Monday , December   10, 2018
Monday , December   10, 2018

ശബരിമല: നാമജപ സമരം ശക്തിയാർജിക്കുന്നു 

തിരുവനന്തപുരം- ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള വിശ്വാസികളുടെ നാമജപ സമരം ശക്തിയാർജിക്കുന്നു. കക്ഷിരാഷ്ട്രീയത്തിനും സമുദായ വ്യത്യാസവുമില്ലാതെ വിവിധ വിഭാഗം ജനങ്ങൾ ഇതിൽ പങ്കെടുക്കുന്നു. ഓരോ പ്രാർത്ഥനാ യജ്ഞങ്ങളിലും സ്ത്രീകളും യുവതകിളും പെൺകുട്ടികളും വിശ്വാസം സംരക്ഷിക്കാൻ  അണിനിരക്കുകയാണ്. സെക്രട്ടറിയേറ്റ് പടിക്കലും ശരണ മന്ത്രങ്ങൾ മുഴങ്ങുന്നു.  പന്തളം കൊട്ടാരം ഇന്നലെ സെക്രട്ടറിയേറ്റ് പടിക്കൽ നാമജപ യജ്ഞം നടത്തി. ഇതിൽ രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ പങ്കെടുത്തു.
അയ്യപ്പ ധർമ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു നാമജപ യജ്ഞം. അയ്യപ്പസേവാസമാജം, കേരള ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല സംരക്ഷണ കൂട്ടായ്മ ഉൾപ്പെടെ നിരവധി ഭക്തജന കൂട്ടായ്മകൾ നാമജപ യാത്രയോടെയാണ് നാപജപ യജ്ഞത്തിൽ പങ്കെടുക്കാൻ എത്തിയത്. പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് മൂലംനാൾ പി.ജി.ശശികുമാർ വർമ്മ ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ ആചാരങ്ങൾ അനാചാരങ്ങളായും അയ്യപ്പനെ സ്ത്രീ വിരുദ്ധനായും പ്രചരിപ്പിക്കുകയാണെന്നും ശശികുമാർ വർമ്മ പറഞ്ഞു.അയ്യപ്പനെ അറിയാത്ത നാലഞ്ചു പേർ ചേർന്ന്  ഒരു സുപ്രഭാതത്തിൽ കേസ് നൽകി മാറ്റാനുള്ളതല്ല ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ. ആചാര സഭ കൂടി വേണം ആചാരങ്ങൾ മാറ്റം വരുത്താൻ. ഭരണഘടനയുടെ കുഴലിലൂടെ നോക്കിയല്ല സാമൂഹിക പ്രശ്‌നങ്ങളിൽ തീർപ്പു കൽപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ ഓർഡിനൻസിലൂടെ സുപ്രീം കോടതി വിധി മറികടക്കണമെന്ന് ഒ.രാജഗോപാൽ എംഎൽഎ ആവശ്യപ്പെട്ടു.  അയ്യപ്പസേവാ സമാജം ദേശീയ സംഘടനാ സെക്രട്ടറി പി.കെ. വിശ്വനാഥൻ, അയ്യപ്പ ധർമ സംരക്ഷണ സമിതി  ചെയർമാൻ എസ്. കൃഷ്ണകുമാർ അധ്യക്ഷനായി. സുരേഷ് ഗോപി എംപി, വി.എസ്. ശിവകുമാർ എം.എൽ.എ, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് പി.കെ.വിശ്വംഭരൻ, ഹിന്ദു ഐക്യവേദി സെക്രട്ടറി കെ.പ്രഭാകരൻ, അയ്യപ്പ സേവാ സംഘം പ്രസിഡന്റ് മോഹൻ കെ.നായർ, വിഷ്ണുപുരം ചന്ദ്രശേഖരൻ, കോൺഗ്രസിൽ നിന്നുള്ളവരും സമരത്തിൽ പങ്കെടുത്തു. ശബരിമല സംരക്ഷണം ആവശ്യപ്പെട്ട് നിരാഹാര സമരമടക്കമുള്ള സരമവുമായി ഭക്തർ ഒറ്റയക്കും ചെറുസംഘങ്ങളായും സെക്രട്ടറിയേറ്റിന് മുന്നിലുണ്ട്. 
 

Latest News