തീർപ്പാക്കാൻ പ്രത്യേക കോടതിയില്ല
കൊണ്ടോട്ടി- മലപ്പുറം ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ട് മാസത്തിനിടെ 234 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ആകെ 219 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്നത്. കേരള പോലീസിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലക്ക് പിറകെ രണ്ടാം സ്ഥാനത്താണ് മലപ്പുറം.
ഈ വർഷം ജനുവരിയിൽ 25 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഫെബ്രുവരിയിൽ 21 ആയി ചുരുങ്ങിയെങ്കിലും മാർച്ച് മാസത്തിൽ 29 ആയി വർധിച്ചു.ഏപ്രിലിൽ 23 കേസുകളും മെയ് മാസത്തിൽ 33 കേസുകളുമുണ്ടായി.ജൂൺ മാസത്തിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ജൂലൈയിൽ 43 കേസുകളാണുണ്ടായത്.ഓഗസ്റ്റിൽ 32 കേസുകൾ ഫയൽ ചെയ്തു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിന്റെ ഭാഗമായി 2012 ലാണ് പോക്സോ നിലവിൽ വന്നതെങ്കിലും കുട്ടികൾ സുരക്ഷിതരല്ലെന്നാണ് ബാലാവകാശ കമ്മീഷനും സംസ്ഥാന പോലീസും നൽകുന്ന പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഒരു വർഷം കൊണ്ട് പോക്സോ കേസുകൾ തീർപ്പ് കൽപിക്കണമെന്നാണ് നിയമത്തിൽ അനുശാസിക്കുന്നതെങ്കിലും പ്രത്യേക കോടതികളില്ലാത്തതിനാൽ കേസുകൾ പരിഗണിക്കാനാവുന്നുമില്ല. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് പോക്സോ കേസുകൾക്കായി പ്രത്യേക കോടതികൾ ഉള്ളത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയോട് ചേർന്നാണ് കേസുകൾ പരിഗണിക്കുന്നത്. എല്ലാ ജില്ലകളിലും പോക്സോ പരിഗണിക്കാനായി മാത്രം പ്രത്യേക കോടതികൾ വേണമെന്ന ആവശ്യമാണ് ശക്തമാവുന്നത്.