Monday , March   18, 2019
Monday , March   18, 2019

ഞാൻ ന്യൂസ് എഡിറ്റർ ആയിരുന്നെങ്കിൽ...

ഞാൻ ന്യൂസ് എഡിറ്റർ ആയിരുന്നെങ്കിൽ പ്രാധാന്യത്തോടെ കൊടുക്കുമായിരുന്ന ഒരു വാർത്ത ശനിയാഴ്ച ഞാൻ വായിക്കുന്ന മലയാള പത്രത്തിൽ കണ്ടില്ല.  മുൻ പേജിൽ ഉണ്ടായിരുന്നില്ലെന്ന് തീർച്ച. അവർക്ക് അവരുടേതായ കാരണവും കണക്കും കാണും. അതു ശരിയുമായിരുന്നിരിക്കാം. അതുകൊണ്ടു കൂടിയാകാം, മറ്റു പത്രങ്ങളിലും ന്യൂസ് അവറിലും ആ വാർത്ത ചർച്ചയായി കണ്ടില്ല. കാരണവും കണക്കും നോക്കി ഞാനൊട്ടു പോയതുമില്ല. 
അറ്റോർണി ജനറൽ സുപ്രീം കോടതിയെ ചോദ്യം ചെയ്യുന്നതായിരുന്നു വാർത്ത. മുഖ്യ ന്യായാധിപൻ ഉൾപ്പെടെ നാലു പേർ പുറപ്പെടുവിച്ച ഒരു വിധി ആയിരുന്നു വിമർശന വിഷയം. അതോടൊപ്പം ന്യൂനപക്ഷ വിധിയായി ഒരു സ്ത്രീയുടെ കുറിപ്പും ഉണ്ടായിരുന്നു. ന്യൂനപക്ഷ വിധിയാണ് ശരിയെന്നും നാലു പേരുടെ വിധി തെറ്റായിപ്പോയെന്നും അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു.  അതു കേൾക്കാൻ അതിനകം സ്ഥാനമൊഴിഞ്ഞ മുഖ്യ ന്യായാധിപനും മറ്റൊരു ന്യായാധിപനും ഉണ്ടായിരുന്നു. അവരെന്തെങ്കിലും പറഞ്ഞതായി കേട്ടില്ല. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിന് അവരേക്കാൾ രണ്ടു പതിറ്റാണ്ട് മൂപ്പേറും.
വിധി വരുന്നതിനു മുമ്പ് വാദം നടക്കുമ്പോൾ അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞതല്ല ആ അഭിപ്രായം. വിചാരണയുടെ ഘട്ടത്തിൽ അദ്ദേഹം ഇടപെട്ടിരുന്നുമില്ല. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിൽ അതു പറയാനുള്ള അവസരം കണ്ടെത്താനുള്ള പ്രാപ്തിയും പ്രായവും തികഞ്ഞ ആളാണ് വേണുഗോപാൽ.  പക്ഷേ വിധി വന്ന് അതിനെ വിമർശിക്കാൻ അദ്ദേഹം വേദി കണ്ടെത്തിയത് ഒരു മാധ്യമ ചർച്ചയിലായിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശമായിരുന്നു വിഷയം.
സ്ത്രീകൾക്ക് പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധി കേരളത്തിൽ വലിയ കോലാഹലം ഇളക്കിവിട്ടിരിക്കയാണല്ലോ.  ആ വിധി തെറ്റായി, ന്യൂനപക്ഷ വിധിയായിരുന്നു സ്വീകാര്യം, ആചാര മര്യാദകളിൽ കോടതി വിധിക്കാനിരുന്നുകൂടാ, ജനവികാരം കൂടി മുൻനിർത്തി വേണം തീർപ്പു കൽപിക്കാൻ-ഇതൊക്കെയായിരുന്നു ചുരുക്കത്തിൽ അറ്റോർണി ജനറലിന്റെ വാദം.  അമ്പരപ്പിക്കുന്ന ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു: അദ്ദേഹം പറഞ്ഞതൊന്നും സർക്കാരിന്റെ അഭിപ്രായമായി കൂട്ടേണ്ട.
ഒറ്റ നോട്ടത്തിൽ തന്നെ അതുണ്ടാക്കാവുന്ന പൊല്ലാപ്പ് മനസ്സിലാക്കാം. ഒന്നുകിൽ അറ്റോർണി ജനറലും സ്ത്രീപ്രവേശന കാര്യത്തിൽ തെറ്റിപ്പിരിയുന്നു. അല്ലെങ്കിൽ സുപ്രീം കോടതിയെ കൊച്ചാക്കാനും പഴി പറയാനും അറ്റോർണി ജനറലും സർക്കാരും ഒത്തുകളിക്കുന്നു. പക്ഷേ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആണ്.  അറുപതു കൊല്ലത്തെ നിയമ ജീവിതത്തിൽ ആരെക്കൊണ്ടും നല്ല വാക്കു മാത്രം പറയിപ്പിച്ചിട്ടുള്ള വേണുഗോപാൽ അങ്ങനെയുള്ള കുശുമ്പിനും കുന്നാായ്മക്കും കൂട്ടുകൊടുക്കുന്ന ആളല്ല.  അദ്ദേഹം ആ പദവിക്ക് ഭൂഷണമാകുന്നേയുള്ളൂ, മറിച്ചല്ല. ഉദ്ദേശിക്കാത്ത ഒരു വാക്കും വായിൽനിന്നു വരുത്താതിരിക്കാനുള്ള തഴക്കവും അദ്ദേഹത്തിനുണ്ട്. പിന്നെ ഇതെങ്ങനെ സംഭവിച്ചു? ഇത്രയുമൊക്കെ സംഘർഷവും ദുരൂഹതയും പോരേ വാർത്ത ഒന്നാം പേജിൽ കയറിപ്പറ്റാൻ?
ന്യൂസ് അവർ അവതാരകർ അവഗണിച്ച വാർത്തയുടെ പശ്ചാത്തലം അതിനെ കൂടുതൽ വിവാദാസ്പദവും നിഗൂഢവുമാക്കുന്നു.  സുപ്രീം കോടതി വന്ന വഴിയേ എങ്ങനെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനൊഴിച്ചെല്ലാവർക്കും സംശയമായിരുന്നു.  ആദ്യ ദിവസം തന്നെ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു: 'പരമോന്നത ന്യായപീഠത്തിന്റെ വിധി എല്ലാവർക്കും ബാധകമാകുന്നു.' സ്വയംസ്പഷ്ടമായ ആ പ്രസ്താവം തന്നെ രമേശ് ചെന്നിത്തലയും ആവർത്തിച്ചു. ആറെസ്സെസ് നേതാക്കളും ചില കേന്ദ്ര മന്ത്രിമാരും ഏതാണ്ട് ആ മട്ടിലായിരുന്നു ആദ്യ പ്രതികരണം. ആദ്യമാദ്യം കേരളത്തിലും ബി.ജെ. പി നേതൃത്വത്തിന് ഒന്നും പിടികിട്ടാത്ത മട്ടിലായിരുന്നു.  സുപ്രീം കോടതി വിധിക്കെതിരെ സമരം നയിക്കാനുള്ള തീരുമാനം എടുക്കാൻ അവരും അൽപം സമയമെടുത്തു. ആളുകളെ അണി നിരത്താൻ പറ്റുമെന്ന് ഉൾവിളിയും വെളിപാടും ഉണ്ടായപ്പോൾ പിന്നെ സമരം തന്നെ, സമരം. 
ഒരു കാര്യം സമ്മതിക്കണം.  കോടതി വിധിയെ ആദ്യം തന്നെ ആക്ഷേപിച്ചവരുടെ കൂട്ടത്തിൽ ദേവസ്വം മേധാവിയായ സഖാവ് എ. പത്മകുമാർ ഉണ്ടായിരുന്നു.  കൂട്ടത്തിൽ കേമത്തം അവകാശപ്പെട്ടവരായിരുന്നു പന്തളം രാജകുടുംബവും ശബരിമല തന്ത്രിമാരും. നായന്മാരുടെ സംഘടന അവർക്കൊപ്പം നിൽക്കാൻ നിശ്ചയിച്ചപ്പോൾ ഈഴവ യോഗം മറുവശത്ത് ചുവടുറപ്പിച്ചു.
വിഷാദ യോഗത്തിലെ അർജുനനെപ്പോലെ വിരണ്ടു പോകാത്ത ഒരാളേ ഉണ്ടായിരുന്നുള്ളു: പിണറായി വിജയൻ.  
സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള സാഹചര്യം ഒരുക്കാൻ മുന്നോട്ടു പോകുമ്പോൾ മുഖ്യമന്ത്രി ഒന്നു കൂടി വെളിവാക്കി: സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന ഹരജിയുമായി സർക്കാർ ഇറങ്ങില്ല.  തന്റെ മനസ്സ് തിരിച്ചറിയുന്ന ആളാണ് മുഖ്യമന്ത്രിയെന്നു വ്യക്തം. വിധിക്കെതിരെ സമരം ഉതിരം കൊണ്ടപ്പോൾ പാർട്ടി പോലും ഒന്നറച്ചു, സമരക്കാരുമായി സംസാരിക്കണമെന്ന് നിർദ്ദേശിച്ചു. പക്ഷേ വിജയന്റെ വിശ്വാസത്തിൽ ഇളക്കമുണ്ടായില്ല. സംസാരമാകാം, വിധി മാറ്റണമെന്ന തീരുമാനം എടുക്കാനല്ല, അതിന്റെ പ്രവർത്തനം എങ്ങനെ സുഗമമാക്കാമെന്നു നിശ്ചയിക്കാനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയപ്പോൾ പൊട്ടൻ കളിക്ക് അദ്ദേഹത്തെ കിട്ടില്ലെന്ന് എല്ലാവർക്കും ബോധ്യമായി.
സ്ത്രീകളുടെ അവകാശം ഉയർത്തിപ്പിടിച്ച വിധിക്കെതിരെ സ്ത്രീകളെത്തന്നെ ഇറക്കിവിട്ടുകൊണ്ടായിരുന്നു സമരം. എന്തിനു വേണ്ടിയാണ് സമരം എന്നു ചോദിച്ചാൽ, കൃത്യമായി ഒരു ഉത്തരം പലർക്കും പറയാനുണ്ടാവില്ല. സുപ്രീം കോടതി വിധി നടപ്പാക്കില്ലെന്നു ശഠിക്കാനോ  നടപ്പാക്കിയാൽ വിവരം അറിയുമെന്ന് സംസ്ഥാന സർക്കാരിനു താക്കീത് നൽകാനോ പ്രധാനമന്ത്രിക്കാവുമോ? നിയമ വാഴ്ചയിൽ അടിയുറച്ചു വിശ്വസിക്കുന്നവർക്ക് അപ്രിയമായ വിധി പോലും നടപ്പാക്കിയേ പറ്റൂ. അതങ്ങനെയിരിക്കേ, വിധി പുനഃപരിശോധിക്കണമെന്നും അത് മറികടക്കാൻ പുതിയ നിയമം കൊണ്ടുവരണമെന്നും ഒക്കെ ആവശ്യപ്പെട്ടുകൊണ്ട് സമരിക്കുന്ന സ്വന്തം പാർട്ടിക്കാരെ നിലയ്ക്കു നിർത്താൻ കേന്ദ്രത്തിനാവുന്നില്ലെന്നത് പരിഹാസ്യവും നിർഭാഗ്യകരവും ആയിരിക്കുന്നു.  എത്രത്തോളം പോകുമെന്നു നോക്കട്ടെ, ആ വഴിയേ വല്ല വോട്ടും കിട്ടുമെങ്കിൽ കിട്ടട്ടെ എന്നാണ് വിചാരമെന്നു വരുമോ? ന്യൂസ് എഡിറ്റർമാർക്കും അവതാരകർക്കും തുഷാർ നടേശ് വെള്ളാപ്പള്ളിക്കും മാത്രം ദുഷ്‌കരമാവുന്നതല്ല ഈ ഘട്ടത്തിൽ തീരുമാനം.
ആദ്യം വിധി ആർക്കും ബാധകമാകുമെന്നു പറഞ്ഞ കോൺഗ്രസ് നേതാക്കൾ, അതിനെതിരെ ആളുകൾ കൂടുന്നുവെന്നു കണ്ടപ്പോൾ മറുകണ്ടം ചാടി.  സമരത്തിന്റെ ഫലം ബി.ജെ.പി റാഞ്ചുമോ എന്നു പേടിയായി. ബി.ജെ.പിക്കും സി.പി.എമ്മിനും മാത്രം ഗുണമുണ്ടാകാനിടയുള്ള ഒരു സമരത്തിൽ 'മങ്ങിച്ചുങ്ങിയുണങ്ങി'യിരിക്കാൻ കോൺഗ്രസിനാവുമോ?  ഉടനെ വിധിക്കെതിരെയും വിശ്വാസത്തിനു വേണ്ടിയും നിലപാടെടുക്കണമെന്നായി നേതൃത്വം. പഴയ സാഹിത്യ ഭാഷയിൽ പറഞ്ഞാൽ, ഇതികർത്തവ്യതാമൗഢ്യം അവരെ ബാധിച്ചു. അതിന്റെ ഫലമായിരുന്നു കോൺഗ്രസിന്റെ കൊടി പിടിക്കാതെയും ബാനർ കെട്ടാതെയും കോൺഗ്രസുകാർക്ക് സമരത്തിൽ പങ്കെടുക്കാമെന്നായി നിബന്ധന.  പണ്ടു നമ്മൾ പറയാറില്ലേ, അമ്മയുടെ മുല കുടിക്കണം  അച്ഛന്റെ മടിയിലിരിക്കുകയും വേണം, അതു തന്നെ. ചരിത്രം നോക്കിയാൽ കാണാം, സന്ദിഗ്ധ ഘട്ടത്തിൽ തീരുമാനം എടുക്കാതെ ചാഞ്ചാടി നിന്നതാണ് എല്ലാ പാർട്ടികളുടെയും, വിശേഷിച്ച് കോൺഗ്രസിന്റെ അപചയത്തിനു കാരണം. ചരിത്രം ശബ്ദായമാനമായി ആവർത്തിക്കുന്നുവെന്നു മാത്രം.
സുപ്രീം കോടതി വിധിയെ എതിർക്കാൻ സംസ്ഥാന സർക്കാരിനെ തെറി പറയുന്നത്, മിനിമം വിമർശന ശൈലിയിൽ പറഞ്ഞാൽ, പാപ്പരത്തമാകുന്നു.  അവസാനത്തെ വിധി വന്നാൽ, അപ്രിയമായാലും, അത് അനുസരിക്കുന്നതാണ് നിയമ വാഴ്ചയുടെ വഴി. 
വേണമെങ്കിൽ ഒന്നു കൂടി ശ്രമിച്ചു നോക്കാം, കോടതി വഴി തന്നെ.  കാലക്രമത്തിൽ ജനവിചാരത്തിന്റെ വെളിച്ചത്തിൽ പുതിയൊരു കോടതി സമീപനം ഉണ്ടാകുന്നതുവരെ കാത്തിരിക്കാം. ആ വിചാരം രൂപപ്പെടുത്താനും ആവിഷ്‌കരിക്കാനും കോടതിയിൽ തന്നെ അവസരമുണ്ടായിരുന്നു. അത് ഉപയോഗപ്പെടുത്താതെയോ നഷ്ടപ്പെടുത്തിയോ, കൊടി പിടിച്ച് കോടതിയുടെ മതം മാറ്റാമെന്ന വിശ്വാസത്തിനടിപ്പെടുന്നതാണ് ജനാധിപത്യത്തിനുള്ള ഭീഷണി. 
ഏതു ദുരിതത്തിലും വിനോദത്തിന്റെ ഒരു അംശം കാണാം, കാണണം.  സുപ്രീം കോടതിയിലെ നാലു മുതിർന്ന ന്യായാധിപന്മാർ ഒരു വിധി പുറപ്പെടുവിച്ചതിന് ഒരു സംസ്ഥാന സർക്കാർ എന്തു പിഴച്ചു?  ന്യായത്തിന്റെയും നീതിയുടെയും ആസ്ഥാന മന്ദിരങ്ങളുടെ മുമ്പിൽ വേണമെങ്കിൽ ആഹാരമോ നിരാഹാരമോ ആകാം. അധീശ വർഗത്തിന്റെ മനസ്സു മാറ്റാൻ ഗാന്ധി കാണിച്ചുതന്നതാണ് ഉപവാസത്തിന്റെ വഴി. ആ വഴിയേ കാലു കുത്താതെ, സുപ്രീം കോടതി വിധിയെഴുതിയത് പിണറായി വിജയന്റെ ചുവന്ന പേന കൊണ്ടാണെന്ന മട്ടിലാണ് അതിനെതിരെയുള്ള പോക്ക്.  
കോടതിയെ ഭർത്സിക്കുന്നതും ഭരണഘടനക്കു തുരങ്കം വെക്കുന്നതും വിജയന്റെ പാർട്ടിയുടെ പ്രഖ്യാപിത ശൈലിയായി വർത്തിച്ച ഒരു കാലമുണ്ടായിരുന്നു.  അതിന്നില്ല. കോടതിയെ ധിക്കരിക്കാനും വിധി മാറ്റിവാർക്കാനും കൂട്ടു കൂടണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ മുമ്പിൽ സമരക്കാർ വെക്കുന്ന ആവശ്യം.  അതിനു വഴങ്ങില്ലെന്ന് അസന്ദിഗ്ധമായി വിജയൻ പറഞ്ഞത് നന്നായി. ഒരു വിമോചന സമരം കൂടി വരുന്നെങ്കിൽ വരട്ടെ. പഴയ വിമോചന സമരത്തെ പണം കൊടുത്തു സഹായിച്ച അമേരിക്കൻ അംബാസഡർ എൽസ്വർത് ബങ്കർ നാടു നീങ്ങിയിട്ട് കാൽ നൂറ്റാണ്ടിലേറെയായെന്ന് ഓർക്കുക. 
 

Latest News