Monday , February   18, 2019
Monday , February   18, 2019

പോലീസിന്റെ യൂനിഫോം മാറുന്നു, കാക്കി അപ്രത്യക്ഷമാകും

കോഴിക്കോട്- പ്രളയത്തിൽ നിന്ന് കരകയറും മുമ്പ് കേരള പോലീസ്  ലക്ഷങ്ങൾ ചെലവാക്കി യൂണിഫോം മാറ്റുന്നു.
ദുരന്ത മുഖത്തെ രക്ഷാപ്രവർത്തനത്തിന് 'വീര്യം കൂട്ടുകയെന്ന പേരിലാണ് കാക്കി യൂണിഫോമിന് പകരം പുതിയ യൂണിഫോം നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രളയം പോലുള്ള പ്രകൃതി ക്ഷോഭത്തിനിടയിലെ രക്ഷാപ്രവർത്തനത്തിനും മറ്റു ദുരന്തമുഖങ്ങളിലും പോലീസിനെ സമൂഹത്തിൽനിന്ന് വ്യത്യസ്തമാക്കുന്നതിനാണ് പുതിയ യൂണിഫോമിലേക്ക് മാറ്റുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഏത് കമ്പനിയുടെ വസ്ത്രം വാങ്ങണമെന്നോ ആര് വാങ്ങണമെന്നോ വ്യക്തമാക്കിയിട്ടില്ല. നവംബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുത്തണമെന്നാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കിയത്.
വെള്ളമോ വിയർപ്പോ ആയാൽ അത് എളുപ്പത്തിൽ ഉണങ്ങും വിധത്തിലുള്ള യൂണിഫോമാണ് ഉപയോഗിക്കേണ്ടതെന്നാണ് നിർദ്ദേശം. എന്നാൽ പ്രളയം മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ പോലീസിന്റെ വസ്ത്രം പരിഷ്‌കരിക്കുന്നതിനെതിരെ സേനയിൽ തന്നെ അഭിപ്രായ ഭിന്നത ഉയർന്നിട്ടുണ്ട്. വസ്ത്രം മാറ്റുന്നതിലൂടെ ലക്ഷങ്ങളുടെ അഴിമതിക്കുള്ള സാധ്യതയുണ്ടെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. പ്രളയത്തിനിടയിലും ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനായി ഡി.ജി.പി അടുത്തിടെ ടെൻഡർ ക്ഷണിച്ചത് ഏറെ വിവാദമായിരുന്നു. അതിനിടെയാണ് ഒരാവശ്യവുമില്ലാതെ പോലീസിന് പ്രത്യേക യൂണിഫോം നടപ്പാക്കാൻ തീരുമാനിച്ചത്. മൂന്നു തരത്തിലുള്ള വസ്ത്രങ്ങളിലേക്കാണ്  പോലീസ് മാറുന്നത്. നേവി ബ്ലൂവും കറുപ്പും ഒലിവ് ഗ്രീനും നേവി ബ്ലൂവും നേവി ബ്ലൂ ചുവപ്പും എന്നിങ്ങനെ മൂന്നു നിറങ്ങളിലായാണ് പോലീസിന്റെ വസ്ത്രം പരിഷ്‌കരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

Latest News