Tuesday , October   16, 2018
Tuesday , October   16, 2018

മണലാരണ്യത്തിലെ മലയാളി കല്യാണം 

പ്രവാസത്തിന്റെ തിരികെ നടത്തത്തിനിടയിലും അന്നം നൽകിയ നാട്ടിൽ അവരുടെ സാംസ്‌കാരിക പാരമ്പര്യത്തെ നെഞ്ചോട് ചേർത്തുവെച്ച് ഒരു മലയാളി കല്യാണം. 
മലപ്പുറം പുഴക്കാട്ടിരി സ്വദേശി അബ്ദുൽ നാസർ-നസീറ ദമ്പതികളുടെ മകൻ റഹീൽ നസീമും മോങ്ങം സ്വദേശി കോഴിപ്പറമ്പിൽ അലവി ഹാജി-ഫാത്തിമ ദമ്പതികളുടെ മകൾ വഹീദ ജെബിനും തമ്മിലുള്ള വിവാഹമാണ് ഹംദാനിയയിലെ ലയാലീ ഇസ്തിറാഹയിൽ നടന്നത്. അറബ് സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിൽ ഏറനാടൻ ശൈലിയിൽ നടന്ന വിവാഹ ചടങ്ങുകൾ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നവ്യാനുഭവമാണ് സമ്മാനിച്ചത്. ജിദ്ദയിലെ അൽബഹാർ ഫിഷ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് വരന്റെ പിതാവായ നാസർ. 
വർഷങ്ങളായി ജിദ്ദയിൽ ബിസിനസ് രംഗത്തു പ്രവർത്തിക്കുന്ന അലവി ഹാജിയുടെ ആഗ്രഹമായിരുന്നു പുണ്യഭൂമിയിൽ മകളുടെ വിവാഹം നടത്തണമെന്നത്. അതുകൊണ്ടുതന്നെ സൽക്കാരത്തിനു മുമ്പേ ഹറമിൽനിന്ന് നികാഹ് നടത്തി. പൗരപ്രമുഖരും ബന്ധുക്കളും സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. അതിനു ശേഷമാണ് ജിദ്ദയിൽ സൽക്കാരമൊരുക്കിയത്. 
വരനും കൂട്ടുകാരും പാട്ടും ഒപ്പനയുമായി നിറഞ്ഞാടിയ ഓഡിറ്റോറിയത്തിൽ മൈലാഞ്ചിയണിഞ്ഞ പുതുമണവാട്ടി നാണം ചുവപ്പിച്ച മുഖവുമായി അണിഞ്ഞൊരുങ്ങി നിന്നപ്പോൾ ഉമ്മ ഫാത്തിമക്കും ആത്മനിർവൃതിയുടെ നിമിഷങ്ങൾ സമ്മാനിച്ചു. പുതിയാപ്പിള വരവും പുതുക്കം പോകലുമായി മലബാർ തനിമ ചോരാതെയുള്ള ചടങ്ങുകൾ സമ്മേളിച്ച സൽക്കാരത്തിൽ ഒപ്പന പാട്ടിന്റെ ഇശലുകൾക്കൊപ്പം കൈകൊട്ടി നൃത്തം ചവിട്ടിയ തരുണികളും പുതുമണവാട്ടിക്കും വരനുമൊപ്പം ചേർന്നപ്പോൾ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് നാട്ടിലെത്തിയ പ്രതീതിയായി.
നാൽപതു വർഷമായി ജിദ്ദയിലുള്ള അലവി ഹാജിക്കൊപ്പം ഇരുപത്തിമൂന്ന് വർഷമായി ഭാര്യ ഫാത്തിമയുമുണ്ട്.
ഇത് മൂന്നാം തവണയാണ് അലവി ഹാജി നാട്ടുകാർക്കായി ജിദ്ദയിൽ വിവാഹ സൽക്കാരമൊരുക്കുന്നത്.
മൂത്ത മകൾ മാജിദയുടെയും മകൻ മൻസൂറിന്റെയും വിവാഹവും ആയിരത്തോളം പേർക്ക് വിരുന്നൊരുക്കി വിപുലമായി തന്നെയാണ് ജിദ്ദയിൽ നടത്തിയത്.
മക്കളായ സുബൈദ, ഭർത്താവ് ഷരീഫ് വരിക്കോടൻ,
മാജിദ, ഭർത്താവ് മുസ്തഫ, ജാസിത, ഭർത്താവ് റെജി, പേരമക്കൾ തുടങ്ങി കുടുംബങ്ങളും ബന്ധുക്കളുമായി വലിയൊരു നിര തന്നെ ജിദ്ദയിലുണ്ട്. കവി അരുവി മോങ്ങം വധുവിന്റെ അമ്മാവനാണ്.