Wednesday , March   20, 2019
Wednesday , March   20, 2019

റെക്കോർഡിന്റെ തോഴൻ

ഭാരം കുറക്കാൻ വേണ്ടിയാണ് അത്‌ലറ്റിക്‌സ് പരീക്ഷിച്ചത്. 2010 ലായിരുന്നു അത്. അഞ്ചു വർഷത്തിനിടയിൽ കളി കാര്യമായി. 2016 ൽ പട്യാലയിൽ നടന്ന അഖിലേന്ത്യാ അന്തർ യൂനിവേഴ്‌സിറ്റി മീറ്റിൽ 81.04 മീറ്റർ ലോക ജൂനിയർ റെക്കോർഡ് തകർത്തു. അതേ വർഷം പോളണ്ടിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലാണ് ചരിത്രം തിരുത്തി സ്വർണം നേടിയത്. ഈ വർഷം ഏഴു തവണ 85 മീറ്ററിലേറെ എറിഞ്ഞു.

ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ സ്റ്റാർ വിശ്രമത്തിലാണ് എന്നാണ് വെപ്പ്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടാൻ നടത്തിയ കഠിനാധ്വാനത്തിനു ശേഷം ഹരിയാനക്കാരൻ വിശ്രമം അർഹിച്ചിരുന്നു. സെപ്റ്റംബർ എട്ടിനും ഒമ്പതിനും ചെക് റിപ്പബ്ലിക്കിലെ ഓസ്ട്രാവയിൽ നടന്ന കോണ്ടിനന്റൽ കപ്പിലാണ് അവസാനം നീരജ് പങ്കെടുത്തത്. സീസണിലെ അവസാന ചാമ്പ്യൻഷിപ്പായ ഭുവനേശ്വറിലെ ദേശീയ അത്‌ലറ്റിക് മീറ്റിൽ നിന്ന് നീരജ് വിട്ടുനിന്നു. 
എന്നാൽ കുടുംബ സന്ദർശനങ്ങളും സാമൂഹിക പരിപാടികളും മാനസികമായി തന്നെ കൂടുതൽ തളർത്തിയെന്നാണ് നീരജ് പറയുന്നത്. കുറച്ചു കാലമായി യാത്രയും പരിശീലനവും മാത്രമായിരുന്നു. വിശ്രമം എനിക്ക് ആവേശം പകരുമെന്ന് കരുതി. എന്നാൽ തിരക്കുകളിൽ പെട്ട് തളർന്നു പോവുകയാണ് ഉണ്ടായത്. ഇപ്പോൾ മൊബൈൽ ഓഫാക്കി വെച്ചിരിക്കുകയാണ് -നീരജ് പറഞ്ഞു. 
ഈ വർഷം സ്ഥിരതയുള്ള ഉജ്വലമായ പ്രകടനമാണ് ഇരുപതുകാരൻ കാഴ്ചവെച്ചത്. സ്ഥിരമായി 85 മീറ്റർ പിന്നിടാൻ സാധിച്ചു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 88.06 മീറ്ററോടെ സ്വന്തം ദേശീയ റെക്കോർഡ് തകർത്തു. മറ്റൊരു കടുപ്പമേറിയ സീസണിന് ഒരുങ്ങുകയാണ് നീരജ്. പോയ സീസണിനെക്കാൾ വെല്ലുവിളി നിറഞ്ഞതായിരിക്കും വരാനിരിക്കുന്നതെന്ന് 2016 ലെ ലോക ജൂനിയർ ചാമ്പ്യൻ കരുതുന്നു. അടുത്ത സെപ്റ്റംബറിൽ ഖത്തറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പാണ് നീരജിന്റെ ലക്ഷ്യം. 2017 ൽ ലണ്ടനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ നീരജിന് നിരാശയായിരുന്നു. ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. സഹതാരം ദാവീന്ദർ കാംഗ് ഫൈനലിലെത്തുകയും ചെയ്തു. 
കഴിഞ്ഞ സീസണിൽ ജർമനിയിലെ ഓഫൻബർഗിലായിരുന്നു നീരജ് പരിശീലനം നടത്തിയിരുന്നത്. ജർമൻ കോച്ച് വേർണർ ഡാനിയേൽസിനു കീഴിൽ. ഇത്തവണയും ജർമനിയിൽ തുടരാനാണ് തീരുമാനം. എന്നാൽ കോച്ച് മാറും. മുൻ ജർമൻ ജാവലിൻ ഇതിഹാസം ഊവെ ഹോനായിരിക്കും പരിശീലിപ്പിക്കുക. ത്രോയിംഗ് ടെക്‌നിക് അൽപം കൂടി മെച്ചപ്പെടുത്തുകയായിരിക്കും ലക്ഷ്യം.
റോത്തകിലെ താവു ദേവിലാൽ സ്‌പോർട്‌സ് കോംപ്ലക്‌സിലാണ് നീരജ് കളിച്ചു വളർന്നത്. 2011 മുതൽ 2015 വരെ കോച്ച് നസീം അഹ്മദായിരുന്നു പരിശീലകൻ. ട്രയ്‌നിംഗ് കാലത്ത് നല്ലൊരു വോളിബോൾ കളിക്കാരൻ കൂടിയായിരുന്നു നീരജ്. 
2011 ജൂലൈയിൽ അമ്മാവനോടൊപ്പം ഇവിടെ ട്രയ്‌നിംഗിന് വന്നത് ഇപ്പോഴും ഓർക്കുന്നു. കൂടെ സ്‌റ്റേഡിയത്തിലെ സ്‌പോർട്‌സ് നഴ്‌സറിയിൽ ട്രയൽസിന് ജയ്‌വീറുമുണ്ടായിരുന്നു. കുട്ടിക്കാലത്ത് കളിച്ചിരുന്ന പാനിപ്പത്തിലെ ശിവാജി സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക് ഉണ്ടായിരുന്നില്ല. റോത്തക് സ്‌റ്റേഡിയത്തിലാണ് ആദ്യമായി സിന്തറ്റിക് ട്രാക്കിൽ പരിശീലിക്കാൻ അവസരം കിട്ടിയത്. ഹോസ്റ്റലിൽ സഹതാരങ്ങൾക്കൊപ്പം താമസിക്കുകയും ഭക്ഷണം പാകം ചെയ്യുകയും ചെയ്തിരുന്നു. നസീം സാറിന്റെ കീഴിൽ പരിശീലനം നടത്തുമ്പോഴാണ് ജൂനിയർ ദേശീയ റെക്കോർഡ് തകർത്തത്. ലഖ്‌നൗവിൽ നടന്ന മീറ്റിൽ 68.4 മീറ്റർ എറിഞ്ഞു. 2014 ൽ വിജയവാഡയിൽ 76.50 മീറ്റർ എറിഞ്ഞ് അണ്ടർ-18 ദേശീയ റെക്കോർഡ് സ്വന്തമാക്കി. ഇവിടത്തെ സ്‌പോർട്‌സ് നഴ്‌സറി നിർത്തലാക്കിയത് നിർഭാഗ്യകരമാണ്. എല്ലാ ജില്ലകളിലും ഇത്തരം നഴ്‌സറികൾ വേണമെന്നാണ് എന്റെ നിലപാട്' -നീരജ് പറഞ്ഞു. 
പാനിപ്പത്തിനടുത്ത ഖാന്ദ്ര ഗ്രാമത്തിലാണ് നീരജ് ജനിച്ചത്. പിതാവ് സതീഷ്‌കുമാർ കർഷകനായിരുന്നു. ഭാരം കുറക്കാൻ വേണ്ടിയാണ് അത്‌ലറ്റിക്‌സ് പരീക്ഷിച്ചത്. 2010 ലായിരുന്നു ഇത്. അഞ്ചു വർഷത്തിനിടയിൽ കാര്യങ്ങൾ ആകെ മാറി. 2016 ൽ പട്യാലയിൽ നടന്ന അഖിലേന്ത്യാ അന്തർ യൂനിവേഴ്‌സിറ്റി മീറ്റിൽ 81.04 മീറ്റർ ലോക ജൂനിയർ റെക്കോർഡ് തകർത്തു. അതേ വർഷം പോളണ്ടിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിലാണ് ചരിത്രം തിരുത്തി സ്വർണം നേടിയത്. ഈ വർഷം ഏഴു തവണ 85 മീറ്ററിലേറെ എറിഞ്ഞു. ഏപ്രിലിൽ ദോഹയിൽ നടന്ന ഡയമണ്ട് ലീഗിൽ 87.43 മീറ്ററോടെ നാലാം സ്ഥാനത്തെത്തി. റിയൊ ഒളിംപിക്‌സിൽ വെങ്കലം നേടിയ അത്‌ലറ്റ് എറിഞ്ഞ ദൂരത്തേക്കാൾ അധികമായിരുന്നു അത് എന്നത് നീരജിന് വലിയ ആഹ്ലാദം പകർന്നു.  
ദോഹ ഡയമണ്ട് ലീഗിൽ നീരജിനെക്കാൾ മുന്നിലുള്ള മൂന്നു പേരും 90 മീറ്റർ പിന്നിട്ടു. ഉന്നത നിലവാരത്തിലുള്ള മത്സരമായിരുന്നു അത്. ആദ്യ മൂന്നു പേരും ജർമൻകാരായിരുന്നു. തോമസ് റോളർ, യോഹാൻസ് വെറ്റർ, ആന്ദ്രെ ഹോഫ്മാൻ എന്നിവർ. ജർമനിയിലെ ജാവലിൻ ത്രോ സംസ്‌കാരമാണ് അവരെ തുണച്ചതെന്ന് നീരജ് കരുതുന്നു.
ചോപ്രയുടെ കോച്ച് ഹോൻ ജർമൻകാരനാണ്. ജാവലിനിൽ 100 മീറ്റർ പിന്നിട്ട ചരിത്രത്തിലെ ഒരേയൊരു അത്‌ലറ്റാണ് അദ്ദേഹം. 1984 ൽ ബെർലിനിൽ അദ്ദേഹം എറിഞ്ഞ 104.80 മീറ്ററിന്റെ റെക്കോർഡ് ഇപ്പോഴും അഭേദ്യമായി നിൽക്കുന്നു.  
മാത്രമല്ല ജാവലിൻ താരങ്ങൾക്ക് വലിയ സൗകര്യങ്ങളാണ് ജർമനിയിലുള്ളത്. നീരജ് ലോക ശ്രദ്ധ പിടിച്ചുപറ്റിയതിനു ശേഷമാണ് ഇന്ത്യയിൽ അത്തരം സൗകര്യങ്ങൾ വന്നു തുടങ്ങിയത്. ഈ വർഷം നാല് ഇന്ത്യൻ ജാവലിൻ ത്രോ താരങ്ങൾ 80 മീറ്റർ പിന്നിട്ടു. നല്ല മത്സരം ഉണ്ടാവുന്നത് എല്ലാ താരങ്ങൾക്കും ഗുണം ചെയ്യും. 
ആർമിയിൽ നാഇബ് സുബേദാറാണ് നീരജ്. 2013 ൽ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കാലം മുതൽ നീളൻ മുടിക്കാരനാണ് നീരജ്. ആർമിയിൽ ചേർന്നിട്ടും അതിന് മാറ്റമില്ല.