Wednesday , March   20, 2019
Wednesday , March   20, 2019

ക്രിക്കറ്ററായിരുന്നില്ലെങ്കിൽ?

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനോട് 25 ചോദ്യം... 

? ക്രിക്കറ്ററായിരുന്നില്ലെങ്കിൽ
= ഞാൻ കൊമേഴ്‌സാണ് പഠിച്ചത്. എം.ബി.എ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. കൊമേഴ്‌സോ അക്കൗണ്ടിംഗോ ആയി ബന്ധപ്പെട്ട ഏതെങ്കിലും ജോലിയിലായിരിക്കും ഞാൻ.

?  മറ്റേതെങ്കിലും കളിക്കാരന്റെ ബാറ്റിംഗിൽ നിന്ന് സ്വായത്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു ഘടകം
= ബ്രയാൻ ലാറയുടെ ബാറ്റിംഗിന്റെ ചന്തം. ലാറയുടെ ക്രിയേറ്റിവിറ്റിയോട് വലിയ ഇഷ്ടമാണ്.

? കഴിഞ്ഞ കാലങ്ങളിലെ ബൗളർമാരിൽ നേരിടാൻ ആഗ്രഹിക്കുന്നയാൾ
= മൈക്കിൾ ഹോൾഡിംഗ്, ജെഫ് തോംസൺ. വെറും രണ്ട് ബോൾ മാത്രം. അതും ഹെൽമറ്റണിഞ്ഞ് മാത്രം..

? ക്രിക്കറ്റല്ലാത്ത ഒരു കളി കളിക്കുകയാണെങ്കിൽ നേടാൻ ആഗ്രഹിക്കുന്ന ട്രോഫി
= ഏത് ഒളിംപിക് മെഡലും സന്തോഷത്തോടെ സ്വീകരിക്കും. കണ്ടിരിക്കുന്നതിനുള്ള സ്വർണമാണെങ്കിൽ പോലും. ഒളിംപിക്‌സിൽ പങ്കെടുക്കുന്നത് വലിയ അനുഭവമാണ്. ഒളിംപിക് സ്വർണം നേടുന്നത് എത്രയോ വലിയ നേട്ടവും. 

? അഡലയ്ഡിൽ 233, കൊൽക്കത്തയിൽ 180, ജമൈക്കയിൽ 81... ഇതിൽ താങ്കളുടെ ഏത് ഇന്നിംഗ്‌സിനോടാണ് കുടുതൽ ഇഷ്ടം.
= ഓരോന്നും പ്രധാനമാണ്. കാരണം മൂന്നിനും അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു. ജമൈക്കയിലെ 81 എന്നു പറയേണ്ടി വരും. അതിന്റെ യഥാർഥ മൂല്യം ആ അർഥത്തിൽ അംഗീകരിക്കപ്പെട്ടില്ല എന്നതു കൊണ്ട്..

? ഒരു ഇരട്ടപ്പേര് തെരഞ്ഞെടുക്കേണ്ടി വന്നാൽ, മതിൽ എന്നല്ലാത്ത ഏത് പേരാണ് ഇഷ്ടപ്പെടുക..
= രാഹുൽ.. രാഹുൽ എന്ന് അറിയപ്പെട്ടാൽ മതി..

? കഴിഞ്ഞ കാലങ്ങളിലെ ബാറ്റ്‌സ്മാന്മാരിൽ ആരുമൊത്താണ് ഒരു കൂട്ടുകെട്ട് പടുത്തുയർത്താൻ ആഗ്രഹിക്കുന്നത്.
= സുനിൽ ഗവാസ്‌കർ, ഗുണ്ടപ്പ വിശ്വനാഥ്. ഇരുവരും എന്റെ ബാല്യകാല ഹീറോകളാണ്. 

? ആത്മകഥയുടെ തലക്കെട്ടെന്തായിരിക്കും..
= ഒരിക്കലും എഴുതപ്പെടാത്ത പുസ്തകം..

?ജീവിതത്തിലെ മാതൃകകൾ ആരാണ്..
= എന്റെ സ്വഭാവത്തിലെ പല കാര്യങ്ങളും ചിന്തകളും മൂല്യങ്ങളും കിട്ടിയത് മാതാപിതാക്കളിൽ നിന്നാണ്. അതുകൊണ്ട് അവരാണ് മാതൃകകൾ എന്ന് പറയേണ്ടി വരും. 

?എന്തെങ്കിലും അന്ധവിശ്വാസമുണ്ടോ
=  ഇല്ല. എന്നാലും ഞാൻ ആദ്യം അണിയുന്നത് വലതു കാലിലെ പാഡാണ്. അതൊരു ശീലമായിരുന്നു. അതങ്ങനെ തുടർന്നു.

? വായിച്ച ഏറ്റവും മികച്ച പുസ്തകം.
= ഏറ്റവും മികച്ചത് എന്ന് പറയാനാവില്ല. ഏറ്റവും സ്വാധീനം ചെലുത്തിയത് റിച്ചാഡ് ബാക്കിന്റെ ജോനാഥൻ ലിവിംഗ്‌സ്റ്റൺ സീഗളാണ്. 15-16 വയസ്സുള്ള കാലത്താണ് അത് വായിച്ചത്. ക്രിക്കറ്റ് ഒരു പ്രൊഫഷനായി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സമയമായിരുന്നു. ലക്ഷ്യത്തിലേക്ക് ഏകാഗ്രതയോടെ മുന്നേറാൻ അത് പ്രചോദനമായി. 

? കുടുംബവുമൊത്ത് അവധിക്കാലം ചെലവിടാൻ ആഗ്രഹിക്കുന്ന സ്ഥലം..
= കാടുകൾ വലിയ ഇഷ്ടമാണ്. വർഷത്തിലൊരിക്കൽ ഒരു തവണയെങ്കിലും കുടുംബവുമൊത്ത് കാടുകൾ സന്ദർശിക്കാറുണ്ട്. കർണാടകയിൽ ഒരുപാട് വനങ്ങളുണ്ട്.. കബനിയും മറ്റും.

? ഒരു ഭക്ഷണമേ കഴിക്കാൻ പറ്റൂ എന്ന് പറഞ്ഞാൽ ഏത് തെരഞ്ഞെടുക്കും
= ഞാൻ മധുരപ്രിയനാണ്. ചോക്കളേറ്റുകളോടാണ് ഇഷ്ടം. അത് എന്റെ ശരീരത്തിന് അപായകരമാവുകയില്ലെങ്കിൽ..

? ഒരുമിച്ച് കളിച്ച ഒരാളെ തമാശയാക്കാൻ അനുവദിക്കുകയാണെങ്കിൽ, ആരെ തെരഞ്ഞെടുക്കും, എന്ത് ചെയ്യും
= വെങ്കിടേഷ് പ്രസാദുമൊത്ത് ഒരുപാട് കാലം മുറി പങ്കിട്ടുണ്ട്. മുറി വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ വല്ലാത്ത കണിശക്കാരനാണ് വെങ്കി. വൃത്തികേടായി കിടക്കുന്ന മുറിയിലേക്ക് കയറുന്ന വെങ്കിയുടെ മുഖം കാണുന്നതു തന്നെ വലിയ രസമായിരിക്കും. 

? സ്വന്തം ബാറ്റിംഗിനെക്കുറിച്ച് ഏറ്റവുമധികം ഓർക്കുന്ന തലക്കെട്ട് ഏതാണ്
= ദ്രാവിഡ് ഹെൽപ്‌സ് സെയ്ന്റ് ജോസഫ്‌സ് വിൻ ടൈറ്റിൽ (ദ്രാവിഡിന്റെ ബാറ്റിംഗിൽ സെയ്ന്റ് ജോസഫ്‌സിന് കിരീടം).. കരിയറിലാദ്യമായി എന്റെ പേര് പരാമർശിക്കപ്പെട്ട തലക്കെട്ടായിരുന്നു അത്. സ്‌കൂൾ കുട്ടിയെന്ന നിലയിൽ വലിയ സന്തോഷം തോന്നി. അക്കാലത്ത് എപ്പോഴും റിപ്പോർട്ടുകളിൽ എന്റെ സ്‌പെല്ലിംഗ് ശരിയാവണേ എന്ന് ആഗ്രഹിച്ചിരുന്നു. അതുവരെ പലപ്പോഴും എന്റെ പേര് തെറ്റായി ഡേവിഡ് എന്നാണ് പത്രങ്ങൾ എഴുതിയിരുന്നത്. ദ്രാവിഡ് എന്നെഴുതിക്കൊടുത്താലും തെറ്റാണെന്ന് കരുതി അവർ ഡേവിഡ് ആക്കുമായിരുന്നു. 

? ഇപ്പോഴത്തെ ബൗളർമാരിൽ നേരിടാൻ ആഗ്രഹിക്കുന്നത് ആരെയാണ്, ഏത് ബൗളറാവും താങ്കളെ പ്രയാസപ്പെടുത്തുക
= അതിന് ഞാൻ അത്ര പ്രായമായിട്ടില്ല. ഇപ്പോഴത്തെ കളിക്കാരിൽ പലരുമൊത്തും കളിച്ചിട്ടുണ്ട്.. അവർ എന്നെ ബുദ്ധിമുട്ടിച്ചിട്ടുമുണ്ട്. മിച്ചൽ സ്റ്റാർക്ക് എന്നു പറയാം. പക്ഷേ സ്റ്റാർക്കിനെതിരെ കളിച്ചിട്ടുണ്ട്. കഗീസൊ റബാദ നല്ല ബൗളറാണ്. ഇന്ത്യൻ ബൗളർമാരിൽ ഭുവി (ഭുവനേശ്വർകുമാർ) എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചേക്കാം. നന്നായി പന്ത് അകത്തേക്ക് സ്വിംഗ് ചെയ്യിക്കാൻ ഭുവിക്ക് കഴിയും. എനിക്ക് അത്തരം പന്തുകൾ നേരിടുന്നത് പ്രയാസമാണ്. 

? വിശ്രമ ജീവിതത്തിൽ ഏറ്റവും സന്തോഷം നൽകുന്ന കാര്യം
= ഓരോ ദിവസവും രാവിലെ എണീറ്റ് ഇന്ന് 145 കിലോമീറ്റർ വേഗത്തിലെറിയുന്ന ബൗളറെയും അവരുടെ ബൗൺസറുകളെയും എങ്ങനെ നേരിടും എന്ന് ആലോചിക്കാതെ കിടന്നുറങ്ങാം. 
? അജ്ഞാത ശക്തി വരം ചോദിക്കുകയാണെങ്കിൽ എന്താവാനാണ് ആഗ്രഹം
= എവിടെയും പറക്കാവുന്ന സൂപ്പർമാൻ

? ആരാധന തോന്നുന്ന ക്രിക്കറ്റിന് പുറത്തുള്ള ഒരു കളിക്കാരൻ
= റോജർ ഫെദരർ. ഫെദരറുടെ പെരുമാറ്റ രീതികളിൽ എപ്പോഴും അഭിമാനം തോന്നിയിട്ടുണ്ട്. വിംബിൾഡണിൽ കളിക്കുന്നത് കണ്ടിട്ടുണ്ട്. ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ട്. 

? ഏറ്റവും കളിക്കാൻ ഇഷ്ടം തോന്നിയിട്ടുള്ള സ്‌റ്റേഡിയം. 
= ലോഡ്‌സ്.. ആ അന്തരീക്ഷം ഭ്രമിപ്പിക്കുന്നതാണ്. അവിടെ നന്നായി കളിച്ചിരുന്നു എന്നതും കാരണമാവാം. അതിന്റെ ചരിത്രവും പ്രധാനമാണ്.

? ഒരു ഗായകനെയോ ബാന്റോ തെരഞ്ഞെടുക്കാൻ പറഞ്ഞാൽ
= ബോബ് ഡിലനെയും സ്പ്രിംഗ്സ്റ്റീനെയും ഒരുപാട് ഇഷ്ടമാണ്.  

? ജീവിതത്തിലുടനീളം ബാറ്റ് ചെയ്യാൻ തെരഞ്ഞെടുക്കുന്ന ഒരു കളിക്കാരൻ.
= കഴിവും ക്ലാസും പരിഗണിക്കുമ്പോൾ സചിൻ ടെണ്ടുൽക്കർ. ഞാൻ ഒപ്പം കളിച്ചിട്ടുള്ളതിൽ മികച്ച കളിക്കാരൻ സചിനാണ്.

? ഒരു ഹാഷ്ടാഗിൽ താങ്കളെ സംഗ്രഹിക്കാമെങ്കിൽ എന്തായിരിക്കും അത്
= അൺകോംപ്ലിക്കേറ്റഡ് 

? ഏറ്റവും രസകരമായി തോന്നിയ സ്ലെജിംഗ്
= കൊൽക്കത്തയിൽ ഓസ്‌ട്രേലിയക്കെതിരെ ബാറ്റിംഗിനിറങ്ങിയപ്പോൾ. ആദ്യ ടെസ്റ്റിൽ മൂന്നാമനായാണ് ഞാൻ ബാറ്റ് ചെയ്തത്. കൊൽക്കത്തയിലെ നാലാം ടെസ്റ്റാവുമ്പോഴേക്കും ആറാമനായിരുന്നു. ഓസ്‌ട്രേലിയക്കാർ അതു വെച്ച് കളിയാക്കി. ഇക്കണക്കിന് അടുത്ത ടെസ്റ്റാവുമ്പോൾ പന്ത്രണ്ടാമനായി ബാറ്റിംഗിന് വരുമെന്ന്. എനിക്കു തന്നെ ചിരി വന്നു. 
? ദ്രാവിഡിനെക്കുറിച്ച് സിനിമ നിർമിക്കുകയാണെങ്കിൽ ആരായിരിക്കണം നായക നടൻ
= ആമിർ ഖാൻ