Monday , March   18, 2019
Monday , March   18, 2019

ഡബ്ല്യൂ.സി.സി:പുതിയൊരു പെൺചരിത്രം

താരസംഘടനയായ എ.എം.എം.എയ്ക്കെതിരെ തുറന്ന പ്രതിഷേധവുമായി വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തു വന്നത് സമകാലിക കേരളത്തിലെ മറ്റൊരു പെൺചരിത്രമായി മാറുകയാണ്. ഒരു വശത്ത് ഏറ്റവുമധികം ഗ്ലാമർ നിലനിൽക്കുകയും മറുവശത്ത് അതിനേക്കാളേറെ ചൂഷണവും അനീതിയും അസമത്വവും പുരുഷാധിപത്യവും നിലനിൽക്കുകയും ചെയ്യുന്ന മറ്റൊരു മേഖലയും ഉണ്ടെന്നു തോന്നുന്നില്ല. നിർഭാഗ്യകരമാണെങ്കിലും നടി ആക്രമിക്കപ്പെട്ട സംഭവമാണ് ഈ ഗ്ലാമറിനു പിറകിലെ ചച്ചയായ യാഥാർത്ഥ്യങ്ങൾ കുറച്ചെങ്കിലും കൊണ്ടുവന്നത്. അപ്പോൾ പോലും കാലത്തിന്റെ ശബ്ദം കേൾക്കാൻ സിനിമാ മേഖലയെ നിയന്ത്രിക്കുന്ന വമ്പന്മാർ തയ്യാറാകുന്നില്ല. ഇക്കാര്യത്തിലാകട്ടെ, പ്രബുദ്ധമെന്നു പറയപ്പെടുന്ന കേരളം വളരെ പിറകിലുമാണ്. ഇന്നലത്തെ പത്രസമ്മേളനത്തിൽ ണഇഇ ചൂണ്ടിക്കാട്ടിയ പോലെ ബോളിവുഡിലും മറ്റും കോടികളുടെ നഷടം സഹിച്ചും കുറ്റാരോപിതരെ ബഹിഷ്‌കരിക്കാൻ സൂപ്പർ താരങ്ങൾ പോലും തയ്യാറാകുമ്പോൾ ഇവിടെ അവരെ സംരക്ഷിക്കാനും സിനിമകൾ ചെയ്യാനുമാണ് പ്രമുഖർ പോലും ശ്രമിക്കുന്നത്. 
ആക്രമിക്കപ്പെട്ട നടിയെയല്ല കുറ്റാരോപിതനെയാണ് അങങഅ സംരക്ഷിക്കുന്നതെന്ന് സംഘടന തുറന്നടിക്കുകയായിരുന്നു. അതിനാലാണ് ഇനി തങ്ങൾ നിശ്ശബ്ദരായിരിക്കേണ്ട എന്നു തീരുമാനിച്ചത്. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങളണിഞ്ഞാണു നടികളെത്തിയതെന്നതും ശ്രദ്ധേയമായി. രേവതിയേയും പത്മപ്രിയയേയും പോലുള്ള നടികളുടെ പേരു പോലും പരാമർശിക്കാതെ നടിമാർ മാത്രം എന്ന് മോഹൻലാൽ  പരാമർശിച്ചതിൽ വേദനയുണ്ടെന്ന് പറഞ്ഞതും ചെറിയ കാര്യമല്ല. അങ്ങനെ അഭിസംബോധന ചെയ്തതിൽ പ്രതിഷേധിച്ച് അവർ സ്വയം പരിചയപ്പെടുത്തകയും ചെയ്തു. എന്താ ഇവർ നടിമാരല്ലേ എന്നു ചോദിച്ച് ഫാനുകൾ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ നടികളുടെ പേരു പോലും ഓർക്കുകയോ ഓർത്താൽ പോലും പറയാതിരിക്കുകയോ ചെയ്യുന്നത്രയും ശക്തമാണ് താരങ്ങളുടെ ആധിപത്യമെന്നും അതിനി അംഗീകരിക്കില്ല എന്നുമാണ് അസന്ദിഗ്ധമായി ഡബ്ല്യൂ.സി.സി പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമകളിലെ പോലെ അവർ തങ്ങളുടെ നിഴലുകൾ മാത്രമാണെന്നാണ് താരങ്ങൾ ധരിച്ചിരിക്കുന്നത് എന്നതിലേക്കാണ് അവർ വിരൽ ചൂണ്ടിയിരിക്കുന്നത്. കുറ്റാരോപിതനെ പുറത്തു നിർത്താതെ സാങ്കേതിക വാദങ്ങൾ ഉന്നയിക്കുന്നതിന്റെ പിന്നിലെ താൽപര്യവും മറ്റൊന്നല്ല. 
സിനിമാ മേഖല ഒരു കുടുംബമാണെന്നും അവിടത്തെ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കണമെന്നുമുള്ള വാദത്തെ തള്ളിക്കളഞ്ഞ നടികൾ അതൊരു സംതൃപ്ത കുടുംബമല്ലെന്നും എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന പ്രഷർ കുക്കറാണെന്നും പറഞ്ഞതും നിസ്സാര കാര്യമല്ല. വരാൻ പോകുന്ന പൊട്ടിത്തെറികളിലേക്കു തന്നെയാണവർ വിരൽ ചൂണ്ടിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല, രാജ്യത്തെങ്ങും നടക്കുന്ന പെൺമുന്നേറ്റം മലയാള സിനിമാ രംഗത്തേയും പിടിച്ചുലക്കുമെന്നുറപ്പ്. സിനിമയിൽ എക്കാലത്തും അടിച്ചമർത്തലുകളും പീഡനവും ഏറ്റുവാങ്ങേണ്ടിവന്ന സ്ത്രീകൾ, കേരളത്തിൽ പുതിയൊരു പന്ഥാവ് വെട്ടിത്തുറക്കുകയാണ്. സ്വന്തം ഇടങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്, സിനിമയുടെ ലോകം ആണിന് മാത്രം അവകാശപ്പെട്ടതല്ലെന്നും തങ്ങൾക്കും അതിൽ തുല്യാവകാശമാണുള്ളതെന്നും ഈ സ്ത്രീകൾ തുറന്നു പറയാനാരംഭിച്ചിരിക്കുന്നു. അത് ആണത്തത്തിന്റെ മസിൽപെരുപ്പത്തിലേക്കും മീശ പിരിക്കലിലേക്കും സ്ത്രീകളുടെ അവകാശങ്ങളുറപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യചിഹ്നങ്ങളെറിഞ്ഞു തുടങ്ങിക്കഴിഞ്ഞു. 
ആൺസംഘടനാ മേധാവികളുടെ ഇടയിൽ അസ്വാരസ്യത്തിന്റെ വിത്തുകൾ പാകിക്കഴിഞ്ഞിരിക്കുന്നു. ഈ ആൺശക്തികൾ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന, പലപ്പോഴും അവരുടെ ഗൂണ്ടാപ്പടയായി പ്രവർത്തിക്കുന്ന ഫാൻ സംഘങ്ങൾക്കും അടിപതറാനാരംഭിച്ചിരിക്കുന്നു. പത്രസമ്മേളനത്തിനു ശേഷം ണഇഇ ഫേസ് ബുക്ക് പേജിൽ തെറിയഭിഷേകങ്ങളുമായി അവർ രംഗത്തു വന്നിരിക്കുന്നത് വെറുതെയല്ല. ലിംഗ വിവേചനത്തിനും അസമത്വത്തിനുമെതിരെയുള്ള പോരാട്ടങ്ങളിൽ സ്ത്രീകൾ ലോകമെമ്പാടും മുന്നേറുകയും അർഹമായ അംഗീകാരവും ആദരവും നേടിയെടുക്കുകയും ചെയ്യുമ്പോഴും കൊച്ചു കേരളത്തിൽ അധീശത്വ വിധേയത്വ ബന്ധങ്ങളിലൂന്നിയ സ്ത്രീ പുരുഷ വിനിമയങ്ങളെ ആഘോഷിക്കുകയാണ് ഇവിടെയുള്ള സിനിമയും സിനിമാ മേഖലയും.
നമ്മുടെ മാധ്യമങ്ങളെ തന്നെ നോക്കൂ. പത്രസമ്മേളനത്തിൽ നടികൾ പറഞ്ഞ വിഷയങ്ങളായിരുന്നില്ല മറ്റു വിഷയങ്ങളിലായിരുന്നു അവർക്ക് താൽപര്യം. 
പലർക്കുമാവശ്യം മി ടൂ ആയിരുന്നു. അതുകേട്ട് സഹികെട്ടായിരുന്നു  നടി അർച്ചന പദ്മിനി തനിക്കുണ്ടായ അനുഭവം വെട്ടിത്തുറന്നു പറഞ്ഞത്. അപ്പോഴും പത്രക്കാർക്ക് അറിയേണ്ടിയിരുന്നത് എന്തുകൊണ്ട് കേസുമായി മുന്നോട്ടു പോകുന്നില്ല എന്നായിരുന്നു. കണ്ട ഊളകൾക്കു പിറകെ നടന്നു കളയാനുള്ളതല്ല തന്റെ ജീവിതം എന്നായിരുന്നു അതിനു നടി നൽകിയ മറുപടി. ഇതിനേക്കാൾ മികച്ച മറുപടി സ്വപ്‌നങ്ങളിൽ മാത്രം. 
സിനിമാ മേഖലയെ തൊഴിൽ മേഖലകളായി പോലും പൊതുവിൽ കാണുന്നില്ല എന്നതാണ് കൗതുകകരം. തങ്ങളൊരു കുടുംബമാണെന്ന അമ്മ സംഘടനാ ഭാരവാഹികളുടെ വാക്കുകൾ സ്ഥിരമായി കേൾക്കാറുള്ളതാണല്ലോ. ആ തട്ടിപ്പവസാനിപ്പിച്ച് തൊഴിൽ മേഖലയായി അംഗീകരിച്ച് എല്ലാ തൊഴിൽ നിയമങ്ങളും നടപ്പാക്കുകയാണ് അടിയന്തരമായി വേണ്ടത്. അതിൽ സ്ത്രീസുരക്ഷാ നിയമങ്ങൾ മുതൽ തുല്യ ജോലിക്ക് തുല്യവേതനം വരെ വേണം. സ്ത്രീ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ നിയമപരമായി തന്നെ ആവശ്യമുള്ള ഒരു ഇന്റേണൽ കംപ്ലൈന്റ്‌സ് കമ്മിറ്റി (ഐ.സി.സി) രൂപീകരിക്കാൻ ഇനിയും വൈകിക്കൂടാ. 
സിനിമാരംഗത്തെ പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ ഹേമ കമ്മീഷനെ ചുമതലപ്പെടുത്തി മാസങ്ങളായെങ്കിലും കാര്യമായൊന്നും നടന്നിട്ടില്ല. 
സത്യത്തിൽ കേരളത്തിലെമ്പാടും സ്ത്രീമുന്നേറ്റങ്ങൾ ശക്തമാകുന്ന കാലമാണ് ഇത്. കന്യാസ്ത്രീ സമരവും പെമ്പിളൈ ഒരുമൈ സമരവും ഇരിക്കൽ സമരവും നഴ്‌സുമാരുടെ പോരാട്ടങ്ങളും ദളിത് ആദിവാസി സമരങ്ങളും മത്സ്യത്തൊഴിലാളി സമരങ്ങളും രാത്രി പിടിച്ചെടുക്കൽ സമരവും ആർത്തവ സമരവും മൂത്രപ്പുരക്കായുള്ള സമരവും ചിത്രലേഖ, പ്രീതീഷാജി, ജസീറ പോലുള്ളവർ നടത്തുന്ന അതിജീവന പോരാട്ടങ്ങളുമെല്ലാം ഉദാഹരണങ്ങൾ. സംസ്ഥാനത്തുടനീളം സജീവമായ പാരിസ്ഥിതിക സമരങ്ങളും നയിക്കുന്നത് സ്ത്രീകൾ തന്നെ. ഈ നിരയിൽ തന്നെയാണ് ജനാധിപത്യാവകാശങ്ങൾക്കും തുല്യതക്കും നീതിക്കുമായുള്ള നടികളുടെ പോരാട്ടവും. ഗ്ലാമർ മേഖലയാണ് എന്നതിനാൽ ഈ പോരാട്ടത്തിന്റെ പ്രാധാന്യം ഒട്ടും കുറയുന്നില്ല.

Latest News