Sunday , June   16, 2019
Sunday , June   16, 2019

തിരിച്ചറിവിന്റെ ചില നേരങ്ങൾ

രണ്ടു മൂന്ന് ദിവസം മുമ്പാണ്. വലത് കൈവിരലിൽ നഖത്തിന്റെ വശം ചേർന്ന് ഒരു കുഞ്ഞു മുറിവ് വന്നു. എങ്ങനെയാണെന്ന് നിശ്ചയമില്ല. തുടക്കത്തിൽ അത്ര സാരമാക്കിയില്ല. നേരം കഴിയുന്തോറും നീറ്റൽ കൂടി വന്നു. വേദന അസഹനീയമായി. ആരോടും പങ്ക് വെക്കാതെ ചില ഗൃഹവൈദ്യമൊക്കെ പരീക്ഷിച്ചു നോക്കി. വേദന വിട്ടുപോകുന്നില്ല.  
നർമം നുരഞ്ഞുപൊങ്ങുന്ന ജീവിതാനുഭവങ്ങളുടെ നോവുന്ന  കഥകളുമായി ഇടക്കൊക്കെ കൂട്ടിനെത്താറുള്ള സുഹൃത്ത് ഷഫീഖുമൊന്നിച്ച് സന്ധ്യാ നേരത്ത് ചെങ്കടൽ തീരത്ത് കാറ്റു കൊള്ളാനിരിക്കുമ്പോഴും വേദന പെരുകിക്കൊണ്ടിരുന്നു. ഒരു മാതിരി വേദനയെല്ലാം സഹൃദയനും സരസനുമായ ഷഫീഖിന്റെ കഥകളുടെ മാസ്മരികതയിൽ അലിഞ്ഞു പോകേണ്ടതാണ്. ഇതുപക്ഷേ വേദന കുറയുന്നില്ല. തായിഫിലുള്ള പ്രിയ സുഹൃത്ത് ഡോ.ബഷീറിനെ വിളിച്ചു. മലബാർ ഭാഷ നന്നായറിയുന്ന പൂനൂർ സ്വദേശിയായ ഡോക്ടർക്ക് കുത്തിപ്പറി എന്ന വാക്കിലൂടെ വേദനയുടെ തീവ്രത എളുപ്പം മനസ്സിലായി. ആന്റിബയോട്ടിക് കഴിക്കേണ്ടി വരുമെന്നും  ആശുപത്രിയിൽ കാണിച്ച് ഡ്രസ് ചെയ്യുന്നതാണ് നല്ലതെന്നും നിർദേശിച്ചു. 
പിറ്റേന്ന് ക്ലാസ് കഴിഞ്ഞ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചെന്ന് ഡോക്ടറെ കണ്ടു. മുറിവ് ഡ്രസ് ചെയ്ത് മരുന്നും വാങ്ങി റൂമിലേക്ക് തിരിച്ചു. വേദന അടങ്ങിയിട്ടില്ല. നീറ്റൽ കൂടിയ പോലെ. ഉച്ചഭക്ഷണം സ്പൂൺ ഉപയോഗിച്ച് കഴിക്കേണ്ടി വന്നു. ഒരു കുഞ്ഞു മുറിവും തുടർന്നുണ്ടായ പുകച്ചിലും പിടച്ചിലും അനുബന്ധ പ്രയാസങ്ങളും ഓർത്തെടുത്തപ്പോൾ ജീവിതത്തിൽ പഠിച്ചറിഞ്ഞ ഒരുപാട് പാഠങ്ങൾ കൂടുതൽ വ്യക്തമായി ബോധ്യപ്പെട്ടു.
നാം നിത്യേന ആസ്വദിക്കുന്ന സൗകര്യങ്ങളും അനുഗ്രഹങ്ങളും എത്രമാത്രം വിലപ്പെട്ടതാണെന്ന് തിരിച്ചറിയുന്നത് അവയിലേതെങ്കിലുമൊന്നിന് നിസ്സാരമായ ഉലച്ചിലുണ്ടാവുമ്പോഴാണ്. വല്ല താളപ്പിഴയും സംഭവിക്കുമ്പോഴാണ്. ചെറിയൊരു പല്ലു വേദന, ചെവിവേദന, മൂത്രശങ്ക, അല്ലെങ്കിൽ ഒരു ശ്വാസതടസ്സം ഇതിൽ ഏതെങ്കിലുമൊന്ന് ഒരിക്കലെങ്കിലും അനുഭവപ്പെട്ടവർക്കിത് എളുപ്പത്തിൽ മനസ്സിലാവും.
ഒത്തിരി സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെയുള്ള നമ്മളോരോരുത്തരും ശാരീരികമായോ മാനസികമായോ അസഹനീയമായ വല്ല വേദനയോ, അസ്വാസ്ഥ്യമോ, സംഘർഷമോ ഉണ്ടാകുമ്പോൾ തിരിച്ചറിയുന്ന നനവൂറുന്ന ചില അവിസ്മരണീയമായ മനുഷ്യബന്ധങ്ങളുണ്ട്. നാം ഒട്ടും പ്രതീക്ഷിക്കാത്ത ദിക്കിൽ നിന്നും അവ നമ്മിലേക്ക് വന്നണയുന്നത് ഇത്തരം സന്ദർഭങ്ങളിൽ നമ്മെ കോരിത്തരിപ്പിക്കുക മാത്രമല്ല അതീന്ദ്രിയമായ ഒരു തരം അനുഭൂതിയുടെ ലോകത്ത് നമ്മെ എത്തിക്കുകയും ചെയ്യും. അത്തരം സൗഹൃദങ്ങൾ കാരുണ്യത്തിന്റെ ആയിരം ചിറകുകൾ വീശി നമ്മുടെ പ്രയാസങ്ങൾക്ക് ആശ്വാസമാവുന്നത് നമുക്ക് നേരിട്ടനുഭവിക്കാനും കഴിയും.
ഈജിപ്ഷ്യനായ ഡോ.മാഹർ എന്റെ വിരൽ അദ്ദേഹത്തിന്റെ വിദ്യാർഥിക്ക് കാട്ടി കൊടുത്തു. അറബിയിലും ഇംഗ്ലീഷിലുമായി ചില കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് ആവശ്യമായ മരുന്നിനുള്ള പ്രിസ്‌ക്രിപ്ഷനും ഡ്രസിംഗ് ചെയ്യാനുള്ള കുറിപ്പും എഴുതിത്തന്നു. മിടുക്കനായ സൗദി മെഡിക്കൽ വിദ്യാർഥി എന്റെ കൂടെ ഡ്രസിംഗ് റൂമിലേക്ക് വന്നു. വളരെയധികം ഉത്തരവാദിത്തത്തോടെ സുഡാനിയായ മെയിൽ നഴ്‌സ് എന്റെ വിരൽ ഉചിതമായ ക്രിയകൾക്ക് ശേഷം ഭംഗിയായി ഡ്രസ് ചെയ്തു. കുറച്ച് നേരം എന്റെ വിരലും വേദനയും ഒരു പാഠപുസ്തകമായി. 
അനവധി സുഹൃത്തുക്കളും ബന്ധുക്കളും ഓൺലൈൻ ചങ്ങാതികളുമുള്ള നാമോരോരുത്തരും പ്രാർഥനാപൂർണമായ ഒരു ക്ഷേമാന്വേഷണം എവിടെ നിന്നെങ്കിലും അതിതീവ്രമായി കൊതിക്കുന്ന ചില നിമിഷങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടാവാറില്ലേ? ആ പൊറുതികെട്ട വേദനയുടെ നിമിഷാർധങ്ങളിൽ അത്തരത്തിൽ ഒരു സുഖാന്വേഷണം ഞാനും ഏറെ കൊതിയോടെ മോഹിച്ചിരുന്നു. 
അത്ഭുതകരമെന്ന് പറയട്ടെ.  എന്റെ ഹൃദയ തന്ത്രികളിൽ വിശുദ്ധമായി തൊട്ട പ്രാഥനാനിർഭരവും ഹൃദയഹാരിയുമായ ആ ക്ഷേമാന്വേഷണം തികച്ചും അപ്രതീക്ഷിതമായ ഒരു സുഹൃത്തിൽ നിന്നും വാട്‌സ്ആപ്പ് സന്ദേശമായി എത്തിയിരിക്കുന്നു.  
ഏതാനും മാസങ്ങൾക്കു മുമ്പ് നടത്തിയ കശ്മീർ യാത്രക്കിടയിൽ ശ്രീനഗറിലെ ഒരു വിദ്യാലയത്തിൽ അധ്യാപക പരിശീലന പരിപാടിക്കിടെ പരിചയപ്പെട്ട ഫൗണ്ടേഷൻ വേൾഡ് സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ അക്തർ എന്ന സുഹൃത്തിൽ നിന്നായിരുന്നു ആ സന്ദേശമെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഒരു വെളിപാട് പോലെയാണ് എന്നെ തേടി വന്നത്. സ്‌നേഹാദരവുകളിൽ ചാലിച്ച കുശലാന്വേഷണവും എന്റെയും കുടുംബത്തിന്റേയും ക്ഷേമത്തിനായുള്ള പ്രാർഥനയും. വായിച്ചപ്പോൾ അക്ഷരാർഥത്തിൽ കണ്ണ് നിറഞ്ഞു പോയി. സോഷ്യൽ മീഡിയയിലൂടെ നാം കൈമാറുന്ന നൂറ് കണക്കിന് സന്ദേശങ്ങൾക്കിടയിൽ ചില നേരങ്ങളിൽ അവിചാരിതമായി നമ്മെ തേടിയെത്തുന്ന ഇത്തരം ഹൃദയഹാരിയായ സന്ദേശങ്ങളുടെ  സാധ്യതയും സ്വാധീനവും അനൽപമാണ്.
ചില സൗഹൃദങ്ങൾ ഏതൊക്കെ നേരത്തും നിറത്തിലുമാണ് നമ്മിൽ അടയാളപ്പെടുകയെന്നതും ഭാവനാതീതം തന്നെ. ഏത് നിർണായക ഘട്ടത്തിലാണ് അവ നമ്മുടെ സഹായത്തിനെത്തുകയെന്ന് നമുക്ക് ഊഹിക്കാൻ കൂടി കഴിയില്ല എന്ന പാഠം ഒരിക്കൽ കൂടി അടിവരയിട്ടു പഠിച്ച അനുഭവമായത് മാറി.
ദേഹാസ്വാസ്ഥ്യത്തിന്റെയും ശരീരികമായ അലട്ടലിന്റേയും ഇടവേളകൾ തരുന്ന ഉൾവെളിച്ചം നിസ്സാരമല്ല. തികച്ചും ഭൗതിക വാദികളായ ചിലരിൽ ആധ്യാത്മികമായ ജ്ഞാനോദയത്തിനു ഇത്തരം പ്രതിസന്ധികൾ വഴിയൊരുക്കാറുള്ളത് ഓർത്ത് പോയി. ദൈവത്തോട് എന്തിന് നിരന്തരം നന്ദിയുള്ളവരാവണമെന്ന ചോദ്യമുന്നയിക്കുന്ന കുതർക്കസ്വഭാവമുള്ള ചിലരുടെ മനസ്സ് പാകപ്പെടുന്നതും നന്ദിയുള്ളതായി മാറുന്നതും ഇത് പോലുള്ള ചില കാറ്റിലും കോളിലൂടെയും കടന്നുപോകുമ്പോഴാണ് എന്നതും ഒരു യാഥാർഥ്യമാണ്.
ജീവിതതാളം എന്നും ഒരേ പോലെയാവില്ല. ഇടക്ക് ഒരു മുറിവായി, വീക്കമായി, വേദനയായി, നീറ്റലായി, അപകടമായി, ധനനഷ്ടമായി, രോഗമായി, തൊഴിൽ നഷ്ടമായി, പ്രിയപ്പെട്ടവരുടെ വേർപാടായൊക്കെ ജീവിതഗതിക്ക് താളഭംഗം സംഭവിച്ചേക്കാം. പതിവു ശീലങ്ങളിൽ നിന്നും ആലസ്യങ്ങളിൽ നിന്നും ക്ലാവ് പിടിച്ച പിടിവാശികളിൽ നിന്നുമൊക്കെ മുക്തമാവാൻ അത്തരം ചില ശ്രുതിഭംഗങ്ങൾ സഹായിച്ചേക്കാം. ചില ഉണർച്ചക്കും തിരിച്ചറിവിനും അവ നിമിത്തമായേക്കാം. 
ജീവിതത്തിലെ തിരക്കുകൾക്കിടയിൽ സ്വയം ചോദിക്കാൻ മറന്നു പോവുന്ന ചില ഗൗരവമുള്ള ചോദ്യങ്ങൾ അത്തരം വിപൽ ഘട്ടങ്ങൾ നമ്മെ ഓർമിപ്പിക്കും. 
ചില ആത്മവിശകലനങ്ങളിലേക്കും പുനഃക്രമീകരണങ്ങളിലേക്കും അവ നമ്മെ നയിക്കും. മുൻഗണനാക്രമങ്ങളിൽ കാതലായ മാറ്റം വരുത്താൻ അത്തരം പ്രതികൂല സാഹചര്യങ്ങൾ നമ്മെ പ്രേരിപ്പിക്കും. അത്തരം ജീവിത പ്രതിസന്ധികളിൽ പതറാതെ, അവയൊക്കെ വഴി വിളക്കുകളായി തിരിച്ചറിയുമ്പോൾ ജീവിതയാത്ര കൂടുതൽ സഹനീയവും ആസ്വാദ്യകരവുമായിരിക്കും.