒ കേസുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിന്റെ കാലത്ത് നിരവധി രാഷ്ട്രീയ നേതാക്കൾ എന്നെ ബന്ധപ്പെട്ട് അവരുടെ സ്‌നേഹ ബഹുമാനം അറിയിച്ചിട്ടുണ്ട്. അതെല്ലാം ആദരപൂർവ്വം സ്വീകരിച്ചു. രാഷ്ട്രീയവുമായുള്ള എന്റെ ബന്ധം അവിടെ തീരുന്നു.


ഐ.എസ്.ആർ.ഒ ചാരക്കേസിൽ പീഡിതനായ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ  രാഷ്ട്രീയ പ്രവേശമിപ്പോൾ രാഷ്ട്രീയ ഉപശാലയിലെ ചർച്ചാ വിഷയമാണ്.  തിരുവനന്തപുരം ലോക്‌സഭാ  മണ്ഡത്തിൽ കോൺഗ്രസിന്റെ ശശി തരൂരിനെതിരെ നേർക്കുനേർ നിൽക്കാൻ പറ്റുന്ന  പൊതുസമ്മതനായ സ്ഥാനാർഥി എന്ന നിലക്ക് നമ്പി നാരായണനെ പരിഗണിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പത്ര വാർത്ത. കോടതി വിധിയനുസരിച്ച് നമ്പി നാരായണന് 50 ലക്ഷം രൂപ നൽകാൻ സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിന്റെ പിൻബലത്തിലായിരുന്നു അത്തരമൊരു വാർത്ത പിറന്നു വീണത്. 
ആ ചടങ്ങും ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗവും കേട്ടവർക്കാർക്കും അത്തരമൊരു വാർത്ത രൂപപ്പെട്ടതിൽ  ഒരതിശയവും തോന്നാനിടയില്ല.  അത്ര കണ്ട് നമ്പി നാരായണന്റെ ഹൃദയ പക്ഷം ചേരുന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.   കാൽ നൂറ്റാണ്ടോളം കേരളത്തിലെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും നല്ല പങ്ക് മാധ്യമ പ്രവർത്തകരും വെച്ചുപുലർത്തിയ ധാരണകളെയെല്ലാം അന്നദ്ദേഹം തന്റെ വാക്കുകളിലൂടെ കാലിനടിയിലിട്ട് ചവിട്ടി മെതിക്കുകയായിരുന്നു. ഇത്ര കിഴക്കോ പടിഞ്ഞാറ് എന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടവരെല്ലാം അന്ന് വിസ്മയിച്ചിട്ടുണ്ടാകും. കാരണം ഐ.എസ്.ആർ.ഒയിൽ  ചാരപ്രവർത്തനം നടന്നുവെന്ന് ഉറപ്പിച്ച് പറഞ്ഞവരാണ് മുഖ്യമന്ത്രിയുടെ പാർട്ടിയും.
അപ്രസക്തമായ ഒരു സായാഹ്ന പത്രത്തിൽ വന്ന വാർത്ത എടുത്തു പ്രസിദ്ധീകരിക്കുക വഴി  സംഭവങ്ങളുടെ വഴി കാട്ടിയായതും സി.പി.എം മുഖപത്രമായിരുന്നുവെന്നതൊക്കെ ഇന്നും എല്ലാവർക്കും ഓർമ്മയുള്ള കാര്യങ്ങൾ.  ആ ഒരൊറ്റ കേസിന്റെ പേരിൽ പല സർക്കാരുകളെ കേരളത്തിൽ അധികാരത്തിലെത്തിക്കാൻ രാഷ്ട്രീയ കൗശലം കാണിച്ചതും ഇടതുപക്ഷം തന്നെ.  
ചാരക്കേസിന്റെ ഒന്നാന്തരം രാഷ്ട്രീയ ഗുണഭോക്താക്കൾ. കോൺഗ്രസിന്റെ കേരളത്തിലെ വലിയ സാധ്യതകളിലൊന്നായിരുന്ന ഒരു സവർണ ഹിന്ദു കുടുംബത്തിന്റെ (അതെ, കെ. കരുണാകരന്റെ കുടുംബം തന്നെ) വിശ്വാസ്യത തകർക്കാൻ ചാരക്കേസിനെ ഉപയോഗിച്ചവരെ തന്ത്രപരമായി പിന്തുണച്ചവർ.  അങ്ങനെയുള്ളവരിൽ നിന്ന് ചാരക്കേസിൽ  മറിച്ചുള്ള  വാക്കുകൾ  കേട്ടപ്പോൾ ആ വേദിയിൽ നമ്പി നാരായണനും കൂടുതലായി ആഹഌദ ഭരിതനായിപ്പോയെന്ന്  അദ്ദേഹത്തിന്റെ പ്രസംഗത്തിലെ വാക്കുകൾ തെളിവായി മാറുന്നുണ്ട്.  ഒരു നിമിഷം പാർട്ടിക്കാരനായതു പോലെയാണ് അന്നദ്ദേഹം സംസാരിച്ചത്. തന്റെ ഒപ്പം സർക്കാരുണ്ടെന്ന സന്തോഷം കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്ന നമ്പി നാരായണന്റെ വാക്കുകൾ മുഖ്യമന്ത്രിയുടെ മാറിയ നിലപാടിന്റെ പ്രതികരണമായിരുന്നു.  ഈ സർക്കാരിനൊപ്പം എപ്പോഴുമുണ്ടാകും എന്ന നമ്പി നാരായണന്റ വാക്കുകൾ സി.പി.എം മാധ്യമങ്ങൾ പ്രാധാന്യപൂർവ്വമാണ് പ്രസിദ്ധീകരിച്ചത്. അകാരണമായി ദുരിതമനുഭവിക്കേണ്ടി വന്ന ഒരു വന്ദ്യവയോധികൻ, മുഖ്യമന്ത്രിയെ പോലൊരാളുടെ നിലപാട് മാറ്റം കേട്ട് അങ്ങനെ പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമുണ്ടായിരന്നുള്ളൂ.
മുഖ്യമന്ത്രിയാകട്ടെ,  അങ്ങേയറ്റം തെറ്റായിരുന്ന പൂർവ്വ നിലപാടുകളെല്ലാം, അതേറ്റെടുത്ത കാലത്തെ വാശിയോടെ തിരുത്തിയ ശേഷം നമ്പി നാരായണനോടായി ഒരു കാര്യം പ്രത്യേകം ഉപദേശിക്കുകയും ചെയ്തു - ശിഷ്ട ജീവിതം പൊതുരംഗത്തു  വേണമെന്നായിരുന്നു ആ ഉപദേശം. താങ്കളെ പോലുള്ളവർക്ക് ധാരാളം ചെയ്യാനുണ്ടെന്ന പ്രചോദിപ്പിക്കുന്ന വാക്കുകൾ  പിന്നാലെ.
രാഷ്ട്രീയത്തിലേക്ക് വരൂ എന്ന വ്യക്തമായ ക്ഷണ സൂചന നൽകുന്ന നിലപാട്. ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ വകുപ്പ് മന്ത്രി എൻ.ചന്ദ്രശേഖരനും തന്റെ പ്രസംഗത്തിൽ ചാരക്കഥയുടെ കാലത്ത് ഒരാവശ്യവുമില്ലാതെ പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം ചേർന്നായിരുന്നു സംസാരിച്ചത്. ചന്ദ്രശേഖരൻ കാര്യങ്ങൾ വ്യംഗ്യമായാണ് പറഞ്ഞതെങ്കിലും കാര്യം വ്യക്തമായിരുന്നു -ഐ.എസ്.ആർ.ഒ ചാരക്കഥയുടെ കാലത്തെ നിലപാടുകൾ തിരുത്തുന്നു.
ചന്ദ്രശേഖരന്റെ പാർട്ടിയായ സി.പി.ഐയെ സംബന്ധിച്ചാണെങ്കിൽ ഇങ്ങനെയൊരു സ്ഥാനാർഥിയെ കിട്ടുന്നതു പോലെ സന്തോഷകരമായി മറ്റൊന്നുണ്ടാകില്ല. കാരണം കഴിഞ്ഞ തവണ ബെന്നറ്റ് അബ്രഹാമിനെ സ്ഥാനാർഥിയാക്കി നാണം കെട്ടുപോയതാണവർ. ആ നാണക്കേടിന് ആക്കം കൂട്ടുന്ന ചില സംഭവങ്ങൾ ആ വ്യക്തിയുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ പത്രങ്ങളിൽ വാർത്തയാവുകയുണ്ടായി. മെഡിക്കൽ സീറ്റ് സംവരണത്തിനായി അനർഹർക്ക് കോഴ വാങ്ങി സർട്ടിഫിക്കറ്റ് നൽകിയതിന്റെ പേരിൽ കാരക്കോണം മെഡിക്കൽ കോളേജ് ഡയരക്ടറായ ബെന്നറ്റ് അബ്രഹാം സസ്‌പെൻഷനിലായി എന്നതായിരുന്നു ആ വാർത്ത.  
നമ്പി നാരായണൻ മത്സരിക്കാൻ തയ്യാറാവുകയാണെങ്കിൽ ഈ പ്രതിസന്ധിയിൽ നിന്നെല്ലാം സി.പി.ഐക്കും കരകയറാം എന്നതായിരിക്കും ആ പാർട്ടിയുടെ ആശ്വാസം.
അതിലിടക്ക് ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നമ്പി നാരായണൻ  പറയുന്നതിങ്ങനെയാണ്-  തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാകണമെന്ന ആവശ്യവുമായി എൽ.ഡി.എഫ് എന്നെ സമീപിച്ചു വെന്നവാർത്ത  ചില മാധ്യമങ്ങളിൽ കാണാനിടയായി. ഈ വാർത്ത ഒരു ഭാവനാ സൃഷ്ടി മാത്രമാണ്. അപ്പറയുന്നതിൽ ഒരു സത്യവുമില്ല. രാഷ്ട്രീയത്തിലിറങ്ങാൻ ഒരു താൽപര്യവുമില്ല. ഒരു പാർട്ടിയും എന്നെ സമീപിച്ചിട്ടില്ല. 24 വർഷമായി ഐ.എസ്.ആർ.ഒ കേസുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിന്റെ കാലത്ത് നിരവധി രാഷ്ട്രീയ നേതാക്കൾ എന്നെ ബന്ധപ്പെട്ട് അവരുടെ സ്‌നേഹ ബഹുമാനം അറിയിച്ചിട്ടുണ്ട്. അതെല്ലാം ആദരപൂർവ്വം സ്വീകരിച്ചു. രാഷ്ട്രീയവുമായുള്ള എന്റെ ബന്ധം അവിടെ തീരുന്നു.
ആദരവോടെ
എപ്പോഴും നിങ്ങളുടെ
എസ്. നമ്പി നാരായണൻ.
നമ്പി നാരായണന് ഇപ്പോൾ  അങ്ങനെയല്ലാതെ പറയാനാവില്ല. തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. കാത്തിരിക്കാം. കാരണം രാഷ്ട്രീയം സാധ്യതകളുടെ കലയാണ്.

 

 

Latest News