Tuesday , February   19, 2019
Tuesday , February   19, 2019

മേൽശാന്തി നിയമനം: അഭിമുഖ പരീക്ഷ തടസ്സപ്പെട്ടു

തിരുവനന്തപുരം- ശബരിമലയിലെ മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ടുള്ള അഭിമുഖ പരീക്ഷ തടസ്സപ്പെട്ടു. മേൽശാന്തി നിയമന അഭിമുഖ ബോർഡിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കുടുംബാംഗം കണ്ഠരരു മോഹനനരു നൽകിയ പരാതിയെ തുടർന്നാണ് ഇന്റർവ്യൂ മണിക്കൂറുകളോളം തടസ്സപ്പെട്ടത്. കേസ് നടപടിക്രമങ്ങളിൽ അകപ്പെട്ടിരുന്ന കണ്ഠരരു മോഹനനരുവിനെ ശബരിമലയിലെ തന്ത്രിസ്ഥാനത്ത് നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. എന്നാൽ  അടുത്തയിടെ കോടതി കുറ്റവിമുക്തനാക്കി. അതിനാൽ തന്നെയും  മേൽശാന്തി നിയമന അഭിമുഖ പരീക്ഷാ ബോർഡിൽ  ഉൾപ്പെടുത്തണമെന്ന് കാട്ടിയാണ് ദേവസ്വം ബോർഡിന് കത്ത് നൽകിയത്. ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഇന്നലെ രാവിലെ അഭിമുഖ പരീക്ഷ നടക്കാനുള്ള നടപടിക്രമങ്ങൾ നടക്കുന്നതിനിടെയാണ് കത്ത് നൽകിയത്. അഭിമുഖ ബോർഡിൽ  എത്തേണ്ട തന്ത്രിയും കണ്ഠരരു മോഹനനരുവിന്റെ മകനുമായ മഹേഷ് കണ്ഠരരു എത്തിയതുമല്ല.  
ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് മാത്രമേ തങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കൂ എന്ന് ദേവസ്വം ബോർഡ് നിലപാട് വ്യക്തമാക്കി. മോഹനനരുവിന്റെ കത്ത് സംബന്ധിച്ച് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അടിയന്തരമായി ബോധിപ്പിച്ചതിനെ തുടർന്ന് നിലവിലെ സ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇതോടെ ഉച്ചകഴിഞ്ഞ് അഭിമുഖം ആരംഭിച്ചു. ശബരിമല മേൽശാന്തി നിയമനത്തിന് 79 പേരും മാളികപ്പുറത്തിന് 57 പേരുടെയും അഭിമുഖ പരീക്ഷയാണ് നടക്കുന്നത്.  തന്ത്രി രാജീവരര് കണ്ഠരര്, ദേവസ്വം ബോർഡ് പ്രസിഡന്റ്, ബോർഡ് അംഗങ്ങൾ, കമ്മീഷണർ, ഹൈക്കോടതി നിയമിച്ച നീരീക്ഷകർ എന്നിവരാണ് അഭിമുഖ പരീക്ഷാ ബോർഡിലെ മറ്റ് അംഗങ്ങൾ.

നിയമന നടപടികളിൽ പങ്കെടുക്കേണ്ടത് തന്ത്രിമാർ
കൊച്ചി- ശബരിമല, മാളികപ്പുറം മേൽശാന്തി നിയമന നടപടികളിൽ പങ്കെടുക്കേണ്ടത് തന്ത്രി കുടുംബത്തിലെ കണ്ഠരര് രാജീവര്, മഹേഷ് മോഹനര് എന്നിവരാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച അപേക്ഷയിലാണ് ജസ്റ്റിസുമാരായ പി.ആർ.രാമചന്ദ്ര മേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നടപടി. കണ്ഠരര് മോഹനരെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് 2006 ൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

Latest News