Tuesday , May   21, 2019
Tuesday , May   21, 2019

'സ്വപ്‌നങ്ങൾ സ്വപ്‌നങ്ങളേ നിങ്ങൾ' ഇന്ദിരാ ഭവനിലും ദില്ലിയിലും

ഏവരും കോരിത്തരിച്ചുപോകുന്ന ഒരു പ്രസ്താവനയുമായാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാരോഹണം. തന്റെ രക്തം പരിശോധിച്ചാൽ അതിൽ കോൺഗ്രസ് അല്ലാതെ മറ്റൊന്നും കാണുകയില്ല എന്ന ആ മൊഴിമുത്തുകൾ പക്ഷേ, കോൺഗ്രസ് നേതാക്കളെ ഞെട്ടിച്ചുകളഞ്ഞു. കരുണാകര വാഴ്ചക്കാലം മുതൽ ഗ്രൂപ്പില്ലാതെ ശ്വാസം വിടാൻ പോലും കഴിയാതിരുന്ന പാവങ്ങൾ ഞെട്ടാതെന്തു ചെയ്യും? ഉഷ്ണം ഉഷണേന ശാന്തി: എന്നു പറഞ്ഞതു പോലെയായിരുന്നു ഇക്കണ്ട കാലമത്രയും പ്രവർത്തകർ. ഹൃദയം മിടിക്കുന്ന താളം തന്നെ 'ഗ്രൂപ്പ് ഗ്രൂപ്പ്' എന്നായിരുന്നു. മുല്ലപ്പള്ളിക്കു ഹൃദയമില്ലേ? അതോ, കേരളത്തിലേക്കു തിരിക്കും മുമ്പ് അതെടുത്തു ദില്ലിയിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണോ? തലസ്ഥാനത്തെ ഇന്ദിരാ ഭവനെ ചുറ്റിപ്പറ്റിയും ചോദ്യങ്ങൾ മഞ്ഞുവീഴുന്നതു പോലെ പതിക്കുകയാണ്. അദ്ദേഹം പ്രസിഡന്റായ ഉടനെ, കെ.പി.സി.സി പ്രസിഡന്റിന്റെ മുറി മാറ്റി. പാവം കുറെ തിരുവന്തോരം കവികൾ ഇടയ്ക്കിടെ ഉഷ്ണമ മകറ്റാനും ചായയും പഴംപൊരിയും കഴിക്കാനുമായി കൂടിയിരുന്ന മിനി ഹാളിലായിരുന്നു മുല്ലപ്പള്ളി കുട് കെട്ടിയത്. ഈ ലോകത്ത് എന്തു നടന്നാലും അറിയാൻ കഴിയാത്ത മുറി. മുറിയിൽ എന്തു നടന്നാലും പുറത്തു ഒന്നുമറിയാത്ത ലോകവും. ഏതു കഠോര വാസ്തു വിദ്യാക്കരനാണ് ഉപദേശിച്ചതെന്നറിയില്ല. അങ്ങോർക്കു സ്തുതിയായിരിക്കട്ടെ!
ഇനി ഭയപ്പെടേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. പുതിയ പൂച്ച വന്നെത്തുമ്പോൾ മാളങ്ങളിൽ നിന്നും എലികൾ പുറത്തേക്ക് അന്തംവിട്ടു നോക്കുന്നതു പോലെ ചില അന്തേവാസികൾ ഇന്ദിരാ ഭവനിൽ ഉറ്റുനോക്കുന്നുണ്ട്. അതിലൊന്നാണ് പ്രിദയർശിനി പബ്ലിക്കേഷൻസ്. പുസ്തകങ്ങൾ വാരിക്കൂട്ടി മൂലക്കിട്ടിരിക്കുന്ന കമ്പനി. അവരെ കൂടിയിറക്കുമോ എന്ന സംശയം ദിനം തോറും പെരുകുന്നു! മുമ്പ് സുധീര വീരൻ നയിച്ചിരുന്നപ്പോൾ സിറ്റിയിലെ ഷോറൂം പൂട്ടിച്ച് പ്രിയദർശിനിയിലെ ഒരരുക്കാക്കിയതാണ്. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയോടുള്ള പ്രതിഷേധമായിരിക്കാം കാരണം. 'മഴ തോർന്നാലും മരം പെയ്തുകൊണ്ടേയിരിക്കു'മെന്ന ചൊല്ലു പോലെ, ചില കോൺഗ്രസുകാർ കിട്ടിയ സ്ഥാനങ്ങളിൽ കയറിയിരുന്ന് ഇപ്പോഴും പ്രതിഷേധിക്കുന്നുണ്ട്. മുല്ലപ്പള്ളി ഇനി പരിഷ്‌കാരം വല്ലതും നടപ്പിലാക്കിയാൽ കൂടുതൽ കടുത്ത നടപടി വേണ്ടിവരും. സുധീരൻജിയെ കടത്തിവെട്ടണമല്ലോ. അങ്ങനെയെങ്കിൽ കഷ്ടകാലം വീണ്ടും പ്രിയദർശിനിയെ പിടികൂടം. പിന്നെയുള്ളത് മാസാമാസം വാടക കൊടുക്കാതെ ഒഴിവുള്ള ഹാളിൽ ചേരുന്ന 'സാംസ്‌കാരിക കൂട്ടായ്മയാണ്. സുധീരൻജി ഒരിക്കൽ അവരെയും കുടിയിറക്കി. പല പാർട്ടികളിലും പെട്ട കുറച്ചു കവികൾ ചേർന്ന് ആലാപനം നടത്തുന്നത് അസഹ്യമായപ്പോൾ ചെയ്തുപോയതാണ്. കൂട്ടക്കരച്ചിൽ കണ്ടു മനസ്സലിഞ്ഞപ്പോൾ അദ്ദേഹം അവരെയൊക്കെ ക്ലാസ് റൂമിലേക്കന്നെ പോലെ തിരികെ കയറ്റി. ഹസൻജിയുടെ കാലമായിരുന്ന സുഖപ്രദം. മണവുമില്ല, ഗുണവുമില്ല. അങ്ങോർ പ്രസിഡൻറുമായില്ല. ഓൺലി ഇൻ ചാർജ്. അത്ര തന്നെ. ഏറെപ്പേർ പാർട്ടി വിടും മുമ്പേ ഹസൻജി സ്ഥാനമൊഴിഞ്ഞു. ഇനി മുല്ലപ്പള്ളി നടത്താൻ പോകുന്ന സർപ്പ യജ്ഞത്തെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സി.പി.എമ്മിന് ഒരു ക്ഷണക്കത്തയിച്ചിട്ടുണ്ട്. അത് എ.കെ.ജി സെന്ററിലെ ചവറ്റുകൊട്ടയിൽ മിക്കവാറും കണ്ടേക്കും.

****         ****          ****

ബ്രൂവറി - ഡിസ്റ്റിലറി പ്രശ്‌നം സമാപനത്തോട് അടുക്കുകയാണ്. കുട്ടികൾ അറിവില്ലായ്മ കൊണ്ടു ചെയ്യുന്നവ മാതാപിതാക്കൾ ക്ഷമിക്കും; വിവരമുള്ളവരാണെങ്കിൽ. അതുപോലെയാണ് സി.പി.മ്മും. എക്‌സൈസ് മന്ത്രി അനുവദിച്ചു. 99 ലെ ഉത്തരവും നിരോധനവും മറികടന്നെന്നോ, അതല്ല, അനുസരിച്ചാണെന്നോ തോന്നും വിധത്തിലാണ് വിവാദം പുകഞ്ഞുയർന്നത്. പഞ്ചായത്തിൽ ചായക്കടയ്ക്ക് ലൈസൻസ് ചോദിക്കുന്നതു പോലെയേ ഉള്ളൂ എന്ന് നിസ്സാരമായി പറഞ്ഞ് പ്രശ്‌നത്തിൽ പ്രതിപക്ഷത്തിന്റെ ആധിയും വ്യാധിയും തണുപ്പിക്കാൻ ഒരു ഇ.പി ജയരാജനേ ഈ ദുനിയാവിലുള്ളൂ. ക്രൈസിസ് മാനോജ്‌മെന്റിൽ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നൽകാൻ ആരെങ്കിലും മുന്നോട്ടു വന്നേ തീരൂ. നായനാരുടെ ഉപമയായ 'അമേരിക്കയിൽ ചായ കുടിക്കുന്നതു പോലെയേ ഉള്ളൂ' എന്ന ചരിത്ര പ്രസിദ്ധ പ്രഖ്യാപനം കഴിഞ്ഞാൽ ഇടതുപക്ഷത്തുനിന്ന് ഇത്രയും മധുരമുള്ള ഒരു 'ചായ' പ്രയോഗം മറ്റാരും നടത്തിയിട്ടില്ല. മൂന്നു ജയരാജൻന്മാർ താങ്ങി നിർത്തുന്നുവെന്നത് തന്നെയാണ് സി.പി.എമ്മിന്റെ ബലം.
ബ്രൂവറി - ഡിസ്റ്റിലറി പ്രശ്‌നം പുനഃപരിശോധിക്കുമെന്ന പ്രസ്താവനയോടെ കാര്യം പടിയിറങ്ങി. 'ശ്രീചക്ര' എന്ന സ്ഥാപനം ഒരു കടയിൽ പ്രവർത്തിക്കുകയാണെന്ന കണ്ടെത്തലിനു മുമ്പേ ജയരാജന്റെ ചായക്കട പ്രസ്താവന എത്തിയത് രാഷ്ട്രീയ നിരീക്ഷകർ അത്ഭുതാദരങ്ങളോടെയാണ് കാണുന്നത്. എന്തൊരു ദീർഘദൃഷ്ടി! ശരീരം പോലെ തന്നെ നയന ദ്വയങ്ങളും!

****           ****           ****

അപ്രതീക്ഷിതമായ എന്തെങ്കിലും വാർത്ത ലഭിക്കുമ്പോഴാണ് ഞെട്ടലുണ്ടാകുക. രാഷ്ട്രീയർക്കാർക്ക് അങ്ങനെയല്ല. ഒരു കൊല്ലം സുഖമില്ലാതെ കിടന്ന രോഗി മരിച്ചാലും അവർ ഞെട്ടും. ശീലമാണ്. ഇന്നലെ വരെ കോൺഗ്രസ് നേതാവിനെ സ്വന്തം അനുജനെന്ന പോലെ സ്‌നേഹിച്ചയാളാണ് സീതാറാം ചെയ്യൂരി. പക്ഷേ, ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള വിശാല സഖ്യത്തിൽ ഓഹരിയെടുക്കാൻ സി.പി.എം ഇല്ല. പ്രകാശ് കാരാട്ട് വക പാരയാണ് പിന്നിലെന്ന് അറിയാത്തവരില്ല. പക്ഷേ ഈയൊരു കാര്യത്തിന്മേൽ ചർച്ചയും തർക്കവും നീട്ടിക്കൊണ്ടുപോയിട്ടു കാര്യമില്ല. കുറച്ചു തലമുടി കൂടി നരയ്ക്കും; കുറെ കൊഴിയും. മറ്റൊന്നും സംഭവിക്കില്ല. അങ്ങനെ കോൺഗ്രസ് പ്രേമം തൽക്കാലം ഫ്രീസറിൽ വെച്ചു. ആരും ഏറെ ശ്രദ്ധിക്കാത്ത ഒരു കാരണം കൂടിയുണ്ട്- സി.പി.ഐ അഞ്ചു മിനിറ്റ് മുമ്പേ തന്നെ വിശാല സഖ്യത്തിൽ കയറി ഇരിപ്പുറപ്പിച്ചു. എന്തു വന്നാലും അത് സഹിക്കുന്ന പ്രശ്‌നമില്ല. തെലങ്കാന തന്നെ ഉദാഹരണം. നക്‌സലുകൾക്കു പോലും നിരുപദ്രവകാരിയായ സി.പി.ഐയോടു സഹതാപമാണ്. ആ നിലക്ക് നമ്മൾ രണ്ടാമൂഴക്കരനാകണം. അതു നടപ്പില്ല. എല്ലാ മറിഞ്ഞ് കോൺഗ്രസ് ഞെട്ടിക്കൊണ്ടോയിരിക്കുകയാണ്.

****          ****            ****

എന്താണ് മായാവതി മാഡത്തിന്റെ ലക്ഷ്യം? കാൻഷി റാം ജീവിച്ചിരുന്നെങ്കിൽ ഇതിനകം താൻ ഇന്ത്യൻ പ്രധാനമന്ത്രി ആയേനേ എന്ന് ചിലപ്പോഴെങ്കിലും സ്വപ്‌നം കാണുകയും ഞെട്ടി ഉണരുകയും ചെയ്യുന്നുണ്ടെന്നാണ് കേൾവി. ഒരു പുതിയ സഖ്യമുണ്ടാക്കുക എന്നത് ഒരു പാലം ഇടുന്നതു പോലെയാണ്. അങ്ങോട്ടും ഇങ്ങോട്ടും വേണം. പുതിയ നിയമങ്ങളും സുപ്രീം കോടതി ഉത്തരവുകളും നിമിത്തം സ്ത്രീകൾ പല പതിനെട്ടാംപടികൾക്കും മേലെയാണ്. ആ നിലയ്ക്ക് കല്യാണം കഴിക്കാത്ത ഒരു 47 കാരൻ കൊച്ചനെ വെറുതെ വിളിച്ചു പ്രധാനമന്ത്രിയാക്കാൻ മാഡമെന്തിനു കൂട്ടുനിൽക്കണം? താനും കല്യാണം കഴിയാത്ത കന്യകയാണ്. എന്താലെന്ത്  പൊതുരംഗത്ത് അനുഭവ സമ്പത്ത് വേണുവോളം! മിസ് മായാവതി, ഇന്ത്യൻ പി.എം എന്നു കേട്ടാൽ അതിന്റെ ഗമയൊന്നു വേറെ. മമതാ ദീദിയെയാണ് ഭയക്കേണ്ടത്. ഏതായാലും വിശാല സഖ്യത്തിൽ രാഹുൽ വിലസണ്ട. നിർബന്ധമാണെങ്കിൽ മായാവതി വിലസാൻ തയാർ. പയ്യൻ മാറി നിൽക്കണം. അത്രേയുള്ളൂ.

****          ****          ****

തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിൽ നാലെണ്ണം കോൺഗ്രസ് അടിച്ചെടുക്കും എന്നു സർവേ നടത്തി ഫലം പറഞ്ഞവരെ കൈനോട്ടക്കാരുടെ പട്ടികയിൽ പെടുത്താനുള്ള തിരക്കിലാണ് ബി.ജെ.പി. എന്നിട്ട് അവരെ തലമൊട്ടയടിച്ച് നാടുകടത്തണം. രാജ്യദ്രോഹം പ്രസ്താവിക്കാൻ ആരെയും അനുവദിക്കാൻ പാടില്ല.
സംസ്ഥാനത്ത് ശബരിമലയെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നുവെന്ന് കണ്ടെത്തിയ പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് പത്മഭൂഷൺ ലഭിക്കാൻ സാധ്യതയേറുന്നു. 
രണ്ടു പ്രമുഖ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് തങ്ങളുടെ കൂടെ വരുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇലക്ഷൻ കാലത്തെ ചുവരെഴുത്തു പോലെ തുലാവർഷം കൊണ്ടുപോയി. ഇനിയുള്ളത് കോടിയേരി സഖാവിന്റെ പ്രസ്താവനകളാണ്. സുന്നി പള്ളികളിലും സ്ത്രീകളെ പ്രവേശിക്കപ്പിക്കണമെന്നാണ് സഖാവിന്റെ പാർട്ടി ആശിക്കുന്നത്. സ്വന്തം പാർട്ടി ഓഫീസിൽ ആരെയൊക്കെ കയറ്റണ്ട, കയറ്റണം എന്നു തീരുമാനിക്കാൻ പോലും അവകാശമില്ലാത്ത സംസ്ഥാന പാർട്ടിയുടെ ആശയാണ്. പാവം!.
ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറും മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും തങ്ങളുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് പുതിയ സ്വപ്‌നങ്ങൾ കണ്ട് രാത്രിയിൽ സംസാരിക്കുന്നതായി കിംവദന്തിയുണ്ട്.
 

Latest News