Monday , December   10, 2018
Monday , December   10, 2018

കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടർ കുടുംബശ്രീക്ക്

കോട്ടയം - കോട്ടയം ഡിപ്പോയിലെ  കെഎസ്ആർടിസിയിൽ റിസർവേഷൻ കൗണ്ടർ ചുമതല കുടുബശ്രീക്ക് കൈമാറുന്നു. കോട്ടയം ഡിപ്പോയിൽ ഈ മാസം 16 മുതലാണ് കുടുംബശ്രീ റിസർവേഷൻ ഏറ്റെടുക്കുക. റിസർവേഷന് നിശ്ചിത ശതമാനം തുക കുടുംബശ്രീക്ക് കമ്മീഷനായി ലഭിക്കും. 
പ്രവർത്തനങ്ങളിലെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് കെ.എസ്. ആർ.ടി.സി ഡിപ്പോകളിൽ ടിക്കറ്റ് റിസർവേഷൻ കൗണ്ടറുകളുടെ ചുമതല കുടുംബശ്രീക്ക് കൈമാറുന്നത്. ജില്ലയിൽ ആദ്യമായി കോട്ടയം ഡിപ്പോയിലെ കൗണ്ടറാണ് കുടുംബശ്രീ ഏറ്റെടുക്കുന്നത്. ഈ മാസം 16 മുതൽ കുടുംബശ്രീ ഡിപ്പോയിലെ റിസർവേഷൻ കൗണ്ടർ ഏറ്റെടുത്ത് നടത്താനാണ് ഉദ്ദേശിക്കുന്നത്. രാവിലെ ആറു മുതൽ രാത്രി പത്തര വരെയാവും കുടുംബശ്രീയുടെ കീഴിൽ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം. ഇതിനായി മൂന്നു വനിതകൾക്ക് ഇ ടിക്കറ്റിംഗുമായി ബന്ധപ്പെട്ട് സംസ്ഥാന കുടുംബശ്രീ മിഷൻ പരിശീലനം നൽകിക്കഴിഞ്ഞു. കോട്ടയം നോർത്ത് സി.ഡി.എസിലെ പ്രവർത്തകരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. റിസർവേഷൻ കൗണ്ടറിന് വേണ്ട സ്ഥലം കെ.എസ്.ആർ.ടി.സി ലഭ്യമാക്കും. അടിസ്ഥാന സൗകര്യങ്ങൾ കുടുംബശ്രീ മിഷനും ഒരുക്കിക്കൊടുക്കും. 
രാവിലെ മുതൽ രണ്ടു വരെയും രണ്ടു മുതൽ രാത്രി പത്തര വരെയും രണ്ട്  ഷിഫ്റ്റായിട്ടാവും കൗണ്ടറിൽ കുടുംബശ്രീ വനിതകൾ സേവനം നടത്തുക. റിസർവേഷൻ കൂപ്പണുകൾ വിൽക്കുന്നതിന്റെ നാലു ശതമാനവും ടിക്കറ്റ് തുകയുടെ നാലു ശതമാനവും കുടുംബശ്രീക്ക് വരുമാനമായി ലഭിക്കും.  
 

Latest News