Monday , March   18, 2019
Monday , March   18, 2019

മിസ്റ്റർ ട്രംപ്, ഇസ്രായിലല്ല, ഇത് സൗദി അറേബ്യ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ നാലു പൊതുപരിപാടികളിൽ പ്രസംഗിച്ചപ്പോഴും സൗദി അറേബ്യയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ശൈലി തുടരുന്നത് കണ്ടു. അമേരിക്ക സഹായത്തിനില്ലായിരുന്നുവെങ്കിൽ ഈ മേഖല മുഴുവൻ ഇറാൻ മിനിട്ടുകൾക്കകം പിടിച്ചടക്കുമായിരുന്നുവെന്നാണ് ട്രംപ് പറയുന്നത്. അങ്ങനെ 'സൗദിയെ സംരക്ഷിച്ചു' നിർത്തിയതിനുള്ള പ്രതിഫലവും ചോദിക്കുന്നു, അദ്ദേഹം സൗദി അറേബ്യയോട്!
ഈ നാലു പ്രസംഗ പരിപാടികളിലും നയതന്ത്രപരമായ അദ്ദേഹത്തിന്റെ വീഴ്ചയാണ് പ്രകടമായും കാണാനായത്. 
ട്രംപിന്റെ പ്രഭാഷണം ടെലിവിഷനിൽ കണ്ടപ്പോൾ എനിക്ക് ആദ്യമേ മനസ്സിൽ തോന്നിയത് ജർമൻ കവിയും ചിന്തകനുമായ ഗൊയ്‌ഥേയുടെ വാക്കുകളാണ്. കർമരംഗത്തെ അവധാനതയേക്കാൾ ഭയാനകമായി മറ്റൊന്നുമില്ല.സൗദി അറേബ്യൻ നേതൃത്വം പക്ഷേ, ഡോണൾഡ് ട്രംപിന്റെ ഈ പരാമർശം മുഖവിലയ്‌ക്കെടുത്തില്ല എന്നത് ആശ്വാസകരമാണ്. തീർത്തും രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള തരം താണ പ്രചാരണമെന്നതിൽ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും ട്രംപിന്റെ പരാമർശത്തിന് സൗദി അറേബ്യ കൽപിച്ചില്ല എന്നതും ഭാഗ്യമായി.
സൗദി- അമേരിക്കൻ ബന്ധത്തിന്റെ അടിസ്ഥാന തത്ത്വങ്ങളെക്കുറിച്ചോ ചരിത്രപരമായ പ്രസക്തിയെക്കുറിച്ചോ ശരിയായ ധാരണ വെച്ചുപുലർത്താൻ ട്രംപിന് സാധിച്ചിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. മിസിസിപ്പിയിലെ ട്രംപിന്റെ പ്രസംഗം ഇങ്ങനെ: സൽമാൻ രാജാവിനെ ഞാൻ സ്‌നേഹിക്കുന്നു. പക്ഷേ ഞാൻ പറയുന്നു: ഞങ്ങൾ- അമേരിക്ക- നിങ്ങളെ സംരക്ഷിക്കുന്നു. ഞങ്ങളില്ലാതെ രണ്ടാഴ്ച പോലും നിങ്ങൾക്ക് തുടരാനാവില്ല. നിങ്ങൾ ഞങ്ങളുടെ സൈന്യത്തിന്റെ മുഴുവൻ ചെലവുകളും വഹിക്കണം. 
ആരിലും പൊട്ടിച്ചിരിയുണ്ടാക്കുന്ന പ്രസ്താവമാണിത്. സൗദിയുടെ സുഹൃദ്‌രാജ്യമെന്ന നിലയ്ക്ക് അമേരിക്ക മനസ്സിലാക്കേണ്ട കാര്യം സൈന്യത്തിന്റെ ചെലവുകളത്രയും എത്രയോ കാലമായി സൗദി തന്നെയാണ് വഹിക്കുന്നത്. ആര് ആരെ സഹായിക്കുന്നുവെന്നതിന്റെ ബാലപാഠം പോലും ട്രംപിനെ ആരെങ്കിലും പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്.1933 മുതൽ സൗദി അറേബ്യയും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള വാണിജ്യ-നയതന്ത്ര-രാഷ്ട്രീയ ബന്ധങ്ങൾക്ക് അസ്ഥിവാരമിട്ടിട്ടുണ്ട്. ഈ മേഖലയിൽ എണ്ണപര്യവേക്ഷണമാരംഭിച്ച ആദ്യനാളുകളിൽ തന്നെ കാലിഫോർണിയ- അറേബ്യൻ സ്റ്റാൻഡേർഡ് ഓയിൽ കമ്പനി, എക്‌സോൺ - മൊബൈൽ തുടങ്ങിയ പ്രമുഖ അമേരിക്കൻ കമ്പനികളുമായാണ് സൗദി അറേബ്യയുടെ എണ്ണ പര്യവേക്ഷണവും എണ്ണക്കയറ്റുമതിയുമായൊക്കെ ബന്ധപ്പെട്ട വൻതോതിലുള്ള വാണിജ്യ വിനിമയങ്ങൾ. 
ഏഴു പതിറ്റാണ്ടായി അമേരിക്കയിൽ നിന്നാണ് സൗദി അറേബ്യ ആയുധങ്ങൾ വാങ്ങുന്നത്. കോടിക്കണക്കിന് ഡോളറിനാണ് ആയുധങ്ങളത്രയും അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പ്രതിരോധ മേഖലയിൽ അമേരിക്ക - സൗദി വിനിമയം അത്രയും വേരൂന്നി നിൽക്കുന്നതാണ്. സൗദി അറേബ്യയിലെയും മറ്റു ഗൾഫ് നാടുകളിലെയും അമേരിക്കൻ വ്യവസായ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരും സൗദി അറേബ്യ തന്നെ. എണ്ണ വ്യാപാരത്തിൽ സൗദി അറേബ്യ ഇക്കാലമത്രയും കാത്തുപോരുന്ന സാമ്പത്തിക സന്തുലിതത്വം തന്നെയാണ് ഈ രംഗത്തെ സൗദി സമ്പദ്ഘടനയുടെ നട്ടെല്ല്. അമേരിക്കൻ സാമ്പത്തിക ഭൂപടത്തിന് സൗദിയുടെ സംഭാവന അത്രയും വൈപുല്യമാർന്നതാണെന്ന് ഏത് സാമ്പത്തിക നിരീക്ഷകരും സമ്മതിക്കും.
ശീതയുദ്ധകാലത്ത് മിക്ക രാജ്യങ്ങളും അമേരിക്കക്കെതിരെ തിരിഞ്ഞപ്പോഴും സൗദി അറേബ്യ അമേരിക്കക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. ഒരു പക്ഷേ സൗദി ഇത്തരമൊരു നിലപാട് സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ കൂടുതൽ രാജ്യങ്ങൾ വെട്ടിപ്പിടിക്കുകയെന്ന - പ്രത്യേകിച്ചും ഇസ്‌ലാമിക രാജ്യങ്ങൾ- സോവ്യറ്റ് തന്ത്രം വിജയം കാണുമായിരുന്നു. അതാകട്ടെ, അമേരിക്കൻ ആഗോള നിലപാടിനു പോലും കനത്ത തിരിച്ചടിയാകുമായിരുന്നു. 
1979 ൽ സോവ്യറ്റ് യൂണിയൻ അഫിഗാനിസ്ഥാനിൽ അധിനിവേശം നടത്തിയപ്പോൾ അതിനെ ചെറുത്ത് തോൽപിക്കാൻ അമേരിക്കയോടൊപ്പം നിന്ന ആദ്യത്തെ വിദേശ രാജ്യമാണ് സൗദി അറേബ്യ. ആയുധ രംഗത്തോ, സൈനിക രംഗത്തോ മാത്രമല്ല, നിരവധി സൗദി ഭടന്മാരുടെ ജീവൻ കൊടുത്ത് പോലും അഫ്ഗാനെ സംരക്ഷിക്കാൻ അമേരിക്കൻ സഖ്യ ശക്തികളോടൊപ്പം അടിയുറച്ചു നിന്ന രാജ്യമെന്ന ഖ്യാതിയും സൗദിക്ക് സ്വന്തം. 
1990 ൽ ഇറാഖ് കുവൈത്തിൽ അധിനിവേശം നടത്തിയപ്പോഴും അമേരിക്കയോടൊപ്പം നിന്നതും വൻ സാമ്പത്തിക ബാധ്യതയുണ്ടായിട്ടും മേഖലയെ സംഘർഷത്തിൽ നിന്ന് കാത്ത് രക്ഷിക്കാൻ മുന്നിൽ നിന്ന രാജ്യമായിരുന്നു സൗദി അറേബ്യയെന്ന് എല്ലാവർക്കുമറിയാം.
സമീപകാലത്ത് 450 ബില്യൺ ഡോളറിന്റെ കരാറാണ് അമേരിക്കയുമായി സൗദി അറേബ്യ ഒപ്പു വെച്ചത്. വരും വർഷങ്ങളിൽ ആയിരക്കണക്കിന് അമേരിക്കക്കാർക്ക് ജോലി ഉറപ്പ് നൽകുന്ന പദ്ധതി കൂടിയാണിത്. 
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ വാക്കുകളോടെ ഈ ലേഖനം ഉപസംഹരിക്കട്ടെ:
യാഥാർഥ്യത്തോടുള്ള അവഗണന, വസ്തുതകളോടുള്ള അസംബന്ധ ജടിലമായ കുൽസിതത്വം.. ഇവയേക്കാൾ അപകടകരമായി മറ്റൊന്നുമില്ല. 
അതുകൊണ്ട് ചരിത്രം വിസ്മരിച്ചുപോകരുത് മിസ്റ്റർ പ്രസിഡന്റ് എന്നേ പറയാനുള്ളൂ. 
ഇത്ര കൂടി: ഇസ്രായിലല്ല, ഇത് സൗദി അറേബ്യയാണ് മിസ്റ്റർ പ്രസിഡന്റ്…
(മുൻ ശൂറാ കൗൺസിലംഗവും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക നിരീക്ഷകനുമാണ്  ലേഖകൻ)         

Latest News