Monday , March   18, 2019
Monday , March   18, 2019

ഗംഗ സംരക്ഷിക്കാൻ ഒരു ജീവാർപ്പണം

ഗംഗ സംരക്ഷിക്കുക എന്ന ആവശ്യമുയർത്തി മരണം വരെ ഉപവാസം ആരംഭിച്ച സ്വാമി ജ്ഞാനസ്വരൂപ് സനാദ് മരണം വരിക്കുക തന്നെ ചെയ്തു.  ഹിന്ദു വിശ്വാസികളുടെ ആത്മീയ ഭൂമിയായ ഋഷികേശിലെ എ.ഐ.ഐ.എം.എസ് ആശുപത്രിയിൽവെച്ച്  പോലീസ് കസ്റ്റഡിയിൽ ഉപവാസ സമരത്തിന്റെ 111 ാം നാളിൽ. 
ആന്ധ്ര സംസ്ഥാനത്തിനു വേണ്ടി പോറ്റി ശ്രീരാമുലു മരണപ്പെട്ടതാണ് സമാനമായ ഉദാഹരണം.  ജി.ഡി. അഗർവാൾ എന്ന സ്വാമി ജ്ഞാൻ സ്വരൂപിന്റെയും ശ്രീരാമുലുവിന്റെയും മരണം വരിച്ച സമരങ്ങളിൽ ചരിത്രപരമായ സമാനതകൾ ഏറെയുണ്ട്.  ലക്ഷ്യം നേടാനുള്ള ഇരുവരുടെയും സമര ദൗത്യം ഒരുപോലെ തുറന്നുകാട്ടുന്നത് നമ്മുടെ രാഷ്ട്രീയത്തിലും  ഭരണ നേതൃത്വത്തിലുമുള്ളവരുടെ കാപട്യവും മലിനീകരണവുമാണ്. 
ഹരിദ്വാറിലെ മൈത്രി സദൻ ആശ്രമത്തിൽ ജൂൺ 22 നാണ് 87 വയസ്സുള്ള സ്വാമി ജ്ഞാൻസ്വരൂപ് സനദ് ഉപവാസം ആരംഭിച്ചത്. ആന്ധ്രാ ഭാഷാ സംസ്ഥാനത്തിനു വേണ്ടിയുള്ള ശ്രീരാമുലുവിന്റെ  58 ദിവസത്തെ നിരാഹാരം 1952 ഡിസംബർ 15 നാണ് അദ്ദേഹത്തിന്റെ മരണത്തിൽ കലാശിച്ചത്.   മദിരാശി പ്രവിശ്യയിലും ചേർന്നുള്ള പ്രദേശങ്ങളിലും ശ്രീരാമുലുവിന്റെ മരണ വാർത്ത വൻ കലാപം ആളിക്കത്തിച്ചു. മൂന്നാം ദിവസം ആന്ധ്ര സംസ്ഥാനം പ്രധാനമന്ത്രി നെഹ്‌റു അനുവദിച്ചു. ഗംഗയ്ക്കു വേണ്ടിയുള്ള സ്വാമിയുടെ മരണം രാജ്യത്ത് പ്രതിഷേധമോ പ്രതികരണങ്ങളോ കാര്യമായി സൃഷ്ടിച്ചില്ല. ശ്രീരാമുലുവും ജി.ഡി. അഗർവാളും എഞ്ചിനീയറിംഗ് വിദ്യാഭ്യാസം നേടിയവരും ഉയർന്ന ശാസ്ത്ര-സാങ്കേതിക ജ്ഞാനം ആർജിച്ചവരുമായിരുന്നു.  ബ്രിട്ടീഷ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേയിലെ ഉദ്യോഗം വിട്ട്  ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ 25 ാം വയസ്സിൽ ചേർന്നതായിരുന്നു പോറ്റി ശ്രീരാമുലു. ശ്രീരാമുലുവിനെ പോലെ പത്തു പേർ കൂടി തനിക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ ഒരു വർഷത്തിനകം ഇന്ത്യയുടെ സ്വാതന്ത്ര്യം താൻ നേടിയെടുക്കുമെന്ന് ഗാന്ധിജി പറയുമായിരുന്നു. കേരളമടക്കം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ 1956 നവംബർ ഒന്നിന് ആന്ധ്രയ്‌ക്കൊപ്പം രൂപീകരിക്കേണ്ടിവന്നു. 
പ്രസിദ്ധമായ കാൺപുർ ഐ.ഐ.ടിയിലെ പരിസ്ഥിതി എഞ്ചിനീയറിംഗ് വിഭാഗം മേധാവി, പരിസ്ഥിതി ശാസ്ത്രത്തിൽ ഏഷ്യയിലെ തന്നെ ആധികാരിക വക്താവ്, ഇന്ത്യാ ഗവണ്മെന്റിന്റെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രഥമ അംഗ സെക്രട്ടറി.  പരിസ്ഥിതി സംശുദ്ധി സംബന്ധിച്ച നയപരവും ഭരണപരവുമായ കേന്ദ്ര സർക്കാറിന്റെ വിവിധ കമ്മിറ്റികളിലെ അംഗം, നദികളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആധികാരിക വക്താവ്.  ഇതു മാത്രമായിരുന്നില്ല ജി.ഡി. അഗർവാൾ.  ഹിന്ദു സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായി ഗംഗയെ കണ്ട പാരിസ്ഥിതിക മനസ്സും ആത്മീയ മനസ്സുമായിരുന്നു അദ്ദേഹം. അതിനായി ഭൗതിക ജീവിതം ഉപേക്ഷിച്ച്, പൂർവ്വാശ്രമം വിട്ട് ആത്മീയ സന്ന്യാസ ജീവിതത്തിലേക്ക് അദ്ദേഹം കടന്നു.  ജി.ഡി. അഗർവാൾ സ്വാമി ജ്ഞാനസ്വരൂപനായി. ഗാന്ധിയൻ സമര മാർഗിയും. അത്തരമൊരു അസാധാരണമായ  ജീവിതമാണ് ഗംഗാ നദിയുടെ മലിനീകരണം തടയണമെന്നാവശ്യപ്പെട്ടുള്ള സുദീർഘ ഉപവാസ സമരത്തിൽ പൊലിഞ്ഞത്. 
ഗംഗയെ ശുദ്ധീകരിക്കുകയും കയ്യേറ്റങ്ങളിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്ന ദൗത്യം ജ്ഞാനസ്വരൂപ്  ജീവിത ലക്ഷ്യമാക്കി.  ഹരിദ്വാർ മുതൽ ഉത്തരകാശി വരെയുള്ള ഗംഗയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന അണക്കെട്ടുകളുടെ നിർമ്മാണം തടയാൻ ഉപവാസ സമരങ്ങളിലൂടെ പൊരുതി. ജി.ഡി. അഗർവാൾ എന്ന ജ്ഞാൻസ്വരൂപിന്റെ ജീവൻ രക്ഷിക്കാനെങ്കിലും പ്രധാനമന്ത്രി മോഡിയോ ഉത്തരാഖണ്ഡ് ഗവണ്മെന്റോ പക്ഷേ ഇടപെട്ടില്ല. ജലപാനം പോലും ഉപേക്ഷിച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത് അവർ അവഗണിക്കുക തന്നെ ചെയ്തു. 
 യു.പിയിലെ മുസാഫർ നഗറിലെ  കന്തലയിൽ 1932 ൽ ജനിച്ച ജി.ഡി. അഗർവാൾ പ്രസിദ്ധമായ കാൺപുർ ഐ.ഐ.ടിയിലെ പരിസ്ഥിതി ശാസ്ത്ര അധ്യാപകനും വെർക്കിലി സർവ്വകലാശാലയിൽനിന്ന് പരിസ്ഥിതി വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ പ്രതിഭയുമായിരുന്നു.  പരിസ്ഥിതി ശാസ്ത്രത്തിൽ ഏഷ്യയിലെ തന്നെ അവസാന വാക്കായിരുന്ന അഗർവാളിന്റെ ജീവിതത്തിന്റെ ആദ്യഘട്ടം പരിസ്ഥിതി, നദികളുടെ ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി  ബന്ധപ്പെട്ടതായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആദ്യ മെമ്പർ സെക്രട്ടറി തുടങ്ങി  ഏറ്റവുമൊടുവിൽ ദേശീയ ഗംഗാ നദീതട അഥോറിറ്റി ബോർഡ് അംഗം വരെ ബഹുമുഖ തലങ്ങളിലെ സാന്നിധ്യം. പ്രകൃതിയുടെയും  പരിസ്ഥിതിയുടെയും ഭാഗമായി ഹിമാലയ താഴ് വരയിൽ ആശ്രമത്തിൽ ആധ്യാത്മിക ജീവിതം തുടർന്ന രണ്ടാം ഘട്ടം പക്ഷേ, ഗംഗയുടെയും മറ്റു നദികളുടെയും സംരക്ഷണത്തിനും അവയെ കയ്യേറി തകർക്കുന്നതിനെതിരായ പോരാട്ടത്തിനും അദ്ദേഹം മാറ്റിവെച്ചു.
008 നും 12 നും ഇടയിൽ നാലു തവണ ഗംഗയെ സംരക്ഷിക്കാനും അതിന്റെ കരയിലെ  കയ്യേറ്റങ്ങൾ തടയാനും ഗംഗയുടെ കഥ കഴിക്കുന്ന ഒട്ടേറെ അണക്കെട്ടുകളുടെ നിർമ്മാണം നിർത്തിവെക്കാനും ആവശ്യപ്പെട്ട് അദ്ദേഹം  നിരാഹാര സമരം നടത്തി.  ഏറ്റവുമൊടുവിൽ കഴിഞ്ഞ ഫെബ്രുവരി 26 ന് മരണം വരെ ഉപവാസം നടത്താനുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോൾ സ്വാമി ജ്ഞാൻസ്വരൂപ് മോഡി ഗവണ്മെന്റിനെയാണ് പ്രതിക്കൂട്ടിൽ നിർത്തിയത്. മോഡി അധികാരത്തിൽ വന്നിട്ട് നാലു വർഷം കഴിഞ്ഞിട്ടും ഗംഗയുടെ സംരക്ഷണത്തിനു വേണ്ടി യാതൊന്നും ചെയ്തില്ലെന്ന്.  നിർദ്ദിഷ്ട ഗംഗാ സംരക്ഷണ നിയമം വെളിച്ചം കണ്ടിട്ടില്ലെന്നും. ഇക്കാര്യം  ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതിയിട്ടും മറുപടി പോലും ലഭിച്ചില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. അന്നു തുടങ്ങിയ നിരാഹാരം മാസങ്ങൾ പിന്നിടാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും പരിസ്ഥിതിവാദികളും ഉൽക്കണ്ഠാകുലരായി. സംസ്ഥാന - കേന്ദ്ര ഗവണ്മെന്റുകളുടെ അടിയന്തര ഇടപെടൽ അവർ ആവശ്യപ്പെട്ടു.  എന്നാൽ ഉത്തരാഖണ്ഡിലെ ബി.ജെ.പി ഗവണ്മെന്റ് പോലീസിനെ ഉപയോഗിച്ച് ആ വൃദ്ധ സന്ന്യാസിവര്യനെ അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു.  
ഇതിനെതിരെ പിന്നീട് ജ്ഞാൻസ്വരൂപ് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു.  സമാധാനപരമായ തന്റെ പ്രതിഷേധത്തിനെതിരെയുള്ള സർക്കാറിന്റെ ബലപ്രയോഗത്തിനെതിരെ പരാതി നൽകി.  12 മണിക്കൂറിനകം സ്വാമി ജ്ഞാൻസ്വരൂപുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് ഉത്തരവു നൽകി.  വിഷയം തന്റെ പരിധിയിൽ വരുന്നതല്ലെന്നു വ്യാഖ്യാനിച്ച് ചീഫ് സെക്രട്ടറി ഇടപെട്ടില്ല. ഉത്തരാഖണ്ഡ് സർക്കാറിൽനിന്ന് ഒരാളും നിരാഹാര സമരം അവസാനിപ്പിക്കാൻ നീക്കം നടത്തിയില്ല.
പകരം അവർ ചെയ്തത് ഹരിദ്വാറിലെ ഉപവാസ വേദിയിൽനിന്ന് ബലം പ്രയോഗിച്ച് വീണ്ടും അദ്ദേഹത്തെ ഋഷികേശിലെ അഖിലേന്ത്യാ മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥലത്തെ കോൺഗ്രസ് എം.പി നടത്തിയ ഒത്തുതീർപ്പു ചർച്ചയും പരാജയപ്പെട്ടു.  ഇതോടെ സ്വാമി ജ്ഞാൻസ്വരൂപ് ജലപാനം ഉപേക്ഷിച്ചു.  മരണം വരെ നിരാഹാരമെന്ന തന്റെ പ്രഖ്യാപനം 111 ാം ദിവസം  യാഥാർത്ഥ്യമാക്കി.
2010 ൽ ഭാഗീരഥി (ഗംഗ) യുടെമേൽ വിഷ്ണുഘട്ട്, പീപ്പൽ കോട്ടി, സിംഗോലി, ഹത്ത്വാരി എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉപവസിച്ചിരുന്നു. ഉത്തര കാശി വരെയുള്ള ഗംഗയുടെ സ്വാഭാവിക ഒഴുക്ക് അണക്കെട്ടുകൾ തടയുന്നു. ഇത് ഗംഗാനദിയുടെ  ചരമത്തിൽ കലാശിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.  അന്ന് യു.പി.എ ഗവണ്മെന്റിൽ പരിസ്ഥിതി-വനം മന്ത്രിയായിരുന്ന ജയറാം രമേശ് ഹരിദ്വാറിലെത്തി രാജ്യത്തെ ഏറ്റവും വലിയ ആ പാരിസ്ഥിതിക പോരാളിയെ കണ്ട് ചർച്ച നടത്തി.  അണക്കെട്ടുകളുടെ നിർമ്മാണം തടയുമെന്നും പാരിസ്ഥിതിക - സംരക്ഷ ഉറപ്പു വരുത്താൻ നിയമ നിർമ്മാണം നടത്തുമെന്നും ഉറപ്പു നൽകി മടങ്ങി.
2014 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിയുടെ ഉത്തരേന്ത്യയിലെ പ്രചാരണത്തിന്റെ മുഖ്യ വിഷയം ഗംഗാനദിയെന്ന അമ്മയെക്കുറിച്ചായിരുന്നു. മറ്റുള്ളവർക്ക് ഗംഗ ഒരു നദിയായിരിക്കാം.  പക്ഷേ, നമുക്ക് അത് അമ്മയാണ്. ഗംഗ വെള്ളത്തിന്റെ കേവലം ഒഴുക്കു മാത്രമല്ല അത് പ്രതിഫലിപ്പിക്കുന്നത് നമ്മുടെ സംസ്‌കാരമാണ്.
ഗംഗ ശുദ്ധീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി നിരവധി നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ട്.  കോടികൾ ചെലവഴിച്ചിട്ടുമുണ്ട്.  ഈ പണമെല്ലാം ഗംഗയോടൊപ്പം ഒഴുകിപ്പോയോ.  ഗംഗയിലെ ജലത്തിന്റെ ശുദ്ധിയെങ്കിലും തകരുന്നത് ഈ ധനം കൊണ്ട് തടയാമായിരുന്നില്ലേ. ഗംഗയെ കൈകാര്യം ചെയ്യാൻ കഴിയാത്തവർ രാജ്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് സഹോദരി സഹോദരന്മാരുടെ കയ്യടി വാരിക്കൂട്ടി ഓരോ പൊതുയോഗത്തിലും മോഡി അന്ന് ചോദിച്ചത്.
ഉത്തരാഖണ്ഡിൽ 2013 ലുണ്ടായ പ്രളയത്തിൽ ആറായിരത്തോളം പേർ കൊല്ലപ്പെടുകയും നാലായിരത്തിലേറെ ഗ്രാമങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. ഭാഗീരഥി നദിയിൽഗംഗോത്രി മുതൽ ഉത്തര കാശി വരെ സർക്കാർ പണിത പതിനെട്ടോളം അണക്കെട്ടുകളും നദിക്കരയിൽ നടന്ന കയ്യേറ്റങ്ങളും ക്വാറികൾ ചുരന്നു നടത്തുന്ന പ്രകൃതി നശീകരണവുമാണ് പ്രളയം സൃഷ്ടിച്ചതെന്ന് സ്വാമി ജ്ഞാൻസ്വരൂപിലെ സാർവ്വദേശീയ പാരിസ്ഥിതിക ശാസ്ത്രജ്ഞൻ അന്ന് ചൂണ്ടിക്കാട്ടി.  അതിനുള്ള ശിക്ഷയാണ് ഉത്തരാഖണ്ഡ് ഏറ്റുവാങ്ങിയതെന്നും കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി രാജീവ് ഗാന്ധി അധികാരമേറ്റപ്പോൾ ഗംഗ ആക്ഷൻ പദ്ധതി പ്രഖ്യാപിക്കുകയും ഒരു പാരിസ്ഥിതിക നിരീക്ഷണ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.  ഗംഗാ ആക്ഷൻ പ്ലാനിന് 6788 കോടി രൂപ രാജീവ് ഗാന്ധിയുടെ ഭരണത്തിൽ നീക്കിവെച്ചിരുന്നു. നരേന്ദ്ര മോഡി ഗവണ്മെന്റ് 2016 ൽ ഗംഗാ ശുദ്ധീകരണ ദേശീയ മിഷൻ പ്രഖ്യാപിച്ച് നാഷണൽ ഗംഗാ റിവർ ബെയ്‌സിൻ അഥോറിറ്റി പിരിച്ചുവിട്ടു.  'നമാനി ഗംഗൈ പ്രോഗ്രാം' എന്ന മോഡി പദ്ധതിക്ക് എട്ടു സംസ്ഥാനങ്ങളിലായി വിവിധ പരിപാടികൾക്ക് 20,000 കോടി രൂപ നീക്കിവെച്ചു. 
എന്നാൽ ഗംഗയെ രക്ഷിക്കാൻ മോഡി ഗവണ്മെന്റും ഫലത്തിൽ ഒന്നും ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മരണം വരെ ഉപവസിക്കാൻ സ്വാമി ജ്ഞാൻസ്വരൂപ്  തീരുമാനിച്ചത്.  രാജ്യത്തെ പ്രമുഖ പാരിസ്ഥിതിക പ്രവർത്തകർ അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചു.  തന്റെ ലക്ഷ്യം വിശദീകരിക്കുന്ന കത്ത് പ്രധാനമന്ത്രി മോഡിക്ക് സ്വാമി അയച്ചു. ഗംഗാ സംരക്ഷണവുമായി ബന്ധപ്പെട്ട ബിൽ നിയമമാകുകയോ പ്രയോഗത്തിൽ വരികയോ ചെയ്യാത്തതിൽ നിരാശ പ്രകടിപ്പിച്ചാണ് മരണം വരെ ഉപവസിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.  
ഇന്ത്യ കണ്ട ഏറ്റവും വലിയ ഈ പാരിസ്ഥിതിക ശാസ്ത്രജ്ഞന്റെ, യഥാർത്ഥ ഹിന്ദു സംസ്‌കാരത്തിനും അതിന്റെ പെറ്റമ്മയായ ഗംഗയുടെയും മറ്റു നദികളുടെയും സംരക്ഷണത്തിനും പോരാടുകയും ചെയ്ത ഒരു മഹാത്മാവിന്റെ ജീവൻ രക്ഷിക്കാൻ പോലും ഹിന്ദുത്വ സംസ്‌കാരത്തിനു വേണ്ടി നിലകൊള്ളുന്ന നരേന്ദ്ര മോഡിയും ബി.ജെ.പിയും സംഘ് പരിവാറും ഒരു ശ്രമവും നടത്തിയില്ല.  മരണ വാർത്ത പുറത്തു വന്നിട്ടും കോൺഗ്രസോ ഇടതുപക്ഷ പാർട്ടികളോ പോലും രാജ്യം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നമുയർത്തി സ്വന്തം ജീവൻ ആത്മാഹുതി ചെയ്ത ഈ വിഷയത്തിൽ വേണ്ട രീതിയിൽ പ്രതികരിച്ചും കണ്ടില്ല.
 

Latest News