Monday , December   10, 2018
Monday , December   10, 2018

കരിപ്പൂരിൽ വലിയ വിമാനങ്ങൾ; കാലിബറേഷൻ പരിശോധനയും തൃപ്തികരം  

കൊണ്ടോട്ടി- കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന്റെ മുന്നോടിയായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ(ഡി.ജി.സി.എ) നിർദേശ പ്രകാരം കാലിബറേഷൻ പരിശോധന പൂർത്തിയാക്കി. ദൽഹി വിമാന പരിശോധന യൂണിറ്റിലെ സാങ്കേതിക വിദഗ്ധരാണ് കരിപ്പൂർ വിമാനത്താവളത്തിലെ കമ്മ്യൂണിക്കേഷൻ, നാവിഗേഷൻ സർവൈലൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ രണ്ട് ഇൻസ്ട്രുമെന്റൽ ലാന്റിംഗ് സിസ്റ്റവും  കാലിബറേഷനും നടത്തിയത്. സാധാരണ ആറ് മാസത്തിലൊരിക്കലാണ് കാലിബറേഷൻ വിമാനങ്ങൾ പരിശോധനക്കെത്താറുളളത്. എന്നാൽ പരിശോധനാ സമയം ആകുന്നതിന് മുമ്പ് തന്നെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയതോടെ സുരക്ഷാ പരിശോധന നടത്തുകയായിരുന്നു. വിമാനങ്ങളുടെ ലാന്റിങിനു സഹായിക്കുന്ന രണ്ട് ഇൻസ്ട്രുമെന്റൽ ലാന്റിംഗ് സിസ്റ്റങ്ങളാണ് കാലിബറേഷൻ ഉപയോഗിച്ച് പരിശോധിച്ചത്. കിഴക്കു ഭാഗത്തും പടിഞ്ഞാറു ഭാഗത്തുമാണ് കരിപ്പൂരിൽ രണ്ടു ഐ.എൽ.എസ് സ്ഥാപിച്ചിട്ടുളളത്. ഇവയുടെ പ്രധാന ഭാഗങ്ങളായ ഗ്ലേ-പാത്ത്, ലോക്കലൈസർ എന്നിവയാണ് കാലിബറേഷൻ വിമാനം ചാഞ്ഞും ചെരിഞ്ഞും പറന്ന് പരിശോധനക്ക് വിധേയമാക്കിയത്. ഉപകരണങ്ങൾ പരിശോധനയിൽ തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടു. ജോ.ജനറൽ മാനേജർ മദൻലാലിന്റെ നേതൃത്വത്തിലുളള മൂന്നംഗ സംഘമാണ് കാലിബറേഷന് നേതൃത്വം നൽകിയത്. മുനീർ മാടമ്പാട്ട്, എം.പി ഹൈദ്രു, ടി.എൻ.രാജു, ഷാജി ജെയിംസ്, ജുനൈസ്, കെ.പി.എം. മുസ്തഫ,എൻ.നന്ദകുമാർ എന്നിവർ വിവിധ ഉപകരണങ്ങളുടെ നേതൃത്വം ഏറ്റെടുത്തു.
കരിപ്പൂരിൽ സൗദി എയർലൈൻസ് വലിയ വിമാന സർവീസിന് മുന്നൊരുക്കങ്ങൾ നടത്തി വരികയാണ്. എയർ ഇന്ത്യ ജംബോ വിമാന സർവ്വീസിനായി 15 ന് പരിശോധന നടത്തുന്നുണ്ട്.