Sunday , June   16, 2019
Sunday , June   16, 2019

മാധ്യമങ്ങൾ 'വധിച്ച' ഖശോഗി

അറബ് വസന്തമെന്ന പേരിൽ അറിയപ്പെട്ട സംഭവങ്ങളുടെ തുടർച്ചയെന്നോണം മധ്യപൗരസ്ത്യ ദേശത്ത് സൈനിക ഏറ്റുമുട്ടലുകൾക്കു പുറമെ മാധ്യമ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലും രൂക്ഷമായ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. മേഖലയിലെ അഗ്നിപർവതങ്ങളിൽ നിന്നുള്ള ലാവാപ്രവാഹം ഇനിയും നിലച്ചിട്ടില്ല. 
പഴയ സ്ഥിതിഗതികളിൽ മാറ്റം വരുത്തുന്നതിനോ പുതിയ മാറ്റങ്ങൾ തടയുന്നതിനോ ശ്രമിച്ചുള്ള വടംവലികളുടെ ഭാഗമായി ഗവൺമെന്റുകൾക്കിടയിലും ഗ്രൂപ്പുകൾക്കിടയിലും പ്രതിസന്ധികളും സംഘർഷങ്ങളും ആവർത്തിക്കുകയും തുടരുകയും ചെയ്യുന്നു. 
സൗദി അറേബ്യയെ പോലെ, സ്വയം പരിവർത്തനങ്ങൾക്കും പരിഷ്‌കരണങ്ങൾക്കും നേതൃത്വം നൽകുന്ന ഭരണകൂടങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആശ്ചര്യകരമല്ല. വേരുപിടിച്ച ആശയങ്ങളെയും പ്രചാരത്തിലുള്ള സംസ്‌കാരങ്ങളെയും ഘടനകളെയും വേരോടെ പിഴുതുകളയുന്നതിനുള്ള ശ്രമങ്ങളായതിനാൽ ഈ പ്രക്രിയ തീർത്തും ദുഷ്‌കരമാണ്. മാധ്യമ യുദ്ധത്തിന്റെ വെടിയുണ്ടയേറ്റ് ജമാൽ ഖശോഗി കൊല്ലപ്പെട്ടിരിക്കുന്നു. ജമാൽ ഖശോഗിക്കു വേണ്ടി ഘോരഘോരം സംസാരിക്കുന്നവർക്ക് അദ്ദേഹത്തിന്റെ ജീവനിൽ കാര്യമായ താൽപര്യമില്ല. അവരുടെ ലക്ഷ്യം റിയാദ് ആണ്. 
ചില മൂവ്‌മെന്റുകളെ എളുപ്പത്തിൽ ഇല്ലാതാക്കാനോ പാർശ്വവൽക്കരിക്കുന്നതിനോ സാധിക്കുമെന്ന് നേരത്തെ ധരിച്ചിരുന്നവർക്ക് അത് ദുഷ്‌കരമാണെന്ന് ഇപ്പോൾ ബോധ്യപ്പെടുന്നു. ഇത്തരം ഗ്രൂപ്പുകളെ എളുപ്പത്തിൽ ഇല്ലാതാക്കുന്നതിന് കഴിയില്ല എന്നാണ് കാലം തെളിയിക്കുന്നത്. ഈജിപ്തിലും സൗദിയിലും മറ്റു രാജ്യങ്ങളിലും വിലക്കിയതോടെ മുസ്‌ലിം ബ്രദർഹുഡ് നേതാക്കളിലും പ്രവർത്തകരിലും പെട്ട ചിലർ തുർക്കിയിലേക്കും ഖത്തറിലേക്കും രക്ഷപ്പെട്ടു. ചിലർ അണ്ടർ ഗ്രൗണ്ടുകളിൽ അഭയം തേടി. 
ഈജിപ്തിലും ഗൾഫിലും തുനീഷ്യയിലും മൊറോക്കോയിലും പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടപ്പെട്ടതോടെ യൂറോപ്പിലെയും അമേരിക്കയിലെയും തങ്ങളുടെ പ്രവർത്തകരുടെയും അനുഭാവികളുടെയും സഹായം ഇവർ തേടാൻ തുടങ്ങി. മുസ്‌ലിം ബ്രദർഹുഡിന് പുറമെ മേഖലയിൽ മറ്റു ഗ്രൂപ്പുകളുടെ ശേഷിപ്പുകളുമുണ്ട്. അറബ് വസന്തം മേഖലയിൽ സൃഷ്ടിച്ച മാറ്റങ്ങൾക്ക് പിറകെ ഈ ഗ്രൂപ്പുകളെല്ലാം തങ്ങളുടെ നിര വീണ്ടും കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളിലാണ്.
മേഖലയിൽ നടക്കുന്ന യുദ്ധത്തിന്റെ ഇരയാണ് ജമാൽ ഖശോഗി. ഇത് മാധ്യമ, രാഷ്ട്രീയ പോരാട്ടത്തിന്റെ തുടർച്ചയാണ്. ജമാൽ ഖശോഗിയുടെ പ്രശ്‌നം എല്ലാവരും തങ്ങളുടെ നേട്ടങ്ങൾക്കു വേണ്ടി ദുരുപയോഗിക്കാൻ ആഗ്രഹിക്കുന്നു. തിന്മയുടെ ഭരണകൂടമാണ് സൗദി അറേബ്യയിലെതെന്ന് ചിത്രീകരിക്കാൻ ഖശോഗിയുടെ തിരോധാനം ഇവർ മുതലെടുക്കുന്നു. നേരത്തെ ഉത്തര കൊറിയയും റഷ്യയും ഇത്തരം ആക്രമണങ്ങൾക്ക് വിധേയമായിരുന്നു.
ആഭ്യന്തര പരിഷ്‌കരണത്തിൽ ഏറ്റവുമധികം സുധീരമായ ചുവടുവെപ്പുകൾ നടത്തിയ രാജ്യമാണ് എന്നതാണ് സൗദി അറേബ്യക്കെതിരായ ആക്രമണത്തിന് പ്രധാന കാരണം. മേഖലയിൽ നിരവധി എതിർ ശക്തികളെ സൗദി അറേബ്യ നേരിടുന്നു. നാലു ദശകത്തിലേറെ നീണ്ട കാലത്തിനിടെ മേഖലയിൽ പടർന്നുപന്തലിച്ച തീവ്രവാദ ആശയ ഗ്രൂപ്പുകളെ എളുപ്പത്തിൽ ഇല്ലാതാക്കാൻ കഴിയില്ല. കാലം കഴിയുന്തോറും ഇത്തരം ഗ്രൂപ്പുകളുടെ ഉന്മൂലനം കൂടുതൽ ദുഷ്‌കരമാകും. 
ഇന്തോനേഷ്യ മുതൽ കാലിഫോർണിയ വരെയുള്ള പ്രവിശാലമായ പ്രദേശത്തെ ജനതയെ സ്വാധീനിക്കുന്ന പരിവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന രാജ്യമെന്നോണം സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പ്രതീക്ഷിച്ചതാണ്. ഇസ്‌ലാമിക ലോകത്ത് മുമ്പ് നിലനിന്ന തീവ്രവാദ രാഷ്ട്രീയ, മത ധാരണകൾക്കു പകരം മിതവാദത്തിന്റെ പാതയാണ് സൗദി അറേബ്യ ഇപ്പോൾ വെട്ടിത്തെളിയിക്കുന്നത്. മിതവാദത്തിൽ ഊന്നിയ പുതിയ അറബ് ഭരണകൂടങ്ങളെ അപകീർത്തിപ്പെടുത്താൻ മറ്റു നിരവധി വാർത്തകളും ഇതേപോലെ ഉപയോഗപ്പെടുത്തിയേക്കും. വരാനിരിക്കുന്ന മാധ്യമ, രാഷ്ട്രീയ ഏറ്റുമുട്ടലുകൾ മിതവാദത്തിന് എതിരായ പൊതുബോധം അറബ് ലോകത്തും ആഗോള തലത്തിലും സൃഷ്ടിച്ചേക്കും. 
പരിഷ്‌കരണ പദ്ധതി പർവതീകരിക്കപ്പെട്ടതാണെന്നും ഒറ്റപ്പെട്ട വ്യക്തികളുടെ നേട്ടമാണ് ഇതിലൂടെ ഉന്നമിടുന്നതെന്നും വാദമുണ്ടായേക്കും. അതല്ലെങ്കിൽ വ്യക്തികളുടെയും ഭരണകൂടങ്ങളുടെയും ചെയ്തികളെ കൂട്ടിക്കലർത്തി, പരിഷ്‌കരണ പ്രക്രിയ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ലെന്നും വാദമുണ്ടായേക്കും. 
വലിയ വില കൊടുക്കാതെ പഴയ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ കഴിയില്ല എന്ന യാഥാർഥ്യമാണ് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നത്. 
ജമാൽ ഖശോഗിയുടെ പ്രശ്‌നം ആഴത്തിൽ വിലയിരുത്തേണ്ടതുണ്ട്. അദ്ദേഹത്തിന്റെ തിരോധാനം ധാർമികമായോ മാനവികമായോ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഖത്തർ, തുർക്കി പ്രചാരണം പോലെ ഇനി ജമാൽ ഖശോഗി കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ അത് അന്താരാഷ്ട്ര കുറ്റകൃത്യമായി മാറും. 
സുധീരമായ ചുവടുവെപ്പുകളാലും സുവ്യക്തമായ ആശയങ്ങളാലും കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആഗോള തലത്തിൽ വലിയ ശ്രദ്ധ നേടാൻ സാധിച്ച പുതിയ സൗദി പദ്ധതിക്കെതിരായ യുദ്ധത്തിനാണ് നിലവിൽ ഖശോഗിയുടെ തിരോധാനം ഉപയോഗപ്പെടുത്തുന്നത്. ദശകങ്ങളായി വേരുപിടിച്ച പല ആശയങ്ങളും തച്ചുടച്ചും മറ്റു ചിലത് നിർമിച്ചും സൗദി പരിഷ്‌കരണ പദ്ധതി മുന്നോട്ടുപോവുകയാണ്. 
സൗദി പദ്ധതി പരാജയപ്പെടുത്തുന്നതിനും ഇതിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം ഉയർത്തുന്നതിനും ആഗോള തലത്തിൽ പൊതുജനാഭിപ്രായം മാറ്റിമറിക്കുന്നതിനും പ്രതിസന്ധികൾ മുതലെടുക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകുന്നത് പ്രതീക്ഷിക്കാവുന്നതാണ്. പരിഷ്‌കരണവും മാറ്റവും വലിയ പോരാട്ടമാണ്. പരിഷ്‌കരണം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നവർ പരിഷ്‌കരണ പദ്ധതിക്ക് വിലങ്ങുതടിയായി നിൽക്കാൻ ആരെയും അനുവദിക്കില്ല. 
പരിഷ്‌കരണ ശ്രമങ്ങളെ എന്തു വില കൊടുത്തും പരാജയപ്പെടുത്തുമെന്നും അതിനെ വെല്ലുവിളിക്കുമെന്നും ചിത്രം വികൃതമാക്കുമെന്നും ആണയിട്ടവരും അണിയറയിൽ അഹോരാത്രം പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യവും വിസ്മരിക്കാവതല്ല. 

(അശ്ശർഖുൽഔസത്ത് മുൻ  എഡിറ്റർ ഇൻ ചീഫും അൽഅറബിയ ചാനൽ മുൻ ഡയറക്ടർ ജനറലുമാണ് ലേഖകൻ)